മനുഷ്യനുവേണ്ടി ജീവിക്കാത്ത മതമനുഷ്യര്‍….!

Jess Varkey Thuruthel

ബ്രഹ്‌മാവിന് ജന്‍ഡറില്ല. അര്‍ദ്ധനാരീശ്വരനാകട്ടെ, ആണും പെണ്ണും കൂടിച്ചേര്‍ന്നതാണ്. ഇഷ്ടമുള്ള സമയങ്ങളിലെല്ലാം ആണും പെണ്ണുമായി അവതാരമെടുക്കാന്‍ കഴിവുളളവനാണ് വിഷ്ണു. ഈ മൂന്നുപേരും കൂടിച്ചേരുന്ന ത്രിമൂര്‍ത്തികള്‍ ഹിന്ദുക്കള്‍ക്കു ദൈവമാണ്. അവരെ നമ്മുടെ പൂര്‍വ്വികര്‍ മുതല്‍ പൂവിട്ടു പൂജിക്കുന്നു.

ദൈവങ്ങളിങ്ങനെയൊക്കെയാണെങ്കിലും ട്രാന്‍സ് വ്യക്തികളെ കല്ലെറിഞ്ഞുകൊല്ലുന്നവര്‍ പണ്ടുമുണ്ടായിരുന്നു, ഇപ്പോഴും അവര്‍ ഇവിടെയൊക്കെത്തന്നെയുണ്ട്. മതം പഠിപ്പിക്കുന്നത് സ്‌നേഹമാണ്. പക്ഷേ, ഉപാധികളില്ലാതെ സ്‌നേഹിക്കുന്നിടത്ത് ത്യാഗവും വേദനയുമുള്ളതിനാല്‍, മതങ്ങളും അവയുടെ ആചാരങ്ങളും ദുരാചാരങ്ങളും മനുഷ്യര്‍ കൊണ്ടുനടക്കുന്നു. അത്തരത്തില്‍, പണത്തിനും സുഖസൗകര്യങ്ങള്‍ക്കും പിന്നാലെ പായുന്ന മാറാത്ത മനുഷ്യര്‍ മാറാത്ത മതത്തെ നിലനിര്‍ത്തും. വിവേകശീലരായ മനുഷ്യരാകട്ടെ, മാറാത്ത മതത്തെ ഉപേക്ഷിക്കുകയും ചെയ്യും.

നല്ലതിനെ ഉള്‍ക്കൊള്ളാനും തിന്മയെ തിരസ്‌കരിക്കാനും നമ്മുടെ നാടിന് അറിയില്ല. കാരണം തിന്മയിലൂടെ അവര്‍ക്കു ലഭിക്കുന്ന സുഖഭോഗങ്ങളും സംതൃപ്തിയും ജീവിത ഉന്നതിയും തന്നെ കാരണം.

നമ്മുടെ നാട്ടില്‍ Abrahamic/ Samaritan മതങ്ങള്‍ ഉടലെടുത്തിട്ട് വര്‍ഷങ്ങളേറെയായി. അവ ഉടലെടുത്ത രാജ്യങ്ങളില്‍ എല്ലാം തന്നെ ട്രാന്‍സ് വ്യക്തിത്വങ്ങള്‍ അംഗീകരിക്കപ്പെടുന്നുണ്ട്. ഹിന്ദു പുരാണങ്ങളിലാകട്ടെ ട്രാന്‍സ് കഥാപാത്രങ്ങള്‍ വ്യക്തമായ പ്രാധാന്യത്തോടെ അവതരിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, നമ്മുടെ രാജ്യത്തെ മതനേതൃത്വങ്ങള്‍ ഇപ്പോഴും 2000 വര്‍ഷങ്ങള്‍ക്ക് പിറകിലാണ്. മനുഷ്യമനസ്സിന്റെ വികാസത്തിനനുസരിച്ച് ഇവരുടെ വിശ്വാസങ്ങള്‍ മാറ്റത്തിനു വിധേയപ്പെടുന്നില്ല എന്നര്‍ത്ഥം.

ചില രാജ്യങ്ങളില്‍ ട്രാന്‍സ് സെക്ഷ്വല്‍ ആയവര്‍ അഭിമാനത്തോടെ ജീവിക്കുന്നു. അവരെ സമൂഹം അവരെ ചേര്‍ത്തു നിര്‍ത്തുന്നു. കാരണം അവിടെ മതം മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണ്. നമ്മുടെ നാടുള്‍പ്പടെയുള്ള ചില മതഭ്രാന്ത രാജ്യങ്ങളിലാകട്ടെ, മതം മനുഷ്യനു വേണ്ടിയുള്ളതല്ല, മറിച്ച് മനുഷ്യര്‍ ഇവിടെ ജീവിക്കുന്നത് മതത്തിനു വേണ്ടിയാണ്.

വിവേകമുള്ള ഒരു പുതുതലമുറയ്ക്കു മാത്രമേ മതമനുഷ്യരില്‍ നിന്നും അവരുടെ കരാളഹസ്തങ്ങളില്‍ നിന്നും നാടിനെ മോചിപ്പിക്കാനാവൂ. ഇതു തിരിച്ചറിഞ്ഞ മതനേതൃത്വമാകട്ടെ, ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളില്‍പ്പോലും മതവിഷം കുത്തിവയ്ക്കാനുള്ള തീവ്രയത്‌നത്തിലാണ്. വിവേകവും തിരിച്ചറിവും ലഭിക്കുന്ന മനുഷ്യര്‍ മതങ്ങളെയും മതമനുഷ്യരെയും അവരെ വിറ്റു ജീവിക്കുന്നവരെയും തള്ളിപ്പറയുമെന്ന് ഇവര്‍ക്കു നന്നായി അറിയാം. അതിനവര്‍ കഴിയുന്ന വിധത്തിലെല്ലാം തടയിടുന്നു.

ആണും പെണ്ണുമായ ലൈംഗികത മാത്രമേ ഇവിടെ പാടുള്ളുവെന്ന് ഉറപ്പിക്കുന്ന മനുഷ്യര്‍ ട്രാന്‍സിന്റെ ലൈംഗികതയിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. അവിടെ കാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്നറിയാനുള്ള ആകാംക്ഷ. അതിനര്‍ത്ഥം നോര്‍മ്മലെന്ന് അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്കിടയില്‍ നടക്കുന്ന കാര്യങ്ങള്‍ അത്ര വെടിപ്പല്ലെന്നു തന്നെ.

മനസിന്റെ പൊരുത്തവും അടുപ്പവുമാണ് ഇണപിരിയാത്ത ബന്ധങ്ങളിലേക്കു നയിക്കപ്പെടുന്നത്. അത്തരം ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പ്രകൃതിക്കനുകൂലമെന്നവകാശപ്പെടുന്നവര്‍ക്കു സാധിക്കുന്നില്ല. അതിനു പഴിചാരേണ്ടതും കല്ലെറിയേണ്ടതും അവഹേളിക്കേണ്ടതും തങ്ങളുടെ ലൈംഗികതയെയും സ്‌നേഹത്തെയും ശരീരത്തെയും തിരിച്ചറിഞ്ഞു ജീവിക്കുന്ന ഈ മനുഷ്യരെയല്ല. പേപിടിച്ച മതമനുഷ്യര്‍ക്കാണ് ചങ്ങലയുടെ ആവശ്യം.#religion #transgenders #sexualminority #society #Kerala


Leave a Reply

Your email address will not be published. Required fields are marked *