ആ സെക്യുലര്‍ വിവാഹം പാര്‍ട്ടിയില്‍ നിന്നും മറച്ചുവച്ചത് എന്തിന്…??

 

സി പി എമ്മിന്റെ ഇക്കാലമത്രയുമുള്ള നാള്‍വഴികള്‍ പരിശോധിച്ചാലറിയാം, സെക്യുലര്‍ ബന്ധങ്ങളെ എന്നെന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒരു പാര്‍ട്ടിയാണത്. എന്നുമാത്രമല്ല, മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ് മനുഷ്യരെ മനുഷ്യരായി കാണുന്നു എന്നതാണ് സി പി എം എന്നെന്നും മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തം.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നല്‍കിയപ്പോള്‍, ഭരണഘടനയ്‌ക്കൊപ്പം നിന്ന സി പി എം, മതഭ്രാന്തിനു കീഴടങ്ങുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.

വിവാദമായ പല വിവാഹങ്ങള്‍ക്കും കാവല്‍ നില്‍ക്കുകയും, അവരെ സംരക്ഷിക്കുകയും ചെയ്ത അനുഭവമാണ് പല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ളത്. മാത്രമല്ല, മറ്റ് പാര്‍ട്ടികളില്‍ പെട്ടവരും, പ്രത്യേക രാഷ്ട്രീയം ഇല്ലാത്തവരും പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടിയെ ആശ്രയിക്കാറുണ്ട് . അതിന് കാരണം, CPM ന് ജാതിമത ഭേദങ്ങളൊന്നുമില്ല, അവര്‍ സെക്യുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യും എന്ന വിശ്വാസമാണ്. പാര്‍ട്ടിയുടെ പുരോഗമന, മതനിരപേക്ഷ നിലപാടുകളിലുള്ള ഉറപ്പാണ് അതിനു കാരണം.

എന്നിട്ടു പോലും, പാര്‍ട്ടിയുടെ ഒരു ലോക്കല്‍ കമ്മറ്റിയംഗം തന്റെ സെക്യുലര്‍ വിവാഹം പാര്‍ട്ടിയില്‍ നിന്ന് മറച്ചു വച്ചു. ഇക്കാര്യം പാര്‍ട്ടിയില്‍ അറിയിച്ചിരുന്നെങ്കില്‍, പാര്‍ട്ടി സംരക്ഷണം നല്‍കാന്‍ തയ്യാറാവില്ല എന്ന് മാത്രമല്ല, ഒരു പക്ഷേ അത് നടക്കാതിരിക്കാനുള്ള ശ്രമങ്ങളും നടത്തിയേക്കാം എന്നവര്‍ ഭയപ്പെട്ടിട്ടുണ്ട്.

ജോര്‍ജ്ജ് എം തോമസിനു സംഭവിച്ചത് നാക്കു പിഴയല്ല, മറിച്ച് ലൗ ജിഹാദാണെന്ന പ്രസ്താവന നടത്തിയത് നേതാക്കന്മാരുമായി ആലോചിച്ചിട്ടു തന്നെ ആയിരിക്കുമല്ലോ. ഇനി, അതല്ല, അത് ജോര്‍ജ്ജ് എം തോമസിന്റെ സ്വന്തം അഭിപ്രായമായിരുന്നുവെങ്കില്‍, ഇത്തരത്തില്‍ ധാരാളമാളുകള്‍ സി പി എമ്മില്‍ത്തന്നെ ഉണ്ടെന്നല്ലേ അര്‍ത്ഥം…??

ജാതി മത ഭ്രാന്തന്മാരുടെ എതിര്‍പ്പിനെ ഭയന്ന് ഭരണഘടനയെയും ശക്തമായ നിലപാടുകളെയും ഉപേക്ഷിക്കാന്‍ തയ്യാറായ പാര്‍ട്ടി തന്നെയാണ് സി പി എം. നാല് വോട്ടുകള്‍ക്കു വേണ്ടി മാറ്റുന്നതല്ല സി പി എം നിലപാടെന്ന് ഉച്ചത്തില്‍ പറയുകയും തെരഞ്ഞെടുപ്പില്‍ ജനവികാരം മറിച്ചായപ്പോള്‍ നിലപാടു മാറ്റുകയുമായിരുന്നു മതനിരപേക്ഷ മുഖമുദ്രയുള്ള ആ പാര്‍ട്ടി.

കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ മുന്‍ തിരുവമ്പാടി എംഎല്‍എയുടെ നിലപാട് സി പി എം തള്ളിയതിനു പിന്നിലും ജനങ്ങളില്‍ നിന്നുതന്നെയുള്ള ഈ എതിര്‍പ്പു തന്നെയാണ് കാരണം. ആദ്യമത് ലൗ ജിഹാദ് തന്നെ ആയിരുന്നു. പിന്നീട് വിവാദമായപ്പോള്‍, ജില്ലാ സെക്രട്ടറി പി മോഹനന്‍ മുന്നോട്ടു വന്ന് ഡിവൈഎഫ്ഐ നേതാവ് ഷെജിനെയും ജോയ്‌സ്‌നയുടെയും വിവാഹം ലൗജിഹാദ് അല്ലെന്ന് വ്യക്തമാക്കി. സംഭവത്തില്‍ അസ്വഭാവികയില്ലെന്നും വിഷയം വ്യക്തിപരമാണെന്നും പാര്‍ട്ടിയെ ബാധിക്കുന്നതല്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എല്ലാവരെയും ബോധ്യപ്പെടുത്തി, പാര്‍ട്ടിയുടെ അനുമതിയോടെ നടത്തേണ്ട വിവാഹമായിരുന്നു ഇതെന്നും പി മോഹനന്‍ അഭിപ്രായപ്പെട്ടിരുന്നു.

പ്രണയത്തിലായിരുന്ന കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവ് ഷെജിനെയും ജോയ്‌സ്‌നയെയും കാണാതാവുകയും സംഭവത്തില്‍ ലൗജിഹാദടക്കം ആരോപിച്ച് ചിലര്‍ രംഗത്തുവരികയും ചെയ്തിരുന്നു. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഷിജിനും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള ജോയ്‌സനയും തമ്മിലുള്ള ബന്ധത്തില്‍ പ്രതിഷേധിച്ച് കോടഞ്ചേരിയില്‍ കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനം നടക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് സിപിഎം അടുത്ത ദിവസം വിശദീകരണം യോഗം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ജോര്‍ജ് എം. തോമസിന്റെ തുറന്നു പറച്ചില്‍. അതേസമയം, ജോര്‍ജ്ജ് എം.തോമസിന്റെ പ്രസ്താവന തള്ളി ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *