Thamasoma News Desk
അടിസ്ഥാന ശമ്പളം പോലും നല്‍കാത്തതിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ ജില്ല ലേബര്‍ ഓഫീസില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഗര്‍ഭിണിയായ നഴ്‌സിനെ ചവിട്ടുകയും വേറെ മൂന്നുപേരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത തൃശൂര്‍ നൈല്‍ ആശുപത്രി എം ഡി ഡോ. അലോകിനെതിരെ നടപടികള്‍ വൈകിച്ച് പോലീസ്. ചര്‍ച്ച മതിയാക്കി പുറത്തു പോകാന്‍ തുനിഞ്ഞ തന്നെയും ഭാര്യയെയും ജീവനക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍ അലോകിന്റെ ഭാഷ്യം. കൈയ്ക്കു പരിക്കേറ്റ ഡോക്ടര്‍ അലോകും ഭാര്യയും വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്‌സയിലാണ്. ഉന്നതര്‍ക്കെതിരെ എന്തു കേസ് വന്നാലും ആശുപത്രിയില്‍ അഡ്മിറ്റ് ആയി വാതിയെ പ്രതിയാക്കുന്നത് എക്കാലത്തെയും രക്ഷപ്പെടല്‍ തന്ത്രമാണ്.
നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചത് 2018 ലാണ്. എന്നാല്‍, നൈല്‍ ആശുപത്രിയില്‍ ഒരു നഴ്‌സിനു നല്‍കുന്നത് 10,000 രൂപയില്‍ താഴെ മാത്രമാണെന്ന് നഴ്‌സ്മാരുടെ സംഘടനയായ യു എന്‍ എയുടെ വക്താവ് പറഞ്ഞു. കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട ജീവനക്കാരെ ഡോ അലോക് ഉടനടി പിരിച്ചു വിട്ടു. ഇതിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയായി നൈല്‍ ആശുപത്രി ജീവനക്കാര്‍ സമരത്തിലായിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറുമായി സംസാരിക്കവേ, രോക്ഷാകുലനായ ഡോ അലോക് ഗര്‍ഭിണി ഉള്‍പ്പടെയുള്ളവരെ ആക്രമിക്കുകയായിരുന്നു.
നൂറു ബെഡിനു മുകളിലുള്ള ആതുരാലയമാണ് തൃശൂരിലെ നൈല്‍ ആശുപത്രി. പക്ഷേ, വളരെ കുറഞ്ഞ ശമ്പളമാണ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്കു നല്‍കുന്നത്. എന്നു മാത്രമല്ല, മറ്റു യാതൊരു ആനുകൂല്യങ്ങളും ഇവര്‍ക്കു നല്‍കുന്നില്ല. ഇത് ഈയൊരു ആശുപത്രിയുടെ മാത്രം പ്രശ്‌നമല്ല. കഴിവുറ്റ ജീവനക്കാരെ കുറഞ്ഞ ശമ്പളത്തില്‍ നിയമിച്ച് അടിമപ്പണി ചെയ്യിച്ചു ലാഭമുണ്ടാക്കുക എന്നത് കേരളത്തില്‍ പല ആശുപത്രികളിലും നടന്നു വരുന്നു. ഇതിനെതിരെ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയിട്ടും സര്‍ക്കാര്‍ ഈ വിഷയത്തോട് ക്രിയാത്മകമായി ഇന്നോളം പ്രതികരിച്ചിട്ടില്ല എന്നും യു എന്‍ എ പ്രതിനിധി പറഞ്ഞു. മികച്ച ശമ്പളവും ആനുകൂല്യങ്ങളും പരിരക്ഷയുമാണ് ഏതാണ്ടെല്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍ക്ക് കിട്ടുന്നത്. എന്നാല്‍, നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമാകട്ടെ, നല്‍കുന്ന പരിരക്ഷയും ആനുകൂല്യങ്ങളും വളരെ തുച്ഛമാണ്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നഴ്‌സുമാരെ മാനേജ്‌മെന്റിലുള്ളവര്‍ തെരഞ്ഞുപിടിച്ച് പല രീതിയില്‍ ഉപദ്രവിക്കുകയും ചെയ്യുന്നു. അസംതൃപ്തരായ രോഗികളുടേയും അവരുടെ ബന്ധുക്കളുടേയും വിരോധങ്ങള്‍ ഏറ്റവുമധികം സഹിക്കേണ്ടി വരുന്നതും നഴ്‌സുമാരാണ്. ഒരു ഡോക്ടറോട് കയര്‍ത്തു സംസാരിക്കാന്‍ പലരും തയ്യാറായെന്നു വരില്ല. പക്ഷേ, ഡോക്ടര്‍മാര്‍ കാണിക്കുന്ന അനാസ്ഥകള്‍ക്കു പോലും ചോദ്യം ചെയ്യപ്പെടുന്നത് പലപ്പോഴും നഴ്‌സുമാരെ ആയിരിക്കും.
ഇത്തരത്തില്‍ എല്ലാത്തരത്തിലുമുള്ള പ്രശ്‌നങ്ങളെയും നേരിട്ടു കൊണ്ടാണ് ഓരോ നഴ്‌സുമാരും ദിവസവും ജോലി ചെയ്യുന്നത്. അവര്‍ ആവശ്യപ്പെടുന്നതാകട്ടെ മനുഷ്യോജിതമായി ജീവിക്കാന്‍ ആവശ്യമായ പ്രതിഫലവും അവര്‍ക്ക് അനുവദിക്കപ്പെട്ട ശമ്പള പരിഷ്‌കരണവും മാത്രമാണ്. തങ്ങള്‍ക്ക് അവകാശപ്പെട്ടതു ചോദിക്കുമ്പോള്‍ ജോലിയില്‍ നിന്നും പറഞ്ഞയക്കുക എന്നതല്ല പരിഹാരം.
തൃശൂരില്‍ ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടായത് ജില്ലാ ലേബര്‍ ഓഫീസറുടെ മുന്നിലാണ്. അതിനാല്‍, ഈ വിഷയത്തില്‍ ഉറച്ചൊരു നിലപാട് അദ്ദേഹം സ്വീകരിച്ചേ മതിയാവുകയുള്ളു. തന്റെ മുന്നില്‍ സ്ത്രീകള്‍ക്കു നേരെ നടന്ന അതിക്രമത്തോട് നിസംഗമായ നിശബ്ധത പാലിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിഷേധിക്കുന്നത് അര്‍ഹതപ്പെട്ട നീതികൂടിയാണ്. ഡബിള്‍ ഡ്യൂട്ടി എടുത്തിട്ടു പോലും ലഭിക്കുന്നത് ഇത്ര ചെറിയ വേതനമാണെങ്കില്‍, അതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഈ സമൂഹത്തില്‍ മാന്യമായ ജീവിതം നയിക്കാന്‍ നഴ്‌സുമാര്‍ക്കും അവകാശമുണ്ട്. അര്‍ഹതപ്പെട്ടതു ചോദിക്കുന്നവരെ ചവിട്ടിക്കൂട്ടുന്നവര്‍ എങ്ങനെയാണ് തങ്ങളുടെ രോഗികളോടു കാരുണ്യവും സഹാനുഭൂതിയും കാണിക്കുന്നത്? വൈദ്യന്മാരും ആതുരാലയങ്ങളും ഒരിക്കലും ബിസിനസ് സ്ഥാപനങ്ങളായി അധ:പ്പതിക്കരുത്. അങ്ങനെ സംഭവിക്കുമ്പോള്‍ ഇവിടെ നശിക്കുന്നത് ജനങ്ങളുടെ ആരോഗ്യവും ഒപ്പം നമ്മുടെ നാടുമാണ് എന്ന കാര്യം വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.
അതുകൊണ്ട് സര്‍ക്കാര്‍ കണ്ണുതുറന്നേ മതിയാകൂ. ജോലിക്ക് അനുസൃതമായ കൂലി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ലോകരാജ്യങ്ങള്‍ മുക്തകണ്ഠം പ്രശംസിക്കുന്ന മണ്ണിലിറങ്ങിയ മാലാഖമാരെ ഇനിയും തെരുവിലിറക്കരുത്. അവരുടെ വിലാപങ്ങള്‍ക്കു മേലെ ആകരുത് കെട്ടിയുര്‍ത്തപ്പെടുന്ന ബിസിനസുകളൊന്നും. ഇനിയും അവകാശ ധ്വംസനങ്ങളുണ്ടായാല്‍ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ കേരളത്തിനു തലകുനിക്കേണ്ടി വരും. കാരണം, ഈ ആവശ്യങ്ങള്‍ ഉയരുമ്പോള്‍ കേരളം ഭരിക്കുന്നത് ഒരു തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനമാണ്.