രാത്രിയില്‍ അവള്‍ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ അഭയം തേടി. എന്നിട്ടും…

Jess Varkey Thuruthel & Zachariah

വൈകിട്ട് സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകാനുള്ള ബെല്‍ മുഴങ്ങുമ്പോള്‍, മറ്റെല്ലാ കുട്ടികളും ആഹ്ലാദത്തോടെ, കളിചിരികളുമായി അവരവരുടെ വീടുകളിലേക്കു മടങ്ങുമ്പോള്‍, അവളുടെ മനസ് ആധിയാല്‍ നിറയും. വീട്ടില്‍ അവളെ കഴുകന്‍ കണ്ണുകളോടെ കാത്തിരിക്കുന്നവര്‍ നിരവധിയുണ്ട്. അവരില്‍ നിന്നും രക്ഷപ്പെടാന്‍ കിണഞ്ഞു പരിശ്രമിക്കുമെങ്കിലും പലപ്പോഴും അവള്‍ക്കു കഴിയാറില്ല. അതിനാല്‍, സ്‌കൂള്‍ വിട്ടാലും കണ്ണംപടിയിലെ കാടുകളിലെവിടെയെങ്കിലും അവള്‍ പതുങ്ങിയിരിക്കും. രാത്രിയുടെ മറപറ്റി പതിയെ വീട്ടിലേക്ക്. പക്ഷേ, വീട്ടില്‍ തന്നെ കാത്തിരിക്കുന്ന കഴുകന്മാരില്‍ നിന്നും എങ്ങനെ രക്ഷപ്പെടും?

അവളെയും അമ്മയെയും ഉപേക്ഷിച്ച് അച്ഛന്‍ പോകുമ്പോള്‍, അവളുടെ അമ്മയുടെ വയറ്റില്‍ അവള്‍ക്ക് അഞ്ചുമാസം. അമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ മകളായിരുന്നു അവള്‍. മൂത്ത സഹോദരന്‍ ആദ്യഭര്‍ത്താവിന്റെതും. ആശ്രയമറ്റു നില്‍ക്കുന്ന സ്ത്രീകളെത്തേടി പലരുമെത്തും. അവരില്‍ അവളെ സഹായിക്കുന്നവരുമുണ്ട്, പക്ഷേ, ശരീരം തേടിയെത്തുന്നവരാവും ഭൂരിഭാഗവും. സ്വയം സംരക്ഷിക്കാന്‍ കെല്‍പ്പില്ലാത്ത സ്ത്രീകളെ അവര്‍ കീഴ്പ്പെടുത്തും. ചിലരാകട്ടെ അത്തരക്കാര്‍ തെളിച്ച വഴിയിലൂടെ അറിഞ്ഞുകൊണ്ടു സഞ്ചരിക്കും.

അയല്‍വാസിയായ ശ്രീധരന്‍ അവളുടെ അമ്മയ്ക്ക് ആശ്രയമായിരുന്നു. അവളാകട്ടെ അയാളെ വിളിച്ചത് ശ്രീധരനച്ഛന്‍ എന്നും. അച്ഛന്റെ സ്‌നേഹ ലാളനകള്‍ അറിയാതെ വളര്‍ന്ന അവള്‍ക്ക് അയാള്‍ അച്ഛന്‍ തന്നെയായിരുന്നു. പിതൃതുല്യമായ വാത്സല്യത്തോടെ തന്നെയാണ് അയാള്‍ അവളെ കണ്ടിരുന്നതും. പക്ഷേ, അവള്‍ വളര്‍ന്നപ്പോഴെപ്പോഴോ അയാളുടെ ചിന്തകളും വികാരങ്ങളും മാറി. അച്ഛന്റെ സ്ഥാനത്തു നിന്നും അവളുടെ കുഞ്ഞിന്റെ അച്ഛന്‍ എന്ന നിലയിലേക്ക് അധ:പ്പതിച്ചു പോയി അയാള്‍.

ശ്രീധരന്റെ ഏകമകള്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പമാണ് താമസം. ഭാര്യയെ ഹോം നഴ്സിംഗ് ജോലിക്കായി പറഞ്ഞയച്ചിരുന്നതിനാല്‍ വീട്ടില്‍ ഇയാള്‍ തനിച്ചായിരുന്നു. ഇയാളുടെ അയല്‍പക്കത്താണ് പെണ്‍കുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പം താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ അമ്മയുമായിട്ടാണ് ഇയാള്‍ ആദ്യം ബന്ധം സ്ഥാപിച്ചത്. ഈ സ്ത്രീ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഭാര്യ നിരന്തരം ഇയാളോടു കലഹിച്ചിരുന്നു. ആരാരും ആശ്രയത്തിനില്ലാത്ത ഒരു സ്ത്രീയെയും അവരുടെ മക്കളെയും തന്നാല്‍ കഴിയുന്ന വിധം സഹായിക്കുന്നു എന്നാണ് അന്ന് ഭാര്യയോട് ഇയാള്‍ പറഞ്ഞത്. എന്നാല്‍, സ്വന്തം മകളാകാന്‍ പ്രായമുള്ള, ജനിപ്പിച്ചില്ലെങ്കിലും അച്ഛനായി മാത്രം കണ്ടിട്ടുള്ള ആ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും അയാള്‍ ഉപയോഗിക്കുകയാണ് തന്റെ ഭര്‍ത്താവ് ചെയ്തിരുന്നതെന്ന് ആ സാധു സ്ത്രീ കരുതിയതേയില്ല. ഇടയ്ക്കിടയ്ക്ക് ഇവിടെ സന്ദര്‍ശനത്തിനെത്തുന്ന ഇയാളുടെ മരുമകനും ഈ ബന്ധത്തെ അതിശക്തമായിത്തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍, സാധുസ്ത്രീയെയും കുടുംബത്തെയും സഹായിക്കുകയാണ് ചെയ്യുന്നത് എന്ന എതിര്‍വാദമുയര്‍ത്തി എതിര്‍പ്പുകളുടെയെല്ലാം മുനയൊടിച്ചിരുന്നു ശ്രീധരന്‍. അങ്ങനെ, അമ്മയുമായി സമ്മതത്തോടെയും മകളെ ഭീഷണിപ്പെടുത്തിയും നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു.

ശ്രീധരന്‍ വീട്ടില്‍ മദ്യം വിറ്റിരുന്നു. മദ്യപിക്കാനായി വീട്ടിലെത്തിയിരുന്നവരില്‍ ചിലരും പെണ്‍കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തായിരുന്ന വിനീത് ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. മദ്യപിച്ചാണ് വീനീത് പലപ്പോഴും ഇവരുടെ വീട്ടില്‍ എത്തിയിരുന്നത്. വന്നാലുടന്‍ കൈയിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടിയുടെ സഹോദരനെ ഏല്‍പ്പിക്കും. പിന്നെ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടും. പിന്നീട് സഹോദരനും പെണ്‍കുട്ടിയെ ഉപയോഗിക്കാന്‍ തുടങ്ങി. സഹികെട്ട അവള്‍ രാത്രിയില്‍ വീടുവിട്ടിറങ്ങിപ്പോകും. വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കും. അങ്ങനെ എത്രയോ രാത്രികള്‍… പക്ഷേ, തന്റെ ചുറ്റും വട്ടമിട്ടു പറക്കുന്ന കഴുകന്മാരുടെ ആക്രമണത്തില്‍ നിന്നും ഒരു 14 വയസുകാരിക്ക് എത്രത്തോളം രക്ഷപ്പെടാനാവും?

അമ്മയും മകളും വേശ്യകളാണെന്നും അവരുമായി യാതൊരു വിധത്തിലുള്ള അടുപ്പവും പാടില്ലെന്നും നിഷ്‌കര്‍ഷിച്ചിരുന്നവരാണ് ചുറ്റുവട്ടത്തുള്ളവര്‍. പെണ്‍കുട്ടിയുടെ വീട്ടില്‍ വിനീത് സ്ഥിരമായി പോകുന്നത് ചുറ്റുവട്ടത്തുള്ളവര്‍ കണ്ടിട്ടുണ്ട്. എന്നിട്ടും വിനീത് പറയുന്നു, ഈ പെണ്‍കുട്ടിയെ തനിക്കു പരിചയമില്ലെന്ന്! ഈ പച്ചക്കള്ളം കോടതിയിലും ആവര്‍ത്തിക്കപ്പെട്ടു. അതിന്, കള്ളങ്ങളെ സത്യങ്ങളാക്കുന്ന വക്കീലിന്റെ കൂട്ടുമുണ്ടായിരുന്നു. വിനീതിനെ പോലീസ് പിടികൂടിയതിനു ശേഷം പോലീസിന്റെ അന്വേഷണഗതിയെപ്പോലും സ്വാധീനിക്കാന്‍ ശക്തമായ ഒരു രാഷ്ട്രീയ പിന്‍ബലവും അയാള്‍ക്കു ലഭിച്ചിട്ടുണ്ട്.

കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിക്കു മുമ്പാകെ വന്ന ഈ കേസിന്റെ വാദത്തിനിടയില്‍ വിനീതിന് അനുകൂലമായ മൊഴി പെണ്‍കുട്ടിയില്‍ നിന്നുമുണ്ടായിരിക്കാം. ഉപ്പുതറ പോലീസ് പറഞ്ഞതനുസരിച്ച് ഈ കേസില്‍ ശ്രീധരന്‍ മാത്രമല്ല പ്രതി. വിനീത് ഉള്‍പ്പടെ പലരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കോടതിയില്‍ അവളോടു ചോദിക്കപ്പെട്ട അനേകം ചോദ്യങ്ങളിലൊന്ന് ഏതൊക്കെ ദിവസങ്ങളില്‍ എത്ര തവണ വിനീത് പീഡിപ്പിച്ചു എന്നായിരുന്നു. പലരും ഉപയോഗപ്പെടുത്തിയ ഒരു ശരീരം. എത്ര തവണ പീഡിപ്പിച്ചു എന്നതിനെക്കാള്‍ എത്ര തവണ രക്ഷപ്പെടാന്‍ കഴിഞ്ഞു എന്നതാവും അവളെ സംബന്ധിച്ചിടത്തോളം ഉത്തരം പറയാന്‍ എളുപ്പം. സഹോദനും വിനീതും എത്ര തവണ പീഡിപ്പിച്ചു എന്നതിനും ഏതൊക്കെ ദിവസങ്ങളിലായിരുന്നു അത് എന്നതിനും ഒരേ മറുപടിയാണ് പെണ്‍കുട്ടി നല്‍കിയതെന്നും അവള്‍ നിരപരാധികളെ കുടുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയും അമ്മയും സ്വഭാവദൂഷ്യമുള്ളവരായിരുന്നുവെന്നും വഷളന്‍ ചിരിയോടെ ഈ കേസിലെ പ്രതിഭാഗം വക്കീലന്മാര്‍ പറഞ്ഞു.

വളരെ ക്ലേശകരമായ സാഹചര്യത്തില്‍, ആരുടെയെങ്കിലും കൈത്താങ്ങ് ഉണ്ടെങ്കില്‍ മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്ന മനുഷ്യരുടെ കൂടെ നില്‍ക്കാനും സാന്ത്വനമാകുവാനും ഓരോ വ്യക്തികള്‍ക്കും കടമയും ഉത്തരവാദിത്വവുമുണ്ട്. പക്ഷേ, അവരുടെ ആ സാഹചര്യങ്ങളെ ചൂഷണം ചെയ്ത് അവരെ നിത്യദുരിതത്തിലേക്കു തള്ളിയിടുന്നവര്‍ക്ക് അതികഠിനമായ ശിക്ഷ കിട്ടിയേ തീരൂ. സംരക്ഷിക്കേണ്ടവര്‍ നാശകരാകുമ്പോള്‍ അവരുടെ ശിക്ഷയും കടുത്തതാകണം.

ഈ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളുള്‍പ്പടെ നിരവധി തെളിവുകള്‍ വിനീതിന്റെ ഫോണിലുണ്ട്. തന്റെ പല സുഹൃത്തുക്കള്‍ക്കും ഈ ചിത്രം വിനീത് കാണിച്ചു കൊടത്തതായും ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, വിനീതിനെതിരെ ആരും ശബ്ദിക്കില്ല.

കണ്ണംപടിയിലെ പെണ്‍കുട്ടി പോലീസിനു നല്‍കിയ ആദ്യമൊഴിയനുസരിച്ച് അവളെ പീഡിപ്പിച്ചത് 13 പേരാണ്. ഒടുവില്‍ ആ കണക്ക് ശ്രീധരന്‍, വിനീത്, പെണ്‍കുട്ടിയുടെ സഹോദരന്‍ എന്നീ മൂന്നുപേരിലേക്ക് ചുരുങ്ങി. ഇതില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഇപ്പോഴും ജയിലിലാണ്. കോടതിയില്‍ നിന്നും കുറ്റവിമുക്തനായി വിനീതും പുറത്തിറങ്ങി. ശ്രീധരനാകട്ടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒരു പെണ്‍കുട്ടിയുടെ മാനാഭിമാനങ്ങളെ പിച്ചിച്ചീന്തിയവര്‍ ഗര്‍വ്വോടെ തലയുയര്‍ത്തിപ്പിടിച്ചു നടക്കുന്നു! നീതിയും നിയമവും അന്വേഷണവുമെല്ലാം പ്രതിക്കനുകൂലമായി ഒറ്റക്കെട്ടായി നീങ്ങുന്നു. പെണ്‍മാംസം കടിച്ചുകീറി ചിറി തുടച്ച് മറ്റൊരു ഇരയ്ക്കായി കാത്തിരിക്കുന്ന പ്രാപ്പിടിയന്മാരെപ്പോലെ അവര്‍ ആ നാട്ടില്‍ ഭയലേശമേതുമില്ലാതെ ജീവിക്കുന്നു. അതു പാടില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.


https://www.thamasoma.com/2023/11/Why-Vineeth-and-others-escaped-from-Kannampady-POCSO-case.html



Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#Kannampadi #POCSOcase #Victim #Vineeth #Sreedharan #YouthAcquittedPOCSOcase #Idukki #Upputhara

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു