Headlines

ആ പരിപാടി ഇനി നടപ്പില്ല പോലീസേ…. ഡോ പ്രതിഭയുണ്ട് പിന്നാലെ

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

വര്‍ഷം 2018. കണ്ണൂര്‍ ജില്ല ആശുപത്രിയിലെ ഡോക്ടറായ കെ പ്രതിഭയ്ക്കു മുന്നില്‍ വൈദ്യപരിശോധനയ്ക്കായി ഒരു വ്യക്തിയെത്തി. പോലീസിന്റെ ഭാഷയില്‍ പ്രതി. ആ പരിശോധനയ്ക്കിടയില്‍, കൂടെയെത്തിയ പോലീസുകാര്‍ ചില കാര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് ഡോക്ടര്‍ പ്രതിഭയോട് ആവശ്യപ്പെട്ടു. ആ മനുഷ്യന്റെ ശരീരത്തില്‍ പോലീസുകാര്‍ ഏല്‍പ്പിച്ച മുറിവുകള്‍ മറച്ചു വച്ചുകൊണ്ടുള്ള ഒരു കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്…. അതായിരുന്നു പോലീസിന്റെ ആവശ്യം…. എന്നാല്‍ ഡോക്ടര്‍ പ്രതിഭ അതിനു തയ്യാറായില്ല.

പിന്നീട് പ്രതിഭ ഈ വിഷയത്തില്‍ ഒരന്വേഷണം നടത്തി. അപ്പോഴാണ് ആ സത്യം മനസിലാക്കിയത്. പോലീസ് കൊണ്ടുവരുന്ന പ്രതികളുടെ വൈദ്യപരിശോധന നടത്തുമ്പോള്‍ സാധാരണയുള്ള പരിശോധനകളല്ലാതെ ഇക്കാര്യത്തില്‍ കൃത്യമായ ഒരു പ്രോട്ടോക്കോളും നിലവിലില്ല.

‘പ്രതികളുടെ ആരോഗ്യത്തെ സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്നും അവരുമായി സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ടെന്നും മറ്റ് അടിസ്ഥാനപരമായ പ്രോട്ടോക്കോളുകള്‍ പാലിക്കപ്പെടണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. പക്ഷേ, കൂടെയുള്ള പോലീസുകാര്‍ ഇതൊന്നും ചെയ്യാന്‍ ഒരു ഡോക്ടറെയും അനുവദിക്കാറില്ല. വളരെ തിടുക്കപ്പെട്ട് എത്തുന്ന പോലീസ് ഓഫീസര്‍മാര്‍ പെട്ടെന്നൊരു മെഡിക്കല്‍ ചെക്കപ്പ് നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ചെയ്യുന്നത്. ഇത് ഞങ്ങളുടെ എത്തിക്‌സിന് വിരുദ്ധമാണ്,’ പ്രതിഭ പറയുന്നു.

ഇടുക്കി നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ പോലീസിന്റെ കൊടും ക്രൂരതയില്‍ രാജ്കുമാര്‍ (49) എന്ന മനുഷ്യന്‍ കൊല്ലപ്പെട്ടത് 2019 ജൂണ്‍ 21 ന് ആയിരുന്നു. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നാട്ടുകാര്‍ രാജ്കുമാറിനെ വളഞ്ഞിട്ടു പിടിച്ചത് ജൂണ്‍ 12 നാണ്. അന്നുതന്നെ അവര്‍ രാജ്കുമാറിനെ പോലീസിനു കൈമാറി. പക്ഷേ, ആ മനുഷ്യന്റെ അറസ്റ്റു രേഖപ്പെടുത്തിയതാകട്ടെ നാലു ദിവസത്തിനു ശേഷം ജൂണ്‍ 16 നും. പോലീസിന്റെ ക്രൂര പീഡനം താങ്ങാനാവാതെ തളര്‍ന്നു വീണ ഇദ്ദേഹത്തെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത് ജൂണ്‍ 21 നായിരുന്നു.



‘ഒരു മനുഷ്യന്റെ വൈദ്യപരിശോധന നടത്തുമ്പോള്‍ അതിന്റെ പൂര്‍ണ്ണചുമതലയും ഡോക്ടര്‍ക്കാണ്, പോലീസിന് ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാനില്ല. പക്ഷേ, യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് അതല്ല. ഡോക്ടര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്കാവശ്യമായ രീതിയില്‍ നേടിയെടുക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇതിനെതിരെ ചീഫ് സെക്രട്ടറി ഉള്‍പ്പടെ പല ഉദ്യോഗസ്ഥരെയും കണ്ടു,’ പ്രതിഭ പറയുന്നു.

പുറമേയ്ക്ക് യാതൊരു പരിക്കുമില്ലാതെ, ആന്തരികാവയവങ്ങള്‍ തകര്‍ക്കത്തക്ക രീതിയില്‍ പ്രതികളെ ക്രൂരമായി പീഡിപ്പിക്കാന്‍ കഴിയുന്നവരാണ് മിക്ക പോലീസുകാരും. ഈ പ്രതിഭാസത്തെ ഐസ് ബര്‍ഗ്ഗ് പ്രതിഭാസമെന്നാണ് പറയുന്നത്. ഇത്തരം പരിക്കുകള്‍ കണ്ടെത്താന്‍ ധൃതിയില്‍ നടത്തുന്ന വൈദ്യപരിശോധനയ്ക്കു സാധിക്കില്ല. ഇത്തരത്തില്‍ ആന്തരികാവയവങ്ങളെ തകര്‍ക്കുന്ന രീതിയില്‍ പോലീസ് ക്രൂര പീഡനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിന് ഡോക്ടര്‍മാര്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത് 2021 ജൂണ്‍ 4 ന് ആണ്. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെ മുന്‍നിറുത്തി ഡോക്ടര്‍ പ്രതിഭ നടത്തിയ പോരാട്ടത്തിന്റെ കൂടി പരിണിതഫലമാണ് ഈ ഉത്തരവ്.

ഇന്ന്, കുറ്റവാളിയോ കുറ്റവാളിയെന്നു സംശയപ്പെടുകയോ ചെയ്യുന്നയാളെ വിശദവും ആഴത്തിലുള്ളതുമായ വൈദ്യപരിശോധനയ്ക്കു ശേഷം മാത്രമേ ജയിലില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളു എന്ന സുപ്രധാനമായൊരു നടപടി നേടിയെടുക്കുന്നതിലും പ്രതിഭ വിജയിച്ചു. കൂടാതെ, സി ആര്‍ പി സി സെക്ഷന്‍ 54 പ്രകാരം, ഏതെങ്കിലും കാരണവശാല്‍ പോലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍, രെജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നും വൈദ്യപരിശോധന നടത്താന്‍ ആ വ്യക്തിക്ക് അവകാശമുണ്ട്. നിലവില്‍ തന്റെ ആരോഗ്യനില എന്താണ് എന്ന് അറിയുന്നതിനും പോലീസില്‍ നിന്നും ശാരീരിക പീഡനം ഏല്‍ക്കേണ്ടി വന്നാല്‍ അതു തെളിയിക്കാനും ഈ പരിശോധന ഉപകരിക്കും.

ഡോ പ്രതിഭയ്ക്കു നേരെയുള്ള ഭീഷണികള്‍

ഏകദേശം 11 വര്‍ഷം മുന്‍പ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിറങ്ങിയ ഡോ പ്രതിഭ നേടിയെടുത്തത് ചെറിയ കാര്യങ്ങളല്ല. മലപ്പുറം തനലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുകയാണ് ഇവരിപ്പോള്‍.

പോലീസ് പറഞ്ഞ രീതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കാത്തതിന്റെ പേരില്‍ പ്രതിഭയ്ക്കു നേരെ പല ഭീഷണികളും ഉണ്ടായിട്ടുണ്ട്. ‘ഇതെല്ലാം എന്നെ ചെറിയ രീതിയില്‍ ഭയപ്പെടുത്തുന്നുണ്ട്. പക്ഷേ, പിന്നോട്ടു പോകാന്‍ ഞാന്‍ ഒരുക്കമല്ല. എന്റെ കുടുംബവും സഹപ്രവര്‍ത്തകരും എനിക്കൊപ്പമുണ്ട്. മാത്രവുമല്ല, ഞാന്‍ ചെയ്യുന്നതെന്റെ ജോലിയാണ്. പോലീസിനും ഈ ലോകത്തിനും അവര്‍ കുറ്റവാളികളായിരിക്കാം, പക്ഷേ, ഒരു ഡോക്ടര്‍ക്കവര്‍ രോഗികള്‍ മാത്രമാണ്. അവരെ നന്നായി പരിശോധിച്ച് നല്ല ചികിത്സ കൊടുക്കുക എന്നത് എന്റെ കടമയാണ്,’ പ്രതിഭ പറയുന്നു.

രോഗിയുടെ രക്തപരിശോധന, എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ടെസ്റ്റുകള്‍, ബാഹ്യമോ ആന്തരീകമോ ആയ മുറിവുകളുണ്ടോ എന്നുള്ള പരിശോധന എന്നിവയാണ് ഇപ്പോഴും അനുവദിക്കപ്പെട്ട പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍ ഈ പ്രോട്ടോക്കോള്‍ ഒരു മെഡിക്കല്‍ ഓഫീസറുടെ നിരവധി അവകാശങ്ങള്‍ പരിഗണിക്കുന്നതു പോലുമില്ല. അതിനാല്‍, പോലീസ് കസ്റ്റഡിയിലുള്ള ഒരു വ്യക്തിയുടെയും ഡോക്ടര്‍മാരുടെയും അവകാശ സംരക്ഷണത്തിനായി മൂന്നു പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കൂടി ഡോക്ടര്‍ പ്രതിഭ മുന്നോട്ടു വയ്ക്കുന്നു.



രോഗിയെ പരിശോധിക്കുന്നിടത്ത് പോലീസിന്റെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല. സമ്മര്‍ദ്ദങ്ങളേതുമില്ലാതെ, കൃത്യമായ മെഡിക്കല്‍ ചെക്കപ്പ് നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് അവകാശമുണ്ടായിരിക്കണം, പോലീസ് ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും നടത്താന്‍ പാടില്ല. ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കായിരിക്കണം മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാനുള്ള ഉത്തരവാദിത്തം.

പോലീസിനുള്ളിലെ കൊടുംക്രിമിനലുകളാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപങ്ങളിലൊന്ന്. സ്വന്തം ക്രിമിനല്‍ മനസിന്റെ സംതൃപ്തിക്കു വേണ്ടി കണ്ണിന്‍ മുന്നിലെത്തുന്ന നിസ്സഹായ മനുഷ്യര്‍ക്കു മേല്‍ അതിക്രൂര മര്‍ദ്ദന മുറകള്‍ അഴിച്ചു വിടുന്നവര്‍. എന്തിനും അധികാരമുണ്ടെന്ന ഗര്‍വ്വില്‍ നിസ്സഹായ ജീവിതങ്ങളെ ചവിട്ടിത്തേക്കുന്നവര്‍. ഇവര്‍ക്കു മുന്നില്‍ ഡോക്ടര്‍ പ്രതിഭയെപ്പോലെ, കുറച്ചു മനുഷ്യരിങ്ങനെ ചങ്കൂറ്റത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കണം. അനീതിക്കെതിരെ അഗ്നിയായി ജ്വലിക്കാനുള്ളതാണ് ഓരോ മനുഷ്യന്റെയും ജീവിതം. താന്‍ പഠിച്ച വിദ്യയുടെ പിന്‍ബലത്തില്‍ പ്രതിഭ ഈ നാടിനു വേണ്ടി ചെയ്യുന്നതും അതു തന്നെ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു