പിറവം പള്ളി: തര്‍ക്കത്തിന്റെ ആരംഭം ഇങ്ങനെ

യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം തീര്‍ത്താലും തീര്‍ത്താലും തീരാത്ത പ്രശ്നമായി മാറുകയാണ്. സുപ്രീംകോടതി വിധി പ്രകാരം കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള യാക്കോബായ പള്ളികളുടെ അവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ലഭിക്കുന്ന വിധത്തിലാണ് കോടതി വിധി. ഈ വിധി നടപ്പിലാക്കണമെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ദ്ദേശിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് നിലവില്‍ യാക്കോബായക്കാരുടെ കൈവശമുള്ള പള്ളികളില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. പിറവത്തു നടക്കുന്നതും ഇതു തന്നെ.
യാക്കോബായക്കാരുടെ നിയന്ത്രണത്തിലായിരുന്നു പിറവം സെന്റ് മേരീസ് പള്ളി. വര്‍ഷങ്ങള്‍ നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്ന് ഈ വര്‍ഷം ഏപ്രില്‍ 19ന് സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നാണ് കോടതി വിധിച്ചത്. പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാന്‍ പാടുള്ളൂ എന്നും പള്ളി പൊതുയോഗം കൂടി ഭരണഘടന അംഗീകരിച്ചതാണെന്നും ഇതു നടത്തിക്കിട്ടണമെന്നും ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരെ യാക്കോബായ സഭ നല്‍കിയ ഹര്‍ജി അനുവദിച്ച ഹൈക്കോടതി, ഓര്‍ത്തഡോക്സ് സഭയുടെ ഹര്‍ജി തള്ളുകയും ചെയ്തു. ഇതിനെതിരെയാണ് ഓര്‍ത്തഡോക്സ് സഭ 2014ല്‍ സുപ്രീം കോടതിയിലെത്തിയത്.
ഈ കേസിലാണ് മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നു സുപ്രീം കോടതി വിധിച്ചത്. ഇതോടെയാണ് ഓര്‍ത്തഡോക്സ് സഭക്കാര്‍ക്ക് കോടതിയുടെ ഭരണാധികാരം ലഭിച്ചത്. പിറവം സെന്റ് മേരീസ് വലിയപള്ളിയുടെ കേസിലാണു ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് യു. യു. ലളിത് എന്നിവരുടെ വിധി വന്നത്. ഈ വിധി അംഗീകരിക്കാന്‍ യാക്കോബായക്കാര്‍ തയ്യാറല്ല. കോലഞ്ചേരി, മണ്ണത്തൂര്‍, വരിക്കോലി കേസുകളുടെ വിധി ആ പള്ളികള്‍ക്കു മാത്രമാണെന്നും മറ്റു പള്ളികളെ ബാധിക്കില്ല എന്നുമുള്ള യാക്കോബായ സഭയുടെ വാദം കോടതി തള്ളി.

പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാന്‍ പാടുള്ളൂ എന്ന് വിധിച്ചത്. അതുകൊണ്ട് തന്നെ സര്‍ക്കാരിന് ഈ വിധി അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. അതേസമയം 1995ല്‍ ഈ സുപ്രീംകേസില്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിപ്രകാരം ചില പള്ളികളില്‍ യാക്കോബായക്കാര്‍ക്ക് കൈവശം വെക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി അനുസരിച്ച് മുന്‍വിധികള്‍ എല്ലാം അപ്രസക്തമാകുകയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി മാറുകയുമായിരുന്നു.

മലബാര്‍ ഭദ്രാസനത്തില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചത് ഓര്‍ത്തഡോക്സ് കാതോലിക്കാ ബാവ മലബാര്‍ ഭദ്രാസനത്തിന്റെ മെത്രാപൊലീത്ത ആയിരുന്നപ്പോഴാണ്. ബാക്കിയുള്ള 22 പള്ളികളില്‍ തര്‍ക്കം ഉണ്ടായിരുന്നതില്‍ പത്തെണ്ണത്തിലെ തര്‍ക്കം ഇരുവിഭാഗങ്ങളും തമ്മിലെ ചര്‍ച്ചകളിലൂടെ പരിഹരിച്ചു. തര്‍ക്കങ്ങള്‍ പരിഹരിച്ചത് സഭാ നേതൃത്വങ്ങള്‍ നേരിട്ട് ഇടപെട്ടല്ല. അതാത് ഇടവകകളിലെ ജനങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയാണ് പ്രശ്നപരിഹാരം കണ്ടത്. അതിന് ഇരു സഭാ നേതൃത്വങ്ങളും അംഗീകാരം നല്‍കുകയായിരുന്നു. എന്നാല്‍, കോടതി വിധിയോടെ തര്‍ക്കപ്പള്ളികളുടെ എണ്ണം പിറവത്തും കോലഞ്ചേരിയിലും അടക്കം മാറുകയായിരുന്നു.

1934-ലെ സഭാ ഭരണഘടനയും 1995-ലെ സുപ്രീം കോടതി വിധിയും അനുസരിച്ചുള്ള സമാധാന ചര്‍ച്ചകള്‍ക്കാണു ഓര്‍ത്തഡോക്സ് സഭ മുന്‍ഗണന നല്‍കിയിരുന്നത്. കോടതിവിധികളെയും നീതിന്യായ വ്യവസ്ഥകളെയും അംഗീകരിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുമായി എങ്ങനെ സമാധാന ചര്‍ച്ചകള്‍ നടത്താനാവും. യാക്കോബായ സഭയിലെ ഭൂരിഭാഗം വിശ്വാസികള്‍ക്കും സഭാ തര്‍ക്കം പരിഹരിക്കപ്പടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമെന്നു ഭയക്കുന്ന ചിലരാണ് സഭാ സമാധാന നീക്കങ്ങള്‍ തടയുന്നതിനു പിന്നിലെന്ന ആക്ഷേപവും ശക്തമാണ്.

74-ലാണ് പള്ളികള്‍ തമ്മിലുള്ള വ്യഹാരങ്ങള്‍ ആരംഭിച്ചത്. തുടക്കത്തില്‍ മൊത്തം 34 പള്ളികളാണ് തര്‍ക്കത്തില്‍ ഉണ്ടായിരുന്നത്. അതില്‍ മലബാര്‍ ഭദ്രാസനത്തില്‍ 12 പള്ളികള്‍ ഉണ്ടായിരുന്നു. യോജിക്കുന്ന സഭയില്‍ തങ്ങളുടെ സ്ഥാനമെന്തായിരിക്കുമെന്നുമുള്ള പുതുതായി വാഴിക്കപ്പെട്ട മെത്രാപ്പൊലീത്തമാരുടെ ആശങ്കകളാണ് പലപ്പോഴും എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെക്കുന്നത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ലോക ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ ചര്‍ച്ച തുടങ്ങിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായില്ല. ലബനോണിലെ പാത്രിയാര്‍ക്കാ സെന്ററില്‍ നടന്ന മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്മാരുടെ 12-ാം സമ്മേളനത്തിലാണ് ഇന്ത്യയിലെ മലങ്കരസഭാ തര്‍ക്കം ചര്‍ച്ചയ്‌ക്കെടുത്തത്. ഓര്‍ത്തഡോക്‌സ് സഭയുമായുള്ള തര്‍ക്കത്തില്‍ ഉപാധികളില്ലാത്ത ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യാക്കോബായ സഭ നേരത്തെ അറിയിച്ചിരുന്നു. കോടതി വിധിയുടെ മറവില്‍ പള്ളികള്‍ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. സമവായ സാധ്യത അടയുകയാണെങ്കില്‍ ഭരണഘടനാബെഞ്ചിനെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും യാക്കോബായ സഭാ വക്താവ് കുര്യക്കോസ് മാര്‍ തെയോഫിലോസ് വിശദീകരിച്ചിട്ടുണ്ട്.

1934-ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കണമെന്ന നിര്‍ണായക സൂപ്രീംകോടതി വിധിക്ക് ശേഷം ഭൂരിപക്ഷമുള്ള പള്ളികളില്‍ നിന്നടക്കം യാക്കോബായ വിശ്വാസികള്‍ക്ക് ഇറങ്ങിക്കൊടുക്കേണ്ട സ്ഥിതിവിശേഷം സംജാതമായിരുന്നു. പള്ളികള്‍ കോടതി വിധിയുടെ മറപിടിച്ച് ബലപ്രയോഗത്തിലൂടെ ഓര്‍ത്തഡോക്‌സ് പക്ഷം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത് അപലപനീയമാണെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്. മധ്യസ്ഥശ്രമത്തിലൂടെയുള്ള പരിഹാരമുണ്ടാക്കാന്‍ ഓര്‍ത്തഡോക്‌സ് പക്ഷം തയ്യാറാകണം. യാക്കോബായ സഭയ്ക്ക് ഭൂരിപക്ഷം വിശ്വാസികളുള്ള പള്ളികളില്‍ നിന്ന് ഇറങ്ങിപ്പോകാനാവില്ലെന്നതാണ് അവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ആഗോള തലത്തില്‍ നടന്നത്.

ആഗോളതലത്തില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാണ് യാക്കോബായ സഭ. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളില്‍ ഒന്നാണ്. കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരും മുന്‍ കൈയെടുത്തിരുന്നു. ഇതിന് പിണറായി സര്‍ക്കാരിനോട് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേരള സന്ദര്‍ശനത്തിനിടെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബാവ സംതൃപ്തി പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച തര്‍ക്കം പരിഹരിക്കാനുള്ള പ്രധാന ചുവടുവയ്പായി മാറുമെന്ന് മുഖ്യമന്ത്രിയും പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്നുള്ള നീക്കങ്ങളിലാണ് ആഗോള തലത്തില്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചകള്‍ തുടങ്ങാന്‍ സാധ്യത തേടിയത്. കോടതിവിധികള്‍ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തില്‍നിന്ന് വരേണ്ടതാണെന്ന് പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞിരുന്നു. എന്നാല്‍ ആഗോള ചര്‍ച്ചകളും ഫലം കണ്ടില്ല.
Tags: Piravom church, Jacobites, orthodox, Supreme Court verdict in Piravom church

Leave a Reply

Your email address will not be published. Required fields are marked *