സ്വര്‍ണ്ണം കള്ളക്കടത്ത്: സര്‍ക്കാരിന്റെ മൗനം നാടിനെ നയിക്കുന്നത് വന്‍ വിനാശത്തിലേക്ക്

കൊച്ചി വിമാനത്താവളത്തില്‍ ഇന്നലെയും പിടിച്ചു ഒരുകോടി രൂപയുടെ സ്വര്‍ണ്ണം. പലപ്പോഴായി 5 കോടിയുടേയും 30 കോടിയുടേയുമെല്ലാം സ്വര്‍ണ്ണം പിടിക്കുന്നുണ്ട്. സഖാക്കളെ, മണ്ടന്‍ മലയാളികളെ, ഭരണാധികാരികളെ….., കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും കള്ളക്കടത്തായി പിടിച്ച സ്വര്‍ണ്ണം മാത്രം പോരെ എണ്ണഖനിയുള്ള ഗള്‍ഫ് രാജ്യങ്ങളെ നമുക്ക് പിന്നിലാക്കാന്‍….? ഈ സ്വര്‍ണ്ണം മാത്രം മതി നമുക്ക് അമേരിക്കയുമായി പോലും വിലപേശാന്‍. കാരണം അത്രയധികം സ്വര്‍ണ്ണം ഇന്ത്യയില്‍ ഇറക്കുമതി ചെയ്തു കഴിഞ്ഞു.
ആരാണ് ഈ സ്വര്‍ണ്ണക്കടത്തിന്റെയെല്ലാം പിന്നില്‍…??? ഇത്രയധികം സ്വര്‍ണ്ണം ആരാണ് ഇവിടെ ഇറക്കുമതി ചെയ്യുന്നത്…??? ആരാണു വാങ്ങുന്നത്….?? ഇത് ഇറക്കുമതി ചെയ്യാന്‍ എവിടെനിന്നാണ് ഇവര്‍ക്കു പണം കിട്ടുന്നത്….??? ഇന്നലെവരെ തെക്കുവടക്കു നടന്നവര്‍ക്ക് എങ്ങനെ ഇത്രയധികം ജ്വല്ലറി ഷോപ്പുകള്‍ ഉണ്ടായി…?? ഇവര്‍ക്കു മാത്രമേ ബുദ്ധിയുള്ളോ….?? സാധാരണക്കാരന് ഇവിടെ ബുദ്ധിയില്ലേ…?? ആരാണ് ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്നത്….???
ഇത് അന്വേഷിക്കേണ്ടത് ഇവിടെയുള്ള വിജിലന്‍സും സി ബി ഐയും മറ്റ് അന്വേഷണ ഏജന്‍സികളുമല്ലേ…?? ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും കോണകവും കെട്ടണമെന്നു പറയുകയും അതു ചെയ്യാത്തവന്റെ മണ്ട അടിച്ചു പൊട്ടിക്കുകയും ചെയ്യുന്ന പോലീസ് അല്ലെങ്കില്‍ ഭരണാധികാരികള്‍ നമ്മുടെ നാടു നശിപ്പിക്കുന്ന ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ആര്‍ക്കു വേണ്ടി…??? നമ്മുടെ നാട്ടില്‍ കള്ളപ്പണം വര്‍ദ്ധിപ്പിക്കുന്ന നമ്പര്‍ 2 കറന്‍സികള്‍ക്കു പിന്നില്‍ ഈ കള്ളക്കടത്താണ്. ഇവര്‍ക്കെതിരെ മൂക്കുകയറിട്ടില്ലെങ്കില്‍ സാധാരണക്കാരന്‍ എങ്ങനെയാണ് 55 രൂപയ്ക്ക് അരി വാങ്ങുന്നത്…??? സാധാരണക്കാരനും ഈ കള്ളക്കടത്തു ചെയ്യുന്നവനും ഒരേ നിരക്കില്‍ എന്തുകൊണ്ടാണ് സാധനങ്ങള്‍ നല്‍കുന്നത്…??
നമ്മുടെ നാട്ടില്‍ സൂപ്പര്‍ ടാക്‌സ് നടപ്പാക്കേണ്ട സമയം പണ്ടേ അതിക്രമിച്ചിരിക്കുന്നു. കറണ്ട് ബില്‍ പോലെ, വെള്ളത്തിന്റെ ബില്‍ പോലെ ഉപയോഗമനുസരിച്ച് നികുതി ഈടാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഉപയോഗത്തിന് അനുസരിച്ച് വില. കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്നും കൂടുതല്‍ പണം ഈടാക്കണം. നൂറു യൂണിറ്റുവരെ, 100മുതല്‍ 500 യൂണിറ്റുവരെ, 500 മുതല്‍ 1000 യൂണിറ്റുവരെ, ആയിരത്തിനു മുകളിലേക്ക് എന്നിങ്ങനെ പലസ്ലാബുകളായി തരംതിരിക്കണം. ഈ വിലനിര്‍ണ്ണയ രീതി ഇന്ത്യയില്‍ കൊണ്ടുവന്നാല്‍ മാത്രമേ നമ്മുടെ നാട് രക്ഷപ്പെടുകയുള്ളു.
സൂപ്പര്‍ ടാക്‌സ് നടപ്പിലാക്കിയാല്‍ മാത്രമേ വമ്പന്‍ സ്രാവുകളും വമ്പന്‍ ആളുകളും ജീവിക്കുന്ന നാട്ടില്‍ സാധാരണക്കാരന് അന്തസോടെ ജീവിക്കാന്‍ കഴിയുകയുള്ളു. സാധാരണക്കാരായ തൊഴിലാളികള്‍ക്കും സാധാരണ കൃഷിക്കാര്‍ക്കും സത്യസന്ധമായി ജീവിക്കുന്നവര്‍ക്കും അവരുടെ മക്കളെ പഠിപ്പിക്കാനും ഭക്ഷണം കൊടുക്കുവാനും നല്ല വസ്ത്രം കൊടുക്കാനും നല്ല പാര്‍പ്പിടം ഉണ്ടാക്കാനും കഴിയുകയുള്ളു. കേരളത്തില്‍ ആത്മഹത്യ ചെയ്തവരുടെ ഭീമമായ സംഖ്യ ഇന്ന് പിണറായി സര്‍ക്കാര്‍ നിയമസഭയില്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് പാവപ്പെട്ട ജനങ്ങളെ തള്ളിവിട്ടതിനു പിന്നില്‍ സര്‍ക്കാരിന്റെ ഇത്തരം നട്ടെല്ലില്ലായ്മയാണു കാരണം.
ഇതൊക്ക ചിന്തിക്കുന്ന ഭരണാധികാരികള്‍ എന്നാണാവോ ഇന്ത്യയില്‍ ഉണ്ടാകുന്നത്…?? എത്ര കിലോ സ്വര്‍ണ്ണമാണ് ഓരോ ദിവസവും കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും വന്നിറങ്ങുന്നതും പിടിക്കുന്നതും….! ഇതുകൂടാതെ, ചില തട്ടിപ്പു നിയമങ്ങളിലൂടെയും സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നു. ആരാണിവിടെ ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്…? കോടികള്‍ വിലമതിക്കുന്ന കാറുകള്‍ ലോണ്‍ മുഖേന എടുക്കുമ്പോള്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുന്നത് എന്തുകൊണ്ട്…??? ഒരു കോടിയുടെ കാര്‍ വാങ്ങുന്നവന്‍ ഒരു വര്‍ഷം കഷ്ടിച്ച് അതിന്റെ പ്രീമിയം അടച്ചതിനു ശേഷം അതങ്ങ് സെക്കന്റ് ഹാന്റായിട്ട് വില്‍ക്കും. സെക്കന്റ് ഹാന്‍ഡ് ആണെങ്കിലും എന്താണെങ്കിലും 5 ലക്ഷം രൂപയില്‍ കൂടുതല്‍ വിനിമയം നടത്തിയാല്‍, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ അവിടെയൊന്നു പോകട്ടെ…?? വരുമാന സ്രോതസിനെക്കുറിച്ച് അന്വേഷിക്കേണ്ടേ.??
കള്ളപ്പണവും അക്രമവും ചെയ്യുന്നവര്‍ മാത്രം ഇവിടെ ജീവിക്കുന്നു. പുതിയ കുട്ടികള്‍ എത്രയേറെ പഠിച്ചാലും എന്തൊക്കെ കണ്ടുപിടുത്തങ്ങള്‍ നടത്തിയാലും ഫലമില്ലാതെ ആയിരിക്കുന്നു. തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും ഉണ്ടാക്കുന്ന ഒരു ഭരണരീതിയാണ് ഇന്ത്യന്‍ സര്‍ക്കാരും കേരള സര്‍ക്കാരും പ്രോത്സാഹിപ്പിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ വിഷയം വളരെ കര്‍ശനമായിത്തന്നെ നമ്മുടെ ഭരണാധികാരികള്‍ എടുക്കണം. കഴിഞ്ഞ 5-10 വര്‍ഷത്തിനിടയില്‍ എത്ര ജ്വല്ലറികള്‍ വന്നു…? അതിനു മുമ്പ് അവരുടെ അവസ്ഥ എന്തായിരുന്നു…? അവര്‍ക്ക് എവിടുന്നാണ് ഇത്ര പണം ലഭിച്ചത്…?? സ്വര്‍ണ്ണം കടത്തിക്കൊണ്ടുവരുന്നവരില്‍ ഏറെയും സാധാരണ ജോലിക്കാരാണ്. വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളോ മരപ്പണി ചെയ്യുന്നവരോ അല്ലെങ്കില്‍ എന്തെങ്കിലും സാധാരണ ജോലി ചെയ്യുന്നവരാണ് അവരില്‍ അധികവും. ഇവര്‍ക്ക് ഇത്രയേറെ സ്വര്‍ണ്ണം വാങ്ങാന്‍ പണം എവിടുന്നു കിട്ടി….??? അപ്പോള്‍ ഇതിന്റെ പിന്നില്‍ മറ്റാരോ ആണെന്നു തീരുമാനിക്കാന്‍ ഉണ്ണുന്ന ചോറിന്റെ ബുദ്ധി പോരെ….??
ഈ സ്വര്‍ണ്ണം കൊണ്ടുവരുന്ന പാവപ്പെട്ട കാരിയേഴ്‌സിനെ പിടിച്ചിട്ട് എന്താണു കാര്യം…?? ഇതു കൊണ്ടുവരുന്നവരെയല്ല, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പിടിക്കേണ്ടത്. കൊണ്ടുവന്നു കഴിയുമ്പോള്‍ ഇവര്‍ക്കു പണം കൊടുത്തവരെ പിടിക്കണം. അല്ലാതെ, ഗള്‍ഫില്‍ ചെല്ലുമ്പോള്‍ അറബി അമ്മാവന്‍ ഇവര്‍ക്ക് 5 കിലോ സ്വര്‍ണ്ണം കൊടുക്കുന്നതൊന്നും അല്ലല്ലോ….! നമ്മുടെ നാട്ടില്‍ കള്ളപ്പണം പെരുകുമ്പോള്‍ സാധാരണക്കാരനു ജീവിക്കാന്‍ കഴിയില്ല. തീവ്രവാദവും കൊള്ളയും അക്രമവും അഹങ്കാരവും അഹംഭാവവും കൂടും. ശ്രദ്ധിക്കുക, നല്ലൊരു നാളേക്കായി ഉണര്‍ന്നു പ്രവര്‍ത്തിക്കുക. കണ്‍മുന്നില്‍ കാണുന്ന തെറ്റിനെയെങ്കിലും പ്രതികരിക്കുക. കണ്‍മുന്നില്‍ കാണുന്ന സത്യത്തെ അംഗീകരിക്കുക.
പുതിയ തലമുറ ഇത്രയധികം മൗനം പാലിച്ചാല്‍ നിങ്ങളെ സഹായിക്കാനോ രക്ഷിക്കാനോ ദൈവം പോലും ഉണ്ടാവില്ല. നമ്മുടെ ഭരണാധികാരികള്‍ എത്രയും പെട്ടെന്ന് കഴിഞ്ഞ 15 കൊല്ലത്തിനിടയില്‍ എന്താണു നമ്മുടെ നാടിന് സംഭവിച്ചത് എന്ന് ഒരു അന്വേഷണം നടത്തി കണ്ടെത്തണം. ഇതുവരെ പിടിച്ച സ്വര്‍ണ്ണത്തില്‍ ആരെയെല്ലാം ശിക്ഷിച്ചു എന്നും കണ്ടെത്തണം. ഇത്തരം കാര്യങ്ങള്‍ ഒന്നന്വേഷിച്ചാല്‍ വലിയ വലിയ പള്ളിയിലെ പെരുന്നാളും അമ്പലത്തിലെ ഉത്സവങ്ങളും നടത്തുന്ന മുതലാളിമാരുടെ തട്ടിപ്പ് മനസിലാവും. ദൈവങ്ങളെ മുന്നില്‍ നിറുത്തി അവരെ മറയാക്കി ദൈവത്തിന്റെ തുണയും രാഷ്ട്രീയ നേതാക്കളുടെ ആശീര്‍വാദവും കൊണ്ട് കള്ളക്കടത്തും കഞ്ചാവു കച്ചവടവും നടത്തുന്ന പകല്‍മാന്യന്മാരെ ആദരിക്കുന്ന ഒരു രീതി അവസാനിപ്പിക്കണം.
പണം അധികമായി കൈയില്‍ വന്നുകഴിയുമ്പോള്‍ കൊല ചെയ്യാന്‍ തോന്നും. എല്ലാവിധ അക്രമവും തീവ്രവാദവുമെല്ലാം നടത്തണമെന്നും തോന്നും. അതിനാല്‍ ഈ വിഷയത്തെ വളരെ ഗൗരവതരമായി തന്നെ സര്‍ക്കാര്‍ കാണണം.
നന്ദി, നമസ്‌കാരം
ബെന്നി ജോസഫ് ജനപക്ഷം

Tags: Gold smuggling at the airports in Kerala, Gold smuggling, 

Leave a Reply

Your email address will not be published. Required fields are marked *