Jess Varkey Thuruthel
മലയാളത്തിന്റെ അമ്മയായ പൊന്നമ്മയും യാത്രയായി. സോഷ്യല്‍ മീഡിയയില്‍, കവിയൂര്‍ പൊന്നമ്മയെന്ന (Kaviyoor Ponnamma) അമ്മയെക്കുറിച്ച് ഓരോരുത്തരായി എഴുതിയ ചെറുതും വലുതുമായ ലേഖനങ്ങള്‍ വായിക്കുകയായിരുന്നു. അതിലൊരാള്‍ എഴുതിയ ലേഖനത്തില്‍ കണ്ണുടക്കി. അമ്മ വേഷമല്ലാതെ മറ്റൊന്നും കൊടുക്കാന്‍ സംവിധായകര്‍ മുതിരാത്തതിനാല്‍, അമ്മവേഷത്തില്‍ തളച്ചിടപ്പെട്ട അഭിനേത്രിയാണ് കവിയൂര്‍ പൊന്നമ്മ എന്നായിരുന്നു ആ വരികള്‍.
അവര്‍ വെറുമൊരു അമ്മയായിരുന്നില്ല. ആണ്‍മക്കളെ മാത്രം പ്രസവിച്ചൊരമ്മ. പ്രത്യേകിച്ചും മോഹന്‍ലാലിന്റെ. കുട്ടന്‍ എന്ന് അവര്‍ വിളിക്കുന്ന മോഹന്‍ലാലിന്റെ അമ്മയാകുമ്പോള്‍ അവരില്‍ നിറയുന്ന പ്രത്യേക വാത്സല്യം മറ്റേതൊരു നടന്റെ അമ്മയാകുമ്പോഴും ഉണ്ടായിരുന്നില്ല. അപ്പോഴും ഉറപ്പിച്ചു പറയാന്‍ സാധിക്കും, അവര്‍ ആണ്‍മക്കളുടെ മാത്രം അമ്മയായിരുന്നു എന്ന്. എന്തേ പൊന്നമ്മ എന്ന അമ്മയ്ക്ക് പെണ്‍മക്കള്‍ ഇല്ലാതെ പോയി? അതിന് സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള എത്ര സിനിമകളാണ് മലയാളത്തില്‍ ഉണ്ടായിട്ടുള്ളത്? മലയാള സിനിമാ വ്യവസായം തന്നെ ആണ്‍കോയ്മയില്‍ അധിഷ്ഠിതമാണ്. ആണിന്റെ ആദര്‍ശചരിതങ്ങളും വിജയങ്ങളും ആഘോഷിക്കുന്ന സിനിമകള്‍. നായികയ്ക്ക് എന്തു പ്രാധാന്യമാണ് മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ളത്? അത് അവര്‍ തന്നെ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്, ‘ഒന്നോ രണ്ടോ പാട്ടുസീനുകളില്‍ വരുന്നതല്ലാതെ നായികയ്ക്ക് എന്തു പ്രാധാന്യമാണ് സിനിമയില്‍ ഉള്ളത്’ എന്ന്.
കവിയൂര്‍ പൊന്നമ്മയെപ്പോലൊരു അമ്മയെ കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന ആണ്‍വിലാപങ്ങളും നിരവധി കേട്ടു. രാത്രി കണ്ണിമ ചിമ്മാതെ മകനെ കാത്തിരിക്കുന്ന, അവനു വാരിക്കൊടുക്കുന്ന, മടിയില്‍ കിടത്തി പാട്ടുപാടിയുറക്കുന്ന, അവന്റെ വസ്ത്രങ്ങളെല്ലാം കഴുകിക്കൊടുക്കുന്ന, കുളിച്ചു വരുമ്പോള്‍ തല തുവര്‍ത്തിക്കൊടുക്കുന്ന, അങ്ങനെയയങ്ങനെ വെറും തറവാട്ടമ്മ മാത്രമായ ഒരമ്മ.
ഈയൊരമ്മയെ ഒരു സിനിമയിലെങ്കിലും തനിക്കു കിട്ടിയിരുന്നെങ്കില്‍ എന്നു താന്‍ കൊതിച്ചിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ‘ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാളസിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് ഞാന്‍. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി!
അതുകൊണ്ടുതന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്ചകളില്‍ ഞാന്‍ ആ അമ്മമനസ്സിലെ സ്നേഹം അടുത്തറിഞ്ഞു. ചേച്ചിയുടെ സഹോദരി കവിയൂര്‍ രേണുകച്ചേച്ചിയുമൊത്ത് ‘കണ്ണെഴുതിപൊട്ടും തൊട്ട്’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചില ആംഗിളുകളില്‍ പൊന്നമ്മച്ചേച്ചിയെ ഓര്‍മിപ്പിക്കും രേണുകച്ചേച്ചിയും. അന്ന് കണ്‍മുന്നില്‍ പൊന്നമ്മച്ചേച്ചിയുള്ളതുപോലെ തോന്നിയിട്ടുണ്ട്, പലവട്ടം.
കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയില്‍ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി. നമ്മുടെ വീട്ടുമുറ്റത്തുനിന്നോ അടുക്കളയില്‍ നിന്നോ പൂജാമുറിയില്‍ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാള്‍ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മച്ചേച്ചിയെ കാണുമ്പോള്‍. അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാര്‍ഥത്തില്‍ അത് അഭിനയമായിരുന്നില്ല,ഒരമ്മയുടെ പെരുമാറ്റമായിരുന്നു.
പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ,മീനച്ചേച്ചി, ശ്രീവിദ്യാമ്മ,കെ.പി.എ.സി ലളിതച്ചേച്ചി…ഇന്നലെകളില്‍ നമ്മള്‍ സ്നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നത്.’
നന്ദനം എന്ന സിനിമയില്‍ ഒരുമിച്ചഭിനയിക്കാന്‍ മകളല്ലെങ്കിലും മകളെപ്പോലെയാകാന്‍ നവ്യനായര്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. ഇതുപോലെ അവരുടെ മകളായി സ്‌ക്രീനില്‍ പിറവി കൊള്ളാന്‍ എത്രയോ പെണ്‍മക്കള്‍ കൊതിച്ചിരിക്കുന്നു. പക്ഷേ, അവര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ല അവരുടെ മകളാകാന്‍. അതിന് അവസരം ലഭിച്ചതെല്ലാം ആണ്‍മക്കള്‍ക്കായിരുന്നു, പ്രത്യേകിച്ചും മോഹന്‍ലാലിന്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മോഹന്‍ ലാലിന്റെ മാത്രം അമ്മയായി കവിയൂര്‍ പൊന്നമ്മയെ കാണാനാണ് പ്രേക്ഷകര്‍ പോലും കൊതിച്ചിരുന്നത്. ആ കോംബോ അത്രമേല്‍ ചേര്‍ന്നു നിന്നതും അവര്‍ തമ്മിലായിരുന്നു.
സ്ഥിരം തറവാട്ടമ്മ ടൈപ്പ് കഥാപാത്രങ്ങളില്‍ നിന്നും കുതറിമാറാന്‍ അവര്‍ എന്നെങ്കിലും കൊതിച്ചിരുന്നോ? അവരുടെ പല അഭിമുഖങ്ങളിലും ഇത്തരം വിഷയങ്ങള്‍ കടന്നു വന്നിട്ടുണ്ട്. സ്‌ക്രീനില്‍ താനൊന്നു ദേഷ്യപ്പെടുന്നതു പോലും പ്രേക്ഷകര്‍ക്കു സഹിക്കില്ലെന്നും അമ്മയായിട്ടല്ലാതെ മലയാളി പ്രേക്ഷകര്‍ തന്നെ കാണാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ എത്രയോ തവണ പറഞ്ഞിരിക്കുന്നു.
1994 ല്‍ പുറത്തിറങ്ങിയ സുകൃതം എന്ന ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. ആ കഥാപാത്രത്തെ അംഗീകരിക്കാന്‍ മലയാളി പ്രേക്ഷക മനസ് തയ്യാറായതേയില്ല. അവരെ അത്തരത്തില്‍ കാണുക എന്നത് മലയാളിക്ക് അസാധ്യമായിരുന്നു. നായികയായി തിളങ്ങേണ്ട 22 -ാമത്തെ വയസു മുതല്‍ തന്റെ അച്ഛന്റെ പ്രായമുള്ളവരുടെപോലും അമ്മയായി അഭിനയിച്ച വ്യക്തിയാണ് കവിയൂര്‍ പൊന്നമ്മ. ആ ചിത്രം മുതല്‍ അവരുടെ അവസാന ചിത്രം വരെ പരിശോധിച്ചാലും വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമേ അവര്‍ പെണ്‍മക്കളുടെ അമ്മയായിട്ടുള്ളു. നന്ദനത്തില്‍ മകളായിട്ടഭിനയിക്കുന്നത് രേവതിയാണെങ്കിലും കൊച്ചുമകനായി പ്രിഥ്വിരാജുമുണ്ട്.
തറവാട്ടമ്മയായി കവിയൂര്‍ പൊന്നമ്മയെ തളച്ചിട്ടത് സംവിധായകരാണോ? അല്ല, അവരെ അത്തരത്തില്‍ കാണാന്‍ മാത്രമേ പ്രേക്ഷകര്‍ ആഗ്രഹിച്ചുള്ളു. കെ പി എ സി ലളിതയും സുകുമാരിയുമെല്ലാം എല്ലാത്തരം വേഷങ്ങളും അനായാസമായി കൈകാര്യം ചെയ്തപ്പോഴും കവിയൂര്‍ പൊന്നമ്മ തറവാട്ടമ്മയായി തുടര്‍ന്നു. പ്രേക്ഷര്‍ക്ക് അവരെ കണ്ടുകണ്ട് മടുപ്പു തോന്നിയതേയില്ല.
പൊന്നമ്മയുടെ പ്രിയമകനായ മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്, ‘അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും ഞങ്ങള്‍ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങള്‍. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്‌നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥന്‍, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകര്‍ന്നുതന്ന എത്രയെത്ര സിനിമകള്‍. മകന്‍ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തില്‍ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല.. ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും…’
പെണ്‍മക്കളില്ലാത്ത, ആണ്‍മക്കളെ മാത്രം ഹൃദയത്തോടു ചേര്‍ത്തു പിടിച്ച, പൊന്നമ്മയെപ്പോലുള്ള അമ്മയെ വേണമെന്ന് ആണ്‍കൂട്ടങ്ങള്‍ സ്വപ്‌നം കണ്ട ആ അമ്മയാണ് യാത്രയായിരിക്കുന്നത്. കരയുന്നത് ആണ്‍മക്കള്‍ മാത്രമല്ല, എന്തേ ഞങ്ങള്‍ക്കു പിറക്കാതെ പോയി എന്നു വിലപിക്കുന്നു പെണ്‍മക്കള്‍.
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975