പന്തീരാങ്കാവ്: പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന് പോലീസ്

Thamasoma News Desk

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നും പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും പോലീസ് (Pantheerankavu Police). ‘കോടതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കേസാണിത്. സമൂഹ മാധ്യമത്തിലൂടെയുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തലുകള്‍ യാതൊരു തരത്തിലും അന്വേഷണത്തെ ബാധിക്കില്ല,’ പോലീസ് പറഞ്ഞു.

കേസില്‍ ഭര്‍ത്താവ് രാഹുല്‍ നിരപരാധിയാണെന്നും മാതാപിതാക്കളും വക്കീലും പറഞ്ഞതനുസരിച്ച് രാഹുലിനെതിരെ താന്‍ കള്ളം പറയുകയായിരുന്നുവെന്നും യുവതി യു ട്യൂബിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്നെ രാഹുല്‍ അടിക്കാനുള്ള കാരണം മാട്രിമോണിയലിലൂടെ പരിചയപ്പെട്ട സന്ദീപുമായി വിവാഹ ശേഷവും നിരന്തരം സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തതു കൊണ്ടാണെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പോലീസിലും കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലും മാധ്യമങ്ങള്‍ക്കു മുന്നിലും പരാതിക്കാരി പറഞ്ഞത് 150 പവനും കാറും സ്ത്രീധനമായി നല്‍കാത്തതിനാല്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ്. മൊബൈല്‍ ചാര്‍ജറിന്റെ വയറുപയോഗിച്ച് തഴുത്തില്‍ കുരുക്കി ബെഡിലേക്കു വലിച്ചിട്ടുവെന്നും തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും യുവതി പറഞ്ഞിരുന്നു.

താന്‍ ഇപ്പോള്‍ പറയുന്നതാണു സത്യമെന്നും രാഹുല്‍ വളരെ സ്‌നേഹമുള്ള ഭര്‍ത്താവാണെന്നും അദ്ദേഹത്തിനെതിരെ കള്ളമൊഴി നല്‍കിയതില്‍ തനിക്കിപ്പോള്‍ മനസമാധാനം നഷ്ടപ്പെട്ടുവെന്നും യുവതി വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ‘എന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല. ഞാന്‍ സുരക്ഷിതയാണ്. ആരുടെയും നിര്‍ബന്ധപ്രകാരമല്ല ഞാന്‍ ഈ സത്യങ്ങള്‍ പുറത്തു പറയുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണച്ചുമതലയുള്ള എ സി പിയെ വിളിച്ചു ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പോലീസുകാര്‍ സസ്‌പെന്‍ഷനില്‍ ആയതിനാല്‍ ഇനി ഒന്നും ചെയ്യാനില്ല എന്നാണ് എന്നോടു പറഞ്ഞത്,’ യുവതി പറഞ്ഞു.

‘വീട്ടില്‍ നിന്നാല്‍ എനിക്ക് ഈ വീഡിയോ ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടാണ് ഞാന്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത്. രഹസ്യമൊഴി കൊടുക്കാന്‍ പോകുന്നതിന്റെ തലേന്നും ഞാന്‍ പറഞ്ഞിരുന്നു, സത്യം മാത്രമേ പറയുകയുള്ളുവെന്ന്. പക്ഷേ, എന്റെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. വക്കീലിനോടും ഞാന്‍ സത്യങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ ആരും അതു വകവച്ചില്ല. എന്റെ കൂടെ നില്‍ക്കാന്‍ ആരുമില്ലായിരുന്നു. എന്റെ ഫോണ്‍ പോലും എന്റെ കൈയിലില്ലായിരുന്നു. ആരെയും വിളിക്കാനും പറ്റുന്നില്ലായിരുന്നു. സത്യം പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്നു പപ്പ പറഞ്ഞു. അതിനുള്ള ശ്രമവും നടത്തിയിരുന്നു. എന്നെ കൊന്നുകളയുമെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് ആരോടും ഒന്നും പറയാതിരുന്നത്. ഒത്തിരി വൈകിപ്പോയി എന്നറിയാം. എന്നാലും ഇപ്പോഴെങ്കിലും സത്യം തുറന്നു പറയണം,’ യുവതി പറയുന്നു.

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ് ഉയര്‍ന്നുവന്നതിനു ശേഷം മാതൃഭൂമിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലും യുവതി പറയുന്നത് ഭര്‍ത്താവ് രാഹുലിന്റെ ക്രൂരതകളെക്കുറിച്ചാണ്. ഒരു വ്യക്തി എന്ന നിലയില്‍ തന്റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടുവെന്നും അതിക്രൂരമായ പീഡനത്തിനു താന്‍ ഇരയായി എന്നും യുവതി പറഞ്ഞിരുന്നു. ഒരുമിച്ചു കുളിച്ചില്ലെങ്കിലും ഭക്ഷണം വായില്‍ വച്ചു കൊടുത്തില്ലെങ്കിലുമെല്ലാം രാഹുല്‍ പിണങ്ങുമായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. മദ്യപിച്ചു കഴിഞ്ഞാല്‍ രാഹുലിന്റെ സ്വഭാവം വളരെ മോശമാണെന്നും ആ അഭിമുഖത്തില്‍ യുവതി പറയുന്നുണ്ട്. ഈ സംഭവത്തിനു ശേഷം നിരവധി തവണ പരാതിക്കാരി കൗണ്‍സിലിംഗിനും വിധേയയായിരുന്നു. അവരോടു പോലും തനിക്കു സത്യം വെളിപ്പെടുത്താന്‍ സാധിച്ചില്ലെന്നും ആരും തന്റെ കൂടെ നിന്നില്ലെന്നുമാണ് യുവതി പറയുന്നത്.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *