കൂച്ചുവിലങ്ങ് വേണ്ടത് മാധ്യമങ്ങള്‍ക്കല്ല, ജനങ്ങളെ പറ്റിക്കുന്ന ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും

മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ഒരുതവണ കൂടി കേന്ദ്ര സര്‍ക്കാര്‍
ശ്രമിച്ചു, പക്ഷേ നടന്നില്ല. കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ്
മാധ്യമപ്രവര്‍ത്തകരുടെ അക്രെഡിറ്റേഷന്‍ റദ്ദാക്കാനുള്ള തീരുമാനം
സര്‍ക്കാര്‍ പിന്‍വലിച്ചത്. വാര്‍ത്ത വ്യാജമാണെന്നു തെളിഞ്ഞാല്‍
മാധ്യമപ്രവര്‍ത്തകരുടെ അക്രെഡിറ്റേഷന്‍ റദ്ദാക്കുമെന്നായിരുന്നു കേന്ദ്ര
സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ നിയമത്തിലൂടെ ഇന്ത്യയിലെ മാധ്യമങ്ങളെ
കൂച്ചുവിലങ്ങിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 
കാവല്‍ നായ്ക്കളാണ് മാധ്യമങ്ങള്‍. അനീതി കാണുമ്പോള്‍ കുരയ്ക്കാന്‍
വിധിക്കപ്പെട്ടവര്‍. ചിലപ്പോള്‍, ആ കുര വെറും സംശയത്തിന്റെ പേരില്‍
മാത്രമായിരിക്കാം, എങ്കിലും അവറ്റകള്‍ക്ക് കുരച്ചേ തീരൂ.
കുരയ്ക്കുന്നവര്‍ക്ക് കൂച്ചുവിലങ്ങിടുമ്പോള്‍, കള്ളന്മാരെ എന്തു
ചെയ്യണം….??? അവരെ ഇങ്ങനെ അഴിഞ്ഞാടാന്‍ വിട്ടാല്‍ മതിയോ….??
കള്ളത്തരവും അനീതികളും കാണുമ്പോള്‍ കുരയ്ക്കാന്‍ നിയോഗിക്കപ്പെട്ടവര്‍
മിണ്ടാതിരുന്നാല്‍, കള്ളന്മാര്‍ക്കും അക്രമികള്‍ക്കും ബഹുസുഖം. അവരുടെ
കള്ളത്തരം വിളിച്ചു പറയാന്‍ ആരുമുണ്ടാകില്ല. ശിക്ഷ കിട്ടിയെങ്കിലോ എന്നു
കരുതി കാവല്‍ നായ്ക്കള്‍ മിണ്ടാതിരിക്കും. അതേ, അതുതന്നെയാണ്
ഭരണകൂടത്തിന്‍രെയും ആവശ്യം. അവര്‍ മിണ്ടരുത്, ഒന്നും കാണരുത്, കണ്ടതൊന്നും
വിളിച്ചു പറയുകയുമരുത്. 
അമ്പതിനായിരം രൂപ മുടക്കി ഒരു ബസ് കാത്തിരിപ്പു കേന്ദ്രമുണ്ടാക്കി, അതിനു
മുകളില്‍ അഞ്ചു ലക്ഷവും പത്തു ലക്ഷവും അതിനു ചെലവായി എന്ന് എഴുതി
വയ്ക്കുന്ന, കള്ളന്മാരായ ജനപ്രതിനിധികളെ ഈ നിയമത്തിന്റെ പരിധിയില്‍
കൊണ്ടുവരേണ്ടേ…?? അട്ടപ്പാടിയിലെ പാവങ്ങള്‍ക്കു വേണ്ടി വകയിരുത്തിയ
കോടികള്‍ പോക്കറ്റിലാക്കിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടി ഈ
നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും
കോടികള്‍ മുടക്കി പ്രതിമകള്‍ നിര്‍മ്മിക്കുന്നവരെ എന്തു ചെയ്യണം….?
സ്വന്തം മഹത്വം പാടാന്‍ വേണ്ടി കോടികള്‍ പരസ്യത്തിനു വേണ്ടി മുടക്കുന്നവരെ
എന്തു ചെയ്യണം…?? പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ പോലും കൈയിട്ടുവാരി
സമ്പന്നരുടെ പാനപാത്രം നിറയ്ക്കുന്നവര്‍ക്കെതിരെ എന്തു നടപടി ഉണ്ടാകും…??
ഭരിക്കുന്നവരുടെ അപദാനങ്ങള്‍ മാത്രം പാടിയാല്‍ മതിയോ മാധ്യമങ്ങള്‍…???
അതിന് വേണ്ടുവോളം സ്തുതിപാഠകരുണ്ടല്ലോ, പിന്നെ മാധ്യമങ്ങള്‍ എന്തിന്…??
കോടിക്കണക്കിനു തുക ഇതിനായി ഓരോ ദിനവും ചെലവാക്കുന്നുമുണ്ട്. ഇവിടെ,
ശബ്ദമില്ലാത്തവര്‍ക്കുവേണ്ടിയാണ് മാധ്യമങ്ങള്‍ നിലകൊള്ളുന്നത്.
രാജാവ്‌നഗ്നനാണ് എന്നറിയിക്കേണ്ട ചുമതല അവര്‍ക്കുണ്ട്. അവരുടെ കൈകള്‍ക്കും
നാവിനും വിലങ്ങിട്ടാല്‍, അത് മഹത്തായ ജനാധിപത്യ സംസ്‌കാരമല്ല. 
എങ്കിലും, എല്ലാ മേഖലയിലും പുഴുക്കുത്തുകള്‍ ഉള്ളതുപോലെ, മാധ്യമരംഗത്തും
കണ്ടേക്കാം ഇത്തരക്കാര്‍. അവരെ, ജനാധിപത്യരീതിയില്‍ ശിക്ഷിക്കുകയാണു
വേണ്ടത്. പെരുംകള്ളം കാണിക്കുന്ന മന്ത്രിമാരും രാഷ്ട്രീയ പ്രവര്‍ത്തകരും
പറയുന്നൊരു കാര്യമുണ്ട്. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന്. ആ
നിയമവഴിയെന്തേ മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്യമായത്…??? കുറ്റം
ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കേണ്ടത് കോടതിയാണ്. കോടതി ശിക്ഷിക്കട്ടെ….
മഹാകുംഭകോണത്തില്‍ പിടിയിലായി ശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ
പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ വി വി ഐ പി പരിഗണനയും തുടരെത്തുടരെ പരോളും.
അവരെ രാഷ്ട്രീയത്തില്‍ നിന്നും ആജീവനാന്തം വിലക്കാത്തത് എന്തുകൊണ്ട്…??
കള്ളത്തരം കാണിച്ചവര്‍ക്ക് ശിക്ഷയില്ല. ജനങ്ങളെ സേവിക്കേണ്ട സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ കള്ളങ്ങള്‍ കാണിച്ചാല്‍ അതിന് എന്തു ശിക്ഷയാണ്
നല്‍കുന്നത്…??? അടിച്ചമര്‍ത്തപ്പെട്ട ദളിത് ആദിവാസി വിഭാഗങ്ങളുടെ മേല്‍
കുതിര കയറുന്നവര്‍ക്ക് എന്തു ശിക്ഷയാണ് നല്‍കുന്നത്…??? ദളിത് സ്ത്രീകള്‍
തങ്ങള്‍ക്കു ഭോഗിക്കാനുള്ള ഒരു വസ്തു മാത്രമാണ് എന്ന മുന്നോക്ക
സമുദായക്കാരന്റെ ധാര്‍ഷ്ട്യാഹങ്കാരങ്ങള്‍ക്ക് എന്തു ശിക്ഷയാണുള്ളത്….??? 
പല വര്‍ഗ്ഗീയ കലാപങ്ങളും ഇന്ത്യന്‍ മണ്ണില്‍ നടന്നിട്ടുള്ളത്
ഭരണകൂടത്തിന്റെ ഒത്താശയോടുകൂടിയാണ്. വിവിധ മതത്തിലും ജാതിയിലും പെട്ടവരെ
തമ്മില്‍ തല്ലിച്ച് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ നടത്തുന്ന നെറികെട്ട
നേതാക്കള്‍. ഭരണകൂടം നടത്തുന്ന ഇത്തരം പൈശാചികതകള്‍ വെളിച്ചത്തു
കൊണ്ടുവരുന്ന മാധ്യമങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ ഭരണകൂടത്തിന് എന്തൊരു
വ്യഗ്രതയാണ്. മാധ്യമങ്ങള്‍ക്കു നേരെ വരുന്ന ഇത്തരം കൂച്ചുവിലങ്ങുകള്‍
പൊട്ടിച്ചെറിയാന്‍ ശക്തരാണ് അവര്‍. ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാര്‍.
അവര്‍ സ്വതന്ത്രരായി ചിന്തിക്കട്ടെ, കൂച്ചുവിലങ്ങുകള്‍ അവര്‍ക്കു ചേരില്ല. 

Tags: freedom of the press, Press freedom in India, Indian government withdrew law to cancel accreditation of journalists, strong agitation against cancellation of accreditation of journalists due to fake news

Leave a Reply

Your email address will not be published. Required fields are marked *