ഇത്രയും ശമ്പളം വാങ്ങാന്‍ ജനപ്രതിനിധികള്‍ മറിക്കുന്ന മലയേത്……????


മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്നും എട്ട് രൂപയാക്കാന്‍ പത്തു ദിവസം സമരം
ചെയ്യേണ്ടി വന്നു കേരളത്തിലെ ബസ് ഉടമകള്‍ക്ക്. പത്തു മിനിറ്റു തികച്ചും
വേണ്ടി വന്നില്ല കേരള നിയമസഭക്ക് ശമ്പളം കൂട്ടിയ ബില്‍ പാസ്സ് ആക്കാന്‍. വിയോജിപ്പ് ഇല്ല, ബഹളം ഇല്ല,
സ്പീക്കറുടെ ഡയസില്‍ കയറിയില്ല, കമ്പ്യൂട്ടറും, കസേരയും അടിച്ചു
തകര്‍ത്തില്ല, ഇറങ്ങി പോയില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതു വരെ ഭരണ
പ്രതി പക്ഷ കക്ഷികള്‍ ഇന്ന് വരെ ഒരു അഭിപ്രായ വ്യത്യാസം ഇല്ലാതെ പാസ്സ്
ആക്കി എടുത്ത ചരിത്രമുള്ള ഒന്നാണ് ശമ്പളവര്‍ധന അഥവാ അടിച്ചെടുക്കല്‍. 

ജനങ്ങള്‍ക്ക് അറിയണ്ടേ അവര്‍ ചെയ്യുന്ന പണിയെന്താണ് എന്ന്…??? എന്ത് മല
മറിച്ചതിന്റെ പേരിലാണ് മന്ത്രിയേമാന്റെ ശമ്പളം 50000 ല്‍ നിന്ന് ഒരു ലക്ഷം
ആയും MLA ഏമാന്റെ ശമ്പളം 70000 ആയും വര്‍ധിപ്പിച്ചു കൊടുത്തത് എന്ന്
ജനങ്ങള്‍ക്ക് അറിയേണ്ടേ….????
പേഴ്‌സണല്‍ സ്റ്റാഫായി മുപ്പതോളം പേര്‍, പാചകക്കാര്‍, ഐ എ എസ് മുതലുള്ള
ഉന്നതോദ്യോഗസ്ഥര്‍, ഫയലുകള്‍ നോക്കാനും അവലോകനം ചെയ്യാനും ആളുകള്‍, ലീഗല്‍
കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നിരവധി പേര്‍…. എല്ലാവര്‍ക്കും ശമ്പളം
കൊടുക്കാന്‍ പാവപ്പെട്ടവന്‍ മുണ്ടു മുറുക്കിയുടുക്കണം. 
നെറികെട്ട ജാരരാഷ്ട്രീയക്കാരുടെ കൊലപാതകങ്ങള്‍ക്കു കുടപിടിക്കാനും
പാവപ്പെട്ടവന്റെ നികുതിപ്പണം വേണം. മാറാരോഗികളും വയസന്മാരുമായ
മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ചികിത്സയ്ക്കും മറ്റും ജനങ്ങള്‍ പണം
നല്‍കണം. യാത്രബത്ത, നിയമ സഭ ബത്ത, യാത്ര കൂപ്പണ്‍, പെട്രോള്‍ കാര്‍ഡ്,
സര്‍ക്കാര്‍ ബംഗ്ലാവ്, ടെലിഫോണ്‍ ബില്‍, കറന്റ് ബില്‍, നേതാവിന്റെയും
കുടുംബതിന്റെയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള ചികിത്സ ചെലവ്,
മന്ത്രിയുടെ വിരുന്നുകാര്‍ക്ക് വെച്ച് വിളമ്പാന്‍ നമ്മുടെ നികുതി പണം,
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി വിദേശ യാത്ര, ഇതിനൊക്കെ
പുറമെ അഴിമതിയും കയ്യിട്ടു വാരല്‍, തട്ടിപ്പ്, വെട്ടിപ്പ് എന്നിവയ്ക്കും
പാവപ്പെട്ടവന്‍ മുണ്ടുമുറുക്കിയുടുക്കണം. എന്തൊരു ഭീകരമാണീ അവസ്ഥ…..!!
വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ ഇവര്‍ നടത്തുന്ന യാത്രാ ധൂര്‍ത്തിനും പണം
കണ്ടെത്തേണ്ടത് പാവപ്പെട്ടവന്‍ മുണ്ടുമുറുക്കിയുടുത്തിട്ടാണ്. എംപിമാരുടെ
ടിക്കറ്റ് എടുത്തത് നമ്മള്‍, ശമ്പളം കൊടുത്തത് നമ്മള്‍, വോട്ടു കൊടുത്തത്
നമ്മള്‍. എന്നിട്ടും അവര്‍ക്ക് അറപ്പ്, സാധാരണക്കാരനൊടൊപ്പം യാത്ര
ചെയ്യാന്‍…!! ശമ്പളവര്‍ധന ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍
രാഷ്ട്രീയമില്ലാതെ എല്ലാരും അതു പുകഴ്ത്തി. ശമ്പളം കൂട്ടിയത് ‘എഫിഷ്യന്‍സി ‘
വര്‍ധിക്കും എന്നായിരുന്നു ഒരു നേതാവിന്റെ വിലയിരുത്തല്‍, നൂറ്റാണ്ടിലെ
ഏറ്റവും വലിയ തമാശ. ആരുടെ എഫിഷ്യന്‍സി, എന്തിനുള്ളത്. കട്ടപ്പുറതുള്ള
വണ്ടിക്കു വില കൂടിയ ഹോണ്‍ വെക്കുന്ന പോലെയുള്ള തമാശയാണ് ഈ എഫീഷ്യന്‍സി.
എന്തിനാണ് ജനസേവകന് ഇത്ര പണം, കല്യാണം കൂടാനും, മരിച്ച വീട്ടില്‍ മൂക്കത്ത്
വിരല്‍ വെച്ച് നില്കാനും, മാമോദീസ കൂടാനും മാത്രം നടക്കുന്ന
ഇക്കൂട്ടര്‍ക്ക് ഇത്ര ശമ്പളം വേണോ. ഇങ്ങനെ ഇരുപതിനായിരം പഞ്ചായത്ത്
മെമ്പര്‍, 1200 പഞ്ചായത്ത് പ്രസിഡന്റ്, 3000 ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍
150 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്,
മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ എന്നിവയിലെ അംഗങ്ങള്‍ എന്നിവര്‍ കൈ
പറ്റുന്ന ആനുകൂല്യങ്ങള്‍ കൂടി നോക്കിയാല്‍ നമ്മുടെ കണ്ണ് തള്ളി പോകും.
രാഷ്ട്രീയക്കാരനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ശമ്പളം കൊടുക്കാന്‍
ഇന്‍കം ടാക്‌സ്, സെയില്‍സ് നികുതി, GST, വീട്ടു നികുതി, കെട്ടിട നികുതി,
സ്ഥല നികുതി, ബാങ്ക് ചാര്‍ജ്, പ്രൊഫഷണല്‍ നികുതി, എഡ്യൂക്കേഷന്‍ സെസ്സ്,
സര്‍വീസ് നികുതി, ആഡംബര നികുതി, നമ്മുടെ പണം കൊണ്ട് തൊഴിലാളിക്ക് കൂലി
കൊടുത്തു ഒരു വീട് പണിതല്‍ തൊഴിലാളി ക്ഷേമ നികുതി, തുടങ്ങി സാധരണക്കാരന്റെ
നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത അന്തരീക്ഷത്തില്‍ ഉള്ള നൂറ്
കണക്കിന് നികുതികള്‍ കെട്ടാനും അതില്‍ എന്തെങ്കിലും മിച്ചം ഉണ്ടെങ്കില്‍
സ്വന്തം മക്കള്‍ക്ക് ഡോഗ് ബിസ്‌ക്കറ് വാങ്ങാനും വിധിക്കപ്പെട്ട ഒരു കൂട്ടം
ആണ് നമ്മള്‍.
ഒരാഴ്ച ഭക്ഷണം കിട്ടാതെ ഒരു കൈവെള്ളയില്‍ ഒരു പിടി അരി എടുത്തവനെ തല്ലി
ക്കൊന്ന നാട്ടിലാണ് നിങ്ങള്‍ ഇങ്ങനെ ആര്‍ഭാടം നടത്തുന്നതു
എന്നോര്‍ക്കുമ്പോള്‍ ഹാ കഷ്ടം എന്ന് മാത്രം പറയാന്‍ കഴിയൂ.. കേരള സംസ്ഥാനം
രൂപീകരിച്ച ശേഷം അട്ടപ്പാടിക്കും മറ്റു ആദിവാസി ജില്ലകള്‍ക്കും അനുവദിച്ച
കോടിക്കണക്കിന് രൂപ വക മാറ്റിയ നിങ്ങള്‍ തന്നെയാണ് മധുവിന്റെ മരണത്തിനു
കാരണക്കാര്‍. അല്പമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കില്‍ നിങ്ങള്‍ ഈ കൂട്ടിയ
ശമ്പളം വാങ്ങരുത്, കേരളം കാത്തിരിക്കുന്നു നിങ്ങളില്‍ എത്ര പേര്‍ പഴയ
ശമ്പളം വാങ്ങുന്നു എന്ന് കാണാന്‍. നിങ്ങളില്‍ എത്ര പേര്‍ സാധാരണക്കാരന്റെ
കൂടെ ഉണ്ടെന്നറിയാന്‍, 25 വര്‍ഷം മുഖ്യമന്ത്രിയായി ഇന്നും പാര്‍ട്ടി
ഓഫീസില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ വാങ്ങി പാചകം ചെയ്യുന്ന മണിക്ക്
സര്‍ക്കാറും, മഞ്ചേരിയിലെ മൊയ്ദീന്‍ സാഹിബിനു ‘എന്റെ മകള്‍ക്ക് ഒരു വോയില്‍
സാരി കൊടുക്കണം പണം അടുത്ത മാസത്തെ ശമ്പളം കിട്ടുമ്പോള്‍ എടുക്കാം’ എന്ന്
കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കത്ത് കൊടുത്തയച്ച ഇ.എം.എസ്
സ്സും, ഒന്‍പതു കിലോമീറ്റര്‍ ദൂരം ദിവസവും വെള്ളം പൊതു ടാപ്പില്‍ നിന്നും
നടന്നു കൊണ്ട് വന്ന സഹോദരിയുടെ വീട്ടിലേക്കു ഒരു പൈപ്പ് ഇട്ടു കൂടെ എന്ന
നിരന്തര ആവശ്യം സ്‌നേഹപൂര്‍വ്വം നിരസിച്ചു നാടിനു മാതൃക കാട്ടിയ കാമ രാജും
എല്ലാം ജീവിച്ചിരുന്ന ജീവിക്കുന്ന നാടാണിത്. 
വിവാഹം കഴിച്ചിട്ടില്ലാത്ത 

ജയലളിത
 വാരിക്കൂട്ടിയ കണക്കില്ലാത്ത
സ്വത്തുക്കളെക്കുറിച്ച് കുറച്ചെങ്കിലും മനസിലായത് അവര്‍ മരിച്ചപ്പോഴാണ്.
കുടുംബവും കുട്ടികളും ബന്ധുക്കളുമില്ലാത്ത അവര്‍ വാരിക്കൂട്ടിയത് നിരവധി
കോടികളാണ്. അങ്ങനെയെങ്കില്‍, കുടുംബവും കുട്ടികളും കൊച്ചുമക്കളും
ബന്ധുക്കളുമെല്ലാമുള്ള രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമെല്ലാം
വാരിക്കൂട്ടുന്ന സ്വത്ത് എത്രത്തോളമായിരിക്കും….???
ഇനി ഭംഗിക്കുവേണ്ടി പറയാം, പിണറായിയും ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും
നരേന്ദ്രമോഡിയുമൊന്നും കക്കില്ലെന്ന്. പക്ഷേ, കണ്‍മുന്നില്‍ കള്ളം
നടന്നിട്ടും അതു തടയാതിരിക്കുന്നത്, അതിനു കൂട്ടുപിടിക്കുന്നത്
കക്കുന്നതിനേക്കാള്‍ വലിയ പാതകമാണ്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ അവരെ
മുച്ചൂടും മുടിക്കുന്നു. അവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു.
ഈര്‍ക്കില്‍ കനത്തിലെങ്കിലും നന്മയ്ക്കു വേണ്ടി പോരാടുന്ന, സത്യത്തിനു
വേണ്ടി നിലകൊള്ളുന്ന നട്ടെല്ല് ഈ ജനപ്രതിനിധികളില്‍ ജനങ്ങള്‍
പ്രതീക്ഷിക്കുന്നുണ്ട്….. 
പാറമട പൊട്ടിക്കല്‍, അനധികൃത മണല്‍ വാരല്‍, ഭൂമി കൈയ്യേറ്റം, മറ്റു
മനുഷ്യാവകാശ ലംഘനം, തുടങ്ങിയ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ മുന്തിയ
രാഷ്ട്രീയ നേതാക്കളെയൊന്നും കാണാറില്ല. പകരം, ഇവിടയെല്ലാം പിന്തുണയുമായി,
മരിക്കാന്‍ പോലും തയ്യാറായി എത്തുന്നവരാണ് സി ആര്‍ നീലകണ്ഠന്‍, ഏലൂര്‍
പുരുഷന്‍, ഹരീഷ് വാസുദേവന്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകര്‍. വലിയ ശമ്പളം
വാങ്ങുന്നവരൊന്നും ജനങ്ങളുടെ രക്ഷയ്ക്ക് എത്താറില്ല. ജനങ്ങളുടെ
തിരിച്ചറിവാണ് ഏറ്റവും പ്രധാനം. കള്ളനാണയങ്ങളെ തിരിച്ചറിയുകയും തങ്ങളെ
ഭരിക്കാന്‍ അവരെ അനുവദിക്കാതിരിക്കുകയും വേണം. സദാ ജാഗരൂകരായ ഒരു ജനത
ജനാധിപത്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. 
Benny Joseph Janapaksham

Tags: salary of ministers and MLAs in Kerala, income of political leaders, 

Leave a Reply

Your email address will not be published. Required fields are marked *