ശ്രീറാം ഐ എ എസ് അമിതമായി മദ്യപിച്ചിരുന്നുവെന്ന് ഡി ധനസുമോദിന്റെ എഫ് ബി റിപ്പോര്‍ട്ട്

ഡി ധനസുനോദിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്: 

രാത്രി 12.55 ന് മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫീസിനു മുന്നില്‍ ആള്‍ക്കൂട്ടവും പോലീസ് വാനും നിര്‍ത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിള്‍ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാര്‍ ഒരു ബൈക്കില്‍ ഇടിച്ചു നില്‍ക്കുന്നു. ബൈക്ക് മതിലിനോട് ചേര്‍ന്ന് കുത്തി നിര്‍ത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പോലീസ് ആംബുലന്‍സിനു വേണ്ടി കാത്ത് നില്‍ക്കുകയാണ്. ഗുരുതരമായതിനാല്‍ ജീപ്പില്‍ കൊണ്ട് പോകാനാവില്ലെന്നു പോലീസ് പറഞ്ഞു. കാറില്‍ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആള്‍ക്ക് കാല്‍ നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെണ്‍കുട്ടി ആകെ വിളറി നില്‍പ്പാണ്. അയാള്‍ക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണില്‍ സംസാരിക്കുന്നു.ആംബുലന്‍സ് ഇതിനിടയില്‍ എത്തി.പരിക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയില്‍ തന്നെ മനസിലാകും. 


കാറില്‍ വന്ന പെണ്‍കുട്ടിയുടെ പേരും വിലാസവും കുറിച്ചു.മരപ്പാലത്ത് എവിടെ? വീട്ടില്‍ ആരുണ്ട്? കൂടെയുള്ള ആള്‍ ആരാണെന്ന് രണ്ട് മിനിറ്റ് കൊണ്ട് അന്വേഷിച്ച ശേഷം പൊയ്‌ക്കോളാന്‍ പോലീസ് പറഞ്ഞു. ആടി നില്‍ക്കുന്ന ആളുടെ അഡ്രെസ്സ് പോലീസ് ചോദിച്ചു.സിവില്‍ സര്‍വീസ് കോളനി, കവടിയാര്‍ എന്ന് പറഞ്ഞതോടെ വേറെ ഒന്നും പോലീസ് ചോദിച്ചില്ല.മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പോകാം എന്ന് പറഞ്ഞു.കാര്‍ എടുത്ത് മാറ്റുന്നതിനായി ക്യാരി വാന്‍ എത്തി. ബൈക്ക് പോലീസ് പരിശോധിക്കുന്നതിനിടയില്‍ iffk യുടെ പാസ്, ഏതോ മീഡിയ പാസ്, സിറാജ് പത്രം എന്നിവ എടുത്തു. പത്രക്കാരനാണ് എന്നറിഞ്ഞതോടെ പാസ് പോലീസിനോട് ചോദിച്ചെങ്കിലും അവര്‍ തരാന്‍ കൂട്ടാക്കിയില്ല. അപകടം നടന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത ഉടന്‍ ഫോണ്‍ ബാറ്ററി തീര്‍ന്നു ഓഫ് ആയി. വളവില്‍ തിരിയാതെ മുന്നില്‍ പോയ ബൈക്ക് യാത്രക്കാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചത് കണ്ട രണ്ട് പേര്‍ പോലീസിനോട് വിശദമായി കാര്യങ്ങള്‍ പറഞ്ഞു. അവരുടെ ഫോണ്‍ നമ്പറും പോലീസ് ചോദിച്ചു കുറിച്ചെടുത്തു. 


റൂമിലെത്തി ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ ബൈക്കിന്റെ നമ്പര്‍ നല്‍കിയപ്പോഴാണ് മുഹമ്മദ് ബഷീര്‍ എന്ന പേര് തെളിഞ്ഞു വരുന്നത്. സിറാജ് പത്രത്തിന്റെ കോണ്‍ടാക്ട് ഗൂഗിള്‍ ചെയ്തപ്പോള്‍ കിട്ടിയ ഫോണ്‍ നമ്പര്‍ ഒടുക്കത്തെ ബിസി.കേടാണോ എന്ന് സംശയം ആയപ്പോള്‍ മീഡിയ ഡയറി എടുത്തു സിറാജ് പത്രത്തിന്റെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍മാരുടെ വിവരം പരിശോധിച്ചു. ബ്യുറോചീഫിന്റെ പേര് ബഷീര്‍ എന്ന പേര് കാണുന്നത്.രണ്ടാമത്തെ പേരുകാരന്‍ അടുത്ത ചങ്ങാതി കൂടിയായ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ആണ്. അവനെ വിളിച്ചപ്പോള്‍ അപകട വിവരം അറിഞ്ഞു മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയിലാണ്. ഈ ചിത്രം ഇപ്പോള്‍ തന്നെ പോസ്റ്റ് ചെയ്യുന്നതിന് കാരണം ഇടിച്ച കാറിന്റെ കനപ്പെട്ട മേല്‍വിലാസമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും സ്വാധീനവും ധനവും ഉള്ളവര്‍ താമസിക്കുന്ന പ്രദേശമാണിത്.മുന്തിയ ഇനം ആളുകളുടെ പോസ്റ്റല്‍ അഡ്രസ്സ് ആണ് കവടിയാര്‍ പി ഒ. പാവപെട്ട ഒരു പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഗുരുതര നിലയിലാക്കിയ ശേഷം ഊരിപ്പോകരുതല്ലോ. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ക്യാമറദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കണം. കാറിലെ മദ്യപാനിയുടെ രക്തപരിശോധന ഈ രാത്രിയില്‍ തന്നെ പോലീസ് നടത്തികാണുമായിരിക്കും.


Accident photo courtesy: D Dhanasumod


കാറോടിച്ചത് പുരുഷന്‍ തന്നെയെന്ന് ദൃക്‌സാക്ഷികള്‍

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ദൃക്സാക്ഷികള്‍. വണ്ടി ഓടിച്ചത് താനല്ല എന്ന ശ്രീറാമിന്റെ വാദം തെറ്റാണെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ഏകദേശം പന്ത്രണ്ടരയോടെ അമിതവേഗത്തില്‍ വന്ന കാര്‍ കെ എം ബഷീര്‍ (35) ഓടിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നെന്ന് അപകടം കണ്ട ഓട്ടോ ഡ്രൈവര്‍ ഷഫീഖ്.

കാര്‍ അമിത വേഗത്തിലായിരുന്നു. സ്പീഡ് കണ്ടപ്പോള്‍ താന്‍ ഓട്ടോറിക്ഷ ഒതുക്കി. ബൈക്ക് യാത്രികന്‍ വാഹനം പരമാവധി റോഡിന്റെ വശത്തേക്ക് മാറ്റിയെങ്കിലും കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവിങ് സീറ്റില്‍ പുരുഷനാണ് ഉണ്ടായിരുന്നത്. അയാള്‍ നന്നായി മദ്യപിച്ചിരുന്നു. ബൈക്കിന്റെ ഇടയില്‍ കുടുങ്ങിയ ബഷീറിനെ എഴുന്നേല്‍പിക്കാനും അയാള്‍ ശ്രമിച്ചു. സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ആംബുലന്‍സ് വിളിച്ചുവരുത്തുകയായിരുന്നു. പൊലീസ് തന്നെ നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്ന് അയാളോട് പറഞ്ഞെന്നും ദൃക്സാക്ഷി കൂട്ടിച്ചേര്‍ത്തു. ശ്രീറാം മദ്യപിച്ചിരുന്നെന്ന് ഓട്ടോഡ്രൈവറായ മണിക്കുട്ടനും പറയുന്നു.

അപകടത്തേത്തുടര്‍ന്നുള്ള നടപടികളില്‍ ഗുരുതര വീഴ്ച്ചകളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ശ്രീറാമിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ‘മദ്യത്തിന്റെ ഗന്ധമുണ്ട്’ എന്ന് ചീട്ടില്‍ എഴുതിയിരുന്നു. പുലര്‍ച്ചെ ഒരു മണിക്ക് നടന്ന അപകടത്തിന് ശേഷം ഒമ്പത് മണിക്കൂര്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ രക്തം പരിശോധിച്ചിട്ടില്ലെന്ന് പൊലീസ് സമ്മതിച്ചു. രക്തസാംപിള്‍ നല്‍കാന്‍ ശ്രീറാം തയ്യാറായില്ലെന്നും മെഡിക്കല്‍ കോളജിലേക്ക് പോകാതെ കിംസ് ആശുപത്രിയിലേക്ക് പോയെന്നും പൊലീസ് പറഞ്ഞു.

താനല്ല ഒപ്പമുണ്ടായിരുന്ന സ്ത്രീ സുഹൃത്താണ് കാര്‍ ഓടിച്ചതെന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ വാദം. കാര്‍ ഓടിച്ചത് ആരാണെന്ന് സ്ഥിരീകരിക്കാന്‍ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.

മലപ്പൂര്‍ തിരൂര്‍ സ്വദേശിയാണ് അപകടത്തില്‍ മരിച്ച കെ എം ബഷീര്‍. സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായും തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. ജസീലയാണ് ഭാര്യ. ജന്ന, അസ്മി എന്നിവര്‍ മക്കള്‍. മുഹമ്മദ് ബഷീറിന്റെ അപകടമരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍. അകാല വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

3 thoughts on “ശ്രീറാം ഐ എ എസ് അമിതമായി മദ്യപിച്ചിരുന്നുവെന്ന് ഡി ധനസുമോദിന്റെ എഫ് ബി റിപ്പോര്‍ട്ട്

  1. ഭാവിയുള്ളവരുടെ ഭാവി , ഭൂതമാക്കുക എന്നതാണല്ലോ ബ്യൂറോക്രാറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നത്…

    കുടിയ്ക്കാൻ ആമ്പിയറില്ലാത്തവൻ കുടിച്ച് അന്തസുള്ള കുടിയന്മാരുടെ മാനം കളയരുത്..

    എന്നിട്ട് ബാക്കി police formalities ന് സഹകരിക്കാതെ തടസ്സം നിൽക്കുക.
    കൊള്ളാം നല്ല മാതൃക..

  2. ചില ആരാധനാമൂര്‍ത്തികളുടെ തനിസ്വഭാവം പുറത്തു വരുന്നു. നല്ലവരെന്നു കരുതിയിരുന്നവര്‍ അത്ര നല്ലവരായിരുന്നില്ല, നിയമം പാലിക്കുന്നവരായിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *