www.thamasoma.com

ads slot

Latest Posts:

ഷെയര്‍ ഓട്ടോയ്ക്ക് അള്ളുവച്ചതാര്....?

കയറിക്കിടക്കാന്‍ ഒരു ചെറിയ കൂരപോലുമില്ലാത്തവരോട് മഴയുടെ സൗന്ദര്യത്തെക്കുറിച്ചു പറയരുത്. ചോര്‍ന്നൊലിക്കുന്ന വീട്ടിലിരുന്നും മഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് പോക്കറ്റില്‍ പണമില്ലാത്തവന്റെ യാത്രകളും. ദുരിത യാത്രയെന്നുപറഞ്ഞാല്‍ അവ വിവരണങ്ങള്‍ക്കും അപ്പുറമായിരിക്കും. പക്ഷേ, യാത്ര കേരളത്തിലാണെങ്കില്‍, പോക്കറ്റില്‍ പണമുണ്ടായിട്ടും കാര്യമില്ല. യാത്ര എന്നാല്‍ ദുരിത യാത്ര എന്നുമാത്രമാവും ഉത്തരം. സാധാരണക്കാരന്റെ അത്താണിയായ ഓട്ടോ പലപ്പോഴും സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായ ഒന്നായി മാറുന്ന കാഴ്ചയാണ്. കേരളത്തിലെ റോഡുകളുടെ ദയനീയ സ്ഥിതിയും ബസുകളുടെ ധാഷ്ട്ര്യവും ഓട്ടോക്കാരുടെ പിടിച്ചു പറിയും യാത്ര കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുന്നു. പോക്കറ്റുകാലിയാവാതെ, യാത്രചെയ്യാമെന്നത് സ്വപ്‌നങ്ങളില്‍ മാത്രമായി പലപ്പോഴും ഒതുങ്ങിപ്പോകുന്നു. ഒരു ദിവസം ഒന്നോ രണ്ടോ തവണ ഓട്ടോയില്‍ യാത്ര ചെയ്താല്‍ സാധാരണക്കാരന്റെ പോക്കറ്റു കാലിയാവും. ബസ് കടന്നു ചെല്ലാത്ത ചില വഴികളില്‍ ഓട്ടോ മാത്രമാണ് ജനങ്ങള്‍ക്ക് ആധാരം. പക്ഷേ അവിടെയും ആത്മാര്‍ത്ഥതയുള്ള ഓട്ടോതൊഴിലാളികള്‍ വളരെ വിരളം. ഷെയര്‍ ഓട്ടോ എന്ന ക്ഷേമപദ്ധതിയുടെ പ്രാധാന്യവും ഇവിടെയാണ്.


കേരളത്തിലെ പ്രമുഖ മലയാളം പത്രമായ മാതൃഭൂമി, ഷെയര്‍ ഓട്ടോയുടെ പ്രയോജനത്തെക്കുറിച്ച് വിശദമായ ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിട്ട് വര്‍ഷങ്ങള്‍ നാലു കഴിഞ്ഞിരിക്കുന്നു. ആ വാര്‍ത്ത വായിച്ചു തള്ളിയ സര്‍ക്കാരോ ജനപ്രതിനിധികളോ ഇത്തരമൊരു പദ്ധതിയുടെ പ്രയോജനത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, ഷെയര്‍ ഓട്ടോ പദ്ധതി കേരളത്തിലെ ഗതാഗതമന്ത്രിയുടെ മേശപ്പുറത്തു വരെ എത്തിയതാണ്. പക്ഷേ, പിന്നീടതിന്റെ സ്ഥാനം ചവറ്റു കുട്ടയിലായിരുന്നു എന്നതാണ് ദു:ഖകരമായ വസ്തുത. ജനോപകാരപ്രദമായ സംവിധാനങ്ങള്‍ ഏതൊക്കെയാണെന്നും അവ നടപ്പാക്കാന്‍ നട്ടെല്ലിന്റെ സ്ഥാനത്ത് ഈര്‍ക്കിലിയല്ല വേണ്ടതെന്നും മന്ത്രിമാരും ജനപ്രതിനിധികളും മനസിലാക്കണം. എങ്കില്‍ മാത്രമേ ജനങ്ങളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും അകറ്റി ആ മുഖങ്ങളില്‍ പുഞ്ചിരി വിരിയിക്കാന്‍ കഴിയുകയുള്ളു.


എന്താണ് ഷെയര്‍ ഓട്ടോ പദ്ധതി?ഷെയര്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ കേരളത്തിലെ നിയമമാണ് തടസം. എന്നാല്‍, 17 വര്‍ഷം മുമ്പേ, തമിഴ്‌നാട് സര്‍ക്കാര്‍ ഈ പദ്ധതി നിയമവിധേയമാക്കി. 2012ല്‍, ഷെയര്‍ ഓട്ടോയെക്കുറിച്ചും അത് കേരളത്തില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാതൃഭൂമി വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. അതില്‍, കണക്കുകളെല്ലാം നിരത്തി, ഷെയര്‍ ഓട്ടോകള്‍ കേരളത്തിലെ ജനങ്ങള്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍മാക്കും ഗുണകരമാണ് എന്ന് കാര്യകാരണ സഹിതം വിവരിച്ചിരുന്നു. ആ റിപ്പോര്‍ട്ട് വന്നിട്ട് ഇപ്പോള്‍ നാലു വര്‍ഷം കഴിഞ്ഞു. എന്നിട്ടും കേരളം ഇപ്പോഴും അതേക്കുറിച്ച് ആലോചനയിലാണ്.


1988 ലെ തമിഴ്‌നാട് വെഹിക്കിള്‍ റൂള്‍സ് സെക്ഷന്‍ 3 (ഡി എ) പ്രകാരമാണ് ചെന്നൈയില്‍ ഷെയര്‍ ഓട്ടോകള്‍ സര്‍വ്വീസ് നടത്തുന്നത്. ഡ്രൈവറെക്കൂടാതെ, 5 യാത്രക്കാരെക്കൂടി ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ നിര്‍മ്മിക്കപ്പെട്ടതും നാലു ചക്രങ്ങളില്‍ കുറവുള്ളതും വാടകയ്ക്ക് ഓടുന്നതുമായ മോട്ടോര്‍ വാഹനങ്ങളെയാണ് ഈ നിയമപ്രകാരം ഷെയര്‍ ഓട്ടോ എന്നതു കൊണ്ട് ഉദ്യേശിക്കുന്നത്. ആദ്യം 100 ഓട്ടോകള്‍ക്കാണ് തമിഴ്‌നാട്ടില്‍ പെര്‍മിറ്റ് നല്‍കിയത്. ഈ സമ്പ്രദായം വന്‍ വിജയമായതോടെ കൂടുതല്‍ പെര്‍മിറ്റുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുകയായിരുന്നു. കൊച്ചിയില്‍, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ച് (സി പി പി ആര്‍) നടത്തിയ പഠനമനുസരിച്ച് ഇപ്പോള്‍ ചെന്നൈയിലെ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളെക്കാള്‍ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടത് ഷെയര്‍ ഓട്ടോകളെയാണ്.


സി പി പി ആറിന്റെ പഠനപ്രകാരം, ചെന്നൈയില്‍ പ്രതിദിനം 9.6 ലക്ഷം പേര്‍ സബര്‍ബന്‍ തീവണ്ടികളിലും 58 ലക്ഷം പേര്‍ ബസിലും യാത്രചെയ്യുമ്പോള്‍ ഷെയര്‍ ഓട്ടോയിലെ യാത്രക്കാരുടെ എണ്ണം 18.48 ലക്ഷമാണ്. തമിഴ്‌നാട്ടില്‍ യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ഇഷ്ടം ഷെയര്‍ ഓട്ടോയാണ്. ഇവിടെ, ലഭ്യതയില്‍ ഷെയര്‍ ഓട്ടോകള്‍ മറ്റു രണ്ടെണ്ണത്തേക്കാള്‍ വളരെയേറെ മുന്നിലാണ്.


പെരുമാറ്റത്തിലും മാന്യതയിലും സഹായ മനോഭാവത്തിലും ഷെയര്‍ ഓട്ടോക്കാര്‍ മികച്ചു നില്‍ക്കുന്നു. ഇവിടെ, 80 ശതമാനം ഓട്ടോഡ്രൈവര്‍മാരും മാന്യന്മാരാണെന്നാണ് തമിഴ്‌നാട്ടുകാരുടെ അനുഭവം. ബസില്‍ ഇത് 58 ശതമാനവും തീവണ്ടിയില്‍ 40 ശതമാനവും മാത്രമാണ്. വൃത്തിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഷെയര്‍ ഓട്ടോകള്‍ തന്നെ.


കേരളത്തില്‍ ഷെയര്‍ ഓട്ടോകള്‍ക്ക് തടസമായി നില്‍ക്കുന്നത് 1995 ലെ സര്‍ക്കാര്‍ ഉത്തരവാണ്. ഈ ഉത്തരവു പ്രകാരമാണ് കോണ്‍ട്രാക്ട് കാരിയേജ് എന്ന വിഭാഗത്തില്‍ പെടുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് സിറ്റിയിലെ ഓട്ടോ പെര്‍മിറ്റുകള്‍ 3600 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് സിറ്റി പെര്‍മിറ്റുകള്‍ നല്‍കുന്നത് റീജണല്‍ കോര്‍പ്പറേഷന്റെ കീഴിലാണ്. മാത്രവുമല്ല, പെര്‍മിറ്റുകള്‍ നല്‍കുന്നത് ഓട്ടോകള്‍ക്കാണ്, ഡ്രൈവര്‍മാര്‍ക്കല്ല.


കൊച്ചിയില്‍ രണ്ടുതരം പെര്‍മിറ്റുകളാണ്് ഓട്ടോറിക്ഷകള്‍ക്കു നല്‍കുന്നത്. സിറ്റിയില്‍ എല്ലായിടത്തും കാണുന്ന സിറ്റി പെര്‍മിറ്റ് ഓട്ടോകളാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ, പ്രിപെയ്ഡ് സിറ്റി പെര്‍മിറ്റുകള്‍. കൊച്ചിയില്‍ സിറ്റി പെര്‍മിറ്റ് ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് ആര്‍ ടി ഒ ഓഫീസില്‍ നിന്നാണ്. പ്രിപെയ്ഡ് ഓട്ടോകള്‍ക്ക് പ്രത്യേക പെര്‍മിറ്റാണ് നല്‍കിയിരിക്കുന്നത്.


1989-1990 കാലഘട്ടത്തില്‍ എറണാകുളത്തെ വാഹനങ്ങളുടെ എണ്ണം 91,411 ആയിരുന്നു. എന്നാല്‍, 2007-2008 കാലഘട്ടത്തില്‍ അത് 9,38,124 ആണ്. അതായത്, 13 ശതമാനം വാര്‍ഷിക വര്‍ദ്ധന. കൊച്ചിയില്‍ അനുദിനം വാഹനങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഈ വാഹനപ്രളയത്തിനിടയില്‍ ശ്വാസം മുട്ടുകയാണ് കൊച്ചി നഗരം. ഷെയര്‍ ഓട്ടോ എന്ന ഗതാഗത സൗകര്യത്തെക്കുറിച്ച് അധികാരികളെ ഉത്തരവാദിത്വപ്പെട്ട ഒരു പത്രം കാര്യകാരണ സഹിതം ബോധ്യപ്പെടുത്തിയിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ് അധികാരി വര്‍ഗ്ഗം. ജനവാസ കേന്ദ്രങ്ങളില്‍ക്കൂടി, ഇപ്പോഴും ബസുകള്‍ കടന്നുപോകാത്ത അനേകം ഇടവഴികളും റോഡുകളും കൊച്ചിയിലുണ്ട്. അതിനാല്‍ത്തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഷെയര്‍ ഓട്ടോയ്ക്ക് ഏറ്റവും യോജിച്ച നഗരവും കൊച്ചി തന്നെ. എന്നിട്ടും എന്തേ നമ്മുടെ ഭരണാധികാരികള്‍ ഇങ്ങനെ...???


ആല്‍വാര്‍ വാഹിനി: മനസുണ്ടെങ്കില്‍ കേരളത്തിനും പിന്തുടരാം....വിദ്യാഭ്യാസമില്ലാത്തവരെന്നും വിവരദോഷികളെന്നുമാണ് മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെ കേരളീയര്‍ വിശേഷിപ്പിക്കുന്നത്. അത്തരത്തില്‍, കേരളീയരുടെ കണ്ണില്‍ വിവരദോഷികളായ രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലക്കാര്‍ ഷെയര്‍ ഓട്ടോയിലൂടെ മെച്ചപ്പെടുത്തിയത് അവിടെയുള്ള ഓട്ടോ തൊഴിലാളികളുടെ ജീവിത നിലവാരമാണ്. ആല്‍വാര്‍ വാഹിനി എന്നു പേരിട്ടിരിക്കുന്ന ഈ ഷെയര്‍ ഓട്ടോ സംവിധാനത്തിന്റെ വിജയം കണ്ട കേന്ദ്രസര്‍ക്കാര്‍, ഈ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു പഠിക്കാന്‍ 2013 ന്റെ തുടക്കത്തില്‍ തന്നെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്, ഷെയര്‍ ഓട്ടോ സംവിധാനം കേരളത്തില്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുവാനായി ജസ്റ്റീസ് എം. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫെയര്‍ റിവിഷന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മറ്റി കേരളത്തിലെ നാലിടങ്ങളില്‍ സിറ്റിങ്ങ് നടത്തി. അതുകൂടാതെ, ബസ്/ഓട്ടോ, മുതലാളി/തൊഴിലാളി സംഘടനകളില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും അഭിപ്രായ ശേഖരണം നടത്തി. ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, കേരളത്തില്‍ നിലവിലുള്ള ഓട്ടോറിക്ഷ സര്‍വീസിന്റെ 25% ഷെയര്‍ ഓട്ടോ പെര്‍മിറ്റ് അനുവദിക്കാമെന്നു 2013 ജൂണ്‍ 27 ന് സംസ്ഥാന സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. ബസ് റൂട്ടുകളിലൂടെ ഷെയര്‍ ഓട്ടോ പെര്‍മിറ്റ് അനുവദിക്കില്ല എന്നും രാമചന്ദ്രന്‍ കമ്മറ്റി ഉറപ്പു നല്‍കിയിരുന്നു. അതിനാല്‍, ബസ് മുതലാളി/ തൊഴിലാളി സംഘടനകള്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു.

ബംഗലുരു ഉള്‍പ്പെടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ഫലപ്രദമായി നടപ്പാക്കിയ ഷെയര്‍ ഓട്ടോ സംവിധാനം, ചെന്നൈയില്‍ പ്രതിദിനം രണ്ടുകോടിയുടെ വരുമാനമാണ് ഉണ്ടാക്കുന്നത്. കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് 2011 ല്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്. 2012 മുതല്‍ മൂന്നു നാലു ദിവസങ്ങളിലായി മാതൃഭൂമി ദിനപത്രവും കൊച്ചിയിലെ ഷെയര്‍ ഓട്ടോ സാധ്യതകളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തി. കേരളത്തിലെ ഓട്ടോ തൊഴിലാളികള്‍ക്ക് അനന്തവിദൂരസാദ്ധ്യതകള്‍ തുറന്നിടാനും പൊതുജനങ്ങള്‍ക്ക് വ്യാപകവും, ലളിതവും, സുഗമവും, ചിലവു കുറഞ്ഞതുമായ യാത്രാ സൗകര്യവും ലഭ്യമാക്കാനും ഇന്ധനക്ഷമത കൂടിയ ഷെയര്‍ ഓട്ടോ സംവിധാനം ഫലപ്രദമായ മാര്‍ഗ്ഗമാണെന്ന് മാതൃഭൂമി പത്രം കാര്യകാരണ സഹിതം (കണക്കുകളുടെ പിന്‍ബലത്തോടെ) വ്യക്തമാക്കിയിരുന്നു.


ജനങ്ങള്‍ക്ക് യാത്രാസൗകര്യമൊരുക്കലും നിലനിര്‍ത്തലും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം ലളിതമല്ല, മറിച്ച് അതി ഭീമമായ ഒന്നാണ്. ഷെയര്‍ ഓട്ടോ സംവിധാനം നടപ്പാക്കിയാല്‍, ഈ ഭീമമായ ഉത്തരവാദിത്വത്തില്‍ നിന്നും യാതൊരു ബാധ്യതയും വരുത്താതെ കൊച്ചിയേയും കേരളത്തിലെ മറ്റു നഗരങ്ങളെയും സര്‍ക്കാരിനു രക്ഷപ്പെടുത്താന്‍ കഴിയും. എന്നുമാത്രമല്ല, യാത്രക്കാരുടെയും ഓട്ടോതൊഴിലാളികളുടെയും ജീവിതത്തെ വിപ്ലവകരമായ മാറ്റത്തിലേക്കു് നയിക്കുവാന്‍ കഴിയുന്ന ഷെയര്‍ ഓട്ടോറിക്ഷ സംവിധാനം ഉപയോഗപ്പെടും.


അതെ, കൊച്ചി നഗരസഭ ഇപ്പോഴും ആലോചനയിലാണ്.......
നഗരത്തില്‍ ഷെയര്‍ ഓട്ടോ ആരംഭിക്കുന്നതിനായി നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഇതിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും 2012 ല്‍ കൊച്ചി നഗരസഭ പ്രഖ്യാപിച്ചു. മാതൃഭൂമിയില്‍ വാര്‍ത്ത വന്നതിനു ശേഷം നഗരസഭ അടിയന്തിര യോഗം കൂടി, ഏതൊക്കെ റൂട്ടില്‍ ഷെയര്‍ ഓട്ടോ സംവിധാനം ഏര്‍പ്പെടുത്തണം, നിരക്ക് എത്രയാവണം, നിയമങ്ങള്‍ ഏതൊക്കെയാവണം, മറ്റു നഗരങ്ങളില്‍ ഇത് നടപ്പാക്കിയിട്ടുള്ളത് എങ്ങനെ എന്നെല്ലാം കൊച്ചി നഗരസഭ 2012 ല്‍ തന്നെ പഠിക്കാന്‍ ആരംഭിച്ചു. പക്ഷേ, അവര്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്, ആര്‍ക്കോ വേണ്ടി....


കേരളത്തിലെ സിറ്റികളില്‍, പ്രത്യേകിച്ചും കൊച്ചിയില്‍, ജനങ്ങള്‍ നേരിടുന്നത് അതിരൂക്ഷമായ യാത്രാക്ലേശമാണ്. വാഹനങ്ങളുടെ ബാഹുല്യവും റോഡുകളുടെ ശോച്യാവസ്ഥയും റോഡു യാത്ര ദുരിതയാത്രയാക്കി മാറ്റുന്നു. പെരുകുന്ന വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ തക്കവിധം റോഡുകള്‍ക്ക് വീതിയില്ല എന്നതും ഉള്ള റോഡുകള്‍ തന്നെ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്തതും ഈ ദുരിതം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഓട്ടോ എന്ന സാധാരണക്കാരുടെ വാഹനം പക്ഷേ ജനങ്ങളില്‍ നിന്നും ഈടാക്കുന്നത് തോന്നിയ നിരക്കാണ്. ഇപ്പോള്‍, ഓട്ടോ പെര്‍മിറ്റ് എടുക്കുന്നത് ഗുണ്ടകളാണോ എന്നു തോന്നിപ്പോകും യാത്രക്കാരോടുള്ള അവരുടെ പെരുമാറ്റം കണ്ടാല്‍. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് ഷെയര്‍ ഓട്ടോ സംവിധാനം. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഈ പദ്ധതി വഴി, ഓട്ടോ തൊഴിലാളി എന്ന പേരില്‍ നിന്നും മാറി ഓട്ടോ മുതലാളിമാരാകാനും മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാനുമാണ് ഈ പദ്ധതി വഴിയൊരുക്കുന്നത്. കേരളത്തിലെ സാധാരണ യാത്രക്കാര്‍ക്കാകട്ടെ, ഈ പദ്ധതിയിലൂടെ അവരുടെ പോക്കറ്റിലൊതുങ്ങുന്ന തുകയ്ക്കനുസരിച്ച് യാത്ര ചെയ്യാനുമാകും. യാത്രക്കാര്‍ക്കും ഓട്ടോക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നത് ആരാണ്...?


ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകള്‍ ഈ പദ്ധതിയെ അത്യധികം സ്വാഗതം ചെയ്തിരുന്നു. പക്ഷേ, ഈ സൗകര്യം ഇതുവരെ ജനങ്ങളിലേക്കെത്തിയിട്ടില്ല. ഓട്ടോതൊഴിലാളികള്‍ക്കും ഇതിന്റെ ഗുണഫലം ലഭിച്ചിട്ടില്ല.... 2012-ല്‍, ബജറ്റില്‍ വകകൊള്ളിച്ച ഷെയര്‍ ഓട്ടോയുടെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്ന ചോദ്യത്തിന്, മോട്ടോര്‍വാഹന നിയമത്തില്‍ കേരളസര്‍ക്കാര്‍ ഭേതഗതി നടത്തിയെങ്കിലേ അതു സാധ്യമാകൂ എന്നും അതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു കൊച്ചി നഗരസഭ വക്താവിന്റെ മറുപടി. 2012 മുതല്‍ ഇവര്‍ ശ്രമിച്ചിട്ടും ഇതുവരെയും ഒന്നും നടന്നിട്ടില്ല എന്നു സാരം.

മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോ....?എല്ലാം ശരിയാക്കിത്തരാം എന്നാണ് എല്‍ ഡി എഫിന്റെ വാഗ്ദാനം. അതിനുവേണ്ടി അവര്‍ അധികാരത്തില്‍ വന്നുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോ, ജനങ്ങളുടെ ഈ ദുരിത യാത്രയ്ക്ക് ഒരു പരിഹാരം കാണാന്‍...? അയല്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ഈ പദ്ധതി, കേരളത്തില്‍ പരീക്ഷണാടിസ്ഥാനത്തിലെങ്കിലും നടപ്പാക്കാന്‍ മുഖ്യമന്ത്രിക്കു നട്ടെല്ലുണ്ടോ എന്നാണ് ഇപ്പോള്‍ കൊച്ചിക്കാര്‍ ഉറ്റുനോക്കുന്നത്.
Share on Google Plus

About Jess Varkey

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

Post a Comment