Header Ads

മരണമടുത്തവന്റെ കണ്ണുകളില്‍ നോക്കി വിലപേശാന്‍ ഒരാള്‍ക്കേ കഴിയൂ....! അയാളാണ് ഡോക്ടര്‍.....!!


  


മരണമടുത്തവന്റെ കണ്ണുകളില്‍ നോക്കി ജീവനു വില പറയാന്‍ നിങ്ങള്‍ക്കു കഴിയുമോ.....? ഇല്ല, ഒരിക്കലുമില്ല. മരണത്തിന്റെ ദൂതനായ കാലന്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത ആ പ്രവൃത്തി ചെയ്യുന്ന ഒരു കൂട്ടരുണ്ട് നമ്മുടെ നാട്ടില്‍. അയാളുടെ പേരാണ് ഡോക്ടര്‍ എന്ന്. അതേ, ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന് പോയ കാലങ്ങളില്‍ നമ്മള്‍ വിശേഷിപ്പിച്ച ആ വ്യക്തിതന്നെയാണ് കാലനെക്കാളും ഹൃദയശൂന്യമായി പെരുമാറുന്നത്. ജീവന്‍ വെടിയുന്ന രോഗിയുടെ പോലും പോക്കറ്റില്‍ നോട്ടമിടുന്ന ഈ നികൃഷ്ട ജന്മങ്ങളെ എന്തു വിളിക്കണം....???

കണ്‍മുന്നില്‍ നില്‍ക്കുന്നത് എത്ര കൊടിയ ശത്രുവായാലും മാറാരോഗം ബാധിച്ചു പോയാല്‍ നാം അവരോടു സഹതപിക്കും. പക്ഷേ, അത്തരമൊരു സഹതാപം പോലും ഡോക്ടര്‍മാരില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കേണ്ട. അടച്ചാക്ഷേപിക്കുമ്പോഴും അപവാദങ്ങള്‍ ഉണ്ട് എന്നത് മറക്കുന്നില്ല. എങ്കിലും, ഹൃദയശൂന്യരായ വലിയൊരു പറ്റം ഡോക്ടര്‍മാരാണ് മരണം പോലും ദുസ്സഹമാക്കുന്നത്. 

കഴിഞ്ഞ 12 വര്‍ഷമായി കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉപഭോക്തൃകോടതിയിലും ജീവന്‍ രക്ഷാ മരുന്നിന്റെ (Life saving medicines) അമിത വിലയ്‌ക്കെതിരെ ജനപക്ഷം നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നു. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ മനു വില്‍സന്‍ മുഖേന നിരവധി നല്ല വിധികളും ജനോപകാരപ്രദമായ ഇടപെടലുകളും ഞങ്ങള്‍ക്കു ലഭിക്കുകയും ചെയ്തു. അതിലൊന്നാണ് ജന ഔഷധി (Jan Oushadhi). എല്ലാ ജില്ലകളിലും കേന്ദ്ര സര്‍ക്കാരിന്റെ ഒരു മരുന്നു കട ഉണ്ടായിരിക്കണമെന്നതാണ് ഇത്. 

ജനഔഷധിയില്‍ മരുന്നുകള്‍ക്ക് 80 ശതമാനമാണ് വിലകുറവാണ് എന്ന് നിങ്ങള്‍ മനസിലാക്കണം. ചില മരുന്നിനൊക്കെ 88 ശതമാനം വിലക്കുറവ് ലഭിക്കും. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വില്‍ക്കുന്ന എല്ലാ മരുന്നിന്റെയും യഥാര്‍ത്ഥ വില വെറും 12 ശതമാനമാണ്. ബാക്കി 88 ശതമാനം കൊള്ളയടിക്കപ്പെടുന്നു. ഇതിനു വഴിയൊരുക്കുന്ന തന്ത്രമാണ് ബ്രാന്‍ഡ് നെയിം (Brand Name). അതായത്, ഒരു മരുന്നിന്റെ ജനറിക് പേരിനു പകരം കമ്പനിയുടെ പേരാണ് ഡോക്ടര്‍മാര്‍ കുറിക്കുന്നത്. മരുന്നിന്റെ ജനറിക് പേര് എഴുതുന്ന ഡോക്ടര്‍മാര്‍ വളരെ അപൂര്‍വ്വം മാത്രം. 


ഉരുളക്കിഴങ്ങു വാങ്ങിക്കാനോ പശുവിന്റെ പാലു മേടിക്കാനോ പറയുന്നതിനു പകരം രാമന്റെ കടയിലെ ഉരുളക്കിഴങ്ങ് എന്നും വര്‍ഗ്ഗീസിന്റെ പശുവിന്റെ പാല് എന്നും പറഞ്ഞാല്‍ എങ്ങനെയിരിക്കും? ഇങ്ങനെ ബ്രാന്‍ഡ് ചെയ്യപ്പെടുന്നിടത്താണ് തട്ടിപ്പിന്റെ തുടക്കം. രോഗം നമ്മളെ ക്ഷീണിപ്പിക്കുകയും തളര്‍ത്തുകയും മാനസിക നില തകരാറിലാക്കുകയും ചെയ്യുന്ന സമയത്ത് ജീവന്റെ കച്ചിത്തുരുമ്പിനാണ് ഓരോ രോഗിയും ശ്രമിക്കുന്നത്. എങ്ങനെയും ജീവിതത്തിലേക്കു തിരിച്ചു വരാന്‍. അവിടെ നഷ്ടമാകുന്ന പണത്തെക്കുറിച്ചു വേവലാതി ഉണ്ടാകില്ല. പകരം, എന്തുവില കൊടുത്തും ജീവന്‍ തിരിച്ചുപിടിക്കാന്‍ നോക്കും. ഇത്തരം മാനസികാവസ്ഥയുള്ള ഒരു രോഗിയെക്കൊണ്ട് രാമന്റെ കടയിലെ ഉരുളക്കിഴങ്ങും വര്‍ഗ്ഗീസിന്റെ പശുവിന്റെ പാലും വളരെ നിസ്സാരമായി വാങ്ങിപ്പിക്കാമെന്ന് ഡോക്ടര്‍മാര്‍ക്കറിയാം. 

ഇവിടെ, ഡോക്ടറും വര്‍ഗ്ഗീസും തമ്മിലുള്ള അവിഹിത ബന്ധം തുടങ്ങുന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ള മരുന്നുകള്‍ എന്ന രീതിയില്‍ കൊള്ളലാഭമുണ്ടാക്കാന്‍ ഡോക്ടര്‍മാര്‍ മനസാക്ഷിയെ മറന്ന് പ്രവര്‍ത്തിക്കുന്നു. ചില കമ്പനികള്‍ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ നിര്‍മ്മിക്കുന്നുണ്ട് എന്നുതന്നെ വച്ചോളൂ. അങ്ങനെയെങ്കില്‍, ഇന്ത്യയില്‍ മരുന്നിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നവര്‍ (Drug Controllers) എന്തെടുക്കുകയാണ്...? 

ചാത്തന്‍ മരുന്നാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അങ്ങനെ ചാത്തന്‍ മരുന്നുവില്‍ക്കാന്‍ എങ്ങനെ ഒരു സര്‍ക്കാര്‍ സമ്മതിക്കും...? വയറുവേദന വരുമ്പോഴും വയറിളക്കം വരുമ്പോഴും സൂപ്പര്‍ സ്റ്റാറെന്നോ പ്രസിഡന്റ് എന്നോ സൈക്കിള്‍ റിക്ഷക്കാരനെന്നോ കര്‍ഷകനെന്നോ വല്ലതും ഉണ്ടോ...? പണ്ഡിതനും പാമരനും മരുന്ന് ഒന്നല്ലേ വേണ്ടത്...? വസ്ത്രം, ഭക്ഷണരീതി, വീട് എന്നിങ്ങനെയുള്ള ആഡംബരം പോലെയല്ലല്ലോ ഡോക്ടര്‍മാരുടെ കാര്യം. 

എം ആര്‍ പി (MRP) തീരുമാനിക്കുന്നത് ഉല്‍പ്പാദകര്‍ തന്നെയാണ്. നമുക്ക് മക്കള്‍ ജനിക്കുമ്പോള്‍ പേരിടുന്നതുപോലെ. ശിവനെന്നോ യൂസഫെന്നോ ജോര്‍ജ്ജൂട്ടിയെന്നോ പേരിടാന്‍ ജനിപ്പിച്ചവര്‍ക്ക് അവകാശമുണ്ട്. ജീവന്‍ രക്ഷാ മരുന്നിനു പേരിടുന്നതും ഇതിന്റെ വില നിശ്ചയിക്കുന്നതും നിര്‍മ്മാതാക്കള്‍ തന്നെയാണ്. ഈ കീഴ് വഴക്കത്തിന് ഒരു മാറ്റമുണ്ടാവണം. 


ജനോപകാരപ്രദമായ നിരവധി കേസുകളില്‍ ജനപക്ഷം ഇടപെട്ടിട്ടുണ്ട്. റോഡു വെട്ടിപ്പൊളിക്കല്‍, ഹര്‍ത്താല്‍, ബസിന്റെ അമിത വേഗത, സാധനങ്ങള്‍ക്ക് വ്യത്യസ്ഥമായ വില ഈടാക്കല്‍, ഭക്ഷണത്തില്‍ മായം ചേര്‍ക്കല്‍ എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ജനപക്ഷം ഇടപെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കെതിരെ ഹൈക്കോടതിയിലും ഉപഭോക്തൃകോടതിയിലും ജനപക്ഷം കേസ് നടത്തുന്നുമുണ്ട്. ഈ വിഷയങ്ങളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. എന്നാല്‍, ജീവന്‍രക്ഷാ മരുന്നിലെ കൊള്ളലാഭത്തെ എതിര്‍ക്കാന്‍ മാത്രമേ ആളുകളുള്ളു. അതിനെ അനുകൂലിക്കാന്‍ ആരുമില്ല. ഇതാണ് ഈ വിഷയത്തിലെ ഏറ്റവും വലിയ പ്രത്യേകത. എനിക്കെതിരെ മരുന്നുകമ്പനികള്‍ക്കു വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകര്‍ പോലും എനിക്ക് അനുകൂലമായി സംസാരിക്കുന്നു. അവര്‍ പറയുന്നത് ഇങ്ങനെയാണ്, 'ഓ മരുന്നുവില വലിയ കൊള്ള തന്നെയാണു ബെന്നി..മരുന്നിന്റെ കാര്യത്തില്‍ ഞാന്‍ നിങ്ങളുടെ ഭാഗത്താണ്. പക്ഷേ കേസിനു വരുമ്പോള്‍ ഞാന്‍ വക്കീലല്ലേ. അതുകൊണ്ടാണ് അപ്പുറത്തു നില്‍ക്കുന്നത്'. 

പറഞ്ഞുവരുന്നതിന്റെ ചുരുക്കം ഇത്രമാത്രം. മരുന്നിലെ കൊള്ളയ്ക്ക് രണ്ടഭിപ്രായമില്ല. ഈ വാര്‍ത്ത വായിക്കുന്ന എല്ലാവര്‍ക്കും മരുന്നിന്റെ കൊള്ളയെക്കുറിച്ച് ഏകാഭിപ്രായമാണ്. ഇങ്ങനെ ഏക അഭിപ്രായമുള്ള ഒരു കാര്യം പോലും ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്നത് എത്രയോ നിരാശാജനകമാണ്. നിങ്ങളൊന്നു ചിന്തിച്ചുനോക്കൂ. എതിര്‍ അഭിപ്രായം വരുമ്പോഴാണല്ലോ ഒരു സംഗതി നടക്കാത്തത്. പക്ഷേ എതിര്‍ അഭിപ്രായമില്ലാത്ത, എല്ലാവര്‍ക്കും ഒരഭിപ്രായമുള്ള, ജീവന്‍ രക്ഷാ മരുന്നിലെ കൊള്ള അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ഉടമകള്‍ മരുന്നു വാങ്ങുന്നവന്‍, റോഡില്‍ക്കൂടി പോകുന്നവന്‍, നിര്‍മ്മാതാക്കള്‍, മന്ത്രിമാര്‍ എന്നുവേണ്ട എല്ലാവരും ഈ കൊള്ളയെക്കുറിച്ചു പറയുന്നു. പക്ഷേ, കഴിഞ്ഞ 12 വര്‍ഷമായി ഇക്കാര്യങ്ങള്‍ പറയുന്നതല്ലാതെ, വഞ്ചി തിരുനക്കരെ തന്നെയാണ്. ഒരു മാറ്റവും ഇവിടെ ഉണ്ടാകുന്നില്ല. ഇവിടെയാണ് പുതിയ പിള്ളേരുടെ, പുതിയ ജനറേഷന്റെ ഇടപെടലുകള്‍ അനിവാര്യമാകുന്നത്. യുവാക്കളുടെ ഇടപെടല്‍ ഇല്ലാത്തതുകൊണ്ട്, രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാത്തതുകൊണ്ട് കുറെ കടല്‍ക്കിഴവന്മാര്‍ ആണ് നമ്മളെ ഭരിച്ചുകൊണ്ടിരിക്കുന്നത്...ഈ കിഴവന്മാരാകട്ടെ അവരുടെ സ്വന്തം കാര്യവും കുടുംബത്തിന്റെ കാര്യവും മാത്രം നോക്കുന്നു. പുതിയ തലമുറയിലെ DYFI, KSU , SFI, എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ മരുന്നിന്റെ കാര്യത്തില്‍ മുന്നോട്ടു വരണം. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വന്ന് ചോദ്യങ്ങള്‍ ചോദിച്ചാല്‍ മാത്രമേ മരുന്നിന്റെ കൊള്ള അവസാനിപ്പിക്കുകയുള്ളു. മന്ത്രിമാരും ഡോക്ടര്‍മാരും കൂടി കാണിക്കുന്ന എന്തു ഗോഷ്ടിയും ഇവിടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. പക്ഷേ, മരുന്നിലെ അമിത വില അവര്‍ കണ്ടതായി പോലും നടിക്കുന്നില്ല. 

എന്റെ സ്വന്തം സഹോദരിക്കോ അമ്മക്കോ ഭാര്യയ്‌ക്കോ മക്കള്‍ക്കോ ഞാന്‍ കരളോ വൃക്കയോ കൊടുക്കും. അതെല്ലാം ഞാന്‍ സൗജന്യമായിട്ടാണ് കൊടുക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കോ ബന്ധുക്കള്‍ക്കോ അല്ലെങ്കില്‍ ഒരു സുഹൃത്തിനോ ആയിരിക്കും നമ്മള്‍ സൗജന്യമായി നമ്മുടെ അവയവങ്ങള്‍ നല്‍കുന്നത്. പക്ഷേ, അതു തുന്നിച്ചോര്‍ക്കാന്‍ ആശുപത്രി എന്നു പറയുന്ന കാട്ടുകൊള്ളക്കാര്‍ 25 ലക്ഷം രൂപ വരെ വാങ്ങുന്നു. 

കേരള സര്‍ക്കാരിന് വേണ്ടി മരുന്നുകള്‍ വാങ്ങി സൂക്ഷിച്ച് സര്‍ക്കാര്‍ ആശുപത്രികളിലേക്കും മറ്റും നല്‍കുന്ന സ്ഥാപനമാണ് കേരള മെഡിക്കല്‍ സപ്ലൈ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. (Kerala Medical Supply Corporation Ltd-KMSCL). ഈ കമ്പനി വാങ്ങുന്ന മരുന്നുകളുടെ ബില്‍ ജനപക്ഷം വിവരാവകാശ നിയമം വച്ച് എടുത്തിരുന്നു. പത്തുരൂപയുടെ മരുന്നാണ് കെ എം എസ് സി എല്‍ വാങ്ങുന്നതെങ്കില്‍ ആ മരുന്നിന്റെ അതേ പെട്ടിയില്‍ അതിന്റെ കുപ്പിയിലോ ബോക്‌സിലോ സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നത് 200 രൂപയും 2000 രൂപയുമൊക്കെയാണ് എം ആര്‍ പി. ഈ എം ആര്‍ പിയാണ് പ്രധാന വില്ലന്‍. 

വളരെ ഉയര്‍ന്ന എം ആര്‍ പിയാണ് ഓരോ മരുന്നിനും ഇടുന്നത്. മരുന്നിനു ചിലപ്പോള്‍ 50 രൂപയേ വില കാണൂ. പക്ഷേ, എം ആര്‍ പി 5000 രൂപ ആയിരിക്കും. അങ്ങനെ എം ആര്‍ പിയില്‍ കുറച്ചു കൊടുത്താല്‍ ഇവിടെ ശിക്ഷിക്കാന്‍ പറ്റില്ല. എന്നിരുന്നാലും 5000 രൂപയുടെ മരുന്ന് എങ്ങനെയാണ് 50 രൂപയ്ക്കു കൊടുക്കുന്നത്...? ഈ വില നിര്‍ണ്ണയത്തിനു പിന്നിലെ ജാലവിദ്യ എന്ത്...? ഇതു കണ്ടെത്തുന്നതിനായി ഞങ്ങള്‍ കണ്‍സൂമര്‍ കോടതിയില്‍ ചലഞ്ച് ചെയ്തിരുന്നു. അന്ന് എല്ലാ വക്കീലന്മാരും, മരുന്നുകമ്പനികള്‍ക്കു വേണ്ടി ഹാജരായ വക്കീലന്മാര്‍ ഉള്‍പ്പടെ, പറഞ്ഞത് ഞങ്ങള്‍ വില കുറച്ചു കൊടുക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെയാണു ശിക്ഷിക്കുന്നത് എന്നാണ്. വില കുറച്ചത് രോഗികളോടുള്ള തങ്ങളുടെ കാരുണ്യം കൊണ്ടാണ് എന്നും. 

പക്ഷേ, ജനപക്ഷം അന്നു തെളിയിച്ചു, 5000 രൂപയുടെ സാധനം 50 രൂപയ്ക്കും ഒരു ലക്ഷം രൂപയുടെ മരുന്ന് രണ്ടായിരം രൂപയ്ക്കും കൊടുക്കുന്നുണ്ട് എങ്കില്‍ അതൊരു അണ്‍ഫെയര്‍ ട്രെയ്ഡ് പ്രാക്ടീസാണ് (Unfair trade practice) എന്ന്. ഇത്തരം ദുഷിച്ച വ്യാപാരത്തിന്റെ പേരില്‍ രണ്ടുമൂന്ന് ആശുപത്രികള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കും ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ജനപക്ഷത്തിനു സാധിച്ചു. പക്ഷേ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ അതെല്ലാം പ്രമുഖ ആശുപത്രികളും പ്രമുഖ കമ്പനികളും ആക്കി മാറ്റിയതുകൊണ്ട് ജനത്തിന് അതു മനസിലായില്ല. ഇവിടെ, എന്റെ വീട്ടില്‍, ദൈവം തമ്പുരാന്‍ അനുഗ്രഹിച്ച് ഇന്നേവരെ ഇങ്ങനെയൊരു മാറാരോഗം വന്നിട്ടില്ല, അതു ദൈവത്തിന്റെ വലിയ അനുഗ്രഹവും കൃപയുമാണ്. പക്ഷേ, മാരാരോഗങ്ങള്‍ ബാധിച്ചവര്‍ പോലും ഈ മരുന്നിന്റെ കാര്യത്തില്‍ ഞങ്ങളുമായി സഹകരിക്കുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. അതു വളരെ ദുഖകരമാണ്. ക്യാന്‍സറും മറ്റു രോഗങ്ങളും വന്നാല്‍ അവരുടെ ജീവന്‍ മാത്രമല്ല പോകുന്നത്, അവരുടെ സമ്പത്തും കൂടിയാണ്. 

കാലന്‍ വന്നാല്‍ ജീവന്‍ പോകും, രോഗം വന്നാല്‍ ജീവനും സ്വത്തും പോകും. കാലന്‍ ജീവന്‍ മാത്രം കൊണ്ടുപോകുമ്പോള്‍ രോഗം വന്നാല്‍ ഡോക്ടര്‍മാരും ആശുപത്രിക്കാരും കൂടി നമ്മുടെ ജീവനും കൊണ്ടുപോകും, പിന്നെ നമ്മുടെ മുഴുവന്‍ സ്വത്തും കൊണ്ടുപോകും. കാലനെക്കാളും കാലനായിട്ടാണ് പല ഡോക്ടര്‍മാരും മരുന്നുകമ്പനികളും ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. 


ഇന്ന് നമ്മുടെ രാജ്യം വളരെയധികം വികസിച്ചിരിക്കുന്നു, സയന്‍സ് ഡവലപ് ചെയ്തിരിക്കുന്നു, നമ്മുടെ ജീവിത രീതിയെല്ലാം വളരെ മാറിയിരിക്കുന്നു. പക്ഷേ, വാര്‍ത്താമാധ്യമങ്ങളിലൂടെ ഒന്നു കണ്ണോടിക്കൂ. 65 വയസുകഴിഞ്ഞ് പുതിയ പിള്ളേര്‍ മുന്നോട്ടു പോകുന്നുണ്ടോ...?? എഴുപതാകുമ്പോള്‍ കിളവനായി, ചത്തു. പണ്ടൊക്കെ പത്രങ്ങളെടുത്തു നോക്കിയാല്‍ 104 വയസുള്ള രാമനാഥ ഭട്ടതിരിയും ലോനപ്പന്‍ ചേട്ടനും തങ്ങളു മുസ്തഫയും എല്ലാം ഊര്‍ജ്ജസ്വലരായി ഓടിനടന്നിരുന്നു. ശരാശരി മരണനിരക്ക് 88 നു മുകളിലായിരുന്നു. എന്നാലിന്ന്, നമ്മള്‍ ജീവിതം ആധുനികമാക്കി സയന്‍സിനു വിട്ടുകൊടുത്തു. തട്ടിപ്പിനും വെട്ടിപ്പിനും വിട്ടുകൊടുത്തു. അതിനു ഫലവുമുണ്ടായി. ഇന്നത്തെ തലമുറയ്ക്ക് 60-65 വയസിനപ്പുറത്തേക്ക് ആയുസില്ലാതെ പോയി. അല്ലെങ്കില്‍ മാറാ രോഗി. ചത്തുജീവിച്ച് അങ്ങനെ. രോഗത്തോടൊപ്പം അതുവരെ ഉണ്ടാക്കിയ മുഴുവന്‍ സമ്പാദ്യവും തീര്‍ന്നു കിട്ടും.

ഇന്നത്തെ ഐടി യുഗത്തില്‍ ആറും ഏഴും ലക്ഷം രൂപ മാസം ശമ്പളമായി കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുണ്ട് നമ്മുടെ നാട്ടില്‍. ഇവര്‍ക്കു കിട്ടുന്ന പണത്തിന്റെ 90 ശതമാനവും ലോണായും ചിലവായും പോകുന്നു. അതേ സ്ഥാനത്ത് പണ്ടൊക്കെ 500 രൂപ ശമ്പളം വാങ്ങുന്ന ഒരു കുടുംബത്തില്‍, ഈ ചെലവുകളെല്ലാം കഴിഞ്ഞ് കുറെ പണം നിച്ചം പിടിക്കാനുണ്ടായിരുന്നു. കുറിയായും ബാങ്ക് ഡെപ്പോസിറ്റ് ആയും ഉണ്ടാകും. തൊട്ടടുത്ത് ഒരു വിവാഹമോ മാമ്മോദീസയോ വന്നാല്‍ അതിനൊരു ചെറിയ പൊതിയും കൊടുക്കും. അമ്പലത്തിലോ പള്ളിയിലോ ഒരു പിരിവും കൊടുക്കും. ഇന്ന് രണ്ടും മൂന്നും ലക്ഷം ശമ്പളം വാങ്ങുന്നവരാണ് ആത്മഹത്യ ചെയ്യുന്നത്. മക്കളെ പഠിപ്പിക്കാന്‍ പറ്റുന്നില്ല. 

സമസ്ത മേഖലയിലും കൊള്ളയാണ്. അതില്‍ ഏറ്റവും മനസാക്ഷിയില്ലാത്ത കൊള്ളയാണ് മരുന്നിന്റെ കൊള്ള. പക്ഷേ, ഈ കൊള്ളയില്‍ ഒരാളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്നത് വലിയൊരു ദു:ഖം തന്നെയാണ്. അതിനാല്‍ ഇനിയെങ്കിലും ഇതിന് വണ്‍ മെഡിസിന്‍ ഫോര്‍ ഓള്‍ (One medicine for all) എന്ന ഒരു സംഭവം വരണം. പല ബ്രാന്‍ഡ് സംസ്‌കാരം അവസാനിപ്പിക്കണം. ഒരു ഡോക്ടറെ നമ്മള്‍ കണ്ടിട്ട് അവിടെനിന്ന് രണ്ടോ അല്ലെങ്കില്‍ അഞ്ചോ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പിന്നെ ആ മരുന്ന് കിട്ടില്ല. കാരണം ഹിമാലയ എന്ന് എഴുതുന്ന ഒരു മരുന്ന് അടുത്ത ഡോക്ടര്‍മാര്‍ എഴുതുന്നത് ഒരു പക്ഷേ ട്രോപ്പിക്കാന എന്നാവും. പിന്നത്തെ ഒരു ഡോക്ടര്‍ എഴുതുന്നത് ഒരു പക്ഷേ എസ് എം കെ എന്നാവും. പിന്നത്തെ ഒരു ഡോക്ടര്‍ എഴുതുന്നത് ഒരു പക്ഷേ അവാസ്റ്റിന്‍ എന്നാവും. ഈ മരുന്നുകളെല്ലാം ഒന്നുതന്നെ, പക്ഷേ പല കമ്പനിയാണ് ഇവ നിര്‍മ്മിക്കുന്നത്. ഈ കമ്പനികളാണ് ഡോക്ടര്‍മാര്‍ക്ക് കൊച്ചു ട്രൗസറുമിട്ട്, ഭാര്യയുമായി സിംഗപ്പൂരും മലേഷ്യയിലും ഒക്കെ പോയി കള്ളും കുടിച്ച് അര്‍മ്മാദിക്കാനും കാറും വീടും വാങ്ങാനും പണം നല്‍കുന്നത്. പണ്ട് ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിരുന്ന കമ്മീഷന്‍ പേന, ഡയറി, കൂടിപ്പോയാല്‍ ഫ്രിഡ്ജ് എന്നിവയായിരുന്നു. എന്നാലിന്ന് ഡോക്ടര്‍മാര്‍ക്ക് ആഡംബര കാറുകള്‍, ഫഌറ്റുകള്‍, ഡയമണ്ട് റിംഗുകള്‍, ഡയമണ്ട് നെക്‌ളേസ്, വിദേശ യാത്രയ്ക്കു പോകാന്‍ പണം, 5 ലക്ഷവും 10 ലക്ഷവും ക്രെഡിറ്റ് കാര്‍ഡില്‍ ഫില്ലുചെയ്തു കൊടുക്കുന്നു. ഒരു മാസം കഴിഞ്ഞ് ആ കാര്‍ഡ് കളയുകയാണ്. 

ഇവിടുത്തെ എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളെയും സി ബി ഐ ഒരു റെയ്ഡു നടത്തിയാല്‍ ഡോക്ടര്‍മാര്‍ക്ക് എവിടെനിന്നെല്ലാം കമ്മീഷന്‍ വരുന്നുണ്ടെന്നും അവര്‍ക്ക് എവിടെയെല്ലാം സ്വത്തുക്കള്‍ ഉണ്ടെന്നും കണ്ടെത്താന്‍ കഴിയും. ജനപക്ഷത്തിന്റെ 12 വര്‍ഷത്തെ പഠനത്തില്‍ ഈ മേഖലയില്‍ നാലു പേരാണ് പ്രതികള്‍. അവരില്‍ പ്രധാന പ്രതി ഡോക്ടര്‍മാരാണ്. അതായത് മരുന്നു ബ്രാന്‍ഡ് കുറിച്ചു കൊടുക്കുന്ന ഡോക്ടര്‍. ഇതിങ്ങനെ വാങ്ങിക്കൂട്ടാന്‍ അനുവദിക്കുന്ന ആശുപത്രികളാണ് രണ്ടാം പ്രതി. മരുന്നു സപ്ലൈ ചെയ്യുന്നവരാണ് മൂന്നാം പ്രതി. ഏറ്റവും പാവം നിര്‍മ്മാതാക്കളാണ്, കാരണം അവര്‍ക്ക് വലിയ ലാഭമില്ല. 

ആയിരം രൂപയുടെ മരുന്ന് നൂറു രൂപയ്‌ക്കോ 90 രൂപയ്‌ക്കോ കൊടുത്തു കഴിയുമ്പോള്‍, ബാക്കി 900 രൂപ കമ്മീഷന്‍. അതായത് 90 ശതമാനം കമ്മീഷന്‍. ഈ കമ്മീഷനില്‍ 50-60 ശതമാനം കമ്മീഷന്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ഉള്ളതാണ്. മരുന്നിലെ കമ്മീഷന്‍ തീരുമാനിക്കുന്നത് ഇങ്ങനെയാണ്. നൂറു രൂപയുടെ മരുന്നിന് MRP 1000 രൂപ നിശ്ചയിക്കും. 900 രൂപയാണ് കമ്മീഷന്‍. ഇതില്‍ 600 രൂപ മുതല്‍ 700 രൂപവരെ ഡോക്ടര്‍മാരും ആശുപത്രിയും കമ്മീഷനെടുക്കും. പിന്നെയുള്ള 100 രൂപയാണ് സെയില്‍സ് റെപ്പും ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികളും എടുക്കുന്നത്. ശരിക്കും മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് ഒരു 10 ശതമാനം കഷ്ടിയേയുള്ളു ലാഭം. മരുന്ന് എഴുതുന്ന ഡോക്ടറാണ് ഏറ്റവും ക്രൂരനും വില്ലനും കള്ളനും. ഈ വിഷയം ജനപക്ഷം പലപ്പോഴും ഐ എം എ യില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

ഐ എം എ യെ (Indian Medical Association) ഞാന്‍ വെല്ലുവിളിക്കുന്നു. കഴിഞ്ഞ 12 വര്‍ഷക്കാലത്തെ അനുഭവം എനിക്കുണ്ട്. ധൈര്യമുണ്ടെങ്കില്‍, ജനപക്ഷവുമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് ഐ എം എ തയ്യാറാവണം. ജനങ്ങളോടു നിങ്ങള്‍ പറയണം ഇതിന്റെ സത്യമെന്ത് എന്ന്. ഞാന്‍ പറയുന്നത് സത്യമല്ല എങ്കില്‍ നിയമപരമായ ഏന്തു നടപടിയും നേരിടാന്‍ ഞാന്‍ തയ്യാറാണ്. മരുന്നുകൊള്ളയിലെ സത്യാവസ്ഥ ജനങ്ങളെ ബോധിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. നിങ്ങളുടെ ഭാഗത്ത് എന്തെങ്കിലും ന്യായമുണ്ടെങ്കില്‍ ജനപക്ഷവുമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവുക. 


കാലന്‍ വന്നാല്‍ ജീവന്‍ പോകും....

രോഗം വന്നാല്‍ ജീവനും സ്വത്തും പോകും...... 

Medicine mafia, generic names for medicine, Indian Medical Association, Life saving medicines 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.