മരിച്ച പി ടി ജീവിച്ചിരുന്ന പി ടിയെക്കാള്‍ ശക്തന്‍; അതിനാല്‍ ഉമയുടെ വിജയം സുനിശ്ചിതം

കേരള രാഷ്ട്രീയത്തില്‍ തന്റേടത്തിന്റെയും വിമര്‍ശനത്തിന്റെയും നിര്‍ഭയത്തിന്റെയും പ്രതീകമായിരുന്ന പി ടി തോമസ് എന്ന കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ത്തന്നെ അനഭിമതനായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും അതിശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായപ്പോഴും നിലപാടിലെ കാര്‍ക്കശ്യത്തില്‍ തെല്ലിട പോലും മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. സര്‍ക്കാരിനെതിരെ നടത്തിയ ആക്രമണങ്ങളും പാര്‍ട്ടിക്കകത്ത് നടത്തിയ വിമര്‍ശനങ്ങളും അദ്ദേഹത്തെ കൂട്ടത്തില്‍ നിന്നും ഒറ്റപ്പെടുത്തിയപ്പോഴും താനടിയുറച്ചു വിശ്വസിച്ച നിലപാടില്‍ ഒരല്‍പ്പം പോലും വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാറ്റി നിറുത്താവുന്നതല്ല സ്വന്തം നിലപാടുകളെന്ന് ഉറച്ചു വിശ്വസിച്ച മനുഷ്യനായിരുന്നു അദ്ദേഹം. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുതല്‍ കോണ്‍ഗ്രസിലെ പുതി നേതൃത്വത്തെക്കുറിച്ചു വരെ വ്യക്തമായ അഭിപ്രായം ധൈര്യ പൂര്‍വ്വം പറഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. അതിനാല്‍ത്തന്നെ, രാഷ്ട്രീയത്തില്‍ അദ്ദേഹം വളഞ്ഞിട്ട് ആക്രമിക്കപ്പെടുകയായിരുന്നു.

സ്വന്തം നിലപാടുകള്‍ ആര്‍ക്കു മുന്നിലും പണയം വയ്ക്കാന്‍ തയ്യാറല്ലാത്ത പി ടി രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുകയായിരുന്നു. ജീവിച്ചിരുന്ന പി ടി പാര്‍ട്ടിക്കു പോലും തലവേദനയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം അതിശക്തനായൊരു നേതാവായി പി ടി മാറുന്ന കാഴ്ചയാണ് കേരളം കണ്ടത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരുന്ന ചിന്ത കെ റെയിലോ ഇടതു പക്ഷത്തിന്റെ ജനദ്രോഹ നടപടികളോ ആയിരിക്കില്ല, മറിച്ച് പി ടി തോമസ് എന്ന വികാരത്തിനു മുന്നില്‍ മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും നിഷ്പ്രഭരാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ആം ആദ്മി പാര്‍ട്ടിയുടെ പിന്‍മാറ്റം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിന്നും ആം ആദ്മി പാര്‍ട്ടി പിന്‍മാറാനുള്ള കാരണം ഒന്നേയുള്ളു. തൃക്കാക്കരയില്‍ വിജയിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസാണെന്ന് തര്‍ക്കമേതുമില്ലാത്ത കാര്യമാണെന്ന് എ എ പിയ്്ക്കു നന്നായി അറിയാം. തൃക്കാക്കരയില്‍ നടക്കുന്നത് ഒരു രാഷ്ട്രീയ പോരാട്ടമേയല്ല. മറിച്ച് പി ടി തോമസിന്റെ മരണത്തിലൂടെ ഉണ്ടായിട്ടുള്ള സഹതാപ തരംഗവും മരണത്തിനു ശേഷം പി ടിയ്ക്കു ലഭിച്ച വന്‍ ജനപിന്തുണയുമാണ് അതിനു പിന്നില്‍. പി ടി യുടെ നിലപാടുകള്‍, പാര്‍ട്ടിയിലെ വിമത സ്വരം, സ്വന്തം മൃതദേഹം പോലും പള്ളിക്കു വിട്ടുകൊടുക്കാതെ മരണത്തിലൂടെ പോലും സഭയെ ചോദ്യം ചെയ്ത നിലപാടുകള്‍, ഇതെല്ലാം ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. തൃക്കാക്കരയില്‍ വേറെ ഏതു സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിറുത്തിയാലും പരാജയപ്പെടുമെന്ന് ആ പാര്‍ട്ടിക്കു നന്നായി അറിയാം. ഉമ തോമസിനോളം പറ്റിയൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാര്‍ട്ടിക്കു കഴിയുകയുമില്ല. അതിനാല്‍, മറുത്തൊന്നും ചിന്തിക്കാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുകയായിരുന്നു കോണ്‍ഗ്രസ്.
ആം ആദ്മി പാര്‍ട്ടിയെ സമ്പന്ധിച്ചിടത്തോളം കേരളത്തിലെ തെരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്. പഞ്ചാബ് പിടിച്ചടക്കിയ എ എ പിയില്‍ നിന്നും കേരള ജനത പലതും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, തൃക്കാക്കരയില്‍ ഒരുപക്ഷേ, എ എ പിയ്ക്ക് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിച്ചെന്നു വരില്ല. കാരണം, മരിച്ച പി ടി തോമസ് ഒരു വികാരമായി കേരളത്തിലെ ഓരോരുത്തരുടെയും നെഞ്ചിനകത്തുണ്ട്. ആ വികാരത്തെ മറികടക്കാന്‍ നിലവില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും കഴിയില്ല.
ജോ ജോസഫ് എന്ന ചാവേര്‍
പി ടി തോമസിന്റെ ശവസംസ്‌കാര സമയത്തെ ജനാവലിയും പി ടി മുറുകെപ്പിടിച്ച നിലപാടുകളോടുള്ള ജനങ്ങളുടെ പ്രതികരണവും കേരളം കണ്ടതാണ്. മരിച്ച പി ടി ജീവിച്ചിരുന്ന പി ടിയെ നിഷ്പ്രഭനാക്കുന്ന കാഴ്ചയായിരുന്നു അത്. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ അക്ഷരംപ്രതി നടപ്പിലാക്കാന്‍ കേരള ജനത ഒന്നടങ്കം വെമ്പല്‍കൊണ്ടു. പൗരോഹിത്യത്തിന്റെ അഹങ്കാരങ്ങള്‍ക്കു നേരെ ജനവികാരമുയര്‍ന്നു. അതിന്റെ അലയൊലികള്‍ക്കു മുകളിലാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പു വരുന്നത്. അപ്പോള്‍, ജനവിധി പി ടിയ്ക്ക് പകരം വരുന്ന ഉമ തോമസിന് അനുകൂലമാകുമെന്ന് സി പി എമ്മിനു നന്നായി അറിയാം.
തൃക്കാക്കരയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പരിചയസമ്പന്നനായൊരു നേതാവിനെ നിറുത്തിയാല്‍ പി ടി തോമസിന്റെ മരണാനന്തര വ്യക്തിപ്രഭാവത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് സി പി എമ്മിനു നന്നായി അറിയാം. അപ്പോള്‍പ്പിന്നെ എന്താണ് സാധ്യമായ മാര്‍ഗ്ഗം…?? പാര്‍ട്ടിയുടെ സ്ഥിരം പ്രവര്‍ത്തകനല്ലാത്ത, എന്നാല്‍, തൊഴില്‍ മേഖലയില്‍ നല്ല പേരും പ്രശസ്തിയുമുള്ള ജോ ജോസഫാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ തോല്‍വിയെ സാധൂകരിക്കാന്‍ ഇടതുപക്ഷത്തിന് കാരണങ്ങള്‍ ധാരാളമുണ്ട്. ജനവികാരം കെ റെയിലിനെ പ്രതികൂലമായി ബാധിക്കാത്ത തരത്തില്‍ മാറ്റിയെടുക്കുവാനും സി പി എമ്മിനു കഴിയുകയും ചെയ്യും. അതിനാല്‍, ചാവേറായി ജോ ജോസഫിനെ മുന്നില്‍ നിറുത്തുക എന്ന തന്ത്രമാണ് സി പി എം ഇവിടെ പയറ്റിയിരിക്കുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്ന് ബി ജെ പിയും വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗ്ഗീയത പരസ്യമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബി ജെ പിയ്ക്ക് മലയാള മണ്ണില്‍ വലിയ സ്ഥാനമില്ലാത്തതിനാല്‍ തൃക്കാക്കരയില്‍ അതൊരു വലിയ പ്രശ്‌നമാകാനും ഇടയില്ല. ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ഈ അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള ബി ജെ പി അനുകൂല നിലപാടുകള്‍ ഒരുപക്ഷേ, ചെറിയൊരളവില്‍ ഗുണം ചെയ്‌തേക്കാം. ഹിന്ദുത്വ അജണ്ടയായ ലവ് ജിഹാദും മറ്റും കൂടുതല്‍ ഏറ്റുപിടിക്കുന്നത് ഇപ്പോള്‍ ക്രിസ്ത്യന്‍ സമുദായമാണ്.
ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകം പി ടി തോമസ് എന്ന വികാരം മാത്രമായിരിക്കും. മറ്റു വിഷയങ്ങളെല്ലാം, സ്ഥാനാര്‍ത്ഥികളുടെ കഴിവുകളോ കഴിവു കേടുകളോ രാഷ്ട്രീയ പ്രശ്‌നങ്ങളോ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വരുന്നത് അതിനു താഴെ മാത്രം. അതിനാല്‍ ഉമ തോമസിന്റെ വിജയം സുനിശ്ചിതമാണ്. മറ്റു സ്ഥാനാര്‍ത്ഥികള്‍ എത്ര വോട്ടുകള്‍ നേടുമെന്ന കാര്യത്തില്‍ മാത്രമേ ചിന്തിക്കേണ്ടതുള്ളു. തോറ്റുപോകുന്നതിന്റെ ഉത്തരവാദിത്വം സ്ഥാനാര്‍ത്ഥികളുടെ പരിചയക്കുറവില്‍ കെട്ടിവച്ച് പാര്‍ട്ടികള്‍ക്ക് സ്വന്തം നില ഭദ്രമാക്കാം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടികളെ സ്വാധീനിച്ച ഘടകങ്ങള്‍ പി ടി തോമസെന്ന വികാരം മാത്രമാണെന്ന് വ്യക്തം.

……………………………………………………………………………………….
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ


Tags: P T Thomas, Uma Thomas, Thrikkakkara by0election, AAP, AN Radhakrishnan, T20

Leave a Reply

Your email address will not be published. Required fields are marked *