കോണ്‍ഗ്രസും കള്ളനാണയം: കെ റെയില്‍ സമരക്കാര്‍ അതും തിരിച്ചറിയണം

കേരളത്തിന് ആവശ്യമില്ലാത്തൊരു പദ്ധതി ജനങ്ങളുടെ തലയില്‍ കെട്ടിവച്ച് അനാവശ്യബാധ്യതയും പരിഹരിക്കാനാവാത്ത പരിസ്ഥിതി നാശവും വരുത്തിവയ്ക്കാനുള്ള ത്വരിത പരിശ്രമത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍. കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന ജനത്തെ വികസന വിരോധികളെന്നാക്ഷേപിച്ചാണ് സര്‍ക്കാര്‍ നേരിടുന്നത്. വികസനത്തിനു വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറല്ലാത്തവരെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന വമ്പന്‍ ഓഫറുകള്‍ സ്വീകരിച്ച് സ്ഥലം വിട്ടുകൊടുക്കുകയാണു വേണ്ടതെന്നുമുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്.


ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം സര്‍വ്വ പിന്തുണയും നല്‍കിക്കൊണ്ട് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഭരണ പക്ഷം കൊണ്ടുവരുന്ന പദ്ധതികളെയെല്ലാം എതിര്‍ക്കുക, ഭരണപക്ഷത്തായിരിക്കുമ്പോള്‍ അവയ്ക്കു പച്ചക്കൊടി കാണിക്കുക എന്ന നയം കേരളത്തിലെ എല്ലാ പാര്‍ട്ടികളും നേതാക്കളും സ്വീകരിച്ചു വരുന്നൊരു ആചാരമാണ്.

2012 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് 142 മിനിറ്റുകൊണ്ടെത്തുന്ന അതിവേഗ റെയില്‍പ്പാതയ്ക്ക് പച്ചക്കൊടി കാണിച്ചിരുന്നു. അതിവേഗ തീവണ്ടിപ്പാതയുടെ സാധ്യതാ പഠനം നടത്തിയത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ്. പ്രാഥമിക ഘട്ടത്തില്‍ കാസര്‍കോഡു വരെയാണ് റെയില്‍പ്പാതയെങ്കിലും അന്തിമ ഘട്ടത്തില്‍ അത് മംഗലാപുരം വരെ നീട്ടാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കാസര്‍കോഡു വരെയുള്ള അതിവേഗ റെയില്‍പ്പാതയുടെ നീളം 521 കിലോമീറ്ററും മംഗലാപുരം വരെ നീട്ടുമ്പോള്‍ 564 കിലോമീറ്ററുമായിരുന്നു. തിരുവനന്തപുരത്തു നിന്നും 156 മിനിറ്റുകൊണ്ട് (2 മണിക്കൂര്‍ 60 മിനിറ്റ്) മംഗലാപുരത്ത് എത്താനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിച്ചിരുന്ന ഈ അതിവേഗ റെയില്‍പ്പാത തന്നെയാണ് ഇപ്പോള്‍ റൂട്ടു മാറ്റി, സമയക്രമത്തില്‍ മാറ്റം വരുത്തി പിണറായി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉത്സാഹിക്കുന്നത്. അന്നതു നടത്തതിരിക്കാന്‍ അതിശക്തമായ പ്രതിഷേധമാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തിയിരുന്നത്. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിപക്ഷത്തുമെത്തിയിരിക്കുന്നു. അന്നാ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്നതു നടപ്പിലാക്കാന്‍ അത്യുത്സാഹം കാണിക്കുന്നു. ഈ രണ്ടുകൂട്ടരുടെയും, പിന്തുണയുമായി കൂടിയിരിക്കുന്ന ബി ജെ പിയുടെയും ലക്ഷ്യം ജനങ്ങളുടെ ക്ഷേമമോ നാടിന്റെ നന്മയോ അല്ല എന്നതിന് ഇതിലും വലിയൊരു ഉദാഹരണം വേണ്ടതുമില്ല.

കര്‍ഷകരുടെ ജീവിതം താറുമാറാക്കുന്ന കേന്ദ്ര കാര്‍ഷിക നയത്തിനെതിരെ ജനങ്ങള്‍ സമരം നയിച്ചതും വിജയിച്ചതും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെയാണ്.


കോണ്‍ഗ്രസ് ഭരണകാലത്തെ വികസന ഭരണകൂട ഭീകരത

എല്ലാ വന്‍കിട പദ്ധതികള്‍ക്കും അനുമതി കിട്ടാന്‍ ഏറ്റവും ആവശ്യമായ ഒരു പഠനമാണ് പാരിസ്ഥിതിക ആഘാത പഠനം (EIA). എന്നാല്‍ കേരളത്തില്‍ ഈ പഠനം വെറും പ്രഹസനം മാത്രമാകുന്നു. സൈലന്റ് വാലി, അതിരപ്പള്ളി, വിഴിഞ്ഞം എന്നീ പദ്ധതികളില്‍ ഉയര്‍ന്നുവന്ന വാക്കാണിത്. അതിനാല്‍, മലയാളികള്‍ക്കീ വാക്ക് പരിചിതവുമാണ്. ഭരണാധികാരികള്‍ക്ക് ഈ പഠനം ഒരു പ്രഹസനമായതിനാല്‍ത്തന്നെ, സൈലന്റ് വാലിയും അതിരപ്പള്ളിയും വേണ്ടെന്നു വെക്കാനും വിഴിഞ്ഞം നടത്തിയെടുക്കാനും ഇത് മൂലം കഴിഞ്ഞു. പൊതുവെ റെയില്‍വേ പദ്ധതികള്‍ക്ക് EIA ആവശ്യമില്ലെന്നു കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പോര്‍ട്ട് പദ്ധതികള്‍ക്കും ഇത് ബാധകമല്ലെങ്കിലും ചില തീരങ്ങളില്‍ അത് പാടില്ല എന്ന് തിട്ടൂരം ഉണ്ടായിട്ടും വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ അതൊക്കെ കാറ്റില്‍ പറത്തിയാണ് ഉമ്മന്‍ചാണ്ടി അദാനിക്ക് പദ്ധതി വെള്ളിത്തളികയില്‍ വെച്ച് കൊടുത്തത്.

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി വിശദമായ ഒരു സാമൂഹിക ആഘാത പഠനം നടന്നിരുന്നു. പാരിസ്ഥിതീക ആഘാത പഠനം നടക്കുന്ന സമയത്ത് തന്നെയായിരുന്നു ഈ തട്ടിപ്പും നടത്തിയത്. തട്ടിപ്പ് എന്ന് എടുത്തു പറയാന്‍ കാരണമുണ്ട്. ഇതിന്റെ പബ്ലിക് ഹിയറിങ് നടന്ന സ്ഥലത്ത് നിന്നും പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചവരെ കായികമായി, അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ മറയാക്കി ജില്ലാ ഭരണകൂടവും പോലീസും പദ്ധതിയുടെ വക്താക്കളായ വികസന ദാഹികളും ചേര്‍ന്നു നടത്തിയ ഭരണകൂട ഭീകരത തന്നെയായിരുന്നു വിഴിഞ്ഞത്ത് അന്ന് അരങ്ങേറിയത്.

അന്ന് അവിടെ നിന്നും പോലീസ് സംരക്ഷണയിലാണ് പല വികസന വിരുദ്ധരും രക്ഷപെട്ടത്. അന്നത്തെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ പിന്നീട് ഇതൊരു വലിയ വിജയമായി പറയുന്നത് കേള്‍ക്കാനും ഇട വന്നിട്ടുണ്ട്. എങ്ങനെയും പദ്ധതി നടപ്പിലാക്കി കമ്മീഷന്‍ അടിക്കുക എന്നത് മാത്രമായിരുന്നു അന്നത്തെ സര്‍ക്കാര്‍ മേധാവികളുടെയും ചില ഉദ്യോഗസ്ഥരുടെയും ലക്ഷ്യം.

ഒടുവില്‍, പദ്ധതിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ 100% ശരിയായി വരുന്നു. ഇപ്പോള്‍ പോര്‍ട്ടും ഇല്ല. ടൂറിസവും ഇല്ല. മത്സ്യ മേഖലയും ഇല്ല. സര്‍ക്കാര്‍ കടക്കെണിയില്‍ ആവുകയും ചെയ്തു കൊണ്ടിരിക്കുന്നു. വിഴിഞ്ഞവുമായി താരതമ്യം ചെയ്യുമ്പോള്‍ സില്‍വര്‍ ലൈന്‍ ഒരാനയാണ്. അതിന്റെ ഭീകരത ഇനുഭവിക്കാന്‍ പോകുന്നതാകട്ടെ വരും തലമുറയും.

ഇടതായാലും വലതായാലും തീവ്ര വലതായാലും ഒടുവില്‍ എല്ലാവരും ലക്ഷ്യം നേടാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കും. വിഴിഞ്ഞം ഒരു പ്രാദേശിക വികാരത്തിന്റെ ബലത്തില്‍ പടുത്തുയര്‍ത്തുന്നതാണെങ്കില്‍ സില്‍വര്‍ ലൈന്‍ ഒരു സംസ്ഥാനത്തെ മുഴുവന്‍ ബാധിക്കുന്നതാണ് എന്ന വ്യത്യാസം മാത്രമേയുള്ളൂ.


സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ദോഷവശങ്ങള്‍ കൃത്യമായ സാങ്കേതികതയില്‍ ഊന്നി പറയുന്ന എഞ്ചിനീയര്‍ സുനില്‍കുമാര്‍ എഴുതിയ പോസ്റ്റു കൂടിയൊന്നു വായിച്ചു നോക്കുക.

സോഷ്യല്‍ ഇമ്പാക്ട് അസെസ്‌മെന്റ് (SIA )എന്നു പറഞ്ഞാല്‍ അതൊരു യുദ്ധമല്ലെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ പഠനത്തിനു വേണ്ടി കല്ലുകള്‍ ഇടേണ്ട കാര്യവുമില്ല…!

ഏതൊരു പദ്ധതി, അത് റോഡോ റെയില്‍വേയോ ഡാമോ ആയാലും, അത് കടന്നു പോകുന്ന അല്ലെങ്കില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ ആളുകളെയും ആളുകള്‍ അടങ്ങുന്ന സമൂഹങ്ങളെയും ബാധിക്കും. ഉദാഹരണത്തിന് കെ -റെയില്‍ കടന്നു പോകുന്ന സ്ഥലങ്ങളിലെ സമൂഹങ്ങളില്‍ ഈ റെയില്‍ വരുന്നതു കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുന്ന പഠനമാണ് SIA. ഒരു പ്രദേശത്ത് ഈ പഠനം നടത്താന്‍ വേണ്ടി ഇപ്പോഴത്തെ കാലത്ത് ഒരു കല്ലു പോലും ഇടേണ്ടതില്ല. പത്തു കൊല്ലം മുമ്പായിരുന്നെങ്കില്‍ കല്ലുകള്‍ ഇട്ടാല്‍ മാത്രമേ ഈ പദ്ധതിയുടെ അലൈന്‍മെന്റ് കിട്ടുമായിരുന്നുള്ളൂ എന്ന് പറയാം. എന്നാല്‍, സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് ലിഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്.

ഈ അലൈന്‍മെന്റിലെ ഓരോ പോയിന്റിന്റെയും അക്ഷാംശവും രേഖാംശവും വളരെ കൃത്യമായി ഡി.പി.ആറില്‍ ഉണ്ട്. ഈ പദ്ധതി കടന്നു പോകുന്ന ഭാഗങ്ങള്‍ എല്ലാം തന്നെ ഗൂഗിള്‍ മാപ്പില്‍ ലഭ്യവുമാണ്…!

ലിഡാര്‍ സര്‍വ്വേ മാപ്പ്


ഒരു റവന്യൂ മാപ്പുമായി സംയോജിപ്പിച്ചാല്‍ (GIS ഉപയോഗിച്ച് ഓവര്‍ലേ ചെയ്താല്‍) തന്നെ ഏതൊക്കെ സര്‍വേ നമ്പറില്‍ കൂടിയാണ് ലൈന്‍ കടന്നു പോകുന്നതെന്നും ഓരോ സര്‍വ്വേ നമ്പറിലും എത്ര സ്ഥലം വീതം നഷ്ടപ്പെടുന്നു എന്നും കൃത്യമായി ഏതെങ്കിലും ഓഫീസില്‍ ഇരുന്ന് തന്നെ കണക്കാക്കാവുന്നതേയുള്ളൂ. അപ്പോള്‍ ഈ കല്ലിടുന്നതിന് വേറെ എന്തോ ദുരുദ്ദേശം ഉണ്ടെന്ന് ആളുകള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

വേറൊന്ന് SIA എന്ന് പറയുന്നത് ഒരു പ്രോജക്ട് കടന്നു പോകുന്ന ഭാഗങ്ങളിലുള്ള ജനങ്ങളെ കൂട്ടിച്ചേര്‍ത്തു നടത്തേണ്ടുന്ന പഠനമാണ്. അതു നടത്തേണ്ടത് സോഷ്യോളജിസ്റ്റുകളും എക്കണോമിസ്റ്റുകളും എന്‍ജിനീയര്‍മാരും ജന പ്രതിനിധികളും എല്ലാം ചേര്‍ന്നാണ്. പോലീസിന് ഇവിടെ യാതൊരു കാര്യവുമില്ല തന്നെ.

സോഷ്യല്‍ ഇംപാക്ട് സ്റ്റഡിയുടെ ആദ്യ നിഗമനം തന്നെ ഈ ലൈന്‍ കടന്നു പോകുന്ന ഭാഗങ്ങളിലെ ഭൂമി നഷ്ടപ്പെടുവാന്‍ പോകുന്നവരെ ആശ്വസിപ്പിക്കുകയും മാനേജ് ചെയ്യുകയും അവരെ റിഹാബിലിറ്റേഷന്‍ ചെയ്യുകയുമാണ്. ഇതിനു വേണ്ടത് അവരോട് സംസാരിക്കുകയാണ്. സംവദിക്കുകയാണ്. ഒരു സമൂഹത്തിന് എന്തൊക്കെ നാശങ്ങള്‍ ഈ പദ്ധതി കൊണ്ട് ഉണ്ടാകുമെന്നും ആ നാശങ്ങള്‍ എങ്ങനെയൊക്കെ നമുക്ക് തടുക്കാനുള്ള പുനരുദ്ധാരണ പാക്കേജ് ഉണ്ടാക്കാമെന്നും കൂടിയാണ് ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്.

അപ്പോള്‍ ഇതില്‍ പങ്കാളികളായ (Stake holders), അതായത് സ്ഥലം നഷ്ടപ്പെടുന്നവരും ചുറ്റുമുള്ള ജനവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും അതിനു പരിഹാരം കാണുവാനും ശ്രമിക്കുന്നതാണ് യഥാര്‍ത്ഥ SIA. അതിന് കല്ലിടലും പോലീസുകാരുടെ ബലപ്രയോഗവും ഒരു തരത്തിലും ഗുണകരമാവില്ല. എന്നുമാത്രമല്ല ഇത്തരം കാര്യങ്ങള്‍ SIA യുടെ ഉദ്ദേശശുദ്ധി തന്നെ നശിപ്പിക്കുകയാണ് ചെയ്യുക.


3 സെന്റോ 5 സെന്റോ മാത്രം സ്ഥലമുള്ള ആളുകള്‍ക്ക് തങ്ങളുടെ സ്ഥലത്തുകൂടി റെയില്‍വേയോ റോഡോ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വളരെ വൈകാരികമായ പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. ഈ പ്രതികരണങ്ങളെ ക്ഷമയോടുകൂടി കേള്‍ക്കുവാനും അവയ്ക്ക് യുക്തമായ പരിഹാരം കാണുവാനും ആണ് അധികൃതര്‍ ശ്രദ്ധിക്കേണ്ടത്.. അതാണ് യഥാര്‍ത്ഥ സോഷ്യല്‍ ഇംപാക്ട് സ്റ്റഡി (SIA).

ലോകത്ത് എവിടെയും ഒരു സോഷ്യല്‍ ഇംപാക്ട് സ്റ്റഡിയിലും ജനങ്ങളോട് യുദ്ധം ചെയ്യാന്‍ പോലീസിനെയും കൊണ്ടുപോകുന്ന അധികൃതരെ കാണുകയില്ല…!

സോഷ്യല്‍ ഇംപാക്ട് അസ്സസ്‌മെന്റ് സ്റ്റഡിയുടെയുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വിശേഷം, വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോവുന്നതു പോലെ അപകടകരമാണ്..!

ഇടതു പക്ഷമാണോ വലതു പക്ഷമാണോ എന്നതല്ല, ഭരിക്കുന്നവരുടെ പ്രാഥമിക ഉത്തരവാദിത്ത്വം ജനങ്ങളോടായിരിക്കണം. അല്ലാത്തവരൊന്നും ജനാധിപത്യ ഭരണാധികാരികളല്ല.


………………………………………………………………

ജെസ് വര്‍ക്കി, രവിശങ്കര്‍ കെ വി, പി. സുനില്‍ കുമാര്‍
Tags: #Silverline, #Krail, #Congress showed cruelty while introducing projects in Kerala, #SIA, #Vizhinjam

Leave a Reply

Your email address will not be published. Required fields are marked *