ഫ്രീയായി സാധനങ്ങള്‍ തരാന്‍ കോര്‍പ്പറേറ്റുകളെന്താ നിങ്ങളുടെ നിര്‍മ്മാതാവാണോ…??

 

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

വമ്പിച്ച വിലക്കുറവെന്നും കട കാലിയാക്കലെന്നും ഒന്നെടുത്താല്‍ ഒന്നു ഫ്രീ എന്നും 50% കിഴിവ് എന്നുമെല്ലാമുള്ള ബോര്‍ഡു കണ്ടാല്‍ ഏതു നട്ടപ്പാതിരായ്ക്കും ഇടിച്ചു കയറുന്നവരാണ് മലയാളികളെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. തിരുവനന്തപുരം ലുലു മാളില്‍ നടന്ന മിഡ്‌നൈറ്റ് സെയില്‍ മാമാങ്കത്തില്‍ മലയാളികളുടെ തനി സ്വഭാവമാണ് പ്രതിഫലിച്ചത്. ചുമ്മാ കിട്ടിയാല്‍ ആസിഡ് ആയാലും ഒന്നു രുചിച്ചു നോക്കിയാലേ ഒരു ശരാശരി മലയാളിക്കു സമാധാനമാകുകയുള്ളു…. ഇക്കാര്യങ്ങള്‍ നന്നായി അറിയാവുന്ന കച്ചവടക്കാര്‍ ആ തന്ത്രങ്ങള്‍ നല്ല ഫലപ്രദമായിത്തന്നെ പയറ്റുന്നുമുണ്ട്.

ആടി സെയില്‍ എന്ന പേരില്‍ വസ്ത്രക്കച്ചവടവും അക്ഷയ ത്രിതീയ എന്ന പേരില്‍ സ്വര്‍ണ്ണക്കച്ചവടവും വമ്പന്‍ പരസ്യങ്ങളുടെ അകമ്പടിയോടെയാണ് നടത്തപ്പെടുന്നത്. ഈ വസ്തുക്കള്‍ വില്‍ക്കുമ്പോഴുള്ള ലാഭം മാത്രമല്ല, ഈ പരസ്യങ്ങള്‍ക്കു ചെലവാകുന്ന തുക കൂടി ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഉള്‍പ്പെടുത്തി തന്നെയാണ് അവര്‍ വില്‍പ്പന നടത്തുന്നത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ തുക അവര്‍ ഉപഭോക്താവിന്റെ കൈയില്‍ നിന്നും ഈടാക്കുക തന്നെ ചെയ്യും. കാരണം, ബിസിനസ് ചെയ്യുന്നതു തന്നെ ലാഭമുണ്ടാക്കാനാണ്, അല്ലാതെ നാട്ടുകാരെ സേവിക്കാനല്ല. ഇതൊന്നുമറിയാതെ കച്ചവടതന്ത്രങ്ങളില്‍ കുടുങ്ങിയും പൊങ്ങച്ചം കാണിക്കാനും വമ്പന്‍ കടകളില്‍ കയറി തീവിലയ്ക്കു സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് മലയാളികള്‍.

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. പൊങ്ങച്ചത്തിന്റെ പേരില്‍പ്പോലും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ജനങ്ങള്‍ ധാരാളമുള്ള ഒരു സംസ്ഥാനം. ലുലുവില്‍ നിന്നോ റിലയന്‍സ് മോറില്‍ നിന്നോ ട്രെന്‍ഡ്‌സില്‍ നിന്നോ നടത്തുന്ന വാങ്ങലുകള്‍ പൊങ്ങച്ചത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവര്‍. അടുത്തുള്ള സാധാരണക്കാരന്റെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത് അന്തസു കുറവാണെന്നു കരുതുന്ന ജനങ്ങള്‍ ധാരാളമുള്ള നാട്. ഉപഭോക്താവാണ് ദൈവമെന്ന് വെണ്ടയ്ക്ക നിരത്തിയ കടകളില്‍പ്പോലും അതീവ മോശമായ രീതിയില്‍ പെരുമാറുന്ന നാടാണിത്. ബിസിനസ് സംസ്‌കാരമെന്തെന്നു പോലും നേരായ വിധത്തില്‍ ഇവിടെ കച്ചവടം നടത്തുന്ന പലര്‍ക്കുമറിയില്ല. വാങ്ങാന്‍ ചെല്ലുന്ന ആളെ വെറുപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റവും രീതികളുമാണ് മിക്ക കടകളില്‍ നിന്നുമുള്ളത്.

എന്തുകൊണ്ടാവും കോര്‍പ്പറേറ്റ് സംസ്‌കാരത്തോട് മലയാളികള്‍ക്ക് ഇത്ര ആഭിമുഖ്യമെന്നു ചോദിച്ചാല്‍ അതിനു പല ഉത്തരങ്ങളുണ്ടാവും. എങ്കിലും, അതില്‍ ഏറ്റവും പ്രധാനം സെയില്‍സിലുള്ളവരുടെ ദുര്‍മുഖം കാണാതിരിക്കുക എന്നതു തന്നെയാവും. ഇഷ്ടപ്പെട്ട സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ വേണ്ടത് സമയമാണ്. പക്ഷേ, കേരളത്തില്‍ പല കടകളിലും ഉപഭോക്താവിനു നേരിടേണ്ടി വരിക അപമാനമായിരിക്കും. സെയില്‍സിലുള്ളവര്‍ ഏതെങ്കിലുമൊരു സാധനമെടുത്തു നീട്ടിയിട്ട്, ‘ഇതിനെന്താണ് കുഴപ്പം, എന്താണ് ഇത് ഇഷ്ടപ്പെടാത്തത്’ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്കു വിശദീകരണങ്ങള്‍ കൂടി നല്‍കേണ്ടി വരും. അതിനാല്‍, പരമാവധി സെയില്‍സ് ജീവനക്കാരെ ഒഴിവാക്കി, തനിയെ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്ന ഷോപ്പുകളാവും ആളുകള്‍ കൂടുതലായും ആശ്രയിക്കുക. രണ്ടോ മൂന്നോ എണ്ണം കാണിച്ചു തന്നിട്ട് ഇതൊന്നും പോരെങ്കില്‍ ഇനി ഇവിടെ ഇല്ല എന്ന പരുഷ വാക്കുകളും കേള്‍ക്കേണ്ടി വരില്ല.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച കോവിഡ്-19 എന്ന വൈറസ് ലോകത്തെയാകമാനം പിടിച്ചു കുലുക്കി ഇപ്പോഴും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. കോവിഡ് മൂലം എത്രപേര്‍ മരണപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്കുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെയോ കേരള സര്‍ക്കാരിന്റെയോ കൈവശമില്ല. അവര്‍ നല്‍കുന്ന കണക്കുകളെക്കാള്‍ എത്രയോ വലുതാണ് യഥാര്‍ത്ഥ കണക്കുകളെന്ന് ഓരോ സാധാരണ മനുഷ്യനുമറിയാം. കേരളം കോവിഡിന്റെ പിടിയിലേക്ക് വീണ്ടും അതിവേഗം നടന്നടുക്കുന്ന ഒരു സന്ദര്‍ഭമാണിത്. അങ്ങനെയുള്ള ഈ നാട്ടില്‍ ഈ ഷോപ്പിംഗ് മാമാങ്കം നടത്താനും ഇത്രയേറെ ആളുകളെ പങ്കെടുപ്പിക്കാനും ആരാണ് ഇവര്‍ക്ക് അനുവാദം കൊടുത്തത്….?? സര്‍ക്കാരും യൂസഫലിയും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ കുരുതി കൊടുക്കാനുള്ളതാണോ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം…?? രോഗം ബാധിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശരിയായ ചികിത്സ പോലുമില്ലെന്ന സത്യം നിലനില്‍ക്കേ ഇത്തരത്തില്‍ നിരുത്തരവാദപരമായി തീരുമാനമെടുക്കുന്നത് എന്തു കൊണ്ട്…??

കേരളത്തിലെ ജനങ്ങളുടെ പണം ഇവിടെയുള്ള ആളുകളില്‍ തന്നെ കറങ്ങിത്തിരിയാനുള്ളതാണ്. ആ പണമാണ് ഓരോരോ വില്‍പ്പന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് വമ്പന്‍ കോര്‍പ്പറേറ്റുകള്‍ പോക്കറ്റിലാക്കുന്നത്. വന്‍തോതില്‍ ഓഫറുകള്‍ കൊടുക്കുന്ന കമ്പനികള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന ന്യായം അംഗീകരിക്കാം. പക്ഷേ, കച്ചവടക്കാരുടെ മനോഭാവത്തിലും കാതലായ മാറ്റം വരുത്തേണ്ടതുണ്ട്. ഏതെങ്കിലുമൊരാള്‍ എന്തെങ്കിലും വാങ്ങാനെത്തിയാല്‍ അവരെ കൊള്ളയടിക്കുന്ന നിലപാടുകള്‍ കച്ചവടക്കാര്‍ അവസാനിപ്പിച്ചേ തീരൂ. പക്ഷേ, അപ്പോഴും വമ്പന്‍ കച്ചവട മാമാങ്കത്തിന്റെ മറവില്‍ വലിയ കൊള്ളകള്‍ നടത്തുന്നവരെ ഉപഭോക്താക്കള്‍ മനസിലാക്കാതെ പോകുന്നു. പകര്‍ച്ച വ്യാധികള്‍ പരമാവധിപേരിലേക്കു പകര്‍ത്തി കേരളത്തിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നത് ഏതു കോര്‍പ്പറേറ്റ് ഭീമനായാലും തടഞ്ഞേ മതിയാകൂ.


Leave a Reply

Your email address will not be published. Required fields are marked *