ടൂറിസം വളര്‍ത്താന്‍ എന്തിനീ വംശഹത്യ?

Jess Varkey Thuruthel

പ്രകൃതിയെ യാതൊരു തരത്തിലും നോവിക്കാത്ത വികസനത്തിനു ഞങ്ങള്‍ യാതൊരു തരത്തിലും എതിരല്ല. പക്ഷേ, തീരദേശ ഹൈവേയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മത്സ്യത്തൊഴിലാളികളുടെ വംശഹത്യയും കേരളത്തിന്റെ സര്‍വ്വനാശവുമാണ്. ഇതെല്ലാം ചെയ്യുന്നതാകട്ടെ, ഇടതു പക്ഷ സര്‍ക്കാരും! ഇനിയിവര്‍ വര്‍ഗ്ഗസ്നേഹത്തെക്കുറിച്ചു മിണ്ടിപ്പോകരുത്. കാരണം അവര്‍ക്കിപ്പോള്‍ ‘മദ്യ’ വര്‍ഗ്ഗത്തോടാണ് അടങ്ങാത്ത അഭിനിവേശം. കേരളത്തിന്റെ വരുമാനമാര്‍ഗ്ഗമായി മദ്യവും ലോട്ടറിയും ടൂറിസവും മാത്രമേ സര്‍ക്കാര്‍ കാണുന്നുള്ളു. മദ്യനയങ്ങളില്‍ അടിക്കടി മാറ്റം വരുത്തി എവിടെ നിന്നും എപ്പോഴും മദ്യം ലഭ്യമാക്കുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിയിരിക്കുന്നു. പ്രാദേശിക തലത്തില്‍പ്പോലും മദ്യം ഉല്‍പ്പാദിപ്പിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. തീരഭൂസംരക്ഷണ വേദി സംസ്ഥാന ചെയര്‍പേഴ്‌സണ്‍ മാഗ്ലിന്‍ ഫിലോമിന പറഞ്ഞു തുടങ്ങി.

തിരുവനന്തപുരം പൂവ്വാര്‍ മുതല്‍ കാസറഗോഡ് കുഞ്ചത്തൂര്‍ വരെ കേരളത്തിന്റെ തീരദേശത്തോട് ചേര്‍ന്ന് 623 കിലോമീറ്റര്‍ ദൂരത്തില്‍ നീണ്ട് കിടക്കുന്നതാണ് കേരളത്തിന്റെ തീരദേശ ഹൈവേ പദ്ധതി. 14 മീറ്റര്‍ വീതിയുള്ള പാതയുടെ നിര്‍മ്മാണത്തിന് 6,500 കോടി രൂപ നിര്‍മ്മാണ ചെലവ് കിഫ്ബിയാണ് വഹിക്കുന്നത്. അന്തര്‍ദേശീയ നിലവാരത്തില്‍ സൈക്കിള്‍ പാതയോടു കൂടിയുള്ളതാണ് തീരദേശ ഹൈവേ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ബസ്ബേ, സൈക്കിള്‍ പാത, നടപ്പാത എന്നിവ ഉള്‍പ്പെടുന്നതാണ് പാത.

കേരളത്തിന്റെ കടല്‍ത്തീരങ്ങള്‍ സിറ്റിയോട് നഗരത്തോടു ചേര്‍ന്നുള്ള പ്രദേശമാണ്. അതുകൊണ്ട് തന്നെ, ഇപ്പോള്‍ എന്‍ എച്ച് 66 കടന്നു പോകുന്നത് ഞങ്ങളുടെ പല ഗ്രാമങ്ങളിലും 500 മീറ്ററിനുള്ളിലാണ്. പലയിടത്തും പരമാവധി രണ്ടു കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളു. ഈ നാഷണല്‍ ഹൈവേയുടെ പണി പോലും പൂര്‍ത്തിയായിട്ടില്ല. അതിനു മുന്‍പേ സര്‍ക്കാര്‍ പറയുന്നു, നാഷണല്‍ ഹൈവേ 66 ന്റെ തിരക്ക് ഒഴിവാക്കാനാണ് തീരദേശ ഹൈവേ എന്ന്! ഇവര്‍ എങ്ങനെയാണ് ഇതു കണ്ടെത്തിയത്? അവിടെ തിരക്കു കൂടുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്നതെങ്ങനെയാണ്? ഈ ഹൈവേയുടെ പണി പൂര്‍ത്തിയായി വാഹനങ്ങള്‍ ഓടിത്തുടങ്ങിയതിനു ശേഷം മാത്രമേ ഇക്കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളു. മാത്രവുമല്ല, നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ നിരവധി റോഡുകള്‍ ഉണ്ട്. മുന്‍പായിരുന്നുവെങ്കില്‍ ഈ വാദം ശരിയായിരുന്നു. കാരണം, ഇത്രയേറെ റോഡുകള്‍ മുന്‍പ് ഉണ്ടായിരുന്നില്ല. ആളുകള്‍ക്ക് ആശ്രയിക്കാന്‍ ഈയൊരു റോഡു മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇങ്ങനെ പറയാന്‍ കഴിയുമായിരുന്നില്ല. ഇക്കാര്യങ്ങളൊന്നും മനസിലാക്കാതെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടു വരുന്നതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

തിരക്കിന്റെ പേരു പറഞ്ഞ് ടൂറിസവും ചരക്കു നീക്കവും നടത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. ടൂറിസം പഠിക്കാനായി ഇടയ്ക്കിടയ്ക്ക് വിദേശത്തു പോകുകയാണ് മന്ത്രിമാര്‍. അവിടെ നിന്നും അവര്‍ പഠിക്കുന്ന ‘ടൂറിസ’മാണ് ഇവിടെ നടപ്പാക്കുന്നത്. നാടിനെ തകര്‍ത്തെറിഞ്ഞും പണമുണ്ടാക്കണമെന്ന മന്ത്രവുമായി വികസനമെന്ന പേരില്‍ വന്‍കിട ലോബികള്‍ക്ക് കേരളത്തെയപ്പാടെ വില്‍ക്കുകയാണിവര്‍.

കേരളത്തിലെ തീരത്തിന്റെ ദൈര്‍ഘ്യം 590 കിലോമീറ്ററുകള്‍ ആണെങ്കിലും 623 കിലോമീറ്ററിലൂടെയാണ് ഈ തീരദേശ ഹൈവേ കടന്നു പോകുന്നത്. പക്ഷേ, പല ഇടങ്ങളിലും മന്ത്രിമാരുടെ താല്‍പര്യമനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നേതാക്കളുടെ സ്ഥലങ്ങളും പാര്‍ട്ടി ഗ്രാമങ്ങളും പാര്‍ട്ടിക്കാരുടെ കുടുംബങ്ങളെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതിനെല്ലാം ഇവര്‍ ചില ന്യായീകരണങ്ങളും നിരത്തുന്നുണ്ട്.

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ തീരമാണ് കേരളത്തിലുള്ളത്. ഈയൊരു പ്രത്യേകത കൊണ്ട്, ഇതൊരു പരമ്പരാഗത ജൈവ കമ്മ്യൂണിറ്റിയാണ്. കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുള്ള പ്രദേശം. അവരുടെ ജീവിതത്തിന്റെ ഭാഗമാണ് മത്സ്യം. കഴിക്കാനും വില്‍ക്കാനും മാത്രമല്ല, മത്സ്യത്തെ പരിപാലിക്കുന്ന ജനവിഭാഗം കൂടിയാണ് ഞങ്ങള്‍. ജൈവ കമ്മ്യൂണിറ്റിയായ മത്സ്യത്തൊഴിലാളികളെ നിലനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും ഒരു നാടിന്റെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമാണ്. പക്ഷേ, അവരെ വര്‍ഗ്ഗപരമായി ഉന്മൂലനം ചെയ്യുക എന്ന അതിക്രൂരമായ നടപടികളാണ് സര്‍ക്കാര്‍ ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ നിന്നും ടൂറിസം പഠിച്ചെത്തുന്ന മന്ത്രിമാര്‍ മനപ്പൂര്‍വ്വം വിട്ടുകളയുന്ന ഒരു കാര്യമുണ്ട്. മത്സ്യത്തൊഴിലാളികളെ സംരക്ഷിച്ചു കൊണ്ട് ടൂറിസം നടപ്പാക്കിയ ഒരു രാജ്യം പോലും ലോകത്ത് ഇല്ല. ടൂറിസം അവരെ സംബന്ധിച്ചിടത്തോളം ഒരു ബിസിനസ് മാത്രമാണ്. കടല്‍ത്തീരത്ത് വിശാലമായി നിവര്‍ന്നു കിടക്കുക, സൂര്യപ്രകാശം നേരിട്ടു കൊള്ളുക, ഞങ്ങളെപ്പോലുള്ള മനുഷ്യരെയെല്ലാം ആട്ടിപ്പായിക്കുക, ഇവിടെ വല ഉണക്കരുത് തുടങ്ങിയ നിരവധി കാര്യങ്ങളുണ്ട്.

തീരദേശ ഹൈവേയോടൊപ്പം കേരളത്തിന്റെ 12 ഇടങ്ങളില്‍ ടൂറിസം ഹബ് നിര്‍മ്മിക്കുക എന്നതും ഈ പദ്ധതിയിലുണ്ട്. ഹൈടെക് ടൂറിസം ഹബ് എന്നാണ് സര്‍ക്കാര്‍ ഇതിനു പേരിട്ടിരിക്കുന്നത്. അന്താരാഷ്ട്ര ടൂറിസമാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. അതിനാല്‍ ഇതിന്റെ പേരു തന്നെ കഫറ്റേരിയ എന്നാണ്. ഈ പ്രദേശങ്ങളിലെല്ലാം അരക്കിലോമീറ്റര്‍ വീതിയിലാണ് സ്ഥലമെടുക്കുന്നത്. ഇതിനായി കടല്‍ സ്വയമേവ വച്ച തീരങ്ങളാണ് ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വലിയ ഹോട്ടല്‍ സമുച്ചയങ്ങള്‍, കഫറ്റേറിയ, പാര്‍ക്കിംഗ് സ്പെയ്സ്, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമ കേന്ദ്രങ്ങള്‍, ഫ്ളോട്ടിംഗ് ബ്രിഡ്ജ്, ചാര്‍ജ്ജിംഗ് സ്റ്റേഷന്‍സ്, പമ്പിംഗ് സ്റ്റേഷന്‍സ് തുടങ്ങി നീണ്ട ഒരു ടൂറിസം പദ്ധതിയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്.

കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ 80 ശതമാനവും മണല്‍ത്തീരങ്ങളാണ്. അതിനാല്‍ത്തന്നെ, ടൂറിസത്തിനു നല്ല സാധ്യതയുണ്ട്. മണല്‍ത്തീരങ്ങളായതിനാല്‍ മണ്ണൊലിപ്പും കൂടുതലാണ്. അടിയൊഴുക്കും ശക്തമാണ്. അതിനാല്‍, വളരെ ഉറപ്പുള്ള പ്രതലമാണ് തീരദേശ ഹൈവേയ്ക്കായി മാറ്റി വയ്ക്കുന്നത്. തീരദേശത്തോടു ചേര്‍ന്നു കിടക്കുന്ന ഹൈവേകളെല്ലാം 5-6 അടി പൊക്കത്തിലും ആഴത്തിലുമാണ് പോയിട്ടുള്ളത്. ഇതേപോലെ തന്നെയാണ് ഈ വരുന്ന തീരദേശ ഹൈവേയും വരാന്‍ പോകുന്നത്. ജനസാന്ദ്രതയേറിയ ഭാഗത്ത് ഹൈബ്രിഡ് വണ്ടികള്‍ പോകുമ്പോള്‍ അപകടസാധ്യതയുള്ളതിനാല്‍ അതിനുള്ള സംവിധാനങ്ങളും ഇതിനോടൊപ്പമുണ്ട്. അതിനാല്‍ റോഡിന്റെ പടിഞ്ഞാറു സൈഡിലുള്ള മനുഷ്യര്‍ മുഴുവന്‍ മതിലിന് അകത്താവും. ഇങ്ങനെ വരുമ്പോള്‍ ഇവരെ വളരെ വേഗം ഈ പ്രദേശത്തു നിന്നും ഒഴിപ്പിക്കാന്‍ സാധിക്കും.

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സ്ഥലമെടുക്കുമ്പോള്‍ പകരം തൊഴില്‍ സാധ്യത കണ്ടെത്തിക്കൊടുത്തതിനു ശേഷമേ അതാകാവൂ എന്നതാണ് നിയമം. പക്ഷേ, ഇവിടെ അങ്ങനെ യാതൊന്നുമില്ല. ആവാസ വ്യവസ്ഥയെത്തന്നെ നശിപ്പിച്ചു കൊണ്ടാണ് ഹൈവേ വരുന്നത്. ജൈവ കമ്മ്യൂണിറ്റിയായ ഞങ്ങളെ ഇവര്‍ എവിടെ കൊണ്ടുപോയി താമസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്?

കടല്‍ക്ഷോഭം മൂലം വീടുകള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇതുവരെയും പൂര്‍ണ്ണമായും പുനരധിവസിപ്പിച്ചിട്ടില്ല. നിലവില്‍ സര്‍ക്കാര്‍ ഇവര്‍ക്കു കൊടുത്തിട്ടുള്ളത് ഫ്ളാറ്റുകളാണ്. കടല്‍ത്തീരത്തു നിന്നും മൂന്നോ അതിലേറെയോ കിലോമീറ്ററുകള്‍ അകലെയാണ് ഈ ഫ്‌ളാറ്റുകള്‍. ഇത്രയും ദൂരം യാത്ര ചെയ്തു വേണം മീന്‍ പിടിക്കാനായി ഇവര്‍ക്ക് കടലിലേക്കെത്താന്‍. രാത്രികാലങ്ങളില്‍ ഈ സഞ്ചാരം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാല്‍, തീരത്തിനടുത്തുള്ള ബന്ധുവീടുകളിലോ വാടകവീടുകളിലോ ഇവര്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ഇവരില്‍ പലരും. വലകളും അനുബന്ധ സാമഗ്രികളുമായി നാലഞ്ചു കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു വരിക എന്നത് സാധ്യമല്ല. എല്ലാവര്‍ക്കും വാഹന സൗകര്യവുമില്ല. ഞങ്ങള്‍ക്ക് ഇതൊരു വലിയ സാമ്പത്തിക ബാധ്യത കൂടിയാണ്. മോഷ്ടാക്കളാണെന്നാരോപിച്ച് ഇവര്‍ക്കു നേരെ ആക്രമണമുണ്ടാകുന്നു. കൂടാതെ അധിക്ഷേപങ്ങളും. ഞങ്ങളുടെ അന്തസിനെത്തന്നെയാണ് ഇതു ബാധിക്കുന്നത്.

ഇത്തരത്തില്‍, തീരദേശ ജീവിതം ദുസ്സഹമാക്കിയാല്‍, ക്രമേണ മത്സ്യത്തൊഴിലാളികള്‍ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്നും പാലായനം ചെയ്യുമെന്ന് സര്‍ക്കാരിനറിയാം. മത്സ്യത്തൊഴിലാളികള്‍ക്ക് വീടു വച്ചു നല്‍കാന്‍ കടല്‍ത്തീരത്ത് സ്ഥലമില്ലെന്നു പറയുന്ന സര്‍ക്കാര്‍ എങ്ങനെയാണ് ടൂറിസം ഹബുകള്‍ക്കായി സ്ഥലം കണ്ടെത്തുന്നത്? ഞങ്ങളെ ഇവിടെ നിന്നും അടിച്ചിറക്കിയ ശേഷം തീരദേശം മുഴുവന്‍ വന്‍കിട ലോബികള്‍ക്കു നല്‍കുക എന്ന അജണ്ടയാണ് സര്‍ക്കാരിനുള്ളത്.

6500 കോടി രൂപയുടെ കിഫ്ബി ലോണ്‍ ആണ് തീരദേശ ഹൈവേ പണിയുന്നതിനു സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന വരുമാന മാര്‍ഗ്ഗം. നാടിനെ തകര്‍ത്തെറിയുന്ന ഈ പദ്ധതിക്കുവേണ്ടി ഇത്രയേറെ സാമ്പത്തിക ബാധ്യത ഉണ്ടാക്കിവയ്ക്കുന്നത് എന്തിനാണ്?

തീരദേശ ഹൈവേയുടെ ഡി പി ആര്‍ സര്‍ക്കാര്‍ ഇപ്പോഴും രഹസ്യമായി വച്ചിരിക്കുകയാണ്. ഇത്രയും വര്‍ഷമായിട്ടും ഡി പി ആര്‍ ജനങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിട്ടില്ല എന്നു പറയുമ്പോള്‍ ഇത് എത്രത്തോളം രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുന്നുണ്ട് എന്ന് ചിന്തിക്കാവുന്നതേയുള്ളു. നിങ്ങള്‍ക്കു വേണ്ടിയുള്ള റോഡാണ് എന്നു പറഞ്ഞ് സര്‍ക്കാര്‍ ഇപ്പോഴും ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തീരദേശത്തിന് അനുകൂലമായ റോഡ്, തിരുവനന്തപുരത്തു നിന്നും കാസര്‍കോടു വരെ യാത്ര ചെയ്യാം, സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കൂടി റോഡാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഡി പി ആര്‍ വെളിപ്പെടുത്തിയാല്‍ സര്‍ക്കാരിന്റെ ഈ കള്ളത്തരം ജനങ്ങള്‍ മനസിലാക്കും.

പാരിസ്ഥിതികം

ഒരു ചെറിയ മഴ പോലും താങ്ങാനുള്ള ശേഷി ഇന്ന് കേരളത്തിന് ഇല്ല. മഴ കാര്യമായി പെയ്തില്ല, എന്നിട്ടു കൂടി പ്രളയ സമാനമായ സാഹചര്യങ്ങളിലൂടെ കേരളം ഏതാനും ദിവസം മുന്‍പ് കടന്നു പോയി. പെയ്യുന്ന മഴ വെള്ളം മുഴുവനും ഒലിച്ചു പോകുന്നത് പുഴകളിലൂടെ മാത്രമല്ല, കടല്‍ത്തീരത്തെ വെള്ളം മണലിനടിയില്‍ താഴ്ന്ന് കടലിലേക്ക് ഒലിച്ചു പോകുന്നുണ്ട്. പുഴയിലേക്ക് വെള്ളമൊഴുകിയെത്തുന്നതു പോലെ തന്നെ കടല്‍ത്തീരങ്ങളില്‍ മണ്ണിനടിയിലൂടെ മഴവെള്ളം ഒഴുകി കടലിലെത്തുന്നു. ഈ തീരങ്ങളില്‍ നിര്‍മ്മാണങ്ങള്‍ വരുമ്പോള്‍ ഇവയെ പ്രതികൂലമായി ബാധിക്കും. സ്വാഭാവികമായ നീരൊഴുക്കിനെയാണ് ഈ നിര്‍മ്മാണങ്ങള്‍ തടസ്സപ്പെടുത്തുന്നത്. അതിനാല്‍, കേരളത്തെ തകര്‍ത്തെറിയുന്ന ഒരു പദ്ധതിയാകും തീരദേശ ഹൈവേ. അനേകം കണ്ടലുകള്‍ വെട്ടിമാറ്റിയാണ് ഈ ടൂറിസം പദ്ധതി നടപ്പാക്കുന്നത്? ചതുപ്പു നിലങ്ങള്‍ നികത്തുന്നു! ഇതിനെ സംബന്ധിച്ച് യാതൊരു രേഖയും ഇതുവരെയും പുറത്തു വിട്ടിട്ടില്ല.

എന്തുകൊണ്ടാണ് ഈ വിവരങ്ങളെല്ലാം സര്‍ക്കാര്‍ രഹസ്യമായി വയ്ക്കുന്നത്? ഈ പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനങ്ങള്‍ നടത്തിയിട്ടില്ല. സാമ്പത്തികകാര്യങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഈ പദ്ധതി ഗുണകരമാണോ. എത്രത്തോളം മത്സ്യത്തൊഴിലാളികളെ ഇവിടെ നിന്നും മാറ്റുന്നുണ്ട്? കേരളത്തിലെ പാരിസ്ഥിതിക ആഘാത പഠനമെന്താണ് തുടങ്ങിയവയെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാതെ, അതീവ രഹസ്യമായി വീടുകളില്‍ വന്ന് കല്ലിടുകയാണ് ചെയ്യുന്നത്.

പലവിധ പദ്ധതികളിലൂടെ മത്സ്യത്തൊഴിലാളികളെ വര്‍ഗ്ഗപരമായി ഉന്മൂലനം ചെയ്യുന്നതിനു വേണ്ടിയുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങളാണ് നടക്കുന്നത്. കേരളത്തിന്റെ വരുമാനമായി സര്‍ക്കാര്‍ കാണുന്നത് മദ്യവും ലോട്ടറിയും ടൂറിസവുമൊക്കെയാണ്. കേരള സര്‍ക്കാര്‍ മദ്യനയത്തില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. എവിടെയും മദ്യശാലകള്‍. ലോക്കല്‍ വാറ്റിനെപ്പോലും സര്‍വ്വവിധത്തിലും പിന്തുണയ്ക്കുന്നു. ലോക്കലായി ആര്‍ക്കു വേണമെങ്കിലും വാറ്റാം. അങ്ങനെ കേരളത്തിന്റെ തീരദേശത്തെ ഗോവയോ തായ്ലന്റോ ആക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുക്കിനു മുക്കിനു മദ്യലഭ്യത ഉറപ്പുവരുത്തുന്നു, ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ടാക്കുന്നു, അവിടെ മസാജിംഗ് സെന്ററുകളുണ്ടാക്കുന്നു. വിദേശികളും സ്വദേശികളുമായ കുറെപ്പേരെ ഇവിടേക്കു കൊണ്ടുവന്നു കുറെ വരുമാനമുണ്ടാക്കുന്നു. ഉത്പാദന മേഖലകളെ അപ്പാടെ ഇല്ലായ്മ ചെയ്തു കൊണ്ടുള്ള ഈ വികസനം വികസനമല്ല.

പരമ്പരാഗത ജോലി ചെയ്തു ജീവിക്കുന്ന മനുഷ്യര്‍ക്കു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത് എന്ന് ഇനി ഇടതു പക്ഷം പറയരുത്. പകരം മദ്യവര്‍ഗ്ഗങ്ങള്‍ക്കു വേണ്ടിയും ടൂറിസം വര്‍ഗ്ഗങ്ങള്‍ക്കു വേണ്ടിയുമൊക്കെയാണ് നിലകൊള്ളുന്നത് എന്നു പറയുന്നതാവും നല്ലത്. ചെറിയ ചെറിയ ജോലികള്‍ ചെയ്യുന്നവര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, കര്‍ഷകര്‍ തുടങ്ങിയവരോടുള്ള സ്നേഹത്തെക്കുറിച്ചു പറയാന്‍ സര്‍ക്കാരിന് അവകാശമില്ല.

ഓരോ ദിവസവും മത്സ്യത്തൊഴിലാളികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടിയുള്ള ഒരു പഠനവും ഇവര്‍ നടത്തിയിട്ടില്ല. 2011 ല്‍ മുതലപ്പുഴയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഇവിടെ നിരവധിയായ പഠനങ്ങള്‍ നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, അവയൊന്നും ഇന്നേവരെ പാലിക്കപ്പെട്ടിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍, ആളുകള്‍ ഇതുപോലെ മരിച്ചു വീഴില്ലായിരുന്നു. ഒരു വര്‍ഷം പത്തും പതിനേഴും പേര്‍ മരിക്കുക എന്നത് എവിടെ സംഭവിക്കാനാണ്? കെട്ടുറപ്പുള്ള തീരമില്ലാത്തതിനാല്‍, അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഇവ മൂലം എത്രത്തോളം മനുഷ്യരാണ് ഓരോ വര്‍ഷവും ഭവന രഹിതരായി മാറുന്നത്? അവരുടെ പ്രശ്നങ്ങള്‍ക്ക് എന്തു പരിഹാരമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്? കടലപകടങ്ങള്‍ നിരവധി സംഭവിക്കുന്നുണ്ട്. അപകടത്തില്‍പ്പെടുന്നവരെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ രൂപം നല്‍കിയ മറൈന്‍ ആംബുലന്‍സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ത്?

കാലാവസ്ഥ വ്യതിയാനം നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നു. ആ മുന്നറിയിപ്പുകളെല്ലാം പലപ്പോഴും ഞങ്ങള്‍ക്കു ലംഘിക്കേണ്ടി വരുന്നത് ഞങ്ങളുടെ ദാരിദ്ര്യം കൊണ്ടാണ്. ഈ പ്രശ്നങ്ങള്‍ക്ക് എന്തു പരിഹാരമാണ് സര്‍ക്കാരിനുള്ളത്? ഒരു കൂലിക്കാരന് ഒരു ദിവസം കിട്ടുന്ന പൈസ എങ്കിലും ഈ മത്സ്യത്തൊഴിലാളികള്‍ക്കു കൊടുത്താല്‍ കടലില്‍പ്പോകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു കൊടുക്കുന്ന ദിവസം ഈ തുക ഈ കുടുംബങ്ങല്‍ക്ക് എത്തിച്ചു കൊടുത്താല്‍ എത്ര ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു!

നമ്മുടെ നാടിന് ഒരു സന്തുലിതാവസ്ഥയുണ്ട്. ഇവിടെ എന്തുകൊണ്ടു ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു, എന്തുകൊണ്ട് പ്രളയമുണ്ടാകുന്നു, എന്തുകൊണ്ട് ഉരുള്‍പൊട്ടലുണ്ടാകുന്നു? കാലാവസ്ഥാ വ്യതിയാനത്തിന്റെ റെഡ്സോണിലൂടെയാണ് നമ്മള്‍ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. നമ്മുടെ പ്രകൃതിയെ അസ്വസ്ഥമാക്കുന്ന ഒരു തരത്തിലുമുള്ള ഇടപെടലുകളും കേരളത്തില്‍ പാടില്ല.

സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. ഇതില്‍നിന്നെല്ലാം മുഖം തിരിച്ച് ഞങ്ങളെയെല്ലാം മരണക്കെണിയിലേക്കു തള്ളിവിടുകയാണ് സര്‍ക്കാര്‍. ബോധപൂര്‍വ്വമായ വംശഹത്യയാണ് ‘തൊഴിലാളി വര്‍ഗ്ഗ’ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത്. അതും തൊഴിലാളിവര്‍ഗ്ഗ സ്നേഹം പറയുന്ന ഇടതു പക്ഷ സര്‍ക്കാര്‍! മാഗ്ലിന്‍ ഫിലോമിന പറഞ്ഞു നിറുത്തി.






മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു