‘അമ്മ തൂങ്ങിമരിച്ച മുറിയിലാണ് ഞാനുറങ്ങുന്നത്…’ അവന്‍ പറഞ്ഞു തുടങ്ങി

Jess Varkey Thuruthel

അമ്മ തൂങ്ങിമരിച്ച (Suicide) മുറിയിലാണ് ഞാനുറങ്ങുന്നത്. അമ്മയുടെ ആത്മാവ് തങ്ങിനില്‍ക്കുന്ന മുറി. വീട്ടില്‍ ഞാനധികം ഇരിക്കാറില്ല. ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നും. രാത്രി പത്തുമണിയൊക്കെ കഴിയും ഞാന്‍ വീട്ടിലെത്തുമ്പോള്‍. മനസില്‍ സങ്കടം തിങ്ങി നിറയുമ്പോള്‍ പാലത്തില്‍ പോയി ഞാനിരിക്കും. അവിടെ തനിച്ചിരുന്നു ഞാന്‍ കരയും. വീട്ടിലിരുന്നു കരയാന്‍ എനിക്കു സാധിക്കില്ല. ഞാന്‍ കരയുന്നതു കണ്ടാല്‍ അമ്മച്ചി എന്നെക്കാള്‍ ഉച്ചത്തില്‍ കരയും. എന്റെ മനസ് വേദനിക്കുന്നതു സഹിക്കാന്‍ അമ്മച്ചിക്കു കഴിയില്ല എന്നെനിക്കറിയാം. അതുകൊണ്ട് അമ്മച്ചിക്കു മുന്നില്‍ ഞാന്‍ കരയില്ല,’ അവന്‍ എന്നോടു സംസാരിക്കുമ്പോഴും അവന്റെ മുഖത്തു പുഞ്ചിരി തന്നെയായിരുന്നു. കരയുന്ന തന്റെ കണ്ണുകള്‍ മറ്റുള്ളവര്‍ കാണരുതെന്ന് അവനു നിര്‍ബന്ധമുള്ളതു പോലെ…

നേര്യമംഗലം സ്വദേശിയായ ഇവനു പ്രായം വെറും 15 വയസ്. അവന്റെ മൂന്നാമത്തെ വയസില്‍, ജീവിതം ഒരു കയറില്‍ അവസാനിപ്പിച്ചു പോയതാണ് അവന്റെ അമ്മ. ഏകദേശം 8 വയസായപ്പോഴേക്കും അച്ഛനും അവനെ ഉപേക്ഷിച്ചു പോയി. സ്ത്രീ ഹോര്‍മ്മോണ്‍ കൂടിയതിനാല്‍, ലിംഗമാറ്റം തിരിച്ചറിഞ്ഞ് ഓപ്പറേഷനിലൂടെ ഒരു സ്ത്രീയായി മാറി അവന്റെ അച്ഛന്‍.

നേര്യമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു കുത്തിവയ്പ് എടുത്തതിന്റെ പേരില്‍ രോഗം വിഴുങ്ങിയ ശരീരവുമായി, തീരാദുരിതത്തിലായിപ്പോയ ജീവിതവുമായി അവന്റെ അമ്മച്ചി (അച്ഛന്റെ അമ്മ). ഇന്നിപ്പോള്‍ ഏതുനിമിഷവും തകര്‍ന്നു വീഴാറായ, ആകെ ചോര്‍ന്നൊലിക്കുന്ന ആ വീട്ടില്‍, സുഖമില്ലാത്ത അമ്മച്ചിയും അവനും മാത്രം.

ആരോഗ്യം പാടെ തകര്‍ന്നു പോയ അമ്മച്ചി. പണിയെടുക്കുന്നതു പോയിട്ട്, ഒന്നുനടക്കാന്‍ പോലുമാകാത്ത അവസ്ഥ. പലപ്പോഴും മുടങ്ങിപ്പോകുന്ന സര്‍ക്കാര്‍ പെന്‍ഷനും കുഞ്ഞുകൈകളാല്‍ കൊച്ചുമകന്‍ പണിചെയ്തു കൊണ്ടുവരുന്നതും ഒന്നുമാകുന്നില്ല. അയല്‍വാസികള്‍ ചേര്‍ത്തു പിടിക്കുന്നതിനാല്‍ പട്ടിണി കിടക്കുന്നില്ല. അത്രയും ആശ്വാസം.

വീട്ടിലെ ദാരിദ്ര്യം മൂലം 12-ാമത്തെ വയസില്‍ പണിയെടുക്കാന്‍ ആരംഭിച്ചതാണ് അവന്‍. ചെറിയ കുഞ്ഞ്, അവന്റെ പ്രായത്തിലുള്ളവര്‍ കളിച്ചു നടക്കുമ്പോള്‍, ജീവിക്കാനും അവനു പഠിക്കാനും അമ്മച്ചി മരുന്നുവാങ്ങാനുമെല്ലാം അവന്‍ അധ്വാനിക്കുന്നു. സ്‌കൂള്‍ അവധി ദിവസങ്ങളിലും വെക്കേഷന്‍ സമയങ്ങളിലുമെല്ലാം അവന്‍ ജോലി ചെയ്യുന്നു. അങ്ങനെ സ്വരൂപിക്കുന്ന പണം അവന്റെ പഠനത്തിനു പോലും തികയുന്നില്ല. അമ്മച്ചിയുടെ തുച്ഛമായ പെന്‍ഷന്‍ തുകയും ഈ കുഞ്ഞ് പണിയെടുത്തു കിട്ടുന്ന പൈസയും നാട്ടുകാരുടെ സഹായവുമെല്ലാമായി ഒരുവിധം തള്ളിനീക്കുകയാണ് ഈ രണ്ടു ജീവിതങ്ങള്‍. ഏതുനിമിഷവും മരണം തന്നെ കൊണ്ടുപോകുമെന്ന പേടിയുണ്ട് ആ അമ്മച്ചിക്ക്. കൊച്ചുമകന് സ്വന്തമെന്നു പറയാന്‍ ആരെങ്കിലും ആകുന്നതു വരെ ആയുസുണ്ടാകണമെന്നു മാത്രമേ പ്രാര്‍ത്ഥനയുള്ളു ആ അമ്മയ്ക്ക്്. വെറും 59 വയസ് മാത്രമാണ് അവരുടെ പ്രായം. പക്ഷേ, ചികിത്സാപ്പിഴവു മൂലമുണ്ടായ പ്രശ്നങ്ങള്‍ മൂലം അകാലത്തില്‍ വാര്‍ദ്ധക്യം ബാധിച്ചുപോയി അവര്‍ക്ക്.

അന്ന്, 2012 ഓഗസ്റ്റ് 25- ാം തീയതി. അവനും അവന്റെ അമ്മച്ചിയും കൂടി വാരപ്പെട്ടിയിലുള്ള ഒരു ബന്ധുവീട്ടില്‍ പോയിരുന്നു. രണ്ടുമൂന്നു ദിവസം അവര്‍ അവിടെയായിരുന്നു. അതിനിടയിലാണ് അയല്‍വാസികളിലൊരാള്‍ വിളിച്ചത്. അമ്മയെ വിളിച്ചിട്ടു വിളികേള്‍ക്കുന്നില്ലത്രെ. ചുറ്റുവട്ടത്തെല്ലാം തിരഞ്ഞിട്ടും കണ്ടതുമില്ല. അവന്റെ ചാച്ചനും ഉടനെ വീട്ടിലെത്തി. വാതില്‍ തുറക്കാത്തതിനാല്‍, പിന്‍വശത്തെ ഓടുപൊളിച്ച് അകത്തു കയറിയപ്പോഴാണ് അമ്മ തൂങ്ങി നില്‍ക്കുന്നതു കണ്ടത്. അയല്‍വാസികള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ ഉടന്‍ വീട്ടിലേക്കു മടങ്ങി. വരുന്ന വഴി വില്ലേജ് ഓഫീസിലെ ശാന്തമ്മ എന്ന ചേച്ചി അവനെ എടുക്കാന്‍ കൈനീട്ടി. പക്ഷേ, അവന്‍ സമ്മതിച്ചില്ല. ഇതെല്ലാം അവന് ഓര്‍മ്മയുണ്ട്. അമ്മ മരിച്ച ശേഷം ഒന്നു രണ്ടു വര്‍ഷം വരെ പലപ്പോഴും അമ്മയെ കാണണമെന്നു പറഞ്ഞ് വീട്ടില്‍ നിന്നും രാത്രികാലങ്ങളില്‍ അവന്‍ ഇറങ്ങി ഓടിയിരുന്നു.

അമ്മയെ ഓര്‍ത്തു കരഞ്ഞ ഒരു ദിവസം അവന്റെ കസിന്‍ കുഞ്ഞേച്ചിയാണ് ഒരു കാര്യം പറഞ്ഞത്. അവന്റെ അമ്മ വലിയ വിശ്വാസിയായിരുന്നു. അച്ഛനോ അമ്മയ്ക്കോ എന്തെങ്കിലും സംഭവിച്ചില്ലെങ്കില്‍ അത് അവന്റെ ജീവന് ആപത്താണെന്ന് അവന്റെ ജാതകത്തില്‍ ഉണ്ടത്രെ! മകന് ആപത്തൊന്നുമില്ലാതിരിക്കാന്‍ സ്വയം മരണം തെരഞ്ഞെടുക്കുകായിരുന്നു അവന്റെ അമ്മ എന്നാണ് കസിന്‍ കുഞ്ഞേച്ചി അവനോടു പറഞ്ഞത്. ‘ിരമായി ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു അമ്മയ്ക്ക്. ഈ കുഞ്ഞേച്ചി ആ ഡയറി എടുത്തു വായിക്കാറുണ്ടായിരുന്നു. അമ്മയുടെ മരണശേഷം ആ ഡയറി കണ്ടിട്ടില്ലെന്നാണ് കുഞ്ഞേച്ചി പറഞ്ഞത്,’ അവന്‍ പറയുന്നു.

‘അച്ഛനില്ല, അമ്മയില്ല, അമ്മച്ചിക്ക് എഴുന്നേല്‍ക്കാനും വയ്യ, എന്തുചെയ്യണമെന്നറിയാതെ എനിക്ക് വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാന്‍. അമ്മച്ചിക്കു വയ്യാതെയായപ്പോള്‍ കുറച്ചു കാലം അമ്മ വീട്ടില്‍ പോയി നിന്നു. പക്ഷേ, അവിടെയും നില്‍ക്കാന്‍ വയ്യാത്ത അവസ്ഥ വന്നു. അമ്മയുടെ മാതാപിതാക്കള്‍ക്ക് മൂന്നുമക്കളായിരുന്നു. അമ്മയുടെ സഹോദരങ്ങള്‍ക്ക് മക്കളുണ്ടായപ്പോള്‍ എന്നെക്കൂടി സംരക്ഷിക്കാന്‍ പറ്റാതെയായി. അതോടെ ഞാന്‍ അമ്മച്ചിക്കൊപ്പം പോന്നു,’ അവന്‍ പറഞ്ഞു.

12-ാം വയസുമുതല്‍ വീടിന്റെ ഭാരം ചുമലിലേറ്റിയ അവന്‍ ഇതിനോടകം മൂവാറ്റുപുഴ, നേര്യമംഗലം, എന്നിവിടങ്ങളിലായി ഒട്ടനവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരിക്കുന്നു. ഒടുവിലാണ് നേര്യമംഗലത്തെ ബേക്കറിയിലെത്തിയത്. മുതലാളിയായല്ല, കൂട്ടുകാരനെപ്പോലെയാണ് കടയുടമ ഈ കുട്ടിയെ പരിഗണിക്കുന്നത്. സ്വന്തം അമ്മയെപ്പോലെ കണ്ടോളൂ എന്നു പറഞ്ഞ് രണ്ടു സ്ത്രീ ജീവനക്കാരുമുണ്ട് ഇവനൊപ്പം. ആവശ്യത്തിനു സ്വാതന്ത്ര്യവും സ്വന്തം സ്ഥാപനം പോലെ ജോലി ചെയ്യാനുള്ള അവസരവും അവന് അവര്‍ നല്‍കിയിട്ടുണ്ട്.

എന്തു പഠിക്കണമെന്നാണ് ആഗ്രഹമെന്ന് അവനോടു ചോദിച്ചു. അങ്ങനെയൊന്നുമില്ല അവന്. എന്തെങ്കിലുമൊരു ജോലി വേണം. വീടു നോക്കാന്‍ പറ്റണം. അമ്മച്ചിയെ സംരക്ഷിക്കണം. ഏതെങ്കിലുമൊരു ലക്ഷ്യം മുന്നില്‍ക്കണ്ടു പഠിച്ചിട്ട് അതു കിട്ടാതെ പോയാല്‍ സങ്കടമാകില്ലേ എന്നവന്‍ ചോദിക്കുന്നു. അതിനാല്‍ എല്ലാം വരുന്നിടത്തു വച്ച്. അതാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. കിട്ടുന്ന സമയത്തിനനുസരിച്ച് അവന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നു. സ്‌കൂള്‍ സമയത്തിനു ശേഷം രാത്രിയും മറ്റും അവന്‍ കടയില്‍ പണിക്കു കയറും. പരീക്ഷ വരുമ്പോള്‍ മാത്രമാണ് ജോലിയില്‍ നിന്നും മാറി നില്‍ക്കുന്നത്.

‘അച്ഛനും അമ്മയും ഞാനുമുള്ളൊരു ജീവിതം സ്വര്‍ഗ്ഗമായിരുന്നു. ഒരുമിച്ച് കളിതമാശുകള്‍ പറഞ്ഞാണ് ജീവിച്ചിരുന്നത്. 2019 വരെ അച്ഛന്‍ കൂടെയുണ്ടായിരുന്നു. തകര്‍ച്ച പൂര്‍ണ്ണമായത് അച്ഛന്‍ കൂടി പോയതോടെയാണ്. അമ്മച്ചിയ്ക്കും പണി ചെയ്യാന്‍ പറ്റാതെയായി, എനിക്കും സങ്കടം. ജോലി ചെയ്യാന്‍ എനിക്കൊരു മടിയുമില്ല. എത്ര വേണമെങ്കിലും പണിയെടുക്കാം. ജോലി ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ അങ്ങനെയാണ്,’ ഒരു ചെറുചിരിയോടെ അവന്‍ പറയുന്നു. കടലോളം സങ്കടം ആ കുഞ്ഞുമനസില്‍ അവന്‍ അടക്കിവച്ചിട്ടുണ്ട്.

ആ അമ്മച്ചിയും കൊച്ചുമകനും സര്‍ക്കാരിന്റെ സ്വത്താണ്. അവരോടു സര്‍ക്കാര്‍ കരുണ കാണിച്ചേ തീരൂ.

(അവന്റെ പേരു പോലും പറയാന്‍ തയ്യാറല്ല ഞങ്ങള്‍. സഹതാപം അവന് ആവശ്യമില്ല. അവനു ജീവിക്കണം, പഠിക്കണം. അവന്റെ അമ്മച്ചിക്ക് ചികിത്സയും ആവശ്യമാണ്.)

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *