നട്ടെല്ലില്ലാത്ത പെണ്ണുങ്ങളുടെ കൂട്ടത്തില്‍ മാധവിക്കുട്ടിയെന്ന വിശ്വമാനവിതകയെ കൊണ്ടുനിറുത്തരുത്

പലതവണ ബലാത്‌സംഗം ചെയ്യപ്പെട്ടിട്ടും ഒരക്ഷരം പോലും മറുത്തു പറയാന്‍ ധൈര്യമില്ലാതെ വീണ്ടും വീണ്ടും ബലാത്സംഗിക്കു വഴങ്ങിക്കൊടുക്കുന്ന നാണംകെട്ട പെണ്ണുങ്ങളുടെയും അതാണ് പെണ്ണെന്ന് പ്രഘോഷിക്കുന്ന നട്ടെല്ലില്ലാത്ത ആണുങ്ങളുടെയും ഒത്തുകിട്ടിയാല്‍ ആരെയും കടന്നുപിടിക്കാന്‍ മടിയില്ലാത്ത കൊടും ക്രിമിനലുകളുടെയും കൂട്ടത്തില്‍ മാധവിക്കുട്ടിയെന്ന എഴുത്തുകാരിയെ നിറുത്തരുത്…! ഇവരും ബലാത്സംഗം ചെയ്യപ്പെട്ടോ എന്ന കാരുണ്യക്കണ്ണുകളും മനസില്‍ ലൈംഗിക ഗൂഢരസപൂര്‍ത്തീകരണവുമായി അവരെ സമീപിക്കരുത്..! സ്‌നേഹത്തിന് കാമമെന്ന് അര്‍ത്ഥം നല്‍കുന്ന ഒരാളുപോലും മാധവിക്കുട്ടിയെന്ന വിശ്വമാനവികതയുടെ പരിസരത്തു പോലും വരരുത്….!

ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണിനോട് ഡെറ്റോളൊഴിച്ചു നന്നായി ഒന്നു കുളിക്കാനും അതില്‍ക്കൂടുതല്‍ ശുദ്ധിയൊന്നും നീ വരുത്തേണ്ടതില്ലെന്നും പറഞ്ഞ അതുല്യ സാഹിത്യകാരിയും സ്ത്രീപക്ഷവാദിയുമാണവര്‍. അവരെ ഇത്തരത്തില്‍ മോശപ്പെട്ട രീതിയില്‍ അപമാനിക്കാന്‍, അതും മരിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം, എ പി അഹമ്മദ് ആരാണ്….?? തങ്ങളുടെ സാംസ്‌കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയായി നിയമിക്കാന്‍ ലിംഗവെറി പൂണ്ട ഈ മന്ദബുദ്ധിയെ മാത്രമേ കിട്ടിയുള്ളോ സി പി ഐയ്ക്ക്്…?? സ്‌നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും അത്യുദാത്തമായ കാഴ്ചപ്പാടുകള്‍ മലയാളിക്കു നല്‍കിയ മാധവിക്കുട്ടിയെ ഇത്തരത്തില്‍ വാക്കുകള്‍കൊണ്ടു വ്യഭിചരിക്കാന്‍ ആരാണിയാള്‍ക്ക് അനുമതി നല്‍കിയത്…??
അല്ലെങ്കിലും മലയാളിക്കെന്നും സ്‌നേഹമെന്നാല്‍ കാമം മാത്രമാണ്. അത്രയ്ക്കുണ്ട് ഈ നാട്ടിലെ ലൈംഗിക ദാരിദ്ര്യം. ഒരാണും പെണ്ണും ഒരുമിച്ചിരിക്കുന്നതോ സംസാരിക്കുന്നതോ ഒരുമിച്ചു യാത്ര ചെയ്യുന്നതോ സഹിക്കാന്‍ കഴിയാത്ത വിധം ലൈംഗിക ദാരിദ്ര്യം ബാധിച്ച മനുഷ്യരിവിടെ സദാചാരത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുന്നു.


വിശ്വമാനവികത ഉയര്‍ത്തിപ്പിടിച്ച വിശ്വസാഹിത്യകാരിയാണ് മാധവിക്കുട്ടിയെന്ന കമല സുരയ്യ. ഒരു മലയാളിയും അതു മറക്കരുത്. ഈ തലമുറയ്ക്ക് അത് അറിയില്ലെങ്കില്‍ അത് അറിഞ്ഞേ തീരൂ. മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ സാഹിത്യത്തിനും പാണ്ഡിത്യത്തിനും പകരംവയ്ക്കാന്‍ മലയാളത്തില്‍ വേറൊരു സാഹിത്യസൃഷ്ടാവില്ല. അത്രയേറെ ഉയരത്തിലാണ് മാനവികതയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും അവര്‍ നല്‍കിയ സന്ദേശങ്ങള്‍.

മാധവിക്കുട്ടിയെന്ന വ്യക്തിയെയും അവരുടെ നിലപാടുകളെയും എത്രവേണമെങ്കിലും ചോദ്യം ചെയ്യാം. പക്ഷേ, അവരുടെ ആശയങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ വ്യഭിചരിക്കുന്നത് വിശ്വമാനവികതയെയാണ്. ലോകത്തെ ഇത്രമേല്‍ സ്‌നേഹത്തോടെ വിവക്ഷിച്ച ഒരു കഥാകാരി ഈ ലോകത്തില്ല. പുതുതലമുറയ്ക്ക് അവരെ അറിയില്ലായിരിക്കാം. പക്ഷേ, പഴയ തലമുറയ്ക്ക് അവര്‍ ആരാണെന്നറിയാം. അവര്‍ ഉയര്‍ത്തിവിട്ട ആശയങ്ങളെന്താണെന്നറിയാം. അവര്‍ ഏതു മതത്തില്‍ ജനിച്ചുവെന്നോ പിന്നീടേതു മതം സ്വീകരിച്ചുവെന്നതോ ഇവിടെ പ്രസക്തമല്ല. അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കാണ് എന്നെന്നും പ്രസക്തി.
അത്രയേറെ ഉയരത്തില്‍ ചിന്തിച്ച, ഇവിടെയുള്ള സാഹിത്യനായകര്‍ക്ക് എത്തിപ്പെടാന്‍ പോലും പറ്റാത്തത്ര ഉയരത്തില്‍ സ്വന്തം ഇരിപ്പിടമുറപ്പിച്ച ഒരു സാഹിത്യകാരിയെയാണ് എ പി അഹമ്മദ് നാണംകെട്ട നട്ടെല്ലില്ലാത്ത പെണ്ണുങ്ങളുടെ കൂട്ടത്തിലേക്കു തള്ളിയിട്ടത്. അമ്മയുടെ പ്രായമുള്ള 67 വയസുള്ള മാധവിക്കുട്ടിയെ മുസ്ലീം ലീഗ് നേതാവ് അബ്ദുസമദ് സമദാനി ചാലിയാറിലെ കല്‍പ്പടവുകളിലിട്ട് ബലാത്സംഗം ചെയ്തുവത്രെ…! അവര്‍ കലഹിച്ചപ്പോള്‍ കെട്ടിക്കൊള്ളാമെന്നു പറഞ്ഞത്രെ…! അവര്‍ മതം മാറിയത് തന്നെ ബലാത്സംഗം ചെയ്തവന്റെ സ്‌നേഹം കിട്ടാന്‍ വേണ്ടിയാണത്രെ…! അതിന്റെ പേരിലാണവര്‍ ഇസ്ലാം മതം സ്വീകരിച്ചതത്രെ…!! ഇതിന്റെ പേരില്‍ സൗദി അറേബ്യയിലെ ഒരു സംഘടനയില്‍ നിന്നും 10 ലക്ഷം ഡോളര്‍ സമദാനി പ്രതിഫലമായി വാങ്ങിയത്രെ…!!
യുക്തിവാദികളുടെ കൂട്ടായമായ ‘ചാര്‍വാകം’ സെമിനാറില്‍ കഴിഞ്ഞ വര്‍ഷം എ പി അഹമ്മദ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
‘ചേകന്നൂര്‍ മൗലവിക്കുവേണ്ടി ഒച്ചവെച്ച എത്രപേര്‍ മാധവിക്കുട്ടിക്കുവേണ്ടി സംസാരിച്ചു? മതപരിവര്‍ത്തനം എന്ന ആഗോള കച്ചവടത്തിന്റെ ഏറ്റവും വലിയ ഏജന്റ് മലപ്പുറത്തെ മുസ്ലിം ലീഗിന്റെ നേതാവായ ഒരു എംപിയാണെന്ന് ചരിത്രം പകല്‍വെളിച്ചം പോലെ വിളിച്ചു പറയുന്നു. ലീലാ മേനോന്‍ മരിച്ചുപോയി. അവര്‍ ചങ്കുപൊട്ടി പറഞ്ഞുനോക്കി. കേട്ടില്ല. ഇപ്പോള്‍ കനേഡിയക്കാരിയായ ഒരു എഴുത്തുകാരി മെര്‍ളി വേസ് ബോഡ്, എന്ന എഴുത്തുകാരി മാധവിക്കുട്ടിയുടെ അവസാനത്തെ പത്തുകൊല്ലം അവര്‍ക്കൊപ്പം സഞ്ചരിക്കയും ജീവിക്കുകയും ചെയ്ത ആത്മ സുഹൃത്താണ്.
മാധവിക്കുട്ടി മലയാളത്തില്‍ ആരാണോ അത്രയും തത്തുല്യമായ പദവി കനേഡിയന്‍ സാഹിത്യത്തിലുള്ള വ്യക്തിയാണ് ഇവര്‍. നമ്മളെപ്പോലെ ജാടയും കാപട്യവും ഇല്ലാത്തതുകൊണ്ട് അവര്‍ അത് തുറന്ന് എഴുതി. മരിക്കുന്നതിന് മുമ്പ് മാധവിക്കുട്ടിക്ക് കാണിച്ചുകൊടുത്തു. ഇവനാണ് ഭീകരന്‍ എന്ന് ഞാന്‍ എഴുതട്ടെ. മാധവിക്കുട്ടി ആകെ പറഞ്ഞത്. മോളെ ഞാന്‍ അവനെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്നത് കാണരുത്, അതുകൊണ്ട് അവന്റെ പേര് ഒന്ന് മാറ്റിക്കോ. അങ്ങനെയാണ്, സാദിഖലിയായത്. പക്ഷേ കമലിന് അത്രയും ധൈര്യം ഉണ്ടായിരുന്നില്ല. കമല്‍ വേഷം ഒക്കെ ഏതാണ്ട് അതുപോലെ ആക്കിയെങ്കിലും, വേറെന്തോ പേര് കൊടുത്തു. അക്ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാര്‍ഥ പേര് സമദാനിയാണെന്ന് പറയാന്‍ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്. ഇത് ചെറിയ കാര്യമാണോ. വ്യക്തിപരമായി ഞങ്ങളൊക്കെ അടുപ്പം ഉള്ളവര്‍ ആകും. പക്ഷേ മാധവിക്കുട്ടിയോട് അതിക്രമം കാണിക്കുകയെന്നാല്‍. എന്താണ് ആ പുസ്തകം സാക്ഷ്യപ്പെടുത്തുന്നത്. 67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള ഒരാളെ പരസ്യമായി കടവിനടുത്ത റിസോര്‍ട്ടില്‍ കൊണ്ടുപോയി, ആ ചാലിയാറിന്റെ പടവുകളില്‍ ഇട്ട് ബലാല്‍ക്കാരം ചെയ്യുക. എന്നിട്ട് അവര്‍ കലഹിക്കുമ്പോള്‍ കെട്ടിക്കോളാന്‍ പറയുക. ഇന്നു മുതല്‍ പത്താം ദിവസം എന്റെ ഭാര്യയാണെന്ന് പറയുക. അതിനുള്ള കണ്ടീഷന്‍. മതം മാറണം. ഉടനെ തയ്യാറായി. പ്രണയത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ആ അത്യജ്ജലമായ ജന്മം, എന്തിനും തയ്യാറായി. അവര് മതം മാറാന്‍ ഏര്‍പ്പാടാക്കി. പാളയം ഇമാമിനെ വിളിച്ചു. തിരുവനന്തപുരത്തെ സൗത്ത പാര്‍ക്ക് ഹോട്ടലില്‍ ഡിന്നര്‍ ബുക്ക് ചെയ്തു. പിന്നെ ഫോണ്‍ എടുത്തിട്ടില്ല. പിന്നെ കേള്‍ക്കുന്ന കഥ ഇതാണ്. കലയല്ല സത്യം. സൗദി അറേബ്യന്‍ ജാലിയാത്തില്‍നിന്ന് പത്തുലക്ഷം ഡോളറാണ് ഈ കച്ചവടത്തിന് കൈപ്പറ്റിയത്. ലോക പ്രശസ്തയായ ഒരു എഴുത്തുകാരിയെ ഞാനിതാ ഇസ്ലാമിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ആ കങ്കാണിയുടെ പേര് എന്തുകൊണ്ടാണ് മലയാളം മിണ്ടാത്തത്. മലപ്പുറം ജില്ലയിലെങ്കിലും മുസ്ലിംലീഗുപോലൊരു പാര്‍ട്ടിയുടെ ഓഫീസ് പൂട്ടിക്കാന്‍ ഈ ഒരൊറ്റ ഇഷ്യൂ മതിയായിരുന്നല്ലോ. എന്താണ് മിണ്ടാത്തത്. നമ്മുടെ ഇടതുപക്ഷ സര്‍ക്കിളുകളിലൊക്കെ ഇയാളെ ഇപ്പോഴും മതേതരവാദിയായി ആഘോഷിക്കുകയാണ്,’ എ പി അഹമ്മദ് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഇവയാണ്.
ബലാത്സംഗം ചെയ്യപ്പെട്ട് എല്ലാം നശിച്ചെന്ന ജീര്‍ണ്ണസംസ്‌കാരം പേറി കരഞ്ഞുകൂവുന്ന പെണ്ണിനോട് ഡെറ്റോളൊഴിച്ചു നന്നായി ഒന്നുകുളിക്കാന്‍ പറഞ്ഞവള്‍, രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതിരുന്നാല്‍ കിടന്നു കൊടുത്തു സുഖിച്ചേക്കാന്‍ പറഞ്ഞവള്‍, തന്നെ ബലാത്സംഗം ചെയ്തവനെ വിവാഹം കഴിക്കാന്‍ കൊതിച്ചുവെന്നും അതിനായി മതം മാറിയെന്നും മലയാളിയോടു വിളിച്ചു കൂവുന്നവന്റെ തലയ്ക്ക് സാരമായ പ്രശ്‌നമുണ്ട്. ചികിത്സിച്ചേ മതിയാകൂ. സ്‌നേഹമെന്നാല്‍, പ്രണയമെന്നാല്‍ ബലാത്സംഗമല്ല. ബലാത്സംഗിക്കു പ്രണയിക്കാനും കഴിയില്ല. ബലമായി പെണ്ണിനെ ഭോഗിക്കുന്ന ഒരാളോടും മാധവിക്കുട്ടി ജീവിച്ചിരുന്ന കാലമത്രയും പൊറുത്തിട്ടുമില്ല. എന്നിട്ടും പറയുന്നു, അവരെ ബലാത്സംഗം ചെയ്തവന്റെ സ്‌നേഹത്തിനു വേണ്ടി അവര്‍ ദാഹിച്ചു കാത്തിരുന്നുവെന്ന്…! മരിച്ചു മണ്ണടിഞ്ഞ ശേഷം എന്തിനവരെ ഇങ്ങനെ അപമാനിക്കുന്നു…??

ബലാത്കാരമായി തന്നെ കീഴടക്കിയ പുരുഷന് വീണ്ടും വീണ്ടും വഴങ്ങിക്കൊടുക്കുന്നവളാണ് പെണ്ണെന്നും അവനെത്തന്നെ വേണം അവള്‍ വിവാഹം കഴിക്കാനെന്നും ഇവിടെയുള്ള സകല ആണും പെണ്ണും ഒരുമിച്ചു നിന്നു പറഞ്ഞാലും മാധവിക്കുട്ടിയെ അതിനു കിട്ടില്ല. അവര്‍ സംസാരിച്ചതത്രയും സ്‌നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും അതിലൂടെ മാത്രം സാധ്യമായ രതിയെക്കുറിച്ചുമാണ്. പെണ്ണെന്നു കേള്‍ക്കുന്ന മാത്രയില്‍ ഉയര്‍ന്നെഴുന്നേല്‍ക്കുന്ന ലിംഗമുള്ള പുരുഷനും അത്തരം പുരുഷനു കീഴടങ്ങി ജീവിക്കുന്നതാണ് തങ്ങളുടെ ജന്മസാഫല്യമെന്നും കരുതുന്ന പെണ്ണുങ്ങളും അവരുടെ പേരുപോലും ഉച്ചരിക്കരുത്. സ്‌നേഹത്തിനും പ്രണയത്തിനും മുന്നില്‍ മാധവിക്കുട്ടിയെന്ന സ്‌നേഹസാഗരം സ്വയം കീഴടങ്ങിയേക്കാം. പക്ഷേ, ഒരു ബലാത്സംഗിക്കു മുന്നില്‍ കുനിഞ്ഞ ശിരസുമായി ഒരാളുമവരെ പ്രതീക്ഷിക്കരുത്. ശരീരം മുഴുവനും ലൈംഗിക അവയവവുമായി നടക്കുന്ന ഇരുകാലി മൃഗങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അവര്‍ ഉയര്‍ത്തിവിട്ട വിശ്വമാനവികതയും പ്രണയവും. മനസിലവരെ വ്യഭിചരിച്ചു രസിക്കുന്നത് നിങ്ങള്‍ക്കൊരു ഹരമായിരിക്കാം. അവരെ സ്‌നേഹിക്കുന്ന, അവരുടെ ആശയങ്ങളെ നെഞ്ചോടു ചേര്‍ത്ത, മനസില്‍ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും അലകടലിരമ്പുന്ന ഒരു മനുഷ്യജീവിക്കു പോലും അതു സഹിക്കാനാവില്ലെന്ന കാര്യം ഓര്‍മ്മയിരിക്കട്ടെ….

………………………………………………………………………………………………………….

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ


Tags: Madhavikkutty, Kamala Surayya, Abdu Samad Samadani, A P Ahmmed

Leave a Reply

Your email address will not be published. Required fields are marked *