കൊച്ചിയെ സമ്പൂര്‍ണ്ണമായി മാലിന്യവിമുക്തമാക്കും: മേയര്‍ സൗമിനി ജെയിന്‍

കൊച്ചിയെ പൂര്‍ണ്ണമായും മാലിന്യവിമുക്തമാക്കുമെന്നും ആരോഗ്യമുള്ള തലമുറയെ
വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കൊച്ചി മേയര്‍
സൗമിനി ജെയിന്‍ വ്യക്തമാക്കി. കൊച്ചി രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന ജൈവ
കാര്‍ഷികോത്സവം 2018 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കേരളീയര്‍ ജൈവകൃഷിയില്‍ നിന്നും അകന്നുപോയതുകൊണ്ടാണ് രോഗികളുടെ എണ്ണം
ക്രമാധീതമായി വര്‍ദ്ധിക്കുന്നതെന്നും സൗമിനി ജെയിന്‍ പറഞ്ഞു.
വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ഡോക്ടറുടെ അടുത്തേക്കുള്ള
സന്ദര്‍ശനങ്ങള്‍ കുറയ്ക്കാനാകുമെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കി.
വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന പല ഭക്ഷണ
പാനീയങ്ങളും മടി മൂലം ഒഴിവാക്കി, വെളിയില്‍ രോഗാതുരമായ സാഹചര്യത്തില്‍
ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണ സാധനങ്ങളോടാണ് ജനങ്ങള്‍ക്കു താല്‍പര്യമെന്നും
അതുതന്നെയാണ് നിരവധി രോഗങ്ങള്‍ക്കു കാരണമെന്നും അവര്‍ പറഞ്ഞു.
‘വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കിയ നിരവധി വിഭവങ്ങള്‍
ഉദ്യോഗസ്ഥര്‍ പിടിക്കുകയും നടപടി എടുക്കുകയും ചെയ്യുന്നു. പക്ഷേ, ജനങ്ങള്‍
അതൊന്നും ശ്രദ്ധിക്കാറേയില്ല. വീണ്ടുംവീണ്ടും അത്തരം ഭക്ഷണസാധനങ്ങള്‍
തന്നെയാണ് അവര്‍ ഉപയോഗിക്കുന്നത്. ജനങ്ങളുടെ ഇത്തരം മിഥ്യാബോധങ്ങളാണ്
സമൂഹത്തിലെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമെന്നും അവര്‍
വ്യക്തമാക്കി.
ജൈവകാര്‍ഷിക കൃഷി ലാഭകരമാണോ, ഈ കൃഷി ഉപയോഗിച്ച് ആവശ്യമായതെല്ലാം
ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കുമോ എന്ന ചര്‍ച്ചകള്‍ ഈ മേളയുടെ ഭാഗമായി
നടത്തപ്പെടുന്നുവെന്ന് മേളയുടെ ജനറല്‍കണ്‍വീനര്‍ എം എം അബ്ബാസ്
വ്യക്തമാക്കി. 
മനുഷ്യന്‍ കൃത്രിമ വളങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത് 19-ാം നൂറ്റാണ്ടിന്റെ
മധ്യത്തിലാണെന്നും അന്നുമുതലാണ് മനുഷ്യനില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍
കാരണമെന്നും പ്രൊഫ എം കെ പ്രസാദ് പറഞ്ഞു. ശരീരത്തിലുള്ള ശത്രുകീടങ്ങള്‍
കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മനുഷ്യശരീരത്തെ കീഴ്‌പ്പെടുത്താതിരിക്കാന്‍
ജനങ്ങള്‍ ജൈവകൃഷി ആരംഭിക്കണമെന്ന് ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍
അഭിപ്രായപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *