പുനര്‍ജ്ജനി 2030: സര്‍ക്കാര്‍ വെറും കാവല്‍ക്കാര്‍, ഒരു ചില്ലി പോലും എടുക്കാന്‍ അവകാശമില്ല


Part – II

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, 2014 ഏപ്രില്‍ ഒന്നിനാണ് പുതിയ അബ്കാരി നയം നിലവില്‍ വന്നത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ, ഈ മേഖലയില്‍ ജോലി ചെയ്ത ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് തൊഴിലും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ടു. ബാര്‍തൊഴിലാളികളുടെ ഈ ദുരവസ്ഥയ്ക്ക് എന്തു പരിഹാരമാണ് സര്‍ക്കാര്‍ കണ്ടിരിക്കുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് അവര്‍ക്കു വേണ്ടി പുനര്‍ജ്ജനി 2030 എന്ന പേരില്‍ ഒരു പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ജോലി നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളെയും മദ്യാസക്തിക്ക് അടിമപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പുനര്‍ജ്ജനി 2030 ന് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ പദ്ധതിയിലേക്ക് പണം കണ്ടെത്തുന്നതിലേക്കായി, ബിവറേജസ് കോര്‍പ്പറേഷന്‍ വഴി FL 1 ലൈസന്‍സ് ഉപയോഗിച്ച് വില്‍ക്കുന്ന മദ്യത്തിന് 5 ശതമാനം സെസ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തുക പുനര്‍ജ്ജനിയുടെ ഉദ്യേശലക്ഷ്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവില്‍ നിന്നും സുവ്യക്തമാണ്. ഈ തുക ആവശ്യപ്പെട്ടു ചെന്ന തൊഴിലാളികളോടാണ് പണം ഇരുമ്പു കുടിച്ചെന്നും അതില്‍ നിന്നും ഒരു ചില്ലിപോലും നിങ്ങള്‍ക്കു കിട്ടില്ല എന്നും മന്ത്രിമാര്‍ പറഞ്ഞത്. 


2011 ആഗസ്ത് 17 ന് യുഡിഎഫ് സര്‍ക്കാരാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍, 2014 മാര്‍ച്ച് 5 ന്, നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 730 ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് കാലാവധി 2014 മാര്‍ച്ച് 31 ന് അവസാനിച്ചുവെങ്കിലും 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് ആ വര്‍ഷം ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ തീരുമാനിച്ചു. ബാക്കിയുള്ള 312 ബാറുകള്‍ക്ക് താത്കാലികമായി ലൈസന്‍സ് പുതുക്കി നല്‍കാനും തീരുമാനമായി.

ഏപ്രില്‍ 15 ന് സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്ത് ബാറുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ആഗസ്ത് 21 ന് പുതിയ മദ്യനയത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അങ്ങനെ, ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള മുഴുവന്‍ ബാറുകളും പൂട്ടാന്‍ തീരുമാനമായി. 

2014 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 730 ബാറുകളാണ് ഉണ്ടായിരുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയമനുസരിച്ച് 2014 മാര്‍ച്ച് 31ന് 418 ബാറുകളാണ് പൂട്ടിയത്. നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടി വേണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ഇത്. സിംഗിള്‍ ബഞ്ച് തീരുമാനം ശരി വച്ച ഡിവിഷന്‍ ബെഞ്ച്, 4 സ്റ്റാര്‍ ബാറുകളും ഹെറിറ്റേജ് ബാറുകളും പൂട്ടി സീല് വയ്ക്കാന്‍ ഉത്തരവായി. അതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 62 ആയി. ഈ ഡിവിഷന്‍ ബഞ്ച് വിധി അംഗീകരിച്ചു കൊണ്ടുള്ള വിധിയിലാണ്, പുനര്‍ജ്ജനി 2030 സംബന്ധിച്ച (അ)സത്യവാങ്മൂലം സുപ്രീം കോടതിയില്‍, അന്നത്തെ സര്‍ക്കാര്‍ നല്‍കിയത്.

2015 മാര്‍ച്ച് 31 വരെ ഇത്രയും ബാറുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് വന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ സംസ്ഥാന പാതകള്‍ക്കരികിലെ കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള 1956 മദ്യശാലകള്‍ എക്‌സൈസ് പൂട്ടി മുദ്രവെച്ചു. 137 ചില്ലറ മദ്യവില്പനശാലകളും എട്ടു ബാര്‍ ഹോട്ടലുകളും 18 ക്ലബ്ബുകളും 532 ബിയര്‍വൈന്‍ പാര്‍ലറുകളും 1092 കള്ളുഷാപ്പുകളുമാണ് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയത്.


പുതിയ ആകാശം: പുതിയ ഭൂമി


2016 മെയ് മാസത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് തങ്ങളുടെ നയമെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, എല്ലാം ശരിയാക്കാന്‍ പുതിയ സര്‍ക്കാര്‍ വന്നിട്ടും, യു ഡി എഫിന്റെ മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ തൊഴില്‍ രഹിതരായിത്തന്നെ ശേഷിച്ചു. 


ഒരു തൊഴില്‍ നഷ്ടപ്പെട്ടെങ്കില്‍ അവര്‍ക്ക് മറ്റൊരു തൊഴില്‍ കണ്ടെത്തിക്കൂടെ എന്ന മുട്ടാപ്പോക്കു ന്യായം ആര്‍ക്കും നിരത്താവുന്നതാണ്. എന്നാല്‍, മദ്യമേഖലയില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇതത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നാമത് ഈ തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലും അറിഞ്ഞുകൂട. മറ്റൊന്ന്, മറ്റൊരു മേഖലയില്‍ ഇവര്‍ക്കു തൊഴില്‍ കിട്ടാനും പ്രയാസമാണ്.കിട്ടിയത് ഏകദേശം 900 കോടി രൂപ, നല്‍കിയത് വെറും 8 കോടി 79 ലക്ഷം: ബാക്കി 891 കോടി 20 ലക്ഷം രൂപ എവിടെ?
കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷനും മറ്റുള്ളവരും വേഴ്‌സസ് കേരള സര്‍ക്കാരും മറ്റുള്ളവരും (Kerala Bar Hotel Association and Another V/s state of Kerala and Other, Case No: CA: 4157/2015) പ്രകാരം സുപ്രീം കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഡിവിഷന്‍ ബഞ്ചിന്റെ വിധി ശരിവച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ കേസില്‍ തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളും ഉള്‍പ്പെട്ടിരുന്നു. ഈ തൊഴിലാളികളുടെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച് മേരാ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ചും ആ ഉത്തരവ് പ്രകാരം, ഈ തൊഴിലാളികളെ പുനരധിവസിപ്പിച്ചു കൊള്ളാമെന്നും അതിനായി പുനര്‍ജ്ജനി 2030 രൂപീകരിക്കുമെന്നും ഈ പദ്ധതിയുടെ നടത്തിപ്പിനായി ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തില്‍ 5 ശതമാനം സെസ് ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 


എന്നാല്‍ പതിവ് തെറ്റിയില്ല. ഒന്നും നടന്നില്ല. അല്ലെങ്കില്‍, ഒന്നും നടത്തിയില്ല. ഇപ്പോള്‍ പുറപ്പെടുവിച്ച സുപ്രധാന ഉത്തരവു പ്രകാരം, സര്‍ക്കാര്‍ ഈ പണത്തിന്റെ സൂക്ഷിപ്പുകാരന്‍ (ട്രസ്റ്റി) മാത്രമാണ് എന്നും ഈ പണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അവകാശപ്പെട്ടതാണ് എന്നും കോടതി വളരെ സ്പഷ്ടമായി വ്യക്തമാക്കിയിരുന്നു.


നവംബര്‍ ഒന്ന് 2017 വരെയുള്ള കണക്കു പ്രകാരം പുനര്‍ജ്ജനി 2030 നു വേണ്ടി 5% സെസിലൂടെ സര്‍ക്കാര്‍ സമാഹരിച്ചത് 802.33 കോടി രൂപയാണ്. 2018 ജനുവരി 31 വരെയുള്ള കണക്കു പ്രകാരം ഈ തുക 900 കോടിയായി ഉയര്‍ന്നു. ഈ തുകയില്‍ നിന്നും 15,000 രൂപ മാത്രമാണ്, അതും രണ്ടു ഗഢുക്കളായി, സര്‍ക്കാര്‍ ഈ തൊഴിലാളികള്‍ക്കു നല്‍കിയത്.

അബ്കാരി പ്രൊവിഡന്റ് ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 5564 തൊഴിലാളികളും അബ്കാരി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 287 തൊഴിലാളികളുമാണ് ഉള്ളത്. ഈ തൊഴിലാളികള്‍ക്ക് 2/9/2014 ലെ ഉത്തരവു പ്രകാരം ആദ്യം 5000 രൂപ വീതം വിതരണം ചെയ്തു. ഇതിനായി ചെലവഴിച്ച ആകെ തുക 2 കോടി 92 ലക്ഷത്തി അമ്പത്തി അയ്യായിരം രൂപയാണ്. രണ്ടാംഘട്ടത്തില്‍ ഇടക്കാലാശ്വാസമായി 20/12/2014 ലെ ഉത്തരവു പ്രകാരം ഈ തൊഴിലാളികള്‍ക്ക് 10,000 രൂപ വീതവും നല്‍കി. ആകെ 5 കോടി 80 ലക്ഷത്തി തൊണ്ണൂറു ലക്ഷം രൂപ. ആത്മഹത്യ ചെയ്ത മൂന്നു തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ വീതവും നല്‍കി. ആകെ 6 ലക്ഷം. എക്‌സ് ഗ്രേഷ്യ പേമെന്റ് ആയിട്ടാണ് ഈ തുക നല്‍കിയത്. അതായത് മുഴുവന്‍ തുകയും മടക്കി നല്‍കിക്കൊള്ളാമെന്ന വ്യവസ്ഥയില്‍ ഇടക്കാലത്തേക്കു നല്‍കുന്ന തുക. ഇവയെല്ലാം കൂടി ആകെ 8 കോടി 79 ലക്ഷത്തി നാല്പത്തയ്യായിരം രൂപ. അപ്പോള്‍ ബാക്കി 891 കോടി 20 ലക്ഷത്തി അമ്പത്തയ്യായിരം രൂപയെവിടെ…? ഈ പണമാണ് സര്‍ക്കാരിന്റേതാണെന്ന് മന്ത്രി ടി പി രാമകൃഷ്ണനും ഇരുമ്പു കുടിച്ച പണമെന്ന് തോമസ് ഐസക്കും വിശേഷിപ്പിച്ചത്.


സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞത്:
എഫ് എല്‍ 1 മദ്യശാലകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന്റെ വില്‍പ്പന നികുതിയില്‍ 5 ശതമാനം സെസ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ഓര്‍ഡറില്‍ (ജി ഒ (എം എസ്) നമ്പര്‍ 139/2014) വ്യക്തമായി പറയുന്നുണ്ട് ഈ തുക ജോലി നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്ന്. അതുകൊണ്ട്, ഈ പദ്ധതി എത്രയും പെട്ടെന്ന് സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.


അത് പ്രകാരം, കേരള ആല്‍ക്കഹോള്‍ എഡ്യൂക്കേഷന്‍ റിസേര്‍ച്ച്, റിഹാബിലിറ്റേഷന്‍ ആന്‍ഡ് കോംപന്‍സേഷന്‍ ഫണ്ട് (കെ എ ഇ ആര്‍ സി എഫ്) രൂപീകരിക്കുമെന്നും തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളെ സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കുന്നുണ്ട്.മദ്യം വാങ്ങുന്നവരില്‍ നിന്നും 16 ശതമാനം സെസ് ആണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ഇതില്‍ 5 ശതമാനമാണ് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്കു വേണ്ടി മാത്രമായി വിനിയോഗിക്കുന്നത്. ഇതു കൂടാതെ, ഓരോ കുപ്പി മദ്യം വില്‍ക്കുമ്പോഴും സര്‍ക്കാര്‍ 125 ശതമാനം മുതല്‍ 135 ശതമാനം വരെ നികുതി ഈടാക്കുന്നുണ്ട്. ഇതില്‍ 5 ശതമാനം തുക പുനരധിവാസത്തിനും പെന്‍ഷനും വേണ്ടിയാണ് ഉപയോഗിക്കാന്‍ നീക്കിവച്ചിരിക്കുന്നത്.
കോടതിയില്‍ നിന്നും തൊഴിലാളികള്‍ക്ക് അനുകൂലമായി ഒരു ഇടക്കാല വിധി:
ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്കിന്റെ ഇടക്കാല ഉത്തരവ് പ്രകാരം, ജോലി നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ വിധി വന്നു. നവംബര്‍ 1, 2017 ല്‍ വന്ന ഈ വിധി പ്രകാരം സര്‍ക്കാര്‍ സ്വരൂപിച്ച 5% സെസ് ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് മാത്രമുള്ളതാണെന്നും അതുകൊണ്ട് അവരുടെ പുനരധിവസവും അനുബന്ധ കാര്യങ്ങളും രണ്ടുമാസത്തിനകം ചെയ്തു തീര്‍ക്കണമെന്നും നിര്‍ദ്ദേശിച്ച് വിധി വന്നു.കോടതിയുടെ ഈ ഉത്തരവു പ്രകാരം, പുനര്‍ജ്ജനി പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു വേണ്ടി ഒരു അഞ്ചംഗ കമ്മറ്റിയെ നിയോഗിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.


എക്‌സൈസ് കമ്മീഷണര്‍ റിഷിരാജ് സിംഗ് കണ്‍വീനര്‍ ആയ ഈ കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍ എച്ച് വെങ്കിടേഷ് ഐ പി എസ് (മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍), സി കെ മണിശങ്കര്‍ (ചെയര്‍മാന്‍, കേരള അബ്കാരി വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്), ഡി ലാല്‍ (അഡീഷണല്‍ സെക്രട്ടറി, ലേബര്‍ ആന്റ് സ്‌കില്‍സ് ഡെവലപ്‌മെന്റ്), മോഹനരാജ് എം (ഡെപ്യൂട്ടി സെക്രട്ടറി, ടാക്‌സ് ഡിപ്പാര്‍മെന്റ്) എന്നിവരാണ് ഉള്ളതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാരിന് അനുവദിച്ച രണ്ടുമാസത്തെ കാലാവധി 2018 ജനുവരിയില്‍ അവസാനിച്ചു, കാലാവധി നീട്ടിത്തരണമെന്ന ഗവണ്‍മെന്റിന്റെ അപേക്ഷയില്‍ 4 മാസത്തെ സമയമാണ് കോടതി, ഗവണ്‍മെന്റിന് നീട്ടി നല്‍കിയിരിക്കുന്നത്. നാളിതുവരെയായിട്ടും പുനര്‍ജ്ജനി എന്ന പദ്ധതിയെക്കുറിച്ച് വ്യക്തമായ ഒരു ധാരണയില്‍ സര്‍ക്കാര്‍ എത്തിയിട്ടില്ല എന്നത് സുവ്യക്തമാണ്.(തുടരും, കള്ളിലെ കള്ളക്കളികള്‍. ഈ വെളിപ്പെടുത്തലിന്റെ അവസാനഭാഗം നാളെ.) 
ഇനിയും ജനിക്കാത്ത പുനര്‍ജ്ജനിക്കായി സര്‍ക്കാര്‍ പിരിച്ചത് 900 കോടി! അവകാശം ചോദിച്ചെത്തിയ മദ്യത്തൊഴിലാളികളോട് അധ്വാന വര്‍ഗ്ഗ സര്‍ക്കാരിന്റെ വിചിത്ര മറുപടി!!! കൂട്ടിയ മദ്യവിലയില്‍ സെസ് ഒഴിവാക്കി നികുതി ഇരട്ടിയാക്കി സര്‍ക്കാരിന്റെ അതിബുദ്ധി!! രഹസ്യങ്ങളുടെ ചുരുളഴിയുന്നു!!!

Leave a Reply

Your email address will not be published. Required fields are marked *