ഡിജിറ്റല്‍ യുഗത്തിലെ ടോയ്‌ലറ്റ് ചിന്തകള്‍


 
ഞാന്‍ ഒന്നുകൂടി എണ്ണിനോക്കി…. അതെ, ഞാന്‍ ഉള്‍പ്പടെ മൊത്തം 98 പേര്‍ താമസിക്കുന്നുണ്ട് ആ വനിത ഹോസ്റ്റലില്‍. അവര്‍ക്ക് വേണ്ടി ആകെയുള്ളത് 3 ടോയ്‌ലറ്റുകള്‍ മാത്രം. അതായത് ഏകദേശം 33 പേര്‍ക്ക് ഒരെണ്ണം വീതം. കുളിക്കാനും അതുതന്നെയാണ് ഉപയോഗിക്കുന്നത്. രാവിലെ തുടങ്ങും ടോയ്‌ലറ്റിനു മുന്നിലെ നീണ്ട ക്യൂ. ഒരാള്‍ കഴിഞ്ഞാല്‍ അടുത്തയാള്‍. അതു കഴിഞ്ഞാല്‍ അടുത്തയാള്‍. കയറി ഇരിക്കുന്നതിനു മുമ്പായി വാതിലില്‍ കൊട്ടു തുടങ്ങും. അതാണ് അസഹ്യം. ടോയ്‌ലറ്റില്‍ കയറുന്നത് അവിടെ സ്ഥിരതാമസത്തിന് അല്ലെന്നും കയറിയവര്‍ കാര്യം സാധിച്ചാല്‍ ഉടന്‍ വെളിയില്‍ വരുമെന്നും എല്ലാവര്‍ക്കും അറിയാം. എങ്കിലും വെറുതെ വാതിലില്‍ കൊട്ടിക്കൊണ്ടിരിക്കും. ആ കൊട്ടു കേട്ടാല്‍, എങ്ങനെയാണ് മനസമാധാനമായി കാര്യം സാധിക്കാന്‍ കഴിയുന്നത്…?? ആകെക്കൂടി ഒരങ്കലാപ്പാണ്. ഇരിക്കണോ എഴുന്നേറ്റുപോണോ എന്ന ചിന്ത ഉണ്ടാകുമ്പോള്‍ വെറുതെ കുത്തിയിരിക്കാന്‍ മാത്രമേ പറ്റൂ. വയര്‍ അസഹ്യമായി വേദനിക്കുന്നുണ്ടാവും, പക്ഷേ വയറ്റില്‍ നിന്നും ഒന്നും പോകില്ല. അവസാനം ടോയ്‌ലറ്റില്‍ നിന്നും പുറത്തു ചാടും. കാരണം, വാതിലിലുള്ള കൊട്ട് അത്രയ്ക്ക് അസഹ്യമായിരിക്കും. 


കുറച്ചു നാളുകള്‍ക്കകം ഇക്കാര്യങ്ങളെല്ലാം എനിക്കു പരിചിതമായി. സ്ഥിരമായി ടോയ്‌ലറ്റില്‍ പോകാനുള്ള സമയം ഫിക്‌സ് ചെയ്താല്‍ ആ സമയമാകുമ്പോള്‍ ശരീരം വാണിംഗ് തരും. അതിനാല്‍, നാലുമണിക്ക് ഞാന്‍ അലാറം വച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങി, ടോയ്‌ലറ്റില്‍ പോകാനും കുളിക്കാനും മാത്രം. ആ സമയത്ത് ഹോസ്റ്റലില്‍ ആരും ഉണര്‍ന്നിട്ടുണ്ടാവുക പോലുമില്ല. അതിനാല്‍, മനസമാധാനമായി എനിക്കു കാര്യം സാധിക്കാം.

പക്ഷേ, അന്നെനിക്കു പനിയായിരുന്നു. അതിനാല്‍ വെളുപ്പിന് ഉണരാന്‍ കഴിഞ്ഞില്ല. പതിയെ എഴുന്നേറ്റു വന്നപ്പോഴേക്കും ടോയ്‌ലറ്റിനു മുന്നില്‍ നീണ്ട ക്യൂ. ഞാനും അതില്‍ സ്ഥാനം പിടിച്ചു. ദേഹം ഭിത്തിയില്‍ ചേര്‍ത്തമര്‍ത്തിയും വയര്‍ അമര്‍ത്തിപ്പിടിച്ചും നില്‍ക്കുന്നവര്‍. പനി ആയതിനാലും ടോയ്‌ലറ്റില്‍ പോകാനുള്ള തോന്നല്‍ അസഹ്യമായതിനാലും എനിക്കു നില്‍ക്കാന്‍ വയ്യ. ഞാനും പതിയെ ഭിത്തിയിലേക്കു ചാരി നിന്നു. അങ്ങനെ അവസാനം എനിക്കു മുന്നില്‍ നിന്നവള്‍ കൂടി അകത്തു കയറി. ഇനി എന്റെ ഊഴം. ഞാന്‍ സമാധാനിച്ചു.

അപ്പോഴുണ്ട്, അടുത്ത റൂമിലെ മലയാളി പെണ്‍കുട്ടി പാഞ്ഞുവരുന്നു.

‘ജെസീ…, ഞാനൊന്നു കയറിക്കോട്ടെ…? എനിക്ക് ഓഫീസില്‍ പോകാന്‍ സമയമായി. ക്യൂ നില്‍ക്കാന്‍ സമയമില്ല. അത്യാവശ്യമാണ്.’

മനസില്ലാ മനസോടെ ഞാന്‍ സമ്മതിച്ചു. ടോയ്‌ലറ്റില്‍ നിന്നും ആളിറങ്ങിയതും ആ പെണ്‍കുട്ടി അകത്തേക്കു കയറി. അവള്‍ ഇറങ്ങിവരാന്‍ കാത്ത് വെളിയില്‍ സഹിച്ചു പിടിച്ചു ഞാനും.

നിമിഷങ്ങള്‍ യുഗങ്ങളായി മാറുന്നത് ഇത്തരം മുട്ടലുകള്‍ സഹിക്കേണ്ടി വരുമ്പോഴാണ്. എന്തുചെയ്യാം… മറ്റു നിവൃത്തികളൊന്നുമില്ല. ഞാന്‍ കാത്തു നിന്നു. അവള്‍ പുറത്തിറങ്ങി. ഞാന്‍ ദീര്‍ഘമായി ഒന്നു ശ്വാസമെടുത്തു. പെട്ടെന്നാണ് അതു സംഭവിച്ചത്. എനിക്കു പിന്നില്‍ ക്യൂ നിന്ന കന്നടക്കാരി മിന്നല്‍ വേഗത്തില്‍ ടോയ്‌ലറ്റിനകത്തേക്ക്….

ഇതെന്തൊരു തോന്ന്യാസം…?? എനിക്കു കലി കയറി.

‘അടുത്തതു ഞാനാണ്. നീ എന്തിനാണ് ക്യൂ തെറ്റിച്ചത്. പുറത്തു വാ.’ ഞാന്‍ പറഞ്ഞു.

‘നീയെന്തിനാണ് അവള്‍ക്ക് അവസരം കൊടുത്തത്..?? അതുകൊണ്ട് നിന്റെ അവസരം നഷ്ടപ്പെട്ടു.’ അവള്‍ എനിക്കു മുന്നില്‍ ഊക്കോടെ കതകടച്ചു.

പനി കൊണ്ടു തളര്‍ന്ന ശരീരം. എനിക്കു തീരെ വയ്യ. യാചിക്കുന്ന സ്വരത്തില്‍ വീണ്ടും ഞാന്‍ പറഞ്ഞു.

‘നാരായണീ… പുറത്തു വരൂ…ദൈവത്തെയോര്‍ത്ത്…’

ഞാന്‍ കാണിച്ച കാരുണ്യം എന്നോടാരും കാണിച്ചില്ല. നാരായണിക്കു പിന്നിലായി നിന്നവര്‍ എന്നെ പുറകോട്ടേക്കു തള്ളിമാറ്റി. അങ്ങനെ ഞാന്‍ ക്യൂവിന്റെ ഏറ്റവും അവസാനമെത്തി. കലി കയറിയ ഞാന്‍ ഭിത്തിയില്‍ ആഞ്ഞിടിച്ച് അവിടെ നിന്നും എന്റെ മുറിയിലേക്കു പോയി.

സമാധാനമായി ടോയ്‌ലറ്റില്‍ പോകാന്‍ പറ്റുക എന്നതാണ് ജീവിതത്തിലെ മഹാഭാഗ്യമെന്ന് ഞാന്‍ പഠിച്ച ദിനങ്ങളായിരുന്നു, ബാംഗ്ലൂരിലെ ഇന്ദിരാ നഗറിലുള്ള വെങ്കിടേശ്വര വിമന്‍സ് ഹോസ്റ്റലില്‍ ഞാന്‍ താമസിച്ച രണ്ടു വര്‍ഷങ്ങള്‍. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ ആ ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെങ്കിലും തമിഴരും തെലുങ്കരും കന്നടക്കാരുമായിരുന്നു ഏറെയും. പക്ഷേ, ഒരു കാര്യത്തില്‍ എല്ലാവരും തുല്യര്‍. ഒരു നിമിഷം പോലും സ്വസ്തമായി ഒന്നകത്തിരിക്കാന്‍ അവരാരും ആരെയും അനുവദിച്ചിരുന്നില്ല. അതിനു മുമ്പേ കതകു തകര്‍ക്കും വിധം മുട്ടു തുടങ്ങും. കതകില്‍ മുട്ടി വിളിക്കാത്ത ഒരു ടോയ്‌ലറ്റില്‍ സ്വസ്തമായി ഇരുന്നു കാര്യം സാധിക്കണം. അതിനപ്പുറം മറ്റെന്തു മനസുഖമാണുള്ളത്…??

നമ്മള്‍ ഭാരതീയര്‍, പാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവര്‍, ഈ നിസ്സാര കാര്യത്തെക്കുറിച്ചു കാര്യമായി ചിന്തിക്കാറുണ്ടോ….?? എനിക്കറിയില്ല. കൃത്യമായി, ശല്യമേതുമില്ലാതെ കാര്യം സാധിക്കാന്‍ കഴിയുന്നവര്‍ക്ക് ഇത് അത്ര വലിയ കാര്യമാണോ എന്നു തോന്നിയേക്കാം. പക്ഷേ, മലവും മൂത്രവും അല്പനേരത്തേക്കൊന്നു പിടിച്ചുവച്ചു നോക്കുക. അപ്പോഴറിയാം കാര്യങ്ങള്‍. വെങ്കിടേശ്വര വിമന്‍സ് ഹോസ്റ്റലില്‍ താമസിച്ച രണ്ടു വര്‍ഷവും എന്റെ പ്രാര്‍ത്ഥന ഒന്നേയുണ്ടായിരുന്നുള്ളു. ഏതസുഖം വന്നാലും വയറിളക്കം വരല്ലേ എന്റെ കര്‍ത്താവേ എന്ന്.

ഓരോ മനുഷ്യന്റെയും അടിസ്ഥാനാവാശ്യമാണത്. കൃത്യസമയത്തുള്ള മലമൂത്രവിസര്‍ജ്ജനം. അതു സാധ്യമാക്കാതെ എന്തു വികസനമാണ്…??

സോളാര്‍ കേസില്‍ കോണ്‍ഗ്രസിനെ പൂട്ടാന്‍ സെക്രട്ടേറിയറ്റു വളഞ്ഞ് സി പി എം പ്രവര്‍ത്തകര്‍ തൂറിത്തോല്‍പ്പിച്ചത് അത്രവേഗം മറക്കാന്‍ കേരളീയര്‍ക്കു കഴിഞ്ഞിട്ടുണ്ടാവില്ല. ഓരോരോ ആവശ്യങ്ങള്‍ക്കായി ആളുകളെയും കൂട്ടി ഓരോ രാഷ്ട്രീയ പാര്‍ട്ടികളും മാറിമാറി തെരുവിലേക്കിറങ്ങുന്നു. പക്ഷേ, നിങ്ങള്‍ ഒരുമിച്ചു കൊണ്ടുവന്ന ആ മനുഷ്യരുടെ പ്രാഥമികാവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്താണു നേതാക്കളെ….???

പൊതു സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യുവാന്‍ സ്ത്രീകള്‍ക്കു സാധ്യമല്ല. നിവൃത്തികേടുകൊണ്ടാവും പുരുഷന്മാരില്‍ അധികവും അതു ചെയ്യുന്നത്.

ഇന്ന്, 2018 ന്റെ അവസാന ദിവസം. നമ്മള്‍ ഓരോരുത്തരും ജീവിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലാണ്. വിജ്ഞാനം വിരല്‍ തുമ്പില്‍ അടക്കിവച്ചിരിക്കുന്ന ഡിജിറ്റല്‍ യുഗത്തില്‍. പക്ഷേ, അപ്പോഴും ഒന്നിനും രണ്ടിനും മുട്ടിയാല്‍ എന്തു ചെയ്യുമെന്നറിയാതെ നെട്ടോട്ടമോടുകയാണ് നമ്മള്‍…. നിവൃത്തികെട്ടാല്‍ ഏതെങ്കിലുമൊരു ഹോട്ടലിലേക്കു പാഞ്ഞു കയറും. അല്ലാതെന്തു ചെയ്യും….??? 
Tags: Toilets in Digital India, Indian toilets, The comfort stations, 

Leave a Reply

Your email address will not be published. Required fields are marked *