ആ കുഞ്ഞുജീവന്‍ നഷ്ടമായി……, മരണം പോലും അനുഗ്രഹമായ നിമിഷമായിരുന്നു അത്….!

Thamasoma News Desk

കുറ്റവാളികളുമായി ബന്ധപ്പെട്ട ജോലി തെരഞ്ഞെടുത്തവരുടെ ജീവിതത്തില്‍ ചോര മരവിപ്പിക്കുന്ന നിരവധി അനുഭവങ്ങള്‍ പറയാനുണ്ടാവും. പോലീസ് ജോലിയും അങ്ങനെയൊന്നാണ്. മനുഷ്യന്‍ ഇത്രയും ക്രൂരനാകുമോ എന്നു ചിന്തിക്കുന്ന നിമിഷങ്ങള്‍…… അത്തരമൊരനുഭവമാണ് പോലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹവും ഇവിടെ പങ്കു വയ്ക്കുന്നത്…..

അന്ന്, സമയം ഏകദേശം വെളുപ്പിന് രണ്ടുമണി ആയിട്ടുണ്ടാവും…. ശരീരമാസകലം മുറിവുകളുമായി അബോധാവസ്ഥയില്‍ ഒരു എട്ടുവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസിനു വിവരം ലഭിച്ചു. ആ കുഞ്ഞിനെ അവിടെ ആക്കിയ ആള്‍ ആശുപത്രി പരിസരത്ത് കുഞ്ഞിനെ ഉപേക്ഷിച്ചു സ്ഥലം വിട്ടു. അയാളുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ആ കുഞ്ഞ്.

വിവരം കിട്ടിയ ഉടന്‍ പോലീസ് ആശുപത്രിയിലേക്ക് അതിവേഗമെത്തിച്ചേര്‍ന്നു. ആ കുഞ്ഞിന്റെ അവസ്ഥ അതീവ ഗുരുതരമായിരുന്നു. പോലീസുകാരില്‍ കുറച്ചു പേര്‍ കുഞ്ഞിനു കാവലായി ആശുപത്രിയില്‍ നിന്നു. ബാക്കിയുള്ളവര്‍ സംഭവത്തെക്കുറിച്ചു കൂടുതലായി എന്തെങ്കിലും കിട്ടുമോ എന്നറിയുവാനായി പ്രതിയെന്നു സംശയിക്കുന്ന ആളുടെ വീട്ടിലേക്കു പോയി.

വളരെ സമ്പന്നമായൊരു ഹൗസിംഗ് സൊസൈറ്റിയിലെ കൊട്ടാര സദൃശമായൊരു ബംഗ്ലാവായിരുന്നു അത്. വീച്ചുടമയുടെ പേര് ഹാസന്‍. വളരെ സമ്പന്നമായ കുടുംബം. ഭാര്യയും ഭര്‍ത്താവും തീരെ ചെറിയൊരു കുഞ്ഞും മാത്രമുള്ള ഒരു കുടുംബമായിരുന്നു അത്. ആ വീട്ടിലാണ് എട്ടുവയസുകാരിയായ ആ പെണ്‍കുട്ടി ജോലിക്കു നിന്നത്. അവളുടെ പേര് സാറാ. ആ കുഞ്ഞിനെ അവിടെ നിറുത്തിയിരുന്നത് ഈ ദമ്പതികളുടെ കുഞ്ഞിനെ നോക്കാനായിരുന്നു.

ആശുപത്രിയില്‍ സാറായുടെ സംരക്ഷണത്തിനു നിറുത്തിയിരുന്ന ഉദ്യോഗസ്ഥര്‍ ചില വിവരങ്ങള്‍ കൂടി കൈമാറി. സാറാ ശാരീരികമായി മാത്രമല്ല ആക്രമിക്കപ്പെട്ടിട്ടുള്ളത്, മറിച്ച് അവള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുക കൂടി ചെയ്തിരിക്കുന്നു…. അവളുടെ ജനനേന്ദ്രിയത്തില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു.

ആ കുഞ്ഞിനു വേണ്ടി ഒരു പരാതി നല്‍കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. അവളുടെ ബന്ധുക്കളാരും അവിടെ ഉണ്ടായിരുന്നില്ല. മാതാപിതാക്കളാകട്ടെ, നൂറുകണക്കിനു മൈലുകള്‍ അകലെയാണ് താമസിച്ചിരുന്നത്. അടിമ വേല ചെയ്യുന്നതിനുള്ള പ്രതിഫലമായി ആ ദമ്പതികളില്‍ നിന്നും സാറയുടെ മാതാപിതാക്കള്‍ പണം കൈപ്പറ്റിയിരുന്നു……

ഈ കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ആ പെണ്‍കുട്ടിയുടെ വാദിയായി, കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പ്രതിയെന്നു സംശയിക്കുന്ന ആള്‍ക്കെതിരെ വധശ്രമം മാത്രല്ല, ബലാത്സംഗം ഉള്‍പ്പടെയുള്ള നിരവധി കുറ്റങ്ങളും ഉണ്ടായിരുന്നു.

അവളുടെ കുഞ്ഞുശരീരത്തിലേറ്റ മര്‍ദ്ദനങ്ങള്‍ അത്രമേല്‍ കഠിനമായിരുന്നു. അതിനാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഏതാനും മിനിറ്റുകള്‍ക്കകം അവള്‍ മരിച്ചു.

പ്രതിക്കു വേണ്ടിയുള്ള തെരച്ചില്‍ കൂടുതല്‍ ശക്തമാക്കി. ഒളിവില്‍ പോയ ദമ്പതികളെ പിടികൂടുന്നതിനായി കൂടുതല്‍ പോലീസുകാരെ നിയമിച്ചു. ഒടുവില്‍ രണ്ടു ദിവസത്തിനകം തന്നെ രണ്ടു പ്രതികളെയും പിടികൂടി. വധശ്രമമല്ല, ഇപ്പോള്‍ അവര്‍ക്കെതിരെ കൊലക്കുറ്റം കൂടി ഉണ്ടായിരുന്നു.

എട്ടുവയസുകാരിയായ ആ കുഞ്ഞ് സഹിക്കേണ്ടി വന്ന ശാരീരിക മാനസിക പീഢനങ്ങളുടെ തീവ്രതയറിഞ്ഞ ആ പോലീസുകാരന്‍ നടുങ്ങിവിറച്ചു പോയി. ഇത്രയും ചെറിയൊരു കുഞ്ഞിനോട് ഇത്രമാത്രം ക്രൂരത ചെയ്യാന്‍ മനുഷ്യര്‍ക്കു കഴിയുമോ എന്നു തോന്നിപ്പോയ നിമിഷമായിരുന്നു അത്…..മനസാക്ഷി മരവിക്കുന്ന തരത്തില്‍ ആ കുഞ്ഞിനോട് ഈ ദമ്പതികള്‍ ക്രൂരത ചെയ്തത് എന്തിനെന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ ഉത്തരമായിരുന്നു ഏറ്റവും വിചിത്രം. പക്ഷിക്കൂടു തുറന്നപ്പോള്‍ അബദ്ധത്തില്‍ ഒരു തത്ത പറന്നു പോയത്രെ…!!

രക്തം പോലും മരവിപ്പിക്കുന്ന തരത്തില്‍ ആ കുഞ്ഞിനെ അവര്‍ ശിക്ഷക്കുന്നത് അവര്‍തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഒരല്പമെങ്കിലും മനുഷ്യത്വമുള്ള ഏതൊരു മനുഷ്യനും തികച്ചും സ്വാഭാവികമെന്നു മാത്രം കരുതുന്ന ഒരു കാര്യത്തിന്റെ പേരിലാണ് ആ കുഞ്ഞു ശരീരം സമാനതകളില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്…!

സാറയുടെ ശരീരത്തില്‍ മാരകമായ 12 മുറിവുകളാണ് ഉണ്ടായിരുന്നത്. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങള്‍ കീറിമുറിക്കപ്പെട്ടിരുന്നു. യാതൊരു സങ്കടങ്ങളുമില്ലാതെ കളിച്ചു ചിരിച്ച് ഉല്ലസിച്ചു നടക്കേണ്ട ആ കുഞ്ഞു പ്രായത്തില്‍ അവള്‍ക്കു സഹിക്കേണ്ടി വന്നത് ഏതൊരു കഠിന ഹൃദയന്റെയും കരളലിയിപ്പിക്കുന്നതായിരുന്നു.

അവളെ അതിക്രൂരമായി മുറിപ്പെടുത്തി കൊലപ്പെടുത്തിയവര്‍ക്കെതിരെ മാത്രമല്ല, സ്വന്തം കുഞ്ഞിനെ ആപത്തൊന്നുമില്ലാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടായിരിക്കേ അവളെ ദുരന്തത്തിലേക്ക് എറിഞ്ഞിട്ടുകൊടുത്ത അവളുടെ മാതാപിതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തു.

പണത്തിനു വേണ്ടി നൊന്തുപെറ്റ കുഞ്ഞുങ്ങളെ ഇത്തരം ദുരിത ജീവിതത്തിലേക്കു തള്ളിവിടുന്ന മാതാപിതാക്കള്‍ നിരവധിയാണ് ഇന്ത്യയില്‍. ജീവിക്കാന്‍ നിവൃത്തിയില്ലെന്ന കാരണത്താല്‍ കുഞ്ഞുങ്ങളെ വില്‍ക്കുക പോലും ചെയ്യുന്നവര്‍ എത്രയോ ആണ്…. ദാരിദ്ര്യമെന്നത് കുഞ്ഞുങ്ങളെ വില്‍ക്കാനുള്ള കാരണമല്ല. സാഹചര്യങ്ങള്‍ എത്ര മോശമായാലും ഒരു കുഞ്ഞിനെ പോലും വില്‍ക്കാനോ ഇത്തരത്തില്‍ നരക യാതനകളിലേക്കു തള്ളിവിടാനോ ഒരു മാതാപിതാക്കള്‍ക്കും അവകാശമില്ല.

ഈ ലോകത്തില്‍ അനുഭവിക്കാവുന്നതിനേക്കാള്‍ ഏറെ ദുരിതങ്ങള്‍ അനുഭവിച്ച് സാറ പോയി…. ആ മരണം പോലും അവള്‍ക്കൊരനുഗ്രഹമായിരുന്നു…..


…………………………………………………………………………………………
#saleofchildinIndia #poverty #childrape #murder #brutalkillingofachild

Leave a Reply

Your email address will not be published. Required fields are marked *