മൂട്ടില്‍ തീയാളുമ്പോഴും കോണ്‍ഗ്രസിനെ അലട്ടുന്നത് കെ വി തോമസിനെപ്പോലുള്ള പാഴ്മരങ്ങളുടെ പലായനം

ഇന്ത്യ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ബി ജെ പി സര്‍ക്കാരിന്റെ കീഴിലുള്ള, നരേന്ദ്ര മോദി നയിക്കുന്ന വിഷലിപ്ത വെറുപ്പിന്റെ കോര്‍പ്പറേറ്റ് രാഷ്ട്രീയമല്ല, മറിച്ച്, ഇവയ്ക്കൊന്നും തടയിടാന്‍ തക്ക ശേഷിയുള്ളൊരു പ്രതിപക്ഷമില്ല എന്ന പരമ ദയനീയമായൊരു അവസ്ഥയാണ്. ഭരണപക്ഷത്തിന്റെ ശക്തിയിലോ കഴിവിലോ അല്ല ഒരു രാജ്യത്തിന്റെ നിലനില്‍പ്പ്. മറിച്ച്, തെറ്റിനെ എതിര്‍ക്കാനുള്ള പ്രതിപക്ഷത്തിന്റെ കരളുറപ്പിലാണ്. പക്ഷേ, ഇന്ത്യയിലിപ്പോള്‍ പ്രതിപക്ഷമെന്നൊരു പക്ഷമേ ഇല്ലാത്ത അവസ്ഥയിലെത്തിയിട്ട് വര്‍ഷങ്ങളായി. ഇന്ത്യന്‍ ജനത ഇപ്പോള്‍ അനുഭവിക്കുന്ന ദുരിത പൂര്‍ണ്ണ ജീവിതത്തിനു കാരണം ഭരണപക്ഷത്തെ എതിര്‍ക്കാന്‍ ശേഷിയില്ലാത്ത, നട്ടെല്ലിനു ബലമില്ലാത്ത പ്രതിപക്ഷം തന്നെ.

തങ്ങളാണ് പ്രതിപക്ഷമെന്ന് കോണ്‍ഗ്രസ് പറയുന്നുണ്ടെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ ഉത്തരവാദിത്തമെന്തെന്ന് ആരെങ്കിലുമവര്‍ക്കു ക്ലാസെടുത്തു കൊടുക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.

1885 ല്‍ രൂപം കൊണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി വേരുറപ്പിച്ചതും വളര്‍ന്നതും ഇന്ത്യന്‍ ജനതയുടെ ഉയര്‍ച്ചയ്ക്കും ഉന്നമനത്തിനും അന്തസോടെയുള്ളൊരു ജീവിതത്തിനും ദാരിദ്ര്യത്തില്‍ നിന്നും ദുരിത ജീവിതത്തില്‍ നിന്നുമുള്ള മോചനത്തിനും വേണ്ടിയായിരുന്നു. ഇന്ത്യയെ അടക്കിഭരിച്ച, അടിമകളാക്കിയ ബ്രിട്ടീഷ് ഭരണത്തിനെതിരെ ആഞ്ഞടിക്കുന്നതിനു വേണ്ടി രൂപീകരിച്ച ജനങ്ങളുടെ സംഘടനയായിരുന്നു അതെങ്കിലും സ്വാതന്ത്ര്യാനന്തര ഭാരതം വളരെ മെച്ചപ്പെട്ട രീതിയില്‍ കെട്ടിപ്പടുക്കുന്നതിനു വേണ്ടി ആ പാര്‍ട്ടി മുന്നോട്ടു വരികയായിരുന്നു.

1947 ല്‍, സ്വാതന്ത്ര്യം നേടിയതിനു ശേഷം 20 വര്‍ഷക്കാലം ഇന്ത്യന്‍ രാഷ്ട്രീയത്തെ മുന്നില്‍ നിന്നു നിയന്ത്രിച്ച പാര്‍ട്ടിയും കോണ്‍ഗ്രസ് തന്നെ ആയിരുന്നു. കോണ്‍ഗ്രസിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലഘട്ടം കോണ്‍ഗ്രസിന്റെ സുവര്‍ണ്ണ കാലഘട്ടം തന്നെ ആയിരുന്നു. പിന്നീട്, ഇന്ദിരാഗാന്ധിയുടെ നേതൃത്തില്‍, 1969 ലാണ് കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടായി വിഭജിക്കപ്പെട്ടത്. ഇന്ദിരാ ഗാന്ധിയുടെ ഒപ്പമുള്ള ഭാഗം കോണ്‍ഗ്രസ് (R) എന്നും ബാക്കിയായവ കോണ്‍ഗ്രസ് (O) എന്നും വിഭജിക്കപ്പെട്ടു. പിന്നീട്, 1979 ല്‍ ഉണ്ടായ മറ്റൊരു വലിയ പിളര്‍പ്പിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് (I) എന്ന പാര്‍ട്ടി രൂപം കൊണ്ടത്.

1981 ലാണ് കോണ്‍ഗ്രസ് (ഐ) എന്ന രാഷ്ട്രീയ പാര്‍ട്ടിയെ തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ചത്. 1984 ല്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഗംഭീര വിജയം കൈവരിക്കുകയും ചെയ്തിരുന്നു. നെഹ്‌റു മുതല്‍ കോണ്‍ഗ്രസിന്റെ അവസാന പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗ് (2004-2014) വരെയുള്ള കാലയളവ് കരുത്തുറ്റതു തന്നെ ആയിരുന്നു.1966 ല്‍ പാര്‍ട്ടി നേതൃത്വം ഇന്ദിരാ ഗാന്ധി ഏറ്റെടുത്ത ശേഷം 1984 വരെ പാര്‍ട്ടിയെ നയിച്ചത് ഇന്ദിരാഗാന്ധി തന്നെ ആയിരുന്നു. രാജീവ് ഗാന്ധി മുതല്‍ നരസിംഹ റാവുവിന്റെ കാലഘട്ടം വരെയുള്ള 1984-1998 നു ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വതന്ത്രമായി നേരിട്ട തെരഞ്ഞെടുപ്പായിരുന്നു 1998 ല്‍ നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ അക്കാലം വരെയുള്ള കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി നേടിയത്. അന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റുകള്‍ 141 ല്‍ ഒതുങ്ങി. പാര്‍ട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനായി, രാജീവ് ഗാന്ധിയുടെ വിധവ സോണിയ ഗാന്ധിയിലാണ് കോണ്‍ഗ്രസ് അഭയം കണ്ടെത്തിയത്. എന്നാല്‍, പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനോ രാഷ്ട്രീയത്തിലേക്കിറങ്ങാനോ അവര്‍ ആദ്യകാലങ്ങളില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. പക്ഷേ, ഒട്ടേറെ നിര്‍ബന്ധങ്ങള്‍ക്കൊടുവില്‍, അവര്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.

2009 ല്‍ നടന്ന 15-ാം ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 543 സീറ്റുകളില്‍ 206 സീറ്റുകള്‍ നേടാന്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്കു കഴിഞ്ഞു. എന്നാല്‍, 2014 ലെയും 2019 ലെയും ദേശീയ തെരഞ്ഞെടുപ്പ് നയിച്ചത് സോണിയാ ഗാന്ധിയുടെ മകന്‍ രഹുല്‍ ഗാന്ധിയായിരുന്നു. അതോടെ, വിജയിച്ച സീറ്റുകളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകള്‍ നേടിയത് 2014 ല്‍ നടത്തിയ 16-ാം ലോക്സഭ തെരഞ്ഞെടുപ്പിലായിരുന്നു. അന്ന് വിജയിച്ച സീറ്റുകളുടെ എണ്ണം വെറും 44 മാത്രമായിരുന്നു.

വെറുപ്പിന്റെ രാഷ്ട്രീയം

1951 ല്‍ ഭാരതീയ ജനസംഘ് എന്ന പേരില്‍ രൂപീകൃതമായ ശേഷം ജനതാ പാര്‍ട്ടി എന്നൊരു രാഷ്ട്രീയ പാര്‍ട്ടിയായി ബി ജെ പി രൂപപ്പെട്ടത് 1977 ലായിരുന്നു. 1975 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തിരാവസ്ഥയ്ക്കെതിരെ അതിശക്തമായ പോരാട്ടമാണ് ബി ജെ പി നടത്തിയത്. ബി ജെ പി ആദ്യമായി ദേശീയ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് 1984 ലെ 8-ാം ലോക് സഭ തെരഞ്ഞെടുപ്പിലായിരുന്നു. അന്നവര്‍ നേടിയ സീറ്റുകള്‍ വെറും രണ്ടെണ്ണമായിരുന്നു. എന്നാല്‍, 2019 ല്‍ നടത്തിയ 17-ാം ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി നേടിയത് 303 സീറ്റുകളായിരുന്നു.


ജനമനസിലേക്ക് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതവൈരത്തിന്റെയും വിത്തുകള്‍ പാകി മുളപ്പിച്ചു വളര്‍ത്തി പന്തലിപ്പിച്ചു നേടിയെടുത്ത വെറുപ്പിന്റെ വിജയങ്ങളാണിവയെല്ലാം. പക്ഷേ, ഇവയെ ശക്തമായ രീതിയില്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുശേഷിയോ ശക്തിയോ ഇല്ല. കാരണം, നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതും ഈ വെറുപ്പിന്റെ രാഷ്ട്രീയം തന്നെയാണ്. വെറുപ്പു നട്ടുമുളപ്പിച്ച് വളര്‍ത്താന്‍ തക്ക സാമ്പത്തിക ശേഷിയും കഴിവുമുള്ള ബി ജെ പിയെയും സഖ്യകക്ഷികളെയും വെല്ലാന്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കഴിവില്ല. അതിനാല്‍ മാത്രമാണ് വെറുപ്പോ മതസ്പര്‍ദ്ധയോ അല്ല, തങ്ങള്‍ ലക്ഷ്യമിടുന്നത് മതേതരത്വവും ഭാരതത്തിന്റെ അഖണ്ഡതയും മാത്രമാണെന്നു പ്രചരിപ്പിക്കാനും സാധ്യമായ അവസരങ്ങളിലെല്ലാം മതവിശ്വാസം കുത്തിനിറച്ച രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താനും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നത്.

കെ വി തോമസെന്ന പാഴ്മരം

1946 മെയ് 10ന് ജനിച്ച കുറുപ്പശ്ശേരി വര്‍ക്കി തോമസ് അഥവാ കെ വി തോമസ് എന്ന 75 കാരന്‍ രാഷ്ട്രീയത്തിലേക്കെത്തിയത് 1970 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയായിരുന്നു. 1984 ല്‍ എറണാകുളത്തുനിന്നും 8-ാം ലോക്‌സഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1989 ല്‍, വീണ്ടും അദ്ദേഹം 9-ാം ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു, പിന്നീട് 10-ാം ലോക്‌സഭയുടെയും ഭാഗമായിരുന്നു.

2001-2009 കാലഘട്ടത്തില്‍, കേരള നിയമസഭയിലേക്ക് രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടു. എന്നുമാത്രമല്ല, 2001 ല്‍, കേരള മന്ത്രിസഭയില്‍ ടൂറിസം, ഫിഷറീസ്, എക്‌സൈസ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നതും കെ വി തോമസായിരുന്നു. 2009 ല്‍, 15-ാം ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കെ വി തോമസ് കേന്ദ്രമന്ത്രിസഭയില്‍ കൃഷി, കണ്‍സ്യൂമര്‍ അഫയേഴ്‌സ്, പൊതുവിതരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഫുഡ് ആന്റ് പബ്ലിക് ഡിസ്ട്രിബ്യൂഷന്റെ കേരളത്തിന്റെ ചുമതലകള്‍ വഹിച്ചിരുന്നതും കെ വി തോമസ് തന്നെയായിരുന്നു. 2014 ല്‍, 16-ാം ലോക്‌സഭയിലേക്ക് എറണാകുളത്തെ പ്രതിനിധീകരിച്ച് 5-ാം തവണയും കെ വി തോമസ് തെരഞ്ഞെടുക്കപ്പെട്ടു.ഇവ കൂടാതെ, ഡിഫന്‍സ് കണ്‍സള്‍ട്ടേറ്റീവ് അംഗം, സിവില്‍ ഏവിയേഷന്‍ ആന്റ് ടൂറിസം കണ്‍സള്‍ട്ടേറ്റീവ് അംഗം, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കോര്‍ട്ട് അംഗം, മറൈന്‍ പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡയറക്ടര്‍ബോര്‍ഡ് അംഗം, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍, ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ തുടങ്ങി അനവധി നിരവധി ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച 1970 മുതല്‍, ഇന്നീ നിമിഷം വരെ വഹിച്ച ചുമതലകളുടെ എണ്ണം നിരവധിയാണ്. കോണ്‍ഗ്രസ് വടവൃക്ഷമായി നിന്ന കാലയളവു മുതല്‍, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടം വരെ എണ്ണിയാല്‍ തീരാത്തത്ര വമ്പന്‍ സ്ഥാനങ്ങള്‍ കൈയാളിയ കെ വി തോമസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആ പാര്‍ട്ടിക്കു തിരിച്ചു നല്‍കിയത് എന്താണ് എന്നു ചോദിച്ചാല്‍ വട്ടപ്പൂജ്യം എന്നതായിരിക്കും ഉത്തരം.

കോണ്‍ഗ്രസ് ഒരു പാരമ്പര്യ പാര്‍ട്ടിയാണെന്നും ഗാന്ധികുടുംബത്തിന്റെ വേരുകളില്‍ കെട്ടപ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസിനകത്തും പുറത്തും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഗാന്ധി കുടുംബത്തിലുള്ളവര്‍ക്കു മാത്രമാണോ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം…?? ആ പാര്‍ട്ടിയുടെ കരുത്തില്‍ തഴച്ചു വളര്‍ന്ന് കോടികള്‍ സമ്പാദിച്ച, ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച, അധികാരത്തിന്റെ തണലില്‍ പുളച്ചു നടന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊന്നും ആ പാര്‍ട്ടിയോടും ആ പാര്‍ട്ടിയില്‍ അടിയുറച്ചു വിശ്വസിച്ച ജനങ്ങളോടും യാതൊരു പ്രതിബദ്ധതയോ കടപ്പാടോ ഇല്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ വി തോമസ് എന്ന പാഴ്മരവും ആ പാഴ്മരത്തിന്റെ പിന്നാലെ അനുനയ ശ്രമങ്ങളുമായി കൂടിയിരിക്കുന്ന നേതാക്കളും.

പച്ചനോട്ടുകളുടെ കെട്ടു കാണിച്ചാല്‍ ഇന്ത്യയെ ഒറ്റുകൊടുക്കാന്‍ മടിയില്ലാത്ത ചോരക്കൊതിയന്മാരായ നേതാക്കളുടെ കാല്‍ച്ചുവട്ടില്‍ കിടക്കാനും തങ്ങള്‍ തയ്യാറാണെന്നു വിളിച്ചു പറഞ്ഞ് ബി ജെ പി പാളയത്തിലേക്കു നീങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ട നിരയൊന്നു പരിശോധിക്കുക.മനുഷ്യമനസുകളില്‍ മതവൈരവും വെറുപ്പും നിറച്ച്, ജനങ്ങളെ തമ്മിലടിപ്പിച്ച്, ഇന്ത്യന്‍ ഭരണനേതൃത്വം പണം കൊടുത്തും നേടിയെടുത്ത ബി ജെ പിയിലേക്കു പോയ കോണ്‍ഗ്രസ് നേതാക്കള്‍ ഏകദേശം 35% പേരാണ്. 2024 ല്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി ദേശീയ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, തെരഞ്ഞെടുപ്പിനു മുന്‍പും വിജയിച്ചതിനു ശേഷവും ബി ജെ പി പാളയത്തിലേക്കു ചേക്കേറാന്‍ വെമ്പല്‍ പൂണ്ടു നില്‍ക്കുന്നവര്‍ നിരവധിയാണ്. ഇന്ത്യ കീറിമുറിക്കപ്പെട്ടാലും ചുടുചോര വീണ് ഈ നാടു നശിച്ചാലും തങ്ങള്‍ക്കു വേണ്ടത് അധികാരവും പണവും സര്‍വ്വപ്രതാപങ്ങളുമാണെന്ന് വിളിച്ചു പറയുന്ന, മരിക്കും വരെ അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന കെ വി തോമസിനെപ്പോലുള്ള പാഴ്മരങ്ങളെ വച്ചു കൊണ്ട് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി മുന്നോട്ടു പോകുന്നതിലും നല്ലത് ഒരു ദിവസമെങ്കില്‍ ഒരു ദിവസം മുന്‍പേ മരിച്ചു മണ്ണടിയുന്നതാണ്.


സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നീ ഗാന്ധി കുടുംബക്കാര്‍ മാത്രമല്ല, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കപ്പാടെയുള്ള മൂല്യച്യുതി തന്നെയാണ് കോണ്‍ഗ്രസിന്റെ അപചയത്തിനു കാരണം. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിച്ച ശേഷം കഴിവും ധിഷണയും നേതൃപാടവവുമുള്ള അനേകം നേതാക്കള്‍ ആ പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീട്, അഴിമതി കോണ്‍ഗ്രസിന്റെ മുഖമുദ്രയായി. ഏതു വിധേനയും പണവും അധികാരവും നേടിയാല്‍ മതിയെന്നും രാജ്യപുരോഗതിക്കും ജനജീവിതത്തിനും യാതൊരു പ്രാധാന്യവും നല്‍കേണ്ടതില്ലെന്നും അടിയുറച്ചു വിശ്വസിച്ച, ഇപ്പോഴും ആ വിശ്വാസത്തില്‍ ജീവിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ആ പാര്‍ട്ടിയുടെ പടുമരണത്തിനു കാരണം. മൂട്ടില്‍ തീയാളുന്ന ഈ അവസ്ഥയിലും അതു തിരിച്ചറിയാന്‍ കഴിയാതെ, കാശിനും അധികാരത്തിനും വേണ്ടി ആരുടെ കാലു നക്കാനും മടിയില്ലാത്ത ചില പാഴ്മരങ്ങളുടെ ആസനം താങ്ങാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ് ഇപ്പോഴും. അവശേഷിക്കുന്നവരാകട്ടെ, ഏതുനിമിഷം വേണമെങ്കിലും മറുകണ്ടം ചാടാം.

ആരാണ് ദേശീയ നേതാവ്….??

ദേശത്തിനോ ഭാഷയ്‌ക്കോ മതത്തിനോ അധികാരത്തിനോ അപ്പുറം ജനമനസില്‍ സ്‌നേഹത്താലും ആദരത്താലും സ്ഥാനം പിടിക്കുന്ന നേതാവ് ആരാണോ ആ മനുഷ്യനാണ് നാടിന്റെ നേതാവ്. ഇന്ത്യയില്‍ ഏതു നിയോജക മണ്ഡലത്തില്‍ നിന്നാലും വിജയിച്ചു മുന്നേറാന്‍ കഴിയുന്നൊരു നേതാവുണ്ടെങ്കില്‍ ആ മനുഷ്യനാണ് ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തനായവന്‍. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ നേതാക്കളെ നോക്കുക. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയിലെ ഏതു നിയോജനമണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുപ്പിനെ നേരിട്ടാലും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമായിരുന്നു. ജനമനസുകളില്‍ അദ്ദേഹത്തിന്റെ സ്ഥാനം അത്രയേറെ വലുതായിരുന്നു. അടിമുടി വര്‍ഗ്ഗീയത നിറഞ്ഞ ബി ജെ പിയുടെ നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി പോലും അത്തരത്തില്‍ ജനസമ്മതനായൊരു നേതാവായിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ നീണ്ട പരിവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്നിപ്പോള്‍ രാഹുല്‍ ഗാന്ധിയില്‍ എത്തി നില്‍ക്കുന്നു. സ്വന്തം തട്ടകമായ അമേഠിയിലും റായ്ബറേലിയിലും നിന്നാല്‍പ്പോലും തോറ്റു തുന്നംപാടുമെന്നുറപ്പുള്ളതിനാല്‍, 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ടത് വയനാട്ടിലായിരുന്നു. അമേഠിയിലും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനമനസുകളില്‍ വിഷം നിറച്ചോ കാലഹരണപ്പെട്ട മാമൂലുകളെ തിരികെ കൊണ്ടുവരാന്‍ നോക്കിയോ ഗിമ്മിക്കുകള്‍ കാണിച്ചോ ജനങ്ങളെ ഏറെക്കാലം കൂടെ നിറുത്താന്‍ കഴിയുകയില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയണം. അവരുടെ ആവശ്യങ്ങളില്‍ കൂടെയുണ്ടാവണം. അന്തസോടെ ജീവിക്കാന്‍ ജനങ്ങള്‍ക്കു സാഹചര്യമൊരുക്കണം. ആത്മാഭിമാനത്തോടെ പണിയെടുത്തു ജീവിക്കാന്‍ കഴിയണം. ആര്‍ക്കു മുന്നിലും നട്ടെല്ലു പണയം വയ്ക്കാതെ അന്തസോടെ അധ്വാനിച്ചു ജീവിക്കാന്‍ ഏതു നേതാവാണോ അവര്‍ക്ക് അവസരമൊരുക്കുന്നത്, ആ നേതാവിനെ നമുക്ക് ജനനേതാവെന്ന് നിസ്സംശയം വിളിക്കാം.

സ്റ്റാലിന്‍: മതത്തിനപ്പുറം മനുഷ്യനെ കാണുന്ന ജനനേതാവ്

തമിഴ്‌നാടിന്റെ 8-ാമത് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിനെന്ന കരുത്തുറ്റ നേതാവ് ഭരണത്തിലേറിയത് 2021 മെയ് 7 നാണ്. ആകെയുള്ള 234 അസംബ്ലി സീറ്റുകളില്‍ 159 സീറ്റുകളില്‍ വിജയിച്ചുകൊണ്ടാണ് സ്റ്റാലിന്‍ ഭരണത്തിലേറിയത്. സ്റ്റാലിന്റെ പാര്‍ട്ടിയായ ഡി എം കെ 132 സീറ്റുകളില്‍ വിജയിച്ചിരുന്നു. കൊറോണ വൈറസ് ഇന്ത്യയില്‍ ഉഗ്രതാണ്ഡവമാടിയ നാളുകളിലായിരുന്നു ആ തെരഞ്ഞെടുപ്പും വിജയവും. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഉടന്‍ അദ്ദേഹം ചെയ്തത് കോവിഡ് രോഗികള്‍ക്ക് മതിയായ ചികിത്സയും മരുന്നും പരിചരണവും നല്‍കുക എന്നതായിരുന്നു. ആരോഗ്യവകുപ്പിന്റെ വിലക്കിനെപ്പോലും മറികടന്ന്, പി പി ഇ കിറ്റും ധരിച്ച്, കോവിഡ് വാര്‍ഡുകളില്‍ രോഗികള്‍ക്കു മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനായി അദ്ദേഹം സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു. ജനങ്ങളുടെ ജീവിതാന്തസ് ഉയര്‍ത്തുന്നതിനും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതിനും കൃഷിക്ക് വന്‍ പ്രാധാന്യം നല്‍കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങളും വ്യവസായങ്ങളും വളര്‍ത്തുന്നതിനും ഈ കുറഞ്ഞ കാലയളവിനുള്ളില്‍ അദ്ദേഹത്തിനു സാധിച്ചു.ജനങ്ങള്‍ക്കു വേണ്ടത് ജാതിയുടെയും മതത്തിന്റെയും ജീര്‍ണ്ണിച്ച കുപ്പായമല്ല, വിശക്കുന്ന വയറുകള്‍ക്ക് ആഹാരവും തൊഴിലെടുത്തു ജീവിക്കാനുള്ള സാഹചര്യവും അന്തസോടെ പഠിക്കാനുള്ള മെച്ചപ്പെട്ട സംവിധാനങ്ങളുമാണെന്ന തിരിച്ചറിവില്‍ തമിഴ്ജനതയ്ക്കു വേണ്ടി നട്ടെല്ലുറപ്പോടെ ഭരിച്ചു കാണിക്കുകയാണ് എം കെ സ്റ്റാലിന്‍ എന്ന ഭരണാധികാരി. എം കരുണാനിധി എന്ന പിതൃനാമമല്ല അദ്ദേഹത്തെ മികച്ച ഭരണാധികാരിയാക്കുന്നത്, മറിച്ച്, ജനങ്ങളുടെ ക്ഷേമത്തിനും ജീവിതത്തിനും വേണ്ടി സദാ പ്രവര്‍ത്തനനിരതനായ ഭരണാധികാരി ആയതിനാലാണ് തമിഴ് ജനത അദ്ദേഹത്തെ നെഞ്ചിലേറ്റിയിരിക്കുന്നത്.

മതത്തിന്റെയും ജാതിയുടെയും തൊലിയുടെ നിറത്തിന്റെയും ആണിന്റെയും പെണ്ണിന്റെയുമെല്ലാം പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിച്ച് അവരെ അധീനതയിലാക്കി പരസ്പരം വെറുപ്പിച്ച് വിജയം നേടാന്‍ സ്റ്റാലിനെ കിട്ടുകയില്ല. അതിനാല്‍ത്തന്നെ, 2024ല്‍ ഇന്ത്യ ഭരിക്കേണ്ടത് ആരെന്ന ചോദ്യത്തിന് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കേണ്ട ഉത്തരം എം കെ സ്റ്റാലിന്‍ എന്നുതന്നെയാവുമെന്നതില്‍ തര്‍ക്കമില്ല. കാരണം, വെറുപ്പു കൊണ്ടു വയര്‍ നിറയ്ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്. ജനങ്ങള്‍ വെറും മണ്ടന്മാരാണെന്ന ധാരണയില്‍ വെറുപ്പു വിതച്ച് വെറുപ്പു കൊയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പരാജയത്തിന്റെ കൈയ്പ്പു നീര്‍ നുണയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.


………………………………………………………………………………..
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡൈജു സ്‌കറിയ


Leave a Reply

Your email address will not be published. Required fields are marked *