അണികള്‍ അഥവാ തലച്ചോറില്ലാത്ത ചാവേറുകള്‍..!!

അണികള്‍ക്ക് തലച്ചോറില്ല, തലച്ചോറുള്ളവരെ നേതാക്കള്‍ക്കൊട്ടു വേണ്ട താനും!
തലച്ചോര്‍ ഉണ്ടായിരുന്നുവെങ്കില്‍, അല്പമെങ്കിലും ചിന്താ ശക്തി
ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ തങ്ങളുടെ നേതാക്കളോടു ചോദിച്ചേനെ.
തങ്ങള്‍ക്കിടയില്‍ നിന്നുമാത്രം എന്തുകൊണ്ട് രക്തസാക്ഷികള്‍
ഉണ്ടാകുന്നുവെന്ന്….!!! ചോദ്യം ചെയ്യപ്പെടരുത് എന്നത് അലിഖിത നിയമമാണ്.
അത് രാഷ്ട്രീയമായാലും മതമായാലും. അവര്‍ക്കുവേണ്ടത് ആജ്ഞാനുവര്‍ത്തികളെയാണ്.
ചിന്തിക്കുന്ന മനുഷ്യരെയല്ല……!

അവസാനത്തെ കുരുതി ഷുഹൈബ് എന്ന ചെറുപ്പക്കാരന്റെത്…. ആ യുവാവിന്റെ
ചോരക്കറയില്‍ ഒഴുകിപ്പോയി കോടിയേരിയുടെ മക്കളുടെ കളങ്കഭാരമെല്ലാം…..!
കോടിയേരി ബാലകൃഷ്ണന്റെ രണ്ടുമക്കള്‍ നടത്തിയ വെട്ടിപ്പിന്റെയും
തട്ടിപ്പിന്റെയും കഥകളായിരുന്നു രണ്ടു ദിവസം വരെ മാധ്യമങ്ങളില്‍
നിറഞ്ഞുനിന്നിരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ ചോരക്കറ
കോടിയേരി മക്കളുടെ കളങ്കഭാരമെല്ലാം കഴുകിക്കളഞ്ഞു. പാര്‍ട്ടിയിലെ
സമുന്നതരെയും അവരുടെ മക്കളെയും ബന്ധുക്കളെയുമെല്ലാം രക്ഷിച്ചെടുക്കുവാന്‍
ഇതിലും വലിയൊരു പോംവഴി മറ്റെന്ത്….??? കാലാകാലങ്ങളായി ഓരോ രാഷ്ട്രീയ
പാര്‍ട്ടികളും അനുവര്‍ത്തിച്ചു പോരുന്ന, ഒരു വിജയതന്ത്രം….. കുറിക്കു
കൊള്ളുന്ന ബ്രഹ്മാസ്ത്രം….! അതാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍.
കോണ്‍ഗ്രസിലും സി പി എമ്മിലും ബി ജെ പിയിലും എല്ലാം ഇതിനു വേണ്ട
ചാവേറുകളുണ്ട്. പ്രസ്ഥാനത്തിനു വേണ്ടി സ്വന്തം രക്തം ചീന്താന്‍ പോലും
തയ്യാറുള്ളവര്‍…..
മരിച്ചു വീണവന്റെ ചേരിയിലിപ്പോള്‍ മറ്റൊരു ഗൂഡാലോചന നടക്കുകയാവും.
എതിര്‍ചേരിയില്‍ ഒന്നിന്റെയെങ്കിലും തലയെടുക്കാനുള്ള അതിവിശേഷപ്പെട്ട
ഗൂഢാലോചന. അതിനു പറ്റിയ ഉരുവിനെ അവര്‍ കണ്ടെത്തി
നിറുത്തിയിട്ടുമുണ്ടാവും…. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഒരു
ചിത്രമുണ്ട്. മൂന്നുവയസുകാരനായ മകന്റെ കൈപിടിച്ച്, ഷുഹൈബ് നടന്നു നീങ്ങുന്ന
ഒരു ചിത്രം. കാണുന്ന ഏവരുടെയും കരളലിയിക്കുന്ന ഒരു ചിത്രം…. ഇങ്ങനെ
കരളലിയിക്കുന്ന കാഴ്ചകള്‍ സമ്മാനിക്കാന്‍ കഴിയുന്നവരെയാണ് ഓരോ രാഷ്ട്രീയ
പാര്‍ട്ടികളും ബലിയാടുകളായി തെരഞ്ഞെടുക്കുക…. ജനരോക്ഷം അണപൊട്ടിയൊഴുകാന്‍
ഇങ്ങനെയുള്ള ഒരൊറ്റ ചിത്രം മതിയാകും….!!!
രാഷ്ട്രീയത്തിന്റെ പേരില്‍ എത്രയോ ജീവനുകള്‍ ഇവിടെ പൊലിഞ്ഞു വീണു….!!!!
മനുഷ്യജീവനുകള്‍ വാളിന് ഇരയാക്കുന്നത് ഹരമായി മാറ്റിയ കുറെ പിശാചുക്കള്‍.
പച്ചമാംസം വെട്ടിനുറുക്കുന്നത് ലഹരിയാക്കിമാറ്റിയവര്‍. അവര്‍ക്കു ചുക്കാന്‍
പിടിക്കുന്ന, ഒത്താശ ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം. പകല്‍വെളിച്ചത്തില്‍
രാഷ്ട്രീയ കൊലപാതകങ്ങളെ അവര്‍ അപലപിക്കും. മരിച്ചവനു വേണ്ടി
മുതലക്കണ്ണീരൊഴുക്കും. മരിച്ചവരുടെ ഉറ്റവരെ ചേര്‍ത്തണച്ച് അലമുറയിടും.
കൊന്നവനെ മുക്കാലിയില്‍ കെട്ടിത്തൂക്കുമെന്ന് വീരവാദം മുഴക്കും…..!!!!
പറയാന്‍ ഏതു പട്ടിക്കും കഴിയും, ചെയ്തു കാണിക്കാനല്ലേ പാട്.
രക്തസാക്ഷികള്‍: അത് അണികള്‍ക്കു മാത്രം സ്വന്തം….
നാളിതു വരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇവിടെയുള്ള സമുന്നത രാഷ്ട്രീയ
നേതാക്കളില്‍ എത്രപേരുടെ കുടുംബാംഗങ്ങള്‍ക്ക് ആള്‍ നഷ്ടം
ഉണ്ടായിട്ടുണ്ട്….? അതിസമ്പന്നരായ നേതാക്കള്‍, അതിനെക്കാള്‍ സമ്പന്നരായ,
പട്ടുമെത്തയും പച്ചപ്പരവതാനിയും ശീലമാക്കിയ മക്കള്‍. കൊടി പിടിക്കാനും
തല്ലുകൊള്ളാനും തലതല്ലി ചാവാനും അണികള്‍…. രാഷ്ട്രീയ ഗുണ്ടകള്‍ക്കു
വേണ്ടി വെട്ടാനും കുത്താനും നടക്കുന്നവര്‍ക്ക് ബോധമുണ്ടെങ്കില്‍, സ്വന്തം
കുടുംബത്തെക്കുറിച്ചോ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെക്കുറിച്ചോ
മാതാപിതാക്കളെക്കുറിച്ചോ സ്വന്തം ഭാര്യയെക്കുറിച്ചോ ഇത്തിരിയെങ്കിലും
ചിന്തയുണ്ടെങ്കില്‍ ഈ രാഷ്ട്രീയക്കാരുടെ കാലുനക്കാന്‍
ഇറങ്ങിപ്പുറപ്പെടുമോ….? പാവങ്ങളെ സഹായിക്കുന്ന ഏതു പാര്‍ട്ടിയുണ്ട് ഇന്നു
കേരളത്തില്‍…? വെട്ടിയും കുത്തിയും ചതിച്ചും കുതികാലില്‍ ചവിട്ടിയും
സ്വന്തം അധികാരം ഉറപ്പിച്ചു നിറുത്തുന്നവരല്ലാതെ ജനങ്ങള്‍ക്കു വേണ്ടി
പണിയെടുക്കുന്ന ഏതു രാഷ്ട്രീയ നേതാവുണ്ട് ഈ കേരളത്തില്‍…!!!
ഷുഹൈബിന്റെ കുഞ്ഞിന്റെ ചിത്രം പ്രചരിപ്പിച്ച്, സഹതാപ തരംഗം സൃഷ്ടിച്ച്,
പകരം വീട്ടാനൊരുങ്ങുന്ന, കൊല്ലാനും കൊല്ലിക്കാനും നടക്കുന്ന രാഷ്ട്രീയ
ഷണ്ഡന്മാര്‍ മനസിലാക്കണം, സ്വന്തം കുഞ്ഞിനെ ഓര്‍ത്തു കരയേണ്ടത്
നാട്ടുകാരല്ല, ആ കുഞ്ഞിനെ ജനിപ്പിച്ചവന്‍ തന്നെയാവണം. ഷുഹൈബിന്റെ
കൊലപാതകത്തിന്റെ പേരില്‍ ഒരു രാഷ്്ട്രീയ നേതാവും അറസ്റ്റിലാവില്ല, അഥവാ
ആയാല്‍, അതില്‍ നിന്നും എങ്ങനെ ഊരിപ്പോരണമെന്നും അവര്‍ക്കറിയാം. രാഷ്ട്രീയ
കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍ കൊല്ലിച്ചവന്‍ പിടിയിലാവണം.
കൊല്ലിച്ചവനു വേണം ശിക്ഷ നല്‍കാന്‍. നഷ്ടം സംഭവിക്കേണ്ടത് കൊല്ലിച്ചവനും
അവന്റെ കുടുംബാഗങ്ങള്‍ക്കുമാണ്. 
നേതാക്കളുടെ കാലുനക്കിമാത്രം ശീലിച്ച അണികളെന്ന തെരുവു നായ്ക്കള്‍ക്ക്
നേതാക്കളുടെ ആജ്ഞ അനുസരിക്കാന്‍ മാത്രമേ കഴിയൂ എന്ന് അറിയാതെയല്ല.
എങ്കിലും, തലച്ചോര്‍ മതത്തിനും രാഷ്ട്രീയത്തിനും പണയം വച്ചിട്ടില്ലാത്ത
കുറച്ചു പേരെങ്കിലും നമ്മുടെ നാട്ടില്‍ ശേഷിക്കുന്നുണ്ടാവില്ലേ…..
സ്വന്തം ചിന്താശേഷി നേതാവിന്റെ ആസനത്തില്‍ തിരുകി വച്ചിട്ടില്ലെങ്കില്‍
ആലോചിക്കുക….! നഷ്ടം ആര്‍ക്ക്…..??? തിരിച്ചറിയാത്ത പ്രായത്തില്‍
സ്വന്തം പിതാവിനെ നഷ്ടപ്പെട്ട ഷുഹൈബിന്റെ മൂന്നുവയസുകാരന്‍ മകനെപ്പോലെ
അനേകര്‍ക്ക്. അനേകം അമ്മമാര്‍ക്ക്. അനേകം പിതാക്കള്‍ക്ക്. വാലറ്റ
നേതാക്കളുടെ ഭാര്യമാര്‍ക്ക്…!! മുന്‍നിര രാഷ്ട്രീയ നേതാക്കള്‍ക്കോ
മന്ത്രിമാര്‍ക്കോ എം എല്‍ എ മാര്‍ക്കോ ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല.
അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല.
പാവപ്പെട്ട ഈ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മരിച്ചു വീഴുന്നതു കാണാനുള്ള
കരളുറപ്പില്ലാത്തവര്‍ ചിന്തിക്കുക. കൊച്ചു കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ട്
ചങ്കുപൊട്ടുന്നില്ലേ നിങ്ങള്‍ക്ക്…?? വൃദ്ധമാതാപിതാക്കളുടെ കരച്ചിലില്‍
ഉള്ളുലയുന്നില്ലേ…??? ഉണ്ടെങ്കില്‍ ചിന്തിക്കുക. മരിച്ചവര്‍ പോയി,
എതിര്‍ചേരിയിലെ മറ്റൊരു പാവത്തിനെ വെട്ടിക്കൊന്നിട്ട് എന്തു പ്രയോജനം….? ഈ
രക്തക്കളി അവസാനിക്കണമെങ്കില്‍ ഇനി ഈ മന്ത്രിമാരുടെയോ മറ്റുപ്രമുഖ
നേതാക്കളുടേയോ ഉറ്റവര്‍ തന്നെ പിടഞ്ഞു വീണാലേ അവസാനിക്കൂ എന്നുണ്ടോ…???
സ്വന്തം മകനോ മകള്‍ക്കോ ഒരു പോറല്‍ പോലുമേല്‍ക്കാതെ കാത്തു സൂക്ഷിക്കുന്ന
രാഷ്ട്രീയ നേതൃത്വം മനസിലാക്കുക…. അണികള്‍ക്കും ഒരു കുടുംബമുണ്ട്.
അവര്‍ക്കും ഒരു ജീവിതമുണ്ട്. കാത്തിരിക്കാന്‍ മാതാപിതാക്കളും മക്കളും
ഭാര്യയുമുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും ചാവാലിപ്പട്ടികളെ കൊല്ലുന്നതു
നിറുത്തുക. 
Stop killing innocence 

Leave a Reply

Your email address will not be published. Required fields are marked *