ലാന്റിംഗ് പ്രശ്‌നമായിരുന്നുവെങ്കില്‍ വൈമാനികന്‍ എന്തുകൊണ്ട് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചില്ല…??

 

കരിപ്പൂരില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ വൈമാനികന്‍ അസാധാരണ കഴിവുള്ളവന്‍ തന്നെ ആയിരിക്കാം.

പക്ഷേ, എന്റെയീ സംശയങ്ങള്‍ക്ക് അധികാരപ്പെട്ടവര്‍ മറുപടി പറഞ്ഞേ തീരൂ….

കോവിഡ് മൂലം കട്ടപ്പുറത്തായ വിമാനങ്ങള്‍ മാസങ്ങള്‍ക്കു ശേഷം ഉപയോഗിക്കുമ്പോള്‍, നിങ്ങള്‍ എന്തു പരിശോധനകളാണ് നടത്തിയത്…??
ഈ വിമാനം ദീര്‍ഘദൂരയാത്രയ്ക്ക് ശേഷിയുള്ളതാണ് എന്ന് എങ്ങനെയാണ് നിങ്ങള്‍ ഉറപ്പിച്ചത്…??
ഈ വിമാനത്തിന്റെ പാര്‍ട്‌സുകളെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായിരുന്നോ…??

ഈ വിമാനത്തിന്റെ പ്രവര്‍ത്തന ക്ഷമത വിമാനം പറത്തിനോക്കി ഉറപ്പു വരുത്തിയിരുന്നോ…??

വിമാനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നോ മഴ മൂലം റണ്‍വേ കാണാന്‍ വയ്യെന്നോ ഉള്ള യാതൊരു തരത്തിലുള്ള വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ഈ വൈമാനികള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍, നെടുമ്പാശേരിയില്‍ വിമാനമിറക്കാമായിരുന്നു. റണ്‍വേയുടെ പകുതിയില്‍ വച്ച് താഴോട്ടിറക്കിയ വിമാനം റണ്‍വേയില്‍ നിന്നും താഴെ വീണു തകര്‍ന്നു. നിരപരാധികളായ കുറെ ജീവനുകളും പൊലിഞ്ഞുപോയി.

കോവിഡിന്റെ ആരംഭത്തില്‍ ഷെഡില്‍ കയറ്റിയ വിമാനങ്ങള്‍ ഇനിയും നിരവധിയുണ്ട്. അതുമെടുത്ത് ദീര്‍ഘദൂര സര്‍വ്വീസിന് ഇറങ്ങിത്തിരിക്കും മുമ്പ്, അതിന്റെ പാര്‍ട്ട്‌സുകളെല്ലാം നല്ല കണ്ടീഷനില്‍ ആണോ എന്ന് ഉറപ്പു വരുത്തുക തന്നെ വേണം. അല്ലെങ്കില്‍, ഇതുപോലുള്ള ദുരന്തങ്ങള്‍ ഇനിയുമുണ്ടാകും.

അപകടങ്ങള്‍ ഉണ്ടാകും മുമ്പേ അതു തടയാന്‍ കഴിയണം. അതിനു പ്രായോഗിക ബുദ്ധി തന്നെ വേണം.

ഏതു വാഹനമായാലും എല്ലാ ദിവസവും ഉപയോഗിച്ചാല്‍ മാത്രമേ അത് പ്രശ്‌നങ്ങള്‍ ഇല്ലാതെ ഓടുകയുള്ളു. വിമാനത്തിന്റെ കാര്യവും അതുതന്നെ. ചുമ്മാ അനക്കി നോക്കി, തള്ളി നോക്കി, അതിന്റെ പ്രവര്‍ത്തന ക്ഷമത നിലനിര്‍ത്താന്‍ റോഡിലൂടെ ഓടുന്ന ഒന്നല്ലല്ലോ വിമാനങ്ങള്‍. അത് പറത്തിനോക്കുക തന്നെ വേണം. കിടന്നിടത്തു തന്നെ നാലഞ്ചു മാസം ഇട്ടിരുന്ന വിമാനമാണ് പെട്ടെന്നൊരു ദിവസം പറക്കാനായി എടുത്തു കൊണ്ടു വരുന്നത്.

ഏതു തരത്തിലുള്ള ക്വാളിറ്റി ടെസ്റ്റ് നടത്തിയതിനു ശേഷമാണ് ഈ വിമാനം യാത്രക്കാരെ കയറ്റാനായി കൊണ്ടുവന്നത് എന്ന് അധികാരപ്പെട്ടവര്‍ വ്യക്തമാക്കിയേ തീരൂ….

……………………………………

കരിപ്പൂർ വിമാനാപകടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കണ്ട കുറിപ്പുകളിൽ ഏറ്റവും പ്രസക്തമായി തോന്നിയത് ഏവിയേഷൻ അനലിസ്റ്റായ Jacob K Philip എഴുതിയ കുറിപ്പുകളാണ്.. ഇന്നലെ ചാനൽ ചർച്ചകളിലും ഏറ്റവും യുക്തിഭദ്രമായ നിരീക്ഷണങ്ങൾ നടത്തിയത് അദ്ദേഹമാണ്. പൈലറ്റിന്റെ ഭാഗത്ത് നിന്ന് വന്നിരിക്കാവുന്ന പിഴവുകളുടെ സാധ്യതകളിലേക്കാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ചെന്നെത്തുന്നത്. ടേബിൾ ടോപ്, ടേബിൾ ടോപ് എന്ന് നിലവിളിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല എന്ന് അദ്ദേഹത്തിന്റെ രണ്ട് ദിവസത്തെ നിരീക്ഷണങ്ങൾ വായിച്ചാൽ മനസ്സിലാകും.

Jacob എഴുതിയ പുതിയ പോസ്റ്റ് വായിക്കൂ..

O O O

“കരിപ്പൂർ അപകടനാൾ മുതൽ വാട്ട്‌സാപ്പിലും സാമൂഹ്യമാധ്യമങ്ങളിലുമായി പറന്നു നടക്കാൻ തുടങ്ങിയ കുറിപ്പുകളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ കുറിപ്പായിരിക്കും, മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേയുടെ കസിൻ എന്ന് അവകാശപ്പെട്ട ഒരു നിലേഷ് സാഠേയുടേത്.

സ്വന്തം ജീവൻ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്റെ പരിവേഷം വസന്ത് സാഠേയ്ക്ക് നൽകാൻ ഏറെ സഹായിച്ച ഈ കുറിപ്പിൽ, അപകടത്തെപ്പറ്റി പറയുന്ന കാര്യങ്ങളെല്ലാം, വളരെ ലളിതമായി പറഞ്ഞാൽ, നുണകളാണ്.

1. ലാൻഡിങ് ഗിയർ പ്രവർത്തിച്ചില്ല. – നുണ.

ലാൻഡിങ്ങിനായി വരുന്ന വിമാനം ഏകദേശം ആയിരം അടിപ്പൊക്കത്തി്‌ലെത്തുമ്പോഴേ ലാൻഡിങ് ഗിയർ, അഥവാ ചക്രങ്ങൾ താഴ്ത്തും. അങ്ങിനെ താഴ്ത്താൻ കഴിഞ്ഞില്ലെങ്കിൽ ലാൻഡിങ് വേണ്ടെന്നു വച്ച് (അബോർട്ട് ചെയ്ത), അക്കാര്യം കൺട്രോൾ ടവറിനെ അറിയിച്ച്, അവർ നിർദ്ദേശിക്കുന്ന പൊക്കത്ത്ിലേക്ക് പറന്നു കയറും. അവിടെ ചുറ്റിക്കറങ്ങി നിന്ന് വീണ്ടും ചക്രമിറക്കാൻ നോക്കും. ചക്രം യഥാർത്ഥത്തിൽ താഴേക്കിറങ്ങിയിട്ടും കോക്പിറ്റ് ഇൻഡിക്കേറ്ററുകളിൽ നിന്ന് അത് അറിയാൻ കഴയാതെ പോകുന്നതാണ് എന്ന സംശയം തീർക്കാൻ, മറ്റൊരു കാര്യം കൂടി ചെയ്യും. ടവറിലുള്ളവർക്കു നേരിട്ടു നോക്കി മനസിലാകത്തക്കവണ്ണം അവരോട് പറഞ്ഞ് വിമാനം വളരെ താഴ്ത്തി പറത്തും. അങ്ങിനെ നോക്കി, ചക്രം താഴ്ന്നിട്ടില്ല എന്നുറപ്പാക്കിയാൽ പിന്നെയും പറന്നു കയറും. ആ വിമാനത്താവളത്തി ൽ രക്ഷാസന്നാഹങ്ങൾ ഒരുക്കാൻ കഴിയില്ലെങ്കിൽ അടുത്ത വിമാനത്താവളത്തിലേക്കു പറഞ്ഞു വിടും. അല്ലെങ്കിൽ അവിടെത്തന്നെ എല്ലാ സജ്ജീകരണങ്ങളും ചെയ്യും. ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തോട് തയ്യാറായി നിൽക്കാൻ പറയും. കൂടുതൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട് എന്നു തോന്നിയാൽ സിറ്റിയിലെ അഗ്നിശമനസേനയെയും വിളിച്ചു വരുത്തും.
എല്ലാവരും തയ്യാറായി നിർക്കുമ്പോഴാണ് ഇപ്പറഞ്ഞ ബെല്ലി ലാൻഡിങ് നടത്തുക.

അഥവാ, ഇനി ആരോടും മിണ്ടാതെ പൈലറ്റ് സ്വയമങ്ങു ബെല്ലി ലാൻഡിങ് നടത്തിയെന്നു തന്നെ വയ്ക്കുക.
പിന്നീടുണ്ടാകുന്നത് വിമാനം റൺവേയുടെ അറ്റം വരെ ഓടിച്ചെന്ന് താഴെ മതിലുമിടിച്ച് തകരുകയല്ല. പള്ള ഉരഞ്ഞു നീങ്ങുന്ന വിമാനത്തിന്റെ എൻജിനുകൾ
നിലത്ത് ഉരസി, ഇളകിത്തെറിക്കാം, തീപിടിക്കാം. ഉണ്ടാകുവുന്ന ദുരന്തം ഇപ്പോൾ കണ്ടതൊന്നുമായിരിക്കുകയുമില്ല.

സാധാരണ വാട്ട്‌സാപ്പ് വായനക്കാരെ വിടുക, നല്ല ഒന്നാന്തരം പ്രഫഷണൽ, ദേശീയ പത്രങ്ങൾക്കും ചാനലുകൾക്കും ഇതു പകർത്തി വയ്ക്കുന്നതിനു മുമ്പ്, ഇക്കാര്യങ്ങളൊന്നും കരിപ്പൂരിൽ നടന്നിട്ടില്ല എന്ന് അന്വേഷിച്ചു മനസിലാക്കാൻ എന്തായിരുന്നു തടസ്സം?

2. തീപിടിത്തം ഒഴിവാക്കാൻ പൈലറ്റ് വിമാനത്താളത്തെ മൂന്നു വലംവച്ച് ഇന്ധനം ഒഴുക്കിക്കളഞ്ഞു.- വീണ്ടും നുണ

ലാൻഡിങ് ഗിയർ താഴാതിരുന്നിട്ടില്ലെന്നതു കൊണ്ട്, അപകടസാധ്യതയുമില്ല, ഇന്ധനം കളയേണ്ട കാര്യവുമില്ല. മാത്രമല്ല ഇനി മറ്റേതെങ്കിലും കാരണം കൊണ്ട്, അപകട സൂചനകൊണ്ട് ഇന്ധനം ഒഴുക്കിക്കളയുന്നെങ്കിൽ തന്നെ സുബോധമുള്ള ഒരു പൈലറ്റും ടവറിനെ അറിയിക്കാതെ അങ്ങിനെ ചെയ്യില്ല.
ഈ കുറിപ്പ് ഉണ്ടാക്കിയെടുത്തയാൾ ആലോചിക്കാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. വിമാനം യാത്രയ്ക്ക് പുറപ്പെട്ടയുടൻ പ്രശ്‌നങ്ങളുണ്ടാവുകയും അതേ വിമാനത്താളത്തിൽ ഉടൻ തിരിച്ചിറങ്ങേണ്ടിയും വരുമ്പോഴാണ്, ഇന്ധന ടാങ്കുകൾ ഇങ്ങനെ തുറന്നു വിടുക. തീപിടിത്ത സാധ്യതമാത്രമല്ല കാരണം. ഭാരം കുറയ്ക്കൽ കൂടിയാണ് അത്. ലാൻഡ് ചെയ്യാനെടുക്കുന്ന റൺവേ ദൂരം കുറയ്ക്കാൻ വേണ്ടി.

3. തീപിടിത്ത സാധ്യത പൂർണമായും ഇല്ലാതാക്കാൻ അദ്ദേഹം എൻജിനുകൾ ഓഫ് ചെയ്തു.- നുണ

റൺവേയുടെ അറ്റം കഴിയുമ്പോഴും റൺവേ എൻഡ് സേഫ്റ്റി ഏരിയയിലും എൻജിനുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് കരിപ്പൂരിൽ നടന്ന അന്വേഷണം സൂചിപ്പിക്കുന്നത്. പിന്നെ എപ്പോഴായിരിക്കും ഈ എൻജിൻ ഓഫാക്കൽ നടന്നത് ? ചെരിവിനും താഴെ കുറുകെപ്പോകുന്ന മതിൽ ഇടിച്ചു തെറിപ്പിക്കുന്നതിനിടയിലോ?

പിന്നെ തീപിടിത്തം ഉണ്ടാകാതിരുന്നതോ എന്ന് ഇനിയും ചോദിക്കുന്നവർക്കായി-
വിമാനത്തിന്റ ഇന്ധന ടാങ്ക് ചിറകുകളാണ്. അഥവാ ചിറകിനുള്ളിലാണ് ഇന്ധനം. ചിറകിൽ തന്നെയാണ് എൻജിനുകൾ ഘടിപ്പിച്ചിരിക്കുന്നതും. ചിറകോ, ചിറകിനോടു ചേർന്നുള്ള വിമാന ഭാഗങ്ങളോ തകർന്നിരുന്നോ എന്ന് കരിപ്പൂർ അപകടചിത്രങ്ങളിൽ നോക്കുക.

–അടിക്കുറിപ്പ്–

അപകടത്തിൽപ്പെടുന്ന വിമാനങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരും പിന്നെ നാട്ടുകാരും പൈലറ്റുമാരെ ദേവദൂതൻമാരെപ്പോല കാണുന്ന പ്രതിഭാസം പുതിയതല്ല.

1993 നവംബർ 15 ന് ആന്ധ്രയിലെ തിരുപ്പതിക്കടുത്ത് വെള്ളമില്ലാത്ത് ഒരു റിസർവോയറിൽ, 263 യാത്രക്കാരുണ്ടായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം കൊണ്ടിറക്കിയ പൈലറ്റിന് കിട്ടിയതു വീരോചിത വരവേൽപ്പായിരുന്നു. ചെന്നൈയിൽ നിന്ന് ഹൈദരബാദിലേത്തി, മൂടൽമഞ്ഞുമൂലം വിമാനത്താവളം കാണാത്ത സാഹചര്യത്തിൽ അടുത്തുള്ള വിമാനത്താവളങ്ങളിലേക്കൊന്നും പോകാതെ, തിരിച്ച് ചെന്നൈയിലേക്കു തന്നെ എയർബസ് എ300 വിമാനം തിരിച്ചു വിടാമെന്ന അമ്പരപ്പിക്കുന്ന തീരുമാനമെടത്ത്, ഒടുവിൽ യാത്രയ്ക്കിടയിലെപ്പോഴോ ഇന്ധനം തികയില്ലെന്ന സത്യം മനസിലാക്കി ഏറ്റവുമടുത്തള്ള ഒഴിഞ്ഞസ്ഥലത്ത് കൊണ്ടിറക്കുകയായിരുന്നു അദ്ദേഹമെന്ന് യാത്രക്കാരും സ്വീകരണക്കാരും- ഇതിൽ മന്ത്രിമാരുമുണ്ടായിരുന്നു- അറിയുന്നത് നാളുകൾക്കു ശേഷമാണ്.

2015 ൽ ദുബായി-കൊച്ചി വിമാനം കൊച്ചിയിലിറങ്ങാൻ പലതവണ ശ്രമിച്ച് കഴിയാതെ ഒടുവിൽ തിരുവനന്തപുരത്തിനു തിരിച്ചുവിട്ട് അവിടെയും ചുറ്റപ്പറന്നു നിന്ന് അവസാനം 200 കിലോഗ്രാമിൽ താഴെമാത്രം ഇന്ധനം ബാക്കിയുള്ളപ്പോൾ ബ്ലൈൻഡ് ലാൻഡിങ് നടത്തിയ ജെറ്റ് എയർവെയ്‌സ് പൈലറ്റിനും കിട്ടിയത്,പൂുച്ചെണ്ടുകൾ് മാത്രമായിരുന്നു. മാസങ്ങൾക്കു ശേഷം അന്വേഷണങ്ങൾക്കൊടുവിൽ സസ്‌പെൻഷൻ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും.

കരിപ്പൂർ വിമാനത്തിലെ പൈലറ്റ് ഇപ്പറഞ്ഞപോലെയുള്ള പിഴവുകൾ കാട്ടി എന്നു പറയുകയല്ല. ബലിനൽകലും ജീവൻരക്ഷിക്കലൊമൊന്നും ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാണിക്കുന്നുവെന്നു മാത്രം.”

Jacob K Philip

O O O

Leave a Reply

Your email address will not be published. Required fields are marked *