ലോകാരോഗ്യദിനം കോവിഡാനന്തരലോകം: ചില സമസ്യകള്‍

 

കോവിഡ് 19 ന്റെ വകഭേദങ്ങള്‍ മാനവരാശിയുടെ പ്രയാണത്തിനു മുന്നില്‍ ഭീഷണികളുയര്‍ത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കൊല്ലം ലോകാരോഗ്യദിനം കടന്നുവരന്നത്. ഒമിക്രോണിനെക്കാള്‍ വ്യാപനശേഷിയുണ്ടെന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്ന ‘എക്‌സ് ഇ ‘ എന്ന വൈറസ് വകഭേദവും ഇന്ത്യയിലെത്തിയെന്ന വാര്‍ത്തയുടെ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ ‘നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം ‘ എന്ന സന്ദേശമുയര്‍ത്തി ലോകമൊട്ടാകെ ലോകാരോഗ്യദിനം ആചരിക്കുന്നത്.


കോവിഡാനന്തരം മനുഷ്യസമൂഹം നേരിടുന്നത് നിരവധി പ്രശ്‌നങ്ങളെയാണ്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ മാത്രമല്ല, സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളും ഭാവിയെ കുറിച്ചുള്ള ആശങ്കകളുമാണ്. രാജ്യങ്ങളുടെ സമ്പദ്ഘടനകളെ സാരമായി പരിക്കേല്‍പ്പിക്കാന്‍ ഈ വൈറസ് ജന്യരോഗത്തിനു കഴിഞ്ഞിട്ടുണ്ട്. രോഗബാധയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും പോസ്റ്റ് കോവിഡ് സിന്‍ഡ്രം സൃഷ്ടിച്ച ആരോഗ്യപ്രശ്‌നങ്ങളാല്‍ തൊഴിലെടുക്കാന്‍ കഴിയാത്തവിധം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ നേരിടുന്നവരും ഇന്ന് ഭാവിയെ ആശങ്കയോടെയാണ് കാണുന്നത്.

വൈറസ് ഭീതിയില്‍ രോഗാവസ്ഥയെ നേരിടാനുള്ള ധൈര്യമില്ലായ്മയില്‍ ആത്മഹത്യ ചെയ്തവര്‍ കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കിയ അനിശ്ചിതത്വവും വൈറസ് മനുഷ്യസമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളാണ്. മതപരമായ വിശ്വാസങ്ങള്‍ക്കും ചിന്താഗതികള്‍ക്കും ചെറിയ തോതിലെങ്കിലും ഉലച്ചില്‍ ഉണ്ടാക്കാനും അത്തരം വിശ്വാസങ്ങളെ സംശയത്തോടെ നോക്കി കാണാനുള്ള സാഹചര്യം ഒരു വിഭാഗം ജനങ്ങളില്‍ പ്രത്യേകിച്ചും യുവജനങ്ങളില്‍ സൃഷ്ടിക്കാനും കൊറോണ വൈറസിനു കഴിഞ്ഞുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ലോക് ഡൗണ്‍ കാലത്ത് ആരാധനാലയങ്ങള്‍ അടച്ചിട്ടതും പ്രാര്‍ഥനകളും വഴിപാടുകളും മുടങ്ങിയതും പൗരോഹിത്യത്തിനു നഷ്ടമുണ്ടാക്കിയെങ്കില്‍ കാര്യ കാരണബോധത്തോടെ ചിന്തി ക്കുന്ന ഒരു വിഭാഗം യുവജനങ്ങളില്‍ മാറ്റത്തിന്റെ അനുരണനമുണ്ടാക്കാന്‍ സഹായിച്ചു. പ്രാര്‍ത്ഥനകളും വഴിപാടുകളും കൊണ്ട് കൊറോണ വൈറസിനെ പ്രതിരോധിക്കാനാവില്ലെന്നും സയന്‍സ് മാത്രമാണ് ആശ്രയമെന്ന ബോധമുണര്‍ത്താനും കഴിഞ്ഞു.

ലോകപ്രസിദ്ധ ബയോസയന്റിസ്റ്റ് എതിരന്‍ കതിരവന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ‘കോവിഡ് ബാധയ്ക്കുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാലും തലച്ചോറില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതകളുണ്ടോ എന്നും ആശങ്കപ്പെടുന്നുണ്ട് ശാസ്ത്രലോകം. ഇപ്പോള്‍ മില്ല്യണ്‍ കണക്കിനു ജനങ്ങള്‍ക്കാണ് ഈ വൈറസ് ബാധ വന്നു ഭവിച്ചിരിക്കു ന്നത്. നാഡീവ്യവസ്ഥയുടെ പാകപ്പിഴകള്‍, പ്രത്യേകിച്ചും തലച്ചോര്‍ സംബന്ധിയായത് പൊതുജനാരോഗ്യ പരിപാലനത്തിനു വെല്ലുവിളിയായിരിക്കുകയാണ്. ‘കോവിഡ് വന്നു മാറിയാലും അത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മനുഷ്യരില്‍ ദീര്‍ഘകാലം നില നില്‍ക്കുമെന്നും അവയുടെ പ്രത്യാഘാതം സമൂഹത്തിലാകെ ഏറെക്കാലം പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും സാരം.

പ്രകൃതിയെയും മറ്റ് ജീവജാലങ്ങളെ യും സംരക്ഷിച്ചുകൊണ്ടും സാര്‍വദേശീയ ഐക്യദാര്‍ഢ്യത്തിലൂടെയും പൊതുജനാരോഗ്യപരിപാലന സംവിധാനങ്ങള്‍ ശക്തമാക്കിയും സയന്‍സിന്റെ വികാസവും സാങ്കേതികവളര്‍ച്ചയും യഥാവിധി ഉപയോഗപ്പെടുത്തിയും മാത്രമേ വൈറസ് ജന്യരോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സയന്‍സ് മാത്രമാണ് മാനവസമൂഹത്തിന്റെ നിലനില്പിനുള്ള ഏക പോംവഴി എന്നു കോവിഡ് നമ്മെ പഠിപ്പിക്കുന്ന പാഠം.


…………………………………………………………………

ഷാജി കിഴക്കേടത്ത്

Leave a Reply

Your email address will not be published. Required fields are marked *