ജാതീയതയ്ക്കും മീതെ അലയടിക്കുന്ന പ്രാദേശിക ഭാഷാ ഭ്രാന്ത്

സഖറിയ

കന്നഡ ഭാഷ അറിയാത്തവരെ കര്‍ണാടകയില്‍ താമസിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ജാതീയതയ്ക്കും മതവിദ്വേഷത്തിനുമൊപ്പം മനുഷ്യനെ വെറുത്ത് അകറ്റി നിറുത്താന്‍ മറ്റൊരു കാരണം കൂടി. ഇവിടെയുള്ള ഭരണാധികാരികള്‍ അവരുടെ ജീവിതകാലമത്രയും ചിന്തിക്കുന്നത് മനുഷ്യനെ എങ്ങനെയെല്ലാം തമ്മിലടിപ്പിക്കാം എന്നായിരിക്കണം! അവര്‍ പരസ്പര ബഹുമാനത്തോടെ, ആദരവോടെ, സഹായ മനസ്ഥിതിയോടെ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടാത്തവരാണ് ഇവിടെ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ഭരണത്തിലിരിക്കുന്നവര്‍ എന്നു വേണം കരുതാന്‍.

കര്‍ണാടകയില്‍ ജീവിക്കുന്ന ഓരോ ഇതരസംസ്ഥാനക്കാരിലും ഒരു ഭയമുണ്ട്. അവരുടെ ജന്മദേശത്തിന്റെ പേരില്‍, ഭാഷയുടെ പേരില്‍ ഏതു നിമിഷം വേണമെങ്കിലും ആക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യാം. ന്യായം സ്വന്തം ഭാഗത്ത് ആണെങ്കില്‍ പോലും കന്നഡക്കാര്‍ ഒറ്റക്കെട്ടായി അവരുടെ നാട്ടുകാരുടെ പക്ഷം ചേരും. അങ്ങനെ നീതിമാന്‍ ക്രൂശിക്കപ്പെടും.

കന്നഡ ഭാഷ അറിയില്ല എന്ന കാരണത്താല്‍ ഭക്ഷണം പോലും നിഷേധിക്കപ്പെട്ടവരുണ്ട്. നിങ്ങളെന്തിന് ഞങ്ങളുടെ നാട്ടില്‍ വന്നു ജോലി ചെയ്യുന്നു എന്ന രൂക്ഷമായ ചോദ്യങ്ങളെ നേരിടുന്നവരുണ്ട്. വണ്ടിയിലടിക്കാന്‍ ഒരുതുള്ളി പെട്രോള്‍ പോലും ലഭിക്കാത്തതിനാല്‍, സ്വന്തം സംസ്ഥാനത്തേക്കു തിരികെ പോരേണ്ടി വന്ന മലയാളികള്‍ പോലുമുണ്ട്.

മനുഷ്യരാശിക്കിടയില്‍ ഭാഷകള്‍ രൂപപ്പെട്ടത് പരസ്പരം ആശയവിനിയമം നടത്തുവാനാണ്. ഒരാള്‍ പറയുന്നത് മറ്റൊരാള്‍ക്കു മനസിലാകണം, അത് ഉള്‍ക്കൊള്ളാനും കഴിയണം. ഭാഷകള്‍ രൂപപ്പെടും മുന്‍പേ, മനുഷ്യര്‍ കൈകാല്‍ ചലനങ്ങളിലൂടെയും വികാര പ്രകടനങ്ങളിലൂടെയും തങ്ങളുടെ ഉള്ളിലുള്ള ആശയങ്ങള്‍ മറ്റുള്ളവരെ ധരിപ്പിച്ചിരിക്കണം. ഭാഷയുടെ ഉല്‍പ്പത്തി എന്തുതന്നെ ആയാലും ഓരോ പ്രദേശങ്ങളിലും ജീവിച്ചിരുന്നവര്‍ തമ്മിലുള്ള ആശയവിനിമയത്തിനായി തനതു ഭാഷകള്‍ രൂപപ്പെടുത്തി. ലോകത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും മനസിലാകുന്ന ഭാഷ എന്ന നിലയില്‍, ഇംഗ്ലീഷിന് പ്രചാരവും കിട്ടി.

ഇന്ത്യയുടെ രാഷ്ട്രഭാഷ ഹിന്ദിയാണെന്നും അതിനാല്‍, ഇന്ത്യയിലുള്ള എല്ലാവരും ഹിന്ദി പഠിച്ചിരിക്കണമെന്നും സംസാരിച്ചിരിക്കണമെന്നും ബി ജെ പി സര്‍ക്കാര്‍ വാദിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് ഈ തീരുമാനം നടപ്പാക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ലെന്നു മാത്രം. ഇന്ത്യക്കാരെല്ലാം ജോലി ചെയ്യുന്നത് ഇന്ത്യയിലല്ല. ജീവിക്കാന്‍ വേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ചേക്കേറിയവരുണ്ട്. അവരെല്ലാം പൊതുവായി പഠിക്കുന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ്.

ഇംഗ്ലീഷ് എന്നത് ആശയവിനിമയം നടത്താനുള്ള ഒരു ഭാഷ മാത്രമാണെന്നും നമ്മുടെ ബുദ്ധി അളക്കുന്നതിനുള്ള അളവുകോലല്ലെന്നും പലരും മറന്നു പോകുന്നു. കേരളത്തില്‍ ജീവിക്കാന്‍ മലയാളം അറിഞ്ഞിരിക്കണമെന്ന് കേരള സര്‍ക്കാന്‍ ആരെയും നിര്‍ബന്ധിക്കാറില്ല. ഇവിടെ ജോലിക്കായി എത്തുന്ന നിരവധിയായ അതിഥി തൊഴിലാളികളോട് ആശയ വിനിമയം നടത്തുവാന്‍ കേരളീയര്‍ അതിഥി തൊഴിലാളികളുടെ ഭാഷ പഠിക്കുകയാണ് ചെയ്യുന്നത്. എത്രയൊക്കെ പഠിച്ചിട്ടും പറ്റാത്തവര്‍ മാത്രമാണ് അവരോടു മലയാളം സംസാരിക്കുന്നത്. ഈ നാട്ടില്‍ ജീവിക്കുന്നതിനാല്‍, കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, തനിയെ മലയാളം പഠിക്കുന്നവരുമുണ്ട്. അതല്ലാതെ, മലയാളം പഠിച്ചാലേ ഇവിടെ ജീവിക്കാന്‍ കഴിയൂ എന്ന് കേരളത്തില്‍ ഒരു സര്‍ക്കാരും വാശി പിടിച്ചിട്ടില്ല.

വെറി പിടിച്ച ചില ഭരണകര്‍ത്താക്കള്‍ ജാതിയുടേയും മതത്തിന്റെയും ഭാഷയുടേയും ഇടുങ്ങിയ ചിന്തകളില്‍ മനുഷ്യരെ കുരുക്കിയിടുന്നു. അവര്‍ക്കിടയിലേക്ക് വിദ്വേഷവും വര്‍ഗ്ഗീയതയും കടത്തി വിടുന്നു. സമാധാനത്തിലും സന്തോഷത്തിലും പരസ്പരം സഹായിച്ചും ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരെ തമ്മിലടിപ്പിക്കുന്നു. ഇതാണ് ഭരണമെന്നു വീമ്പിളക്കുന്നു.

മനുഷ്യത്വവും മാനവികതയുമുള്ള ഓരോ മനുഷ്യരും ഇത്തരം ജാതി മത ഭാഷാ ഭ്രാന്തന്മാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചേ തീരൂ.

Leave a Reply

Your email address will not be published. Required fields are marked *