കെ പി യോഹന്നാന്റെ വന്‍ സാമ്പത്തിക തട്ടിപ്പ്: കണ്ണടച്ച് മലയാള മാധ്യമങ്ങള്‍

സ്വയം പ്രഖ്യാപിത ബിഷപ്പ് കെ പി യോഹന്നാന്‍ അമേരിക്കയിലെ സാമ്പത്തിക തട്ടിപ്പു കേസ് 261 കോടി രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കിയത് ഇതുവരെയും ഒരു മലയാള മാധ്യമങ്ങളും അറിഞ്ഞിട്ടില്ല…!! ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങളല്ലാതെ നാളിതുവരെ ഈ തട്ടിപ്പിന്റെ വാര്‍ത്ത മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം ആദ്യമേ മറച്ചു വച്ചതു പോലെ, കെ പി യോഹന്നാന്റെ വന്‍ തട്ടിപ്പിന്റെ വാര്‍ത്തയും മുഖ്യധാര മാധ്യമങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം മറച്ചു പിടിച്ചു എന്നുവേണം കരുതാന്‍. 2019 മെയ് ആറിനായിരുന്നു ഈ ഒത്തുതീര്‍പ്പു വാര്‍ത്തകള്‍ പുറത്തു വന്നത്. ഇന്ത്യയിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കാനെന്ന പേരില്‍ അമേരിക്കയില്‍ വന്‍ പണപ്പിരിവു നടത്തി, പാവങ്ങള്‍ക്കു വെറും ന്ക്കാപ്പിച്ച നല്‍കിയ ശേഷം ബാക്കി പണം മുഴുവന്‍ സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി വക മാറ്റിയതിനാണ് അമേരിക്കന്‍ കോടതിയില്‍ കെ പി യോഹന്നാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭാവനയായി കിട്ടിയ ഫണ്ട് ദുരുപയോഗം ചെയ്ത കേസാണ് 37 മില്യന്‍ ഡോളറിന് (261 കോടി രൂപ) കെ പി യോഹന്നാന്‍ ഒത്തുതീര്‍പ്പാക്കിയത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ, ഗോസ്പല്‍ ഫോര്‍ ഏഷ്യ ഇന്റര്‍നാഷണല്‍, കെ പി യോഹന്നാന്‍, ഇയാളുടെ ഭാര്യ ഗിസെല പുന്നൂസ്, മകന്‍ ഡാനിയല്‍ പുന്നൂസ്, ഡേവിഡ് കാരോള്‍, പാറ്റ് എമറിക് എന്നിവര്‍ക്കെതിരെ അമേരിക്കയിലെ ജില്ലാ കോടതിയിലാണ് (അര്‍ക്കന്‍സസ്) കേസ് രജിസ്റ്റര്‍ ചെയ്തത്. അമേരിക്കന്‍ ഡോക്ടര്‍ ദമ്പതികളായ മര്‍ഫി- ഗാര്‍ലാന്‍ഡ് എന്നിവരാണ് യോഹന്നാനും കുടുംബത്തിനുമെതിരെ വഞ്ചനാകുറ്റത്തിനും സാമ്പത്തിക തട്ടിപ്പിനും കേസ് നല്‍കിയത്.

ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം കെ.പി.യോഹന്നാന്‍ നഷ്ടപരിഹാരമായി ഏകദേശം 261 കോടി രൂപ നല്‍കണം. മാത്രമല്ല, ഗോസ്പല്‍ ഫോര്‍ ഏഷ്യ (അമേരിക്ക)യുടെ ബോര്‍ഡ് അംഗത്വത്തില്‍ നിന്നും യോഹന്നാന്റെ ബന്ധുക്കളെ പുറത്താക്കുകയും വേണം. യോഹന്നാനെ ചോദ്യം ചെയ്ത ദമ്പതികളെ ഗോസ്പല്‍ ഫോര്‍ ഏഷ്യ (അമേരിക്ക ) ബോര്‍ഡില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ പരാതി നല്‍കിയത്. ഈ കേസിലാണ് യോഹന്നാന്‍ ഇപ്പോള്‍ 37 ദശലക്ഷം യു.എസ് ഡോളര്‍ ( 261 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ കോടതിയില്‍ വിധിച്ചത്. കൂടാതെ, യോഹന്നാന്റെ ഭാര്യയെ ബോര്‍ഡ് അംഗത്വത്തില്‍ നിന്നും മാറ്റണം എന്നും യോഹന്നാന്റെ ബന്ധുക്കള്‍ ആരും ബോര്‍ഡില്‍ ഉണ്ടാകാന്‍ പാടില്ല എന്നും കോടതി വ്യവസ്ഥയുണ്ട്. നഷ്ടപരിഹാര തുക മുഴുവന്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയും ചെയ്യും.

പിഴ തുക കൈമാറാന്‍ ഒരു സബ് കമ്മിറ്റിയെ രൂപീകരിക്കണം എന്നും ഇതിലും യോഹാന്നാനോ ബന്ധുക്കളോ ആരും ഉണ്ടാകാന്‍ പാടില്ല എന്നും ധാരണയായിട്ടുണ്ട്. കൂടാതെ പരാതിക്കാരായ അമേരിക്കന്‍ ദമ്പതികളെ ബോര്‍ഡംഗങ്ങളായി തിരികെ നിയമിക്കണം. നിബന്ധനകള്‍ അംഗീകരിക്കുന്നു എന്നും നിലവിലെ ബോര്‍ഡ് അംഗങ്ങളെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും എന്നും യോഹന്നാന്റെ വക്കീല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മുപ്പത് (30) ദിവസത്തിനുള്ളില്‍ സെറ്റില്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് 26,000,000 ഡോളര്‍ നല്‍കണം എന്നും 12 മാസത്തിനുള്ളില്‍ ബാക്കി തുക നല്‍കണം എന്നും പണം കൈമാറുന്നത് വരെ അമേരിക്കയിലെ ഓഫിസ് ഈടായി നല്‍കണം എന്നുമാണ് വ്യവസ്ഥ. അമേരിക്കയിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ പ്രധാന ഓഫിസ് കോടതി ഈടായി കണക്കാക്കിയതിനാല്‍, പ്രസ്തുത തുക യോഹന്നാന്റെ മറ്റു സ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്തേണ്ടതായി വരും എന്നും വക്കീല്‍ കോടതിയെ അറിയിച്ചു. ഇതാകും അമേരിക്കയിലേക്ക് കൈമാറുകയെന്നാണ് സൂചന.

2016ല്‍ 1,889 കോടി രൂപയാണ് ബിലീവേഴ്സ് ചര്‍ച്ചും മറ്റ് സ്വതന്ത്ര സംഘടനകളും ചേര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ഫണ്ടെന്ന പേരില്‍ ഇന്ത്യയില്‍ സ്വീകരിച്ചത്. തൊട്ട് പിന്നാലെ അയന ചാരിറ്റബിള്‍ 826 കോടി വാങ്ങി ഏറ്റവും വലിയ തുക വിദേശ ഫണ്ട് സ്വീകരിക്കുന്ന സ്വതന്ത്ര സംഘടനയായി മാറി. ബിലീവേഴ്സ് ചര്‍ച്ച് 342 കോടിയും, ലാസ്റ്റ് അവര്‍ മിനിസ്ട്രി 103 കോടിയും ലൗ ഇന്ത്യ മിനിസ്ട്രി 76 കോടി രൂപയും വിദേശ രാജ്യങ്ങളില്‍ നിന്ന് കൈപ്പറ്റി. കെപി യോഹന്നാനുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഈ നാല് സംഘടനകളും സാമ്പത്തികമായി വളരെ മെച്ചപ്പെട്ട നിലയിലാണ് എന്നും. ഇതിനിടെയാണ് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഡോ കെ പി യോഹന്നാനെതിരെ അമേരിക്കയില്‍ ഉയര്‍ന്നത്. 2790 കോടി രൂപ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്. ഇത്തരമൊരു തെറ്റ് ചെയ്തുവെന്ന് യോഹന്നാന്റെ സംഘടന സമ്മതിക്കുന്നില്ല. എങ്കിലും അമേരിക്കയിലെ നിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കേസ് പണം കൊടുത്ത് സെറ്റില്‍ ചെയ്യാന്‍ യോഹന്നാന്‍ തീരുമാനിക്കുകയായിരുന്നു.

മതപരമായ സംഘടനയെന്ന രീതിയില്‍ ഡോ കെ പി യോഹന്നാന്‍ മെത്രാപ്പൊലീത്തയുടെ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളില്‍നിന്ന് വന്‍ പിരിവാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയില്‍നിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പല്‍ ഫോര്‍ ഏഷ്യ കണക്കുകള്‍ കാണിക്കേണ്ടതുമില്ല. എന്നാല്‍ വിദേശ സന്നദ്ധ സംഘടനയെന്ന നിലയില്‍ ഇന്ത്യയില്‍ കണക്ക് കാണിക്കേണ്ടതുമുണ്ട്. ഈ കണക്കുകളാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതനുസരിച്ച് ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവര്‍ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയില്‍നിന്ന് പിരിച്ച വലിയ തുകയില്‍ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങള്‍ക്കായി വഴിമാറ്റി. ഇതാണ് നിയമപ്രശ്‌നമായി മാറിയത്.

2013-ല്‍ മാത്രം ഗോസ്പല്‍ ഫോര്‍ ഏഷ്യ ആഗോളതലത്തില്‍ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങള്‍ക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതില്‍ പ്രധാനം ജീസസ് വെല്‍ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012-ല്‍ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാല്‍ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013-ല്‍ പിരിവ് 350 കോടിയോളമായി. എന്നാല്‍ കിണര്‍ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും. അമേരിക്കയിലെ പടിഞ്ഞാറന്‍ പ്രദേശമായ അര്‍ക്കന്‍സാസിലെ ജില്ലാ കോടതിയാണ് യോഹന്നാനെതിരായ ഹര്‍ജി എത്തിയത്. ഇതോടെ ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയെന്ന സംഘടന ഗോസ്പല്‍ ഫോര്‍ ഏഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു കേസും. ഇതുമൂലം അമേരിക്കയിലെ പ്രവര്‍ത്തനങ്ങളില്‍ യോഹന്നാന്റെ സംഘടനയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒത്തു തീര്‍പ്പിന് തയ്യാറായതെന്നാണ് സൂചന.

കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന 1980ല്‍ കേവലം 900/ രൂപ മുടക്കുമുതലില്‍ തിരുവല്ല സബ് രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനമാണ്. ഈ സംഘടന ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു. തിരുവല്ല താലൂക്കില്‍ നിരണം വില്ലേജില്‍ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി.ചാക്കോ, കെ.പി.യോഹന്നാന്‍, കെ.പി.മാത്യൂ എന്ന മൂന്ന് സഹോദരന്മാരാല്‍ രൂപീകൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു പൊതുജനമതപരമായ ധര്‍മ്മസ്ഥാപനമായിട്ടാണ് ഈ കുടുംബ ട്രസ്റ്റ് പ്രവര്‍ത്തിച്ചു വരുന്നത്. മതപരവും ദുരിതാശ്വാസത്തിനും പൊതുജനങ്ങളെ സംരക്ഷിക്കുക, പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നീ സാമുഹിക ഇടപെടലുകളാണ് ലക്ഷ്യമെന്നാണ് സംഘടന വിശദീകരിക്കുന്നത്.

ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരമുള്ള പണം പരാതി നല്കിയവര്‍ക്കല്ല, മറിച്ച് സംഭാവന നല്കിയവര്‍ക്കാണ് തിരികെ നല്‍കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കി എങ്കിലും കുറ്റാരോപിതരെ കുറ്റവിമുക്തരാക്കില്ല എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയാല്‍ മാത്രമേ ആ കേസില്‍ നിന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുകയുള്ളു എന്നാണ് വിദഗ്ധാഭിപ്രായം. കേസ് ഒത്തുതീര്‍പ്പാക്കാതെ നീണ്ടുപോകുന്നതു കൊണ്ടാണ് ഒത്തുതീര്‍പ്പിനു തയ്യാറായതെന്നാണ് കെ പി യോഹന്നാന്റെയും ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെയും വിശദീകരണം. 

Leave a Reply

Your email address will not be published. Required fields are marked *