ജനങ്ങളുടെ ജീവിതം സര്‍ക്കാരിന്റെ ഔദാര്യമല്ല

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ


ഇന്ത്യയിലെവിടെയും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും എവിടെ വേണമെങ്കിലും സഞ്ചരിക്കാനുമുള്ള സാധാരണ മനുഷ്യരുടെ എല്ലാ അവകാശങ്ങളെയും നിഷേധിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനിവിടെ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങള്‍ ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. രാജ്യം ഭരിക്കുന്ന മന്ത്രിമാരുടെ ഔദാര്യമല്ല ഇവിടുള്ള മനുഷ്യരുടെ ജീവിതം. രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനും സഞ്ചരിക്കാനും സംസാരിക്കാനും പ്രതിഷേധിക്കാനും ഒരു മനുഷ്യന് അവകാശമുണ്ടെന്നിരിക്കെ, മുഖ്യമന്ത്രി കാണിക്കുന്നത് ശുദ്ധ തോന്ന്യാസമാണ്.

കറുത്ത മാസ്‌ക് എന്നല്ല, കറുത്ത വസ്ത്രം ധരിക്കുന്ന എല്ലാ മനുഷ്യരെയും മുഖ്യമന്ത്രി പോകുന്ന വഴികളില്‍ നിന്നും അറസ്റ്റു ചെയ്തു നീക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു വിധ അധികാരവുമില്ല. ജനങ്ങള്‍ ജയിപ്പിച്ചു വിടുന്നതു കൊണ്ടാണ് ഒരാള്‍ ഭരണാധികാരിയാകുന്നത്. അങ്ങനെ ജനിപ്പിച്ചു വിടുന്നത് ജനങ്ങളുടെ ജീവിതം അവരുടെ കാല്‍ക്കീഴിലിട്ടു ചവിട്ടിയരയ്ക്കാനല്ല.

നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാണെന്ന് ഭരണഘടനയില്‍ എഴുതിവച്ചാല്‍ മാത്രം പോര. ആ അവകാശം ജനങ്ങള്‍ക്കു കിട്ടുക തന്നെ വേണം. മുഖ്യമന്ത്രിക്കു മാത്രമല്ല ഇവിടെ തിരക്കുള്ളത്. ഇവിടെയുള്ള സാധാരണക്കാരായ മനുഷ്യര്‍ക്കും ജീവിതമുണ്ട്, അവരവരുടേതായ തിരക്കുകളുമുണ്ട്. രാജ്യംഭരിക്കുന്ന മന്ത്രിമാര്‍ക്കും പോക്കറ്റില്‍ കനമുള്ളവനും ഒരു നീതിയും അഷ്ടിക്കു വകയില്ലാത്തവന് നീതിതന്നെയില്ലെന്ന കാട്ടു നിയമവും നടപ്പാക്കുന്ന നാടെങ്ങനെയാണ് മഹത്തരമാകുന്നത്….?? മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനും കടന്നു പോകാന്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് എന്തൊരേര്‍പ്പാടാണിത്…??

തിരുവനന്തപുരത്തു നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, ഇത്രയേറെ വാഹനങ്ങളുടെയും നിയമപാലകരുടെയും അകമ്പടിയോടെ വഴിയിലുള്ള മറ്റു സകലരുടെയും സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിച്ച് മുഖ്യമന്ത്രി എന്തിനാണിത്ര തിടുക്കപ്പെട്ട് സഞ്ചരിക്കുന്നത്…??

ആരു ഭരിച്ചാലും വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെ, ജനജീവിതം നിശ്ചലമാക്കിയാണ് ഇവര്‍ യാത്ര ചെയ്യുന്നത്. ഇന്ത്യയില്‍ എല്ലാ ജനങ്ങള്‍ക്കും തുല്യാവകാശമാണെന്ന് എഴുതി വച്ചിരിക്കുന്നു. പക്ഷേ, ഭരിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് ഈ പ്രിവിലേജുകളെല്ലാം നല്‍കുന്നത്….?? ഇവിടെ സാധാരണക്കാരനില്ലാത്ത എന്തവകാശമാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ളത്…??

ഇന്ത്യയിലെ സാധാരണക്കാരായ ഓരോ മനുഷ്യരുടെയും അടിസ്ഥാനാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ട്…?? കണ്‍മുന്നില്‍ ഇത്ര നഗ്നമായ ഭരണഘടന ലംഘനം നടന്നിട്ടും കോടതികള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്…?? ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ജനങ്ങളുടെ സേവകരാണ് ജനപ്രതിനിധികളും മന്ത്രിമാരും. അല്ലാതെ, ജനങ്ങളുടെ ഉടമസ്ഥരല്ല. മന്ത്രിമാര്‍ അടിച്ചേര്‍പ്പിക്കുന്ന ജനവിരുദ്ധ തീരുമാനങ്ങള്‍ അനുസരിക്കേണ്ട ബാധ്യതയും ജനങ്ങള്‍ക്കില്ല.


കറുപ്പു മാസ്‌ക് ധരിക്കണമെന്നും കറുത്ത വസ്ത്രം ധരിക്കണമെന്നും എന്താണിത്ര നിര്‍ബന്ധമെന്നു ചോദിക്കുന്നവര്‍ വല്ലപ്പോഴും ഇന്ത്യന്‍ ഭരണഘടനയെടുത്തൊന്നു മറിച്ചു നോക്കുന്നതു നന്നായിരിക്കും. ജനങ്ങളെ മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞുനിറുത്തി നിങ്ങളുടെ യാത്രകള്‍ തടസ്സമില്ലാതെ നടത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ഈ മന്ത്രിമാരറിയണം.

ജനങ്ങളുടെ നികുതിപ്പണം നിങ്ങളുടെ കള്ളത്തരത്തിനു കൊടിപിടിക്കാനുള്ളതല്ല. ഇവിടെയൊരു പോലീസ് സംവിധാനമുള്ളത് നിങ്ങളുടെ തെമ്മാടിത്തരത്തിനു സംരക്ഷണം നല്‍കാനല്ല. ഇവിടെയുള്ള സാധാരണക്കാരായ മനുഷ്യരുടെ അവകാശങ്ങള്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന നിങ്ങള്‍ക്കും നല്‍കുന്നുള്ളു. പക്ഷേ, ജയിലില്‍പ്പോലും നടക്കുന്നത് ഭരണഘടനയുടെ കടുത്ത ലംഘനമാണ്. അല്ലായിരുന്നെങ്കില്‍ വി ഐ പികള്‍ക്കും സാധാരണക്കാര്‍ക്കുമായി പ്രത്യേകം പ്രത്യേകം നിയമങ്ങളുണ്ടാവില്ലായിരുന്നു.

മുഖ്യമന്ത്രി പറയുന്ന രീതിയില്‍, പറയുന്ന വസ്ത്രം ധരിച്ച്, പറയുന്ന പോലെ മാത്രം യാത്ര ചെയ്യണമെന്നും ജീവിക്കണമെന്നും മൂടുതാങ്ങികളായ സ്വന്തം അണികളോടു പറഞ്ഞാല്‍ മതി. ഇവിടെയുള്ള സാധാരണക്കാരില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ രൂപപ്പെട്ട ഒരു പാര്‍ട്ടിയാണ് ഇത്തരത്തില്‍ നാണംകെട്ട രീതിയില്‍ അധ:പ്പതിച്ചിരിക്കുന്നത്. മന്ത്രിമാരുടെ കല്‍പ്പനയനുസരിച്ചു ജീവിക്കാന്‍ കേരളമെന്നത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ സ്ത്രീധനം കിട്ടിയതല്ല. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യവും സമത്വവുമനുസരിച്ച്, ഇവിടെയുള്ള നിയമങ്ങള്‍ക്കു വിധേയമായി ജീവിക്കാന്‍ വരേണ്യവര്‍ഗ്ഗത്തിനു മാത്രമല്ല, സാധാരണക്കാര്‍ക്കും അവകാശമുണ്ടെന്ന കാര്യം മറക്കരുത്.



……………………………………………………………………….
KeralaCM #PinarayiVijayan, #blackmask #Fundamentalrightsofpeople, #CMviolatesfundamentalrightsofpeople

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു