മരണത്തിലും രാഷ്ട്രീയം കലര്‍ത്തുന്നവര്‍

Zachariah

കുവൈറ്റ് തീപിടുത്തത്തില്‍ (Kuwait fire) മരിച്ച 49 പേരില്‍ 24 പേരും മലയാളികളാണ്. അതായത്, മരിച്ചവരില്‍ പകുതി മലയാളികള്‍. കേരളത്തിനത് തീരാനഷ്ടമാണ്. ദുരന്തമുഖത്തേക്ക് പോകാനും അവര്‍ക്ക് ആശ്വാസമേകാനും അവിടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാനുമായി കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കുവൈറ്റിലേക്കു പുറപ്പെടാന്‍ തയ്യാറെടുത്തുവെങ്കിലും കേന്ദ്ര അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പോകാനായില്ല. സോഷ്യല്‍ മീഡിയയില്‍, വീണാ ജോര്‍ജ്ജിനെ ട്രോളി നിരവധി കമന്റുകളും പോസ്റ്റുകളുമാണ് ഉള്ളത്. ”കേരളത്തിലെ ഒരു മന്ത്രി അവിടെ പോയിട്ട് എന്തു ചെയ്യാനാണ്, ‘ഇവിടുത്തെ കാര്യങ്ങള്‍ ഭംഗിയായി ചെയ്യാനറിയില്ല പിന്നല്ലെ കുവൈറ്റില്‍’ തുടങ്ങി നിരവധി അവഹേളന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍.

കുവൈറ്റ് ദുരന്തത്തില്‍ കേന്ദ്രം നല്ല രീതിയില്‍ ഇടപെട്ടു എന്നതില്‍ തര്‍ക്കമില്ല. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അവരെ നാട്ടിലെത്തിക്കുകയും ചെയ്തു. വിദേശകാര്യ സഹമന്ത്രി ഉള്‍പ്പടെയുള്ളവര്‍ കാര്യങ്ങള്‍ വളരെ ഭംഗിയായി ചെയ്തു. ഇതെല്ലാം സത്യം തന്നെ. പക്ഷേ, മരിച്ച 49 പേരില്‍ ഏറ്റവും കൂടുതല്‍ ഭീമമായ നഷ്ടമുണ്ടായ സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ ഇന്നത്തെ പൊലിമയ്ക്കും പൊലിപ്പിനും അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്കും പിന്നില്‍ പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമാണ്. അതൊന്നും മറക്കാന്‍ കഴിയില്ല., കഴിയുന്നതുമല്ല. വീണ ജോര്‍ജ്ജ് കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ്. കേരളത്തിനുണ്ടായ ഈ വന്‍നഷ്ടത്തില്‍, ഏറ്റം ദു:ഖകരമായ അവസരത്തില്‍ ദുരന്തമുഖത്ത് വീണാ ജോര്‍ജ്ജ് ഉണ്ടാകണമായിരുന്നു. ആ അവസരമാണ് കേവലം വിലകെട്ട രാഷ്ട്രീയം കളിച്ച് കേന്ദ്രം ഇല്ലാതാക്കിയത്. കേന്ദ്ര അനുമതി കൊടുക്കാതിരുന്നത് തെറ്റായിപ്പോയി എന്ന് കേരളത്തിന്റെ പ്രതിപക്ഷം തന്നെ പറയുന്നുണ്ട്.

കേരളം നേരിടുന്ന ഭീകരമായ, ഭയപ്പെടുത്തുന്നൊരു യാഥാര്‍ത്ഥ്യമുണ്ട്. മരണത്തെപ്പോലും സോഷ്യല്‍ മീഡിയ കാണുന്ന രീതി ഭീതികരമാണ്. ഏതു വിഷയത്തെയും ലാഘവത്തോടെ ട്രോളാം എന്നുള്ള ചിന്ത ചില മനുഷ്യരുടെയുള്ളില്‍ കടന്നു കൂടിയിരിക്കുന്നു. ആരെല്ലാം അപഹസിച്ചാലും ഇകഴ്ത്തിയാലും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃക തന്നെയാണ് കേരളം എന്നതാണ് പരമാര്‍ത്ഥം. കെടുകാര്യസ്ഥതയും ഉപഭോക്തൃസംസ്ഥാനവുമെന്ന നിലയില്‍ കേരളത്തിന് അതിന്റെതായ പോരായ്മകളുമുണ്ട്. അതു പിണറായി വിജയന്‍ ഭരിച്ചതു കൊണ്ടു മാത്രമുണ്ടായ പോരായ്മയല്ല. കാലാകാലങ്ങളായി ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളുടെ ബാക്കി പത്രം തന്നെയാണത്. എന്നിരുന്നാലും ഇന്നും സാധാരണ ജനജീവിതത്തെ സാമ്പത്തിക ഞെരുക്കം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബാധിച്ചിട്ടില്ല എന്നതാണ് സത്യം. ജനങ്ങളുടെ ക്രയവിക്രയ ശേഷിയില്‍ കുറവുണ്ടായിട്ടുണ്ടാവാം. എങ്കിലും മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതി ദരിദ്രരല്ല അവര്‍.

സോഷ്യല്‍ മീഡിയയില്‍ ചിലരുടെ മരണത്തെപ്പോലും ചിലര്‍ കാണുന്നത് വളരെ മോശമായിട്ടാണ്. കുവൈറ്റില്‍ ജീവന്‍ പൊലിഞ്ഞവര്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഭാഗത്തു പാളിച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ചു കണ്ടെത്തേണ്ട വിഷയമാണ്. നാളിതുവരെ ആ കമ്പനിയുടെ ഉടമ തന്റെ ജീവനക്കാരോട് പെരുമാറിയിരുന്നത് അനുഭാവപൂര്‍വ്വമാണ്. ഒരുപാടു പേര്‍ക്കു നല്ലൊരു ജീവിതം സമ്മാനിച്ചൊരു മനുഷ്യനാണ് അദ്ദേഹം. ഒരു ദുര്‍ഗ്ഗതിയുണ്ടായി എന്നതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റം പറയുവാനോ വിധിക്കുവാനോ കഴിയില്ല. ആ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ, തീര്‍ച്ചയായും അദ്ദേഹം ദുരന്തമുണ്ടായ നിമിഷം തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

സോഷ്യല്‍ മീഡിയ എന്നത് ഒരു പൊതു പരിസരമാണ്. ആ പൊതുപരിസരത്ത് ചില മരണങ്ങളോടും അപകടങ്ങളോടും നമ്മള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകള്‍ എവിടെയൊക്കെയോ നമുക്കു നഷ്ടപ്പെട്ടു പോകുന്നു എന്നതാണ് സത്യം. മൃതദേഹങ്ങള്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി കേരള സര്‍ക്കാരിനു വേണ്ടി നേരിട്ടെത്തി റീത്ത് സമര്‍പ്പിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ അവിടെ ഉണ്ടായിരുന്നു. ഒരു സംസ്ഥാനം ചില മനുഷ്യര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കുമ്പോള്‍ അതിനോട് കുറച്ചു കൂടി ക്രിയാത്മകമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.

വളരെ മോശപ്പെട്ട ആക്രമണമാണ് വീണാ ജോര്‍ജ്ജിനെതിരെ നിരന്തരമായി ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരെ പരമാവധി വ്യക്തിഹത്യ ചെയ്യുക എന്നത് കുറെക്കാലങ്ങളായി പലരുടെയും ജീവിത ലക്ഷ്യമാണ്. കടുത്ത കമ്മ്യൂണിസ്റ്റ് വിരോധം ബാധിച്ച ചില മനുഷ്യര്‍ നടത്തുന്നത് ഹീനമായ വ്യക്തിഹത്യയാണ്. അധമ മനുഷ്യര്‍ക്കു മാത്രമേ ഇത്തരത്തില്‍ വ്യക്തിഹത്യ നടത്താന്‍ സാധിക്കുകയുള്ളു.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *