Headlines

ജനങ്ങളെ കാണുമ്പോള്‍ പിണറായി ഇങ്ങനെ ഭയക്കുന്നുവിറയ്ക്കുന്നുവെങ്കില്‍…..

Written By: Jess Varkey Thuruthel & D P Skariah

അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനു വേണ്ടി ഉയര്‍കൊണ്ട പാര്‍ട്ടിയുടെ ഇന്ത്യയിലെ നിലവിലുള്ള ഒരേയൊരു ഭരണാധികാരിയാണ് സഖാവെന്ന വാക്കിന്റെ അര്‍ത്ഥം പോലും നേരെചൊവ്വേ അറിയില്ലാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാ മനുഷ്യരും സുഹൃത്തുക്കളാണ് എന്ന അര്‍ത്ഥത്തിലാണ് കേരളത്തിലെ ഇടതു പക്ഷമുന്നേറ്റം എല്ലാവരെയും സഖാവെന്നു വിളിച്ചു തുടങ്ങിയത്. അതായത്, സൗഹൃദങ്ങളില്‍ വലിപ്പച്ചെറുപ്പങ്ങളില്ലെന്നര്‍ത്ഥം. തോളില്‍ കൈയിട്ടു നടക്കാന്‍ സ്വാതന്ത്ര്യമുള്ളവരാണ് സുഹൃത്തുക്കള്‍. സഖാവെന്നാല്‍ സുഹൃത്തെന്നാണ് ഇടതു പക്ഷം അര്‍ത്ഥമാക്കുന്നതെങ്കില്‍, സഖാവ് നേതാവായാലും ഭരണാധികാരി ആയാലും ഒപ്പം നടക്കാന്‍ കഴിയണം. കേരളത്തിലെ മുന്‍പുണ്ടായിരുന്ന കമ്മ്യൂണിസ്റ്റു നേതാക്കളും ഭരണാധികാരികളും മറ്റുള്ളവര്‍ക്ക് ഈ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. പക്ഷേ, ഭരണനേതൃത്വം ഇരട്ടച്ചങ്കന്‍ പിണറായിയില്‍ എത്തിയപ്പോഴേക്കും സഖാക്കളെല്ലാം രണ്ടടി പിന്നില്‍ മാറി നടക്കണമെന്നായി തിട്ടൂരം.

പിണറായി വിജയനെ വിമര്‍ശിച്ചാല്‍ അപ്പോഴേക്കും അസഭ്യവര്‍ഷവുമായി സഖാക്കളെത്തുകയായി.

കേരളത്തില്‍ നാളിതുവരെ ഭരിച്ച ഒരു ഭരണാധികാരിയും കൊല്ലപ്പെട്ടിട്ടില്ല. വഴിയില്‍ ആക്രമിക്കപ്പെട്ടിട്ടില്ല. ഏതെങ്കിലുമൊരു ഭരണാധികാരി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയാണ്. ആ മനുഷ്യനെ ആക്രമിച്ചതാകട്ടെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കെ എം മാണിക്കെതിരെ ആക്രമണം അഴിച്ചു വിട്ട ഇടതുപക്ഷം സെക്രട്ടേറിയറ്റിനു ചുറ്റും തൂറിത്തോല്‍പ്പിച്ചതും ജനം മറന്നിട്ടില്ല. സാധാരണക്കാരുടെ പാര്‍ട്ടിയായി അറിയപ്പെടുന്ന ഇടതുപക്ഷം ഇന്നാട്ടിലെ സാധാരണ ജനത്തെ ഇത്തരത്തില്‍ ഭയക്കുന്നുണ്ടെങ്കില്‍, അതിനുതക്ക കാരണം ഉണ്ടെന്നു തന്നെയാണ് അര്‍ത്ഥം. നാളിതു വരെ ഒരു ഭരണകര്‍ത്താവിനെപ്പോലും തെരുവില്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത കേരള ജനതയെ പിണറായി ഭയക്കുന്നു. അതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരത്തില്‍ പോലീസ് പടയുടെ സംരക്ഷിത വലയത്തില്‍ യാത്ര ചെയ്യുന്നത്…

കറുപ്പിനെതിരെ, പ്രതിഷേധങ്ങള്‍ക്കെതിരെ നടക്കുന്ന ഈ പൊറാട്ടു നാടകത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തൊക്കെയോ മറച്ചു പിടിക്കുന്നു. ജനരോക്ഷത്തെ പിണറായി ഭയക്കുന്നുണ്ടെങ്കില്‍, ജനം ഈ മനുഷ്യനെ തെരുവില്‍ കൈകാര്യം ചെയ്യാന്‍ തക്കതായ എന്തൊക്കെയോ മറച്ചു പിടിക്കുന്നു എന്നുതന്നെയാണ് അതിനല്‍ത്ഥം. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലായിരുന്നുവെങ്കില്‍ പിണറായി വിജയനിങ്ങനെ ഭയന്നു വിറയ്‌ക്കേണ്ട കാര്യമില്ല.

കറുത്ത തുണിക്കെതിരെ വേട്ടയ്ക്കിറങ്ങിയ പിണറായി വിജയന്‍ ജനങ്ങളുടെ കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നത് നിരവധിയായ അഴിമതിക്കഥകള്‍ തന്നെയാണ്. അഴിമതി, പിന്‍വാതില്‍ നിയമനം, അധികാര ദുര്‍വ്വിനിയോഗം, അധികാര ഗര്‍വ്വ്, ധാര്‍ഷ്ട്ര്യം, സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങള്‍, തൃക്കാക്കരയിലേറ്റ തിരിച്ചടി, കോടികള്‍ കടമെടുത്തു തുലച്ച ഭരണം, ലൈഫ് മിഷന്‍ അഴിമതി, പണിത പാലങ്ങളുടെയെല്ലാം പൊളിഞ്ഞു വീഴല്‍ തുടങ്ങി നിരവധിയായ പ്രശ്‌നങ്ങള്‍ ഒരു കറുത്ത തുണിയില്‍ മറച്ചു പിടിക്കാന്‍ പിണറായി വിജയനു കഴിഞ്ഞിരിക്കുന്നു.

തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ ഇന്ത്യയിലെ അവശേഷിക്കുന്ന ഒരേയൊരു ഭരണ നേതൃത്വമാണ് പിണറായി വിജയന്‍ കൈയ്യാളുന്നത്. പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി ജനങ്ങളുടെ ഹൃദയമറിഞ്ഞ്, അവരുടെ മനസറിഞ്ഞ്, അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ഭരണത്തെയും ഭരണാധികാരിയെയും പ്രതീക്ഷിക്കുന്ന ജനത്തിനു മുന്നിലേക്കാണ് ഹിറ്റ്‌ലറെക്കാള്‍ സ്വേച്ഛാധിപതിയായ പിണറായി അടിച്ചമര്‍ത്തലുകളുമായി എത്തുന്നത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പറയുന്നതെന്തും അനുസരിക്കേണ്ടവരാണ് ഇവിടെയുള്ള ജനങ്ങളെന്ന മട്ടിലാണ് ഭരണം നടത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയൊരു ശരികേടാണ്. ഈ പ്രശ്‌നത്തെ ഏതു രീതിയില്‍ പരിഹരിക്കാമെന്നല്ല ഇവിടെ പിണറായി ഭക്തര്‍ ചിന്തിക്കുന്നത്. മറിച്ച്, യു പി ഉയര്‍ത്തിക്കാട്ടി പിണറായിയെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. യു പിയിലെ യോഗി ആദിത്യനാഥ് മോശപ്പെട്ടൊരു ഭരണാധികാരിയാണെന്നതില്‍ ഇടതു പക്ഷത്തിനു പോലും തര്‍ക്കമില്ല. ലോകത്തിലെ അനുകരണീയനല്ലാത്ത മുഖ്യമന്ത്രിമാരില്‍ ഒരാളാണ് യോഗി ആദിത്യനാഥെന്നു പറയുന്ന ഇടതു പക്ഷം തന്നെ എന്തിനാണ് യു പിയില്‍ അങ്ങനെയാണെങ്കില്‍ പിണറായിക്ക് എന്തുകൊണ്ട് ആയിക്കൂട എന്നു ചോദിക്കുന്നത് എന്തിന്…?? യോഗി ആദിത്യനാഥില്‍ നിന്നും വ്യത്യസ്ഥമായൊരു ഭരണ ശൈലി കണ്ടെത്താതെ യു പി മുഖ്യമന്ത്രിയെ ചാരി പിണറായിക്കു സ്തുതി പാടുമ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ വീണ്ടും വീണ്ടും പ്രശ്‌നങ്ങളിലേക്കാണ് കൂപ്പുകുത്തുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റു ഭരണത്തില്‍ ചീഞ്ഞുനാറുന്നത് എന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അതു പറയാനുള്ള ബാധ്യത തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമുണ്ട്. അതിനു ധൈര്യം കാണിക്കാത്ത ഒരാള്‍ക്ക് എത്ര ചങ്കുണ്ടായിട്ടും കാര്യമില്ല.


മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു