ആദ്യമേ തന്നെ വിധി നടപ്പാക്കി കഴിഞ്ഞ ഡോ. ഉന്മേഷിന്റെ പുതുക്കിയ സ്വഭാവ സർട്ടിഫിക്കേറ്റ് കിട്ടിയിട്ടുണ്ട്: അതെന്ത് ചെയ്യണം My Lord ??

                 = അഡ്വ. CV Manuvilsan
പ്രതികാര നാടകത്തിലെ അനിവാര്യമായ ആ അന്ത്യ രംഗവും തീർന്നു. അരങ്ങിലെ ആളൊഴിഞ്ഞ് കാണികൾ വേർപിരിയാനൊരുങ്ങുന്ന ഈ പുത്തൻ പുലരിയുടെ അരുണോദയത്തിൽ, നിരൂപകൻ എന്ന നിലയിൽ [വേണമെങ്കിൽ നിരീക്ഷകൻ എന്നും വിളിച്ചോളൂ സാർ] കുറച്ച് അഭിപ്രായങ്ങൾ പറയാൻ എന്നേയും കൂടി അനുവദിക്കുക.
വാർത്ത: [മലയാള മനോരമ ]
ഗോവിന്ദച്ചാമി പ്രതിയായ പീഡനക്കേസില്‍ പ്രതിഭാഗം ചേര്‍ന്നുവെന്ന് ആരോപണവിധേയനായ ഫൊറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ഉന്മേഷ് കുറ്റക്കാരനല്ലെന്ന് സര്‍ക്കാര്‍. ഉന്മേഷ് സത്യസന്ധനാണെന്നും, പോസ്റ്റുമോര്‍ട്ടം കണ്ടെത്തലില്‍ അപാകത ഉണ്ടായില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ആരോഗ്യവകുപ്പാണ് ഉത്തരവിറക്കിയത്. 2011ല്‍ പീഡനക്കേസിന്റെ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ ഡോക്ടര്‍ ഉന്മേഷ് പ്രതിഭാഗം ചേര്‍ന്നുവെന്ന് പ്രോസിക്യുഷന്‍ നിലപാട് എടുത്തതാണ് വന്‍വിവാദമായത്.
My Lord,
പ്രോസിക്യൂഷനോ പ്രതിഭാഗമോ സാക്ഷിയാക്കിയാലും കോടതി വിളിച്ചാൽ അവിടെ ഹാജരായിക്കൊണ്ട്, നിർഭയം സത്യം [പ്രോസിക്യൂഷൻ ഭാഗമല്ല. സത്യം; തനിക്കറിയാവുന്ന സത്യം] ബോധിപ്പിക്കാൻ ഫോൻസിക് സർജ്ജൻ ആയ ഒരു ഉദ്യോഗസ്ഥന് ബാധ്യതയുണ്ടെന്നും അതിന്റെ പേരിൽ അയാൾക്കെതിരെ കുറ്റം ആരോപിക്കാൻ കഴിയില്ലെന്നും തൃശൂർ വിജിലന്‍സ് കോടതി വിധിയില്‍ മുൻപേ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ആദ്യമേ തന്നെ വിധിയെഴുത്തു നടന്നു കഴിഞ്ഞ ഈ മാധ്യമ വിചാരണയിൽ, തന്റെ ജീവിതത്തിന്റെ നല്ല ഒരു പങ്ക്, ഹോമിക്കപ്പെട്ട, നിർദ്ദയം നമ്മുടെ നിയമ നീതി നിർവ്വഹണ അവയവങ്ങൾ ഒന്നടങ്കം, “ഇവൻ പ്രതിയേക്കാൾ വെറുക്കപ്പെട്ടവൻ” എന്ന് മുദ്രകുത്തി നിർദ്ദയം ശിക്ഷിച്ച മറ്റൊരു നിരപരാധിയുടെ ചിത്രം.

My Lord, 
ഇത് വായിക്കുന്ന അങ്ങ് ആരാണെന്ന് എനിക്കറിയില്ല. അങ്ങയുടെ വലുപ്പമോ, വ്യാപ്തിയോ, ഔന്നത്യമോ, ഒന്നുമെനിക്കറിയില്ല. പക്ഷേ, അങ്ങയും ഇത് കേൾക്കണം.
– ഒരു അന്വേഷക ഉദ്യോഗസ്ഥ അതിരു ലംഘിച്ചാൽ?

– ഒരു മേലുദ്യോഗസ്ഥ വിശ്വാസ വഞ്ചന ചെയ്താൽ?

– ഒരു പബ്ലിക് പ്രോസിക്യൂട്ടർ അസത്യം പ്രചരിപ്പിച്ചാൽ?

– മാധ്യമങ്ങൾ സത്യമറിയാതെ അവർക്കൊപ്പം കൂടിയാൽ?
ആരും താഴെ വീണ് പോകും, സാർ. 
എന്തിന് കോടതി പോലും. 
അവിടെ നിന്നും പിന്നീട് ഒരു ഉയർത്തെഴുന്നേൽപ്പ്!! 
അത് സാധ്യമല്ല സാർ, സാധാരണ നിലയ്ക്ക്. 
അങ്ങിനെ ആകണമെങ്കിൽ, പുണ്യം ചെയ്യണം, സാർ. ഡോ. ഉന്മേഷിനെ പോലെ.
നിരൂപണകലയിലേക്ക് കടക്കുന്നതിനും മുൻപ്, ഡോ.ഉന്മേഷിന് കിട്ടിയ, ഈ പുത്തൻ സ്വഭാവ സർട്ടിഫിക്കറ്റ് ഒന്ന് പരിശോധിക്കാം:
ട്രെയിൻ യാത്രക്കിടെ പീഡനത്തിനിരയായി മരിച്ച സൗമ്യയുടെ പോസ്റ്റുമോർട്ടം സംബന്ധിച്ച വിവാദത്തിൽ ഡോ.എ.കെ. ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലൻസ് റിപ്പോർട്ട്, വന്നിട്ട് ഒരു വർഷത്തിലേറെയായി. 
പോസ്റ്റുമോർട്ടം ചെയ്തതാര് എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സൗമ്യക്കേസിനെ തുടക്കം മുതൽ വിവാദത്തിലാക്കിയത്. ഡോ ഉന്മേഷ് തന്നെയാണ് അത് ചെയ്തത് എന്ന് വ്യക്തമായിരുന്നെങ്കിലും ഫൊറൻസിക് മേധാവിയായിരുന്ന ഡോക്ടർ ഷേർളി വാസുവിനെയാണ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. 
വാദി ഭാഗം തെളിവിനായി വിസ്തരിക്കാതെ ഒഴിവാക്കിയ അസോസിയേറ്റ് പ്രഫസറായിരുന്ന ഡോക്ടർ എ.കെ. ഉന്മേഷിനെ പ്രതിഭാഗവും സാക്ഷിയാക്കി. കോടതി സമൻസുമയച്ചു.
കോടതി സമൻസ് അയച്ചതുപ്രകാരം ഉന്മേഷ് ഹാജരായി മൊഴി നൽകി. ഡോക്ടർ ഷേർളിയുടെയും ഉന്മേഷിന്റെയും മൊഴികൾ തമ്മിൽ കാര്യമായ വ്യത്യാസം ഒന്നുമുണ്ടായില്ലെങ്കിലും, ഇതോടെ ഉന്മേഷ് പ്രതിഭാഗം ചേർന്നുവെന്ന മട്ടിൽ പ്രചാരണങ്ങളുണ്ടായി. ഡോ. ഉന്മേഷ് സസ്പെൻഷനിലുമായി.
സത്യം മുഴുവനും അറിയാമായിരുന്നിട്ടും, ഡോ. ഷേർളി, സൗമ്യയുടെ Post Mortem നടത്തിയത് താനാണ് എന്ന് നുണ പറഞ്ഞു. ഐ ജി.B സന്ധ്യ, പബ്ലിക് പ്രോസിക്യൂട്ടർ സുരേശൻ, തുടങ്ങിയവർ ഈ നുണ സത്യമാക്കാൻ, തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
ഒരു കാര്യവുമില്ലാതെ സത്യം മറച്ചു വച്ച് നുണ പറഞ്ഞ ഡോ.ഷേർളി “പച്ച”യും കോടതി സമൻസയപ്പിച്ച് സത്യം ചെയ്യിപ്പിച്ചതിൻ പടി സത്യം പറഞ്ഞ ഡോക്ടർ ഉന്മേഷ് “കരി”യും, പ്രതി ഗോവിന്ദ ചാമിയേക്കാൾ വെറുക്കപ്പെട്ടവനുമായി.
വിചാരണ കോടതിയിലും പിന്നെ ഹൈക്കോടതിയിലും, ഡോ.ഉൻമേഷ് തുടർച്ചയായി ക്രൂശിക്കപ്പെട്ടു. മാധ്യമ വിചാരണയുടെ സമ്മർദ്ദം പേറാത്ത സുപ്രീം കോടതി, യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കി, Post Mortem Report ലെ ന്യൂനത ചൂണ്ടി കാട്ടി വിമർശിച്ചു. ഉൻമേഷിന്റെ ആദ്യ Report ആണ് ശരി എന്ന് ശരി വയ്ക്കുന്ന ഒന്നായിരുന്നു, സുപ്രീം കോടതി വിധി.

ഇത തുടർന്ന്, പൊതുപ്രവർത്തകന്റെ പരാതിയിൽ തൃശൂർ വിജിലൻസ് കോടതി ദ്രുത പരിശോധനക്കും ഉത്തരവിട്ടിരുന്ന കേസിൽ ഡോ.ഉന്മേഷിന് അനുകൂലമായ വിധി ഉണ്ടായി. പ്രതിഭാഗം ചേർന്ന് ഉന്മേഷ് അവിഹിതനേട്ടമുണ്ടാക്കിയെന്ന ,പരാതിക്ക് അടിസ്ഥാനമില്ലെന്ന ദ്രുതപരിശോധനാ റിപ്പോർട്ട് അംഗീകരിച്ച തൃശൂർ വിജിലൻസ് കോടതി, പരാതി തീർപ്പാക്കി. 
ഈ റിപ്പോർട്ടിലാണ് ഉന്മേഷ് അവിഹിതനേട്ടം ഉണ്ടാക്കിയതിന് ഒരു തെളിവുമില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നത്. കൂടുതൽ നടപടി ആവശ്യമില്ലെന്നും ശുപാർശ ചെയ്തുളള റിപ്പോർട്ട്, കോ‍ടതി അതേപടി അംഗീകരിക്കുകയായിരുന്നു. 
പ്രോസിക്യൂഷനോ പ്രതിഭാഗമോ സാക്ഷിയാക്കിയാലും, കോടതി വിളിച്ചാൽ ഹാജരായി, സത്യം ബോധിപ്പിക്കാൻ ഉദ്യോഗസ്ഥന് ബാധ്യതയുണ്ടെന്നും അതിന്റെ പേരിൽ കുറ്റം ആരോപിക്കാൻ കഴിയില്ലെന്നും കൂടി തൃശൂർ വിജിലന്‍സ് കോടതി വിധിയില്‍ വ്യക്തമാക്കി. 
സൗമ്യയുടെ പോസ്റ്റുമോർട്ടം നടത്തിയത് ഡോക്ടർ ഉന്മേഷ് തന്നെയാണെന്ന  വകുപ്പുതല അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ വന്ന ഈ ഗവൺമെൻറ് തീരുമാനവും.
My Lord,
സമൂഹ മനസാക്ഷിക്കു മുന്നിൽ ഒരു ചോദ്യചിഹ്നമായൊന്നും നിൽക്കാൻ നിക്കാതെ, ഡോ.ഉന്മേഷ് തന്റെ കർമ്മരംഗത്ത് സജീവമാണ്. പക്ഷേ, ഈ പാവം ഡോക്ടറോട് കാണിച്ച നെറികേടിന്, എന്ത് പകരം നൽകും നമ്മൾ? വിശുദ്ധവും ഗംഭീരവുമായ പെടു മൗനം വെടിഞ്ഞ്, ഇനിയെങ്കിലും ആ തിരുവായ് തുറന്ന് മൊഴിയണം സാർ. എന്ത് ശിക്ഷ നൽകും, നുണ പല ആവർത്തി പറഞ്ഞത് കോടതികളെ പോലും തെറ്റിദ്ധരിപ്പിച്ച ഈ കള്ളപ്പണിക്കാർക്ക്? 
– അന്വേഷക ഉദ്യോഗസ്ഥ B. സന്ധ്യയ്ക്ക്?

– മേലുദ്യോഗസ്ഥ (റിട്ട.) ഷേർളി വാസുവിന്?

– പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സുരേശന്?
അതിന് മറുപടി  പറയാനുള്ള  ഒരു  തീർത്തും
സാമാന്യമായ മര്യാദയെങ്കിലും കാണിക്കണം,
നമ്മുടെ  നിയമവും  നീതിയും പിന്നെ അവശേഷിക്കുന്ന സർവ്വജ്ഞരും.
………………………………………………………………………………………………………….
Tags: Forensic surgeon Dr Unmesh, Soumya murder case, Govinda chamy, deadbody in a plastic vessel, Malayalam News, Thamasoma

Leave a Reply

Your email address will not be published. Required fields are marked *