Jose Kunju
ഈ ലേഖനം ഫേയ്‌സ്ബുക്കില്‍ നിന്നും എടുത്തതാണ്. Jose Kunju എഴുതിയത്. നല്ല ആര്‍ട്ടിക്കിള്‍. അദ്ദേഹത്തിന്റെ അനുവാദം ചോദിച്ചില്ല, എങ്കിലും അദ്ദേഹത്തിന്റെ ബൈലൈനോടു കൂടി തമസോമയില്‍ പബ്ലിഷ് ചെയ്യുന്നു…
ക്രിസ്ത്യാനികള്‍ പൊതുവെ പാപികളാണ് എന്ന് മാത്രമല്ല, പാപികളായിരിക്കുന്നതില്‍ വലിയ വിഷമം അനുഭവിക്കാത്തവരുമാണ് എന്നതാണ് എന്റെ നിരീക്ഷണം (Sins and sinners). ഒരു ധ്യാനഗുരു, തന്റെ മുന്നിലിരിക്കുന്ന ആയിരം ആളുകളെ മുഖത്തുനോക്കി ”പാപികളേ’ എന്ന് വിളിച്ച് പ്രസംഗിക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. ആര്‍ക്കും ഒരു പരാതിയുമില്ല. പാപബോധം ആ മതത്തിന്റെ ഒരു അടിസ്ഥാന പ്രമാണമാണ്.
ജനിക്കുമ്പോള്‍ത്തന്നെ ക്രിസ്ത്യാനി പാപിയാണ്. ആ പാപത്തിന് ജന്മപാപം എന്നാണ് പേര്. അത്, ആദം-ഹവ്വമാരുടെ ആദിപാപത്തിന്റെ അവശിഷ്ടമായി അവര്‍ക്ക് കിട്ടുന്ന പൈതൃകപാപമാണ്. അങ്ങനെ ജനനാല്‍ത്തന്നെ പാപികളായിരിക്കുന്ന കൂട്ടര്‍ ക്രിസ്ത്യാനികള്‍ മാത്രമാണോ?
ശങ്കരഭഗവാന്‍ ബ്രഹ്‌മാവിന്റെ അഞ്ച് തലകളിലൊന്നു നാലാമത്തെ വിരല്‍കൊണ്ട് നുള്ളിക്കളഞ്ഞ പാപമാണ് ഒറിജിനല്‍ ബ്രഹ്‌മഹത്യാപാപം. നേരിട്ട് ചെയ്യുകയല്ലായിരുന്നു എന്നും കാലഭൈരവന് കൊട്ടേഷന്‍ കൊടുക്കുകയായിരുന്നു എന്നുമൊരു വേര്‍ഷനും വായിച്ചിട്ടുണ്ട്. ഏതായാലും ആ പാപം പൈതൃകമായി ഹിന്ദുക്കള്‍ക്കുമുണ്ട്. ക്രിസ്ത്യാനികള്‍ മാമോദീസ കൊണ്ട് അവരുടെ പ്രശ്‌നം പരിഹരിക്കുമ്പോള്‍ ഹിന്ദുക്കള്‍ നാലാം വിരലായ മോതിരവിരലില്‍ പവിത്രമോതിരമണിഞ്ഞും ദര്‍ഭ കെട്ടിയുമൊക്കെ അവരുടെ ഭാഗം ശരിയാക്കുന്നു. ഇതുപോലെ പാപങ്ങള്‍ ഇതരമതങ്ങളിലും കാണും. അറിയില്ല.
ക്രിസ്ത്യാനികള്‍ക്ക് ജന്മപാപം കഴിഞ്ഞാല്‍ പിന്നെ കര്‍മ്മപാപങ്ങളാണ്. ‘പത്ത് കല്പനകള്‍’ ലംഘിക്കുന്നതിലൂടെയാണ് പഹയന്മാര്‍ ഇത് തരപ്പെടുത്തുന്നത്. അനുതാപവും കുമ്പസാരവും വഴി ഇവ പരിഹരിക്കാം. ക്രിസ്ത്യാനികളിലെ കത്തോലിക്കര്‍ക്ക്, പത്ത് കല്പനകള്‍ ലംഘിക്കുന്നതിനു പുറമേ തിരുസഭയുടെ അഞ്ച് കല്പനകള്‍ ലംഘിച്ചും പാപം ചെയ്യാം. അവയും മാരക പാപങ്ങളുടെ ഗണത്തില്‍ പെടും.
ഇതുകൂടാതെ ലഘുപാപങ്ങള്‍, പാപദോഷങ്ങള്‍ എന്ന ഗണത്തില്‍ പെടുത്തിയവ അനവധി വേറെയുണ്ട്. നീതിമാന്‍ ദിവസത്തില്‍ ഏഴുപിഴയ്ക്കും എന്നാണ് അതിന്റെ ഒരു കൊട്ടക്കണക്ക്.
അവിടം കൊണ്ടൊന്നും കഥ തീരുന്നില്ല. മൗലിക പാപങ്ങള്‍ എന്ന പേരില്‍ ഒരു ഏഴെണ്ണം വേറെയുണ്ട് കത്തോലിക്കര്‍ക്ക്. ക്യാപിറ്റല്‍ സിന്‍സ് എന്ന് ആംഗലം. ഹുങ്ക്, പണക്കൊതി, വിഷയാസക്തി, കോപം, കൊതി, അസൂയ, മടി എന്നിവയാണ് ഈ സപ്ത മൗലിക പാപങ്ങള്‍.
ഇവ പാപങ്ങളാണെങ്കിലും, പത്ത് കല്പനകള്‍ ലംഘിച്ച് ചെയ്യുന്ന പാപങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് ഒരു വ്യത്യാസമുണ്ട് എന്ന് എനിക്കുതോന്നുന്നു. ഒരു ചെറിയ അളവില്‍ ഈ എഴും അത്യാവശ്യമാണ് എന്ന ചിന്തയാണ് ആ വ്യത്യാസത്തിന് കാരണം. അല്പം കോപം, അല്പം അഹങ്കാരം ഒക്കെയാകാം എന്ന് ചുരുക്കം. അല്പം കൊലപാതകം…? നോ വേ! അതാണ് വ്യത്യാസം. എന്നാല്‍ ഇത് തികച്ചും വ്യക്തിപരമായ ചിന്തയാണ്. പൂര്‍ണമായോ അല്ലാതെയോ തെറ്റാകാം. അതവിടെ നില്‍ക്കട്ടെ.
ഈ കൂട്ടത്തിലെ മടി എന്ന പാപമാണ് എന്റെ ഇഷ്ടപാപം. അലസത എന്നുപറഞ്ഞാല്‍ കേള്‍ക്കാന്‍ ചേലായി, procrastination എന്നുപറഞ്ഞാല്‍ കാര്യത്തിന് ഗൗരവമായി. Cras എന്ന ലത്തീന്‍ വാക്കാണ് ഇവന്റെ മൂലം. ക്രാസിന് നാളെ എന്നര്‍ത്ഥം. Procrastination എന്നുപറഞ്ഞാല്‍ നാളത്തേയ്ക്ക് തള്ളുക എന്ന് ലളിത വിശദീകരണം.
”മടി കുടികെടുത്തും” എന്നാണ് പ്രമാണം. കെടുത്തുമോ? എനിക്കറിയില്ല. ഞാനേതായാലും മടിയേയും കുടിയേയും രണ്ടിടത്താണ് വെച്ചിരിക്കുന്നത്ത്. മടി, കുടിയെ ബാധിക്കാതെ നോക്കുന്നുണ്ട്. ഏത് കുടിയാണെന്ന് വിശേഷിച്ച് പറയുന്നില്ല, മടിയാണ്.
”മടിയന്‍ മല ചുമക്കും” എന്ന് മറ്റൊരു തിരുവെഴുത്തുണ്ട്. അത് കുറെയൊക്കെ ശരിയാണ്. എങ്ങോട്ട് തള്ളിവെച്ചാലും അവസാനം ചെയ്യാതെ പറ്റില്ലല്ലോ എന്നര്‍ത്ഥം. എന്റെ മടിയുടെ ഒരു രീതിവെച്ച് ആ മല ചുമന്നാലും ഇല്ലെങ്കിലും അങ്ങനെയൊരു മലമുകളിലായിരിക്കും എന്റെ അന്ത്യം. പിന്നെ, ഇനിയങ്ങോട്ട് മാറിക്കൂടാ എന്നൊന്നുമില്ല കേട്ടോ.
ഇതൊക്ക എന്തിനാ ഇപ്പോള്‍ പറയുന്നത് എന്ന് ചോദിച്ചാല്‍ ഇന്നലെ (10th ഓഗസ്റ്റ്) lazy day എന്നൊരു വിശേഷ ദിവസമായിരുന്നു എന്ന് ഉത്തരം. എന്നിട്ടെന്താ ഇന്നലെ പറയാതിരുന്നത് എന്നുചോദിച്ചാല്‍ മടിയായിരുന്നു എന്നും ഉത്തരം.
എന്‍ജോയ് ദ ഡേ…
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975