പട്ടയത്തിനായി തളരാതെ പോരാടി ജനാര്‍ദ്ദനന്‍ എന്ന പോരാളി

Jess Varkey Thuruthel

ജനാര്‍ദ്ദനന്‍ ചേട്ടന്റെ കണ്ണുകളില്‍ ഇപ്പോഴും പ്രതീക്ഷയാണ്. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനം തന്നെ കൈവിടില്ലെന്ന വിശ്വാസവും. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി അദ്ദേഹം പോരാടുകയാണ് (Fighter). താമസിക്കുന്ന ഇത്തിരി സ്ഥലത്തിന്റെ പട്ടയത്തിനായി. ഈ അടുത്ത കാലം വരെ അദ്ദേഹം തനിച്ചായിരുന്നു പോരാടിയിരുന്നത്. ഇപ്പോഴും ഏറെക്കുറെ തനിച്ചു തന്നെ. പക്ഷേ, പിന്നില്‍ ശക്തിയായി രണ്ടുമൂന്നു പേര്‍ ഇപ്പോള്‍ ഇദ്ദേഹത്തിനൊപ്പമുണ്ട്. എങ്കിലും ഓഫീസുകളില്‍ കയറിയിറങ്ങാനും ഉദ്യോഗസ്ഥരെ പോയി കാണാനുമെല്ലാം പോകുന്നത് പലപ്പോഴും തനിച്ചു തന്നെ.

”കിട്ടിയാല്‍ പട്ടയമെല്ലാം ചേട്ടന്‍ തന്നെ എടുത്തോ’ എന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്’. ഇതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. കൂടെയുള്ളവരെല്ലാം ഓടിത്തളര്‍ന്നു. പക്ഷേ, ഓടിത്തളര്‍ന്നവനല്ല ജനാര്‍ദ്ദനന്‍. ഇനിയും ഓടാന്‍ ബാല്യം ബാക്കിയുള്ളവനാണ്. കൂടെ ആരുണ്ട് എന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ല, വിജയിക്കും വരെ പോരാടുക എന്നതു മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. 72 വയസുകാരനായ തനിക്ക് ഇനിയെത്ര വര്‍ഷങ്ങള്‍ ഇതുപോലെ ഓടാനാകും എന്നത് ഇദ്ദേഹത്തിനു പ്രശ്‌നമല്ല.

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ വാഴക്കുളം വില്ലേജില്‍ തെക്കേ ഏഴിപ്രം നെടുമലയില്‍ പെരിയാര്‍വാലി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന 36 കുടുംബങ്ങളാണ് പട്ടയത്തിനായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്. വില്ലേജ് ഓഫീസില്‍ നിന്നും ഇവര്‍ക്കു വരച്ചു കൊടുത്ത പ്ലാന്‍ അനുസരിച്ച് കനാലില്‍ നിന്നും 4.10 മീറ്റര്‍ കഴിഞ്ഞുള്ള സ്ഥലത്തിന് പട്ടയം നല്‍കാന്‍ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി ഇവര്‍ നല്‍കിയ അപേക്ഷ എറണാകുളം കളക്ടറേറ്റ് വരെ എത്തിയിട്ടുണ്ട്. ഇനി ഇവിടെനിന്നും മുഖ്യമന്ത്രിയുടേയും റവന്യു മന്ത്രിയുടേയും ഓഫീസിലെത്തണം. പട്ടയം വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നവകേരള സദസിലും പരാതി നല്‍കിയിരുന്നു. പിന്നീട് തെരഞ്ഞെടുപ്പു വന്നു, തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ നിലവില്‍ വന്നു, അതിനാല്‍ അപേക്ഷ മന്ത്രിമാരുടെ ഓഫീസിലേക്ക് അയച്ചില്ല എന്നാണ് ഇവര്‍ക്ക് കളക്ടറേറ്റില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

‘ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു തടയിടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഇത്രയും വര്‍ഷങ്ങളായി ഞങ്ങള്‍ ഇതിനു പിന്നാലെ നടക്കുന്നു. കൈവശാവകാശ രേഖ ഉള്‍പ്പടെയുള്ള രേഖകള്‍ ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. പക്ഷേ, പട്ടയം മാത്രമില്ല. കുന്നത്തുനാട് എം എല്‍ എ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. എല്ലാം ശരിയാക്കിത്തരാമെന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. പക്ഷേ, പിന്നീടിവിടേക്ക് ഒരിക്കല്‍പ്പോലും അദ്ദേഹം വന്നിട്ടില്ല. ഒരിക്കല്‍ വിളിച്ചു ചോദിച്ചപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് ഓര്‍മ്മ പോലുമില്ല,’ നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.

ജനാര്‍ദ്ദനന്‍ ഈ സ്ഥലത്തു താമസമാക്കിയിട്ട് 40 വര്‍ഷങ്ങളായി. അതിനു മുന്‍പും ഇവിടെ താമസക്കാരുണ്ടായിരുന്നു. പലയിടത്തു നിന്നും വന്ന് പെരിയാര്‍വാലി കനാല്‍ പുറമ്പോക്കില്‍ കൈയേറി താമസിച്ചവരാണ് അവര്‍. ഇവരില്‍ ചിലര്‍ ഈ സ്ഥലം വിറ്റ് വേറെ പലയിടത്തും താമസമാക്കി. ഇനി 36 കുടുംബങ്ങള്‍ ഇവിടെയുണ്ട്.

കുന്നത്തുനാട് എം എല്‍ എ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ പട്ടയത്തിനുള്ള അപേക്ഷകളും കൈവശാവകാശ രേഖകളും മറ്റുമായി അദ്ദേഹം പോയിരുന്നു. പക്ഷേ, പിന്നീട് അദ്ദേഹം ഇവിടേക്കു വന്നിട്ടില്ല. ആ അപേക്ഷയും പ്രവര്‍ത്തനങ്ങളും പിന്നീടെങ്ങുമെത്തിയില്ല. അല്ലായിരുന്നെങ്കില്‍ നാലുവര്‍ഷം മുമ്പേ ഇവര്‍ക്കു പട്ടയം ലഭിക്കുമായിരുന്നുവെന്ന് ജനാര്‍ദ്ദനന്‍ പറയുന്നു.

പട്ടയമില്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നും കാര്യമായ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്കു ലഭിക്കാറില്ല. വീടിന്റെ അറ്റകുറ്റപ്പണിക്കു പണം ലഭിക്കുമെന്നല്ലാതെ പുതിയ വീടിനു സഹായം ലഭിക്കില്ല. എം എല്‍ എയെ വീണ്ടും കാണാനായി നാലഞ്ചുതവണ ഇദ്ദേഹം പോയിരുന്നു, പക്ഷേ, കാണാന്‍ സാധിച്ചില്ല. പട്ടയത്തിന്റെ കാര്യം എന്തായി എന്നുപോലും എം എല്‍ എ പിന്നീട് ഒരിക്കല്‍പ്പോലും അന്വേഷിച്ചിട്ടില്ലെന്നും ഇവിടുത്തെ താമസക്കാര്‍ പറയുന്നു.

പുറമ്പോക്കായ 4.10 മീറ്റര്‍ വിട്ടാലും ബാക്കി നാലു സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കാന്‍ ജനാര്‍ദ്ദനന്‍ ചേട്ടന് അര്‍ഹതയുണ്ട്. അതുപോലെ തന്നെ മറ്റു കുടുംബക്കാര്‍ക്കും. നവകേരള സദസില്‍ അപേക്ഷ വയ്ക്കാനായി പഞ്ചായത്തു മെംബറോടു വരാന്‍ പറഞ്ഞെങ്കിലും മുസ്ലീം ലീഗ് പ്രവര്‍ത്തക ആയതിനാല്‍ അവര്‍ വന്നില്ല. പിന്നീട് ജനാര്‍ദ്ദനന്‍ ചേട്ടനും അയല്‍വാസിയായ ഒരു യുവാവും കൂടിയാണ് എല്ലാവരുടെയും അപേക്ഷ നല്‍കിയത്. മെംബര്‍ താമസിക്കുന്നതും ഈ സ്ഥലത്തു തന്നെ. പക്ഷേ, അവര്‍ പോലും പട്ടയത്തിനായി വലിയ ശ്രമങ്ങളൊന്നും നടത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൊടുത്ത അപേക്ഷകളുടെ നിലവിലെ അവസ്ഥ എന്താണെന്നു പോലും ഇവര്‍ക്ക് ഇപ്പോഴും അറിയില്ല.

താലൂക്കില്‍ നല്‍കിയ അപേക്ഷ ഇപ്പോള്‍ കളക്ടറേറ്റ് വരെ എത്തിയതായി ഇവര്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പട്ടയം കിട്ടിയേ തീരൂ എന്ന ഉറച്ച ലക്ഷ്യത്തോടെ ജനാര്‍ദ്ദനന്‍ ഇതിന്റെ പിന്നാലെ നടന്നതിന്റെ ഫലമാണ് ഇത്രയെങ്കിലും മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുള്ളത്. കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവരില്‍ നിരവധി വിധവകളുണ്ട്. കുറെക്കാലം പട്ടയത്തിനായി പണിയും കൂലിയും കളഞ്ഞ് നടന്നിട്ടും പ്രയോജനമൊന്നുമില്ലാതെ വന്നതോടെ മിക്ക കുടുംബങ്ങളും പിന്നോട്ടു മാറി. അതിനാല്‍ ഇതിന്റെ പിന്നാലെ നടക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. എങ്കിലും എല്ലാവരുടേയും കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്യുകയാണ് ജനാര്‍ദ്ദനന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച, ഇപ്പോഴും തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റായ ഇദ്ദേഹം തളരാതെ പോരാടാന്‍ കാരണവും ആ പ്രസ്ഥാനം നല്‍കിയ ചങ്കുറപ്പുതന്നെയാണ്.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com ദുരന്തമുഖത്ത്

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *