ഈ നീതികേടുകള്‍ സഹിക്കാവുന്നതോ പൊറുക്കാവുന്നതോ അല്ല: അനിത ശ്രീജിത് എഴുതുന്നു….

വാളയാർ കേസിൽ നീതി തലകുത്തി നിൽക്കുമ്പോൾ നിങ്ങളൊന്നോർത്തു നോക്കൂ രണ്ട് പിഞ്ചു പെണ്ണുടലുകൾ തിന്ന വേദന, മാനസികാഘാതം എത്ര ആയിരുന്നുവെന്ന് – ഒൻപതു വയസ്സിൽ ,പതിനൊന്നു വയസ്സിൽ ഒരു പെൺകുഞ്ഞിന് ലൈംഗികതയെപ്പറ്റി എന്തറിയാം എന്ന് ചിന്തിച്ചിട്ടുണ്ടോ? അവൾ പ്രായപൂർത്തിയായ ഒരു പുരുഷന്റെ നഗ്നശരീരം പോലും ഒരു പക്ഷേ കണ്ടിട്ടോ ചിന്തിച്ചിട്ടോ ഉണ്ടാവില്ല. അവളുടെ ശരീരത്തിൽ പ്രായപൂർത്തിയാകാനായുള്ള ഹോർമോണുകളുടെ പ്രവർത്തനങ്ങൾ ഒരു പക്ഷേ തുടങ്ങിയിട്ടുണ്ടാവാം. അവളുടെ കുഞ്ഞു ശരീരത്തിൽ വളരാൻ വെമ്പുന്ന അവയവങ്ങളും മനസ്സിൽ കമ്പനം കൊള്ളാൻ പോകുന്ന ചിന്തകളും ഉദിക്കാൻ തുടങ്ങുകയേ ഉണ്ടാവൂ. ആ സമയം അവൾക്കെല്ലാത്തിനോടും കൗതുകം മാത്രമേ ഉണ്ടാകൂ. നല്ല ഉടുപ്പ്, നല്ല ചെരുപ്പ്, നല്ല ആഭരണം നല്ല ഭക്ഷണം എന്നൊക്കെയല്ലാതെ നല്ല ലൈംഗികത എന്നു ചിന്തിക്കണമെങ്കിൽ വർഷം പത്തുപന്ത്രണ്ടു വീണ്ടും കഴിയണം! അപ്പോഴാ സമ്മതപ്രകാരം കിടന്നു കൊടുത്തു എന്ന ശുദ്ധ അസംബന്ധം എഴുതി പിടിപ്പിക്കുന്നത്! നല്ല ബെസ്റ്റ് നിയമജ്ഞൻ (അജ്ഞൻ !) ഓരോ പെൺകുഞ്ഞും വളർന്നാണ് ഓരോ സ്ത്രീയാകുന്നതെന്ന് മറക്കരുത് മണ്ടൻമാരേ. അത്ര വേഗത്തിൽ എല്ലാവരിൽ നിന്നും ഓർമ്മകൾ ഓടിയൊളിക്കാൻ ഈ ലോകമലയാളത്തിലെ പെണ്ണുങ്ങൾക്കെല്ലാം അൽഷിമേഴ്സല്ല!
ഇവിടെ നമ്മുടെ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനത്ത് വേണ്ട ഏറ്റവും വലിയ കാര്യം ഇവിടുത്തെ ലൈംഗിക ദാരിദ്ര്യം അകറ്റുക എന്നതാണ്‌. ഇവിടെ ജനിച്ചു വളരുന്ന, പ്രത്യേകിച്ച് ഏറ്റവും ദുർബല വിഭാഗങ്ങളിൽ ജനിച്ചു വളരുന്ന യുവാക്കൾക്ക് ലൈംഗികത എന്നത് സ്വയംഭോഗത്തിൽ മാത്രമൊതുങ്ങുന്ന ഒന്നായിരിക്കാം. വിവാഹമെന്ന അവസ്ഥ സംജാതമാകും വരെ ലൈംഗിക ദാരിദ്ര്യത്താൽ വിജൃംഭിതരാകുന്ന ഇത്തരം സമൂഹത്തിന് ഒതുക്കാൻ കഴിയാത്ത ഒന്നാണീ വികാരവിക്ഷോഭങ്ങളും ആഗ്രഹങ്ങളും. തങ്ങളുടെ ആഗ്രഹ പൂരണത്തിന് മനുഷ്യനോ മൃഗമോ എന്തു വേണ്ടൂ എന്ന രീതിയിൽ അവന്റെയുള്ളിലെ ആസക്തി പടരുന്ന അവസ്ഥയിൽ യോനി തന്നെ വളർച്ചയെത്താത്ത പിഞ്ചുടലിൽ ലിംഗമിറക്കാനാകുന്നിടത്തെല്ലാമവരത് കുത്തി ഇറക്കി സായൂജ്യമടയുന്നു. നിങ്ങൾക്ക് വായിക്കുമ്പോൾ പൊള്ളുന്നോ!? പൊള്ളണം കാരണം അത്രമേൽ സദാചാര സംരക്ഷകരാണ് നിങ്ങളും ഞാനുമുൾപ്പെടുന്ന ഈ വികല -വിപ്ലവ സമൂഹം! പുച്ഛം മാത്രമേ ഉള്ളൂ കാരണം അന്യന്റെ കുഞ്ഞുമകളുടെ മേൽ വിഷമിറക്കി വന്നിട്ട് ഉളുപ്പില്ലാതെ നിങ്ങൾ നിങ്ങളുടെ മകളെ മടിയിലിരുത്തി കൊഞ്ചിച്ചുറക്കും അത്രമേൽ നീതിയോ ദയയോ അറ്റ സമൂഹമാണിത്.ഇവിടെ വേണ്ടത് വേശ്യാ ഗൃഹങ്ങൾ തന്നെയാണ്.ഞാനിനിയും ആവർത്തിച്ചു പറയും, സർക്കാരേ നിങ്ങൾക്കു ധൈര്യമുണ്ടോ ഇവിടുള്ള വിജൃംഭിച്ചു നടക്കുന്ന ലിംഗങ്ങളുടെയെല്ലാം വിശപ്പടക്കാനുള്ള ഇടം കൂടി പണിയാനുള്ള ചങ്കൂറ്റം? ഉണ്ടോ??
ഉണ്ടോ? അതൊരു നാണംകെട്ട ഏർപ്പാടല്ല. എനിക്കു നേരെ കല്ലെറിയാൻ വരട്ടെ, ഞാൻ ചോദിക്കുന്നതിതാണ്.തലയോ മുലയോ ഇടുപ്പോ വളരാത്ത പിഞ്ചുടലിൽ കുത്തിയിറക്കാനുള്ള ആയുധമല്ല പുരുഷലിംഗം അത് പ്രായപൂർത്തിയായ ലൈംഗിക തത്പരയായ ഒരുവളിൽ സന്നിവേശിപ്പിക്കപ്പെടുകയോ മറ്റും മറ്റും ചെയ്യാനുള്ള കേവല അവയവം മാത്രമാണ്. അതിനുള്ള ബ്രോത്തലുകൾ അന്തസ്സോടെ പണിയണം സർ.മുട്ടുന്നവർ നേരെ അങ്ങോട്ട് ചെല്ലട്ടെ അതൊരു തൊഴിലാണെന്ന് ഏതു നഗരത്തിലെയും അവശ്യവും ആവശ്യവുമാണെന്നും നമുക്കറിയാം .എങ്കിൽ എന്തിന് പൂച്ച പാലുകുടിക്കും പോലെ കണ്ണടച്ചിരുട്ടാക്കണം? നേരെ അതിനെ അങ്ങ് അംഗീകരിച്ചാൽ പോരെ?
ഇനി ചോദ്യം പുരുഷൻമാരെ നിങ്ങൾ ഓരോരുത്തരോടുമാണ്. അപൂർവ്വം സ്ത്രീകളോടുമാവാം ! ചുമ്മാ ഓരോ ബലാത്സംഗ മരണങ്ങൾക്കും കൊലപാതകങ്ങൾക്കും ശേഷം കൊടിപിടിച്ചു മോങ്ങാൻ നിങ്ങൾക്കു ലജ്ജയില്ലേ? തുറന്നു പറയണം : നോക്കു, ഞങ്ങളുടെ ജൈവചോദന ചില നേരങ്ങളിൽ അടക്കാനാവുന്നില്ല. അതൊരു തെറ്റല്ല, ഞങ്ങൾക്ക് സ്ത്രീ സാമീപ്യം വേണം എന്ന്. ഇനി സ്ത്രീകളാണോ പ്രതിക്കൂട്ടിൽ ? അവർക്കും പറയാം ,പറയണം. വളർന്നു വരുന്ന പ്രായപൂർത്തിയാവുന്ന നമ്മുടെ മക്കളുടെ വികാരം നമ്മൾ മാനിക്കണം .അവർക്ക് വേണ്ടത് വേണ്ട സമയത്ത് ലഭ്യമാക്കണം.അതിനി സെക്സാണെങ്കിൽ പോലും! നോക്കൂ മാറ്റങ്ങൾ സംജാതമാകും വഴി രാജ്യം മൊത്തത്തിലാണ് മാറുന്നത്. ഒരു സംസ്ഥാനം ലൈംഗികതയിൽ ഒരു സുരക്ഷിത സംവിധാനമൊരുക്കുക വഴി മൊത്തം സംസ്ഥാനങ്ങൾക്കുമാണ് മാതൃക ആകുന്നത്. (ബാക്കി എല്ലാ കാര്യങ്ങളിലും ഒന്നാമതാവാൻ യജ്ഞിക്കണം.ഇത് മാത്രം ആരും കാണാതെ സ്വകാര്യമായി വല്ല പാവപ്പെട്ടവരുടേം കൂരയിൽ അതിക്രമിച്ചു കടന്ന് ചുമ്മാ ഒരു പെൺകൊച്ചിനെ പിടിച്ച് ബലാത്സംഗം ചെയ്ത് അങ്ങ് തീർക്കണം ഹല്ല പിന്നെ!) സുരക്ഷിതമായ ലൈംഗികത ജനങ്ങൾക്ക് സ്വീകാര്യമാകുന്നിടത്ത് അക്രമം കുറയും. അല്ലാതെ പാവപ്പെട്ടവന്റെ ചെറ്റ പൊക്കി മാറ്റി ഇത്തിരിപ്പോന്ന പിഞ്ചുകുഞ്ഞിനെ കാമാസക്തിയിൽ പ്രാപിക്കുന്നവന് സപ്പോർട്ട് ചെയ്ത് വളർത്തിക്കൂട്ടി നാട് മുഴുവൻ കാട്ടാളൻമാരായിത്തീരുക എന്ന വ്യവസ്ഥിതിയില്ല വേണ്ടത്. അത് നൂറു പ്രളയം വന്ന് ജനത മുഴുവൻ നശിക്കുന്നതിലും ഭയാനകവും പൈശാചികവുമാണെന്നോർക്കുക. എന്ത് ശിക്ഷ കൊടുത്തു കൊന്നാലും ശരി നിലവിൽ ഈ അവസ്ഥ മാറില്ല,മാറേണ്ടത് മാറാതെ ! ശരിയല്ലേ?
എന്റെ രണ്ടു പെൺമക്കളാണേ സത്യം എനിക്കീ നീതികേടുകൾ പൊറുക്കാനോ സഹിക്കാനോ ആകുന്നില്ല, അതുകൊണ്ടെഴുതിയത്.

_ അനിത ശ്രീജിത്ത്

Leave a Reply

Your email address will not be published. Required fields are marked *