കെ റെയില്‍: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവരുടെ ചെകിട്ടില്‍ തന്നെ വീഴണം ആദ്യ അടി

ജനങ്ങള്‍ക്കു വേണ്ടാത്ത കെ റെയില്‍ ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനായി എല്‍ ഡി എഫ് സര്‍ക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും കൈമെയ് മറന്നു പരിശ്രമിക്കുകയാണിപ്പോള്‍. പദ്ധതിയെ എതിര്‍ക്കുന്നവരെ വികസന വിരോധികളായി മുദ്രകുത്തി അവര്‍ക്കെതിരെ വന്‍പ്രക്ഷോഭമാണ് അഴിച്ചു വിട്ടിരിക്കുന്നത്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ കര്‍ഷകരെ ഇളക്കിവിട്ട് കേരളത്തെ യുദ്ധക്കളമാക്കിയില്ലായിരുന്നെങ്കില്‍, സില്‍വര്‍ ലൈന്‍-കെ റെയില്‍ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പോലും ശബ്ദിക്കാന്‍ ഇന്ന് ഈ സര്‍ക്കാരിനു കഴിയുമായിരുന്നില്ല. കാരണം, ഇത്തരം സര്‍വ്വനാശങ്ങള്‍ക്കെതിരെ കൂടിയാണ് അന്ന് ഗാഡ്ഗില്‍ വാളുയര്‍ത്തിയത്. പക്ഷേ, പശ്ചിമഘട്ടം തകര്‍ന്നടിയുമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പടവാളുയര്‍ത്തി പാഞ്ഞടുത്തവരില്‍ യു ഡി എഫും എല്‍ ഡി എഫും പൗരോഹിത്യ മേലാളരുമുണ്ടായിരുന്നു. കേരളത്തില്‍ ഗാഡ്ഗിലിനെതിരെ മതേതരത്വം നിറഞ്ഞാടിയ ഒരു കാലമായിരുന്നു അത്. ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ മതനേതാക്കളെല്ലാം ഒറ്റക്കെട്ടായി നിന്ന് കര്‍ഷകരെ ഇളക്കിവിട്ട് ഗാഡ്ഗിലിനെതിരെ വന്‍യുദ്ധം തന്നെ നടത്തി.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടു മയപ്പെടുത്തി കൊണ്ടുവന്നതാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനം ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ പുറപ്പെടുവിക്കാന്‍ ശ്രമിക്കുമെന്നാണ് യൂണിയന്‍ സര്‍ക്കാര്‍ വനം – പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുനാലു വര്‍ഷമായി അതനുസരിച്ചുള്ള നടപടികള്‍ തന്നെയാണ് തുടര്‍ന്നു പോകുന്നതും.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ക്ക് എതിരായുണ്ടായിരുന്ന ഒരേ ഒരു ദോഷമെന്നു വേണമെങ്കില്‍ ചൂണ്ടിക്കാട്ടാനുണ്ടായിരുന്നത് 30 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള കുത്തനെയുള്ള മലഞ്ചെരിവുകളില്‍ ‘ഏക വര്‍ഷ വിള കൃഷി’ പ്രോത്സാഹിപ്പിക്കരുതെന്നു മാത്രമാണ്. എന്നാല്‍ ആ റിപ്പോര്‍ട്ട് അന്തിമമായിരുന്നുമില്ല. വില്ലേജുകളില്‍ നിന്ന് താഴേക്കു പഞ്ചായത്ത്, വാര്‍ഡ്, കോളനികള്‍ എന്നിവയ്ക്കെല്ലാം താഴെ ഓരോ സര്‍വ്വേ നമ്പറുകള്‍ വരെ പരിശോധിച്ച് റിപ്പോര്‍ട്ടിലെ ഓരോ നിബന്ധനകളും ബാധകമാക്കാമോ അല്ലയോ എന്നു ജനങ്ങള്‍ക്ക് ചര്‍ച്ചചെയ്തു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമായിരുന്നു. ആ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് അന്തിമ റിപ്പോര്‍ട്ട് രൂപപ്പെടുന്നത്. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വില്ലേജാണ് അടിസ്ഥാനം!

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഇക്കണ്ട ബഹളമെല്ലാമുണ്ടാക്കിയത് ക്വാറി, ഖനി, മണല്‍, റിയല്‍ എസ്റ്റേറ്റ്, വനം കയ്യേറ്റം, വനം കൊള്ള, കഞ്ചാവ് – ഹാഷിഷ്, മറ്റു മയക്കുമരുന്നുകള്‍ ലോബികള്‍ക്ക് വേണ്ടിയായിരുന്നു. മുന്‍പന്തിയില്‍ നിന്ന ഒരു ബിഷപ്പിന് മൂന്നോ നാലോ ക്വാറികളുണ്ടെന്നാണ് പിന്നീടറിഞ്ഞത്. പല മൗലവിമാരും പ്രമാണികളും പ്രതികളായ നൂറുകണക്കിന് വനം കയ്യേറ്റത്തിന്റെയും കൊള്ളയുടെയും കേസുകളിലെ തെളിവ് രേഖകള്‍ ബോധപൂര്‍വ്വമുള്ള ബഹളത്തിലൂടെ നശിപ്പിക്കപ്പെട്ടെന്നും ആക്ഷേപമുണ്ട്.

അന്നത്തെ UDF സര്‍ക്കാരും LDF ഉം മേല്‍പറഞ്ഞ മാഫിയാകള്‍ക്കുവേണ്ടി മാത്രമാണ് UNESCO വഴി വന്ന ആ റിപ്പോര്‍ട്ടിനെ എതിര്‍ത്തത്. ആ റിപ്പോര്‍ട്ട് അന്ന് അംഗീകരിച്ചിരുന്നെങ്കില്‍ അതിനു 100% എതിരായ ഇപ്പോഴത്തെ ഈ സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് ആലോചിക്കാന്‍ പോലും പിണറായിക്കോ പാര്‍ട്ടിക്കോ മുന്നണിക്കോ കഴിയുമായിരുന്നില്ല.


ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് മാറ്റിവെയ്പ്പിച്ചതിലൂടെ മറ്റൊരു പാതകം കൂടി ഭരണപ്രതിപക്ഷ പാര്‍ട്ടികളും മതമേലധിഗാരികളും ജനങ്ങള്‍ക്കുമേല്‍ കെട്ടിവച്ചു.

ഭരിക്കാനായി നാം തെരഞ്ഞെടുത്തവര്‍ പമ്പരവിഢികളെക്കാള്‍ താഴെയുള്ളവരാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് 1970ല്‍ നടന്നത്. അന്ന്, ഇരുമുന്നണികളും യോജിച്ച്, ഭീമവും നിരന്തരവുമായ അഴിമതി നടത്തുന്നതിന് വേണ്ടി മാത്രം മുല്ലപ്പെരിയാര്‍ ദുരന്തത്തിന് 999 വര്‍ഷത്തേയ്ക്ക് പാട്ട കരാര്‍ ദീര്‍ഘിപ്പിച്ചെഴുതിക്കൊടുത്തു. അതിലൂടെ, ദക്ഷിണ – മദ്ധ്യ കേരളത്തിലെ 70-80 ലക്ഷം ജനങ്ങളും വസ്തുവകകളും പൂര്‍ണ്ണമായി ഇല്ലാതായിപോകുന്ന മുല്ലപ്പെരിയാര്‍ ദുരന്തത്തിന് പച്ചക്കൊടി കാണിച്ചു കൊടുത്തു. പിന്നീട്, മുല്ലപ്പെരിയാറിനെതിരെ സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും സമരാഭാസങ്ങള്‍ കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം ജനജീവിതം സ്തംഭിപ്പിക്കുന്നു. ആ നാടകമിപ്പോഴും തുടരുന്നു.

മുല്ലപ്പെരിയാര്‍ ദുരന്തം ഒഴിവാക്കാന്‍ വീണുകിട്ടിയ സുവര്‍ണാവസരമായിരുന്നു കേരളത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. എന്നാല്‍, രണ്ടാം UPA സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭം നടത്തി ആ റിപ്പോര്‍ട്ട് തള്ളിക്കളയിച്ചു. എന്നിട്ട്, മുല്ലപ്പെരിയാറെന്ന ജലബോംബ് ഏതു നിമിഷവും ജനങ്ങളുടെ തലയില്‍ വീഴാന്‍ തക്കവിധം തയ്യാറാക്കി നിറുത്തിയിരിക്കുകയാണ് കേരളത്തിലെ സകല രാഷ്ട്രീയ പാര്‍ട്ടികളും മതമേലാളന്മാരും.

കെ റെയില്‍ എന്ന നഷ്ടക്കച്ചവടം

ഏതൊരു പദ്ധതിയുടേയും ആദ്യ പഠനങ്ങള്‍ നടത്തുന്നത് അതിന്റെ ഫീസിബിലിറ്റിയെക്കുറിച്ചാണ്. അതായത് സാധ്യതാ പഠനം. പക്ഷേ, കെ റെയിലിന്റെ കാര്യത്തില്‍ ഇതു കാര്യക്ഷമമായി നടന്നിട്ടില്ല. ശതകോടികള്‍ ചെലവിടുന്നൊരു പദ്ധതി എത്രനാള്‍കൊണ്ട്. എങ്ങിനെ ലാഭകരമാകും എന്നതു സംബന്ധിച്ച കൃത്യമായ ഒരു പഠനവും വേണ്ടവിധം ഇവിടെ നടന്നിട്ടില്ല.

DPR പലപ്പോഴായി പലവിധമാണ് പറയുന്നു. സര്‍ക്കാര്‍ പറയുന്നതത്രയും എങ്ങും എവിടെയും തൊടാതെയുള്ള കണക്കുകളാണ്. ആദ്യം പറയുന്നവയല്ല പിന്നീടു പറയുന്നത്. ഇന്നലെ പറയുന്നതല്ല ഇന്ന്. ചെലവാകുന്ന പണത്തെക്കുറിച്ച് വ്യക്തമായ കണക്കുകളില്ല. ആദ്യം പറഞ്ഞതിന്റെ ഇരട്ടിയാകുമെന്ന് ഇപ്പോള്‍ കേള്‍ക്കുന്നു. ഒരു ലക്ഷം കോടി കവിയുമെത്രെ.

അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പണി തീര്‍ക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേരളത്തില്‍ ഏതെങ്കിലും പദ്ധതി പറഞ്ഞ സമയത്ത് തീര്‍ത്തിട്ടുണ്ടോ? മറ്റൊരു 5 വര്‍ഷത്തേക്കു കൂടി ഈ പദ്ധതി നീണ്ടുപോയാല്‍ ഇപ്പോള്‍ കണക്കാക്കിയതിന്റെ ഇരട്ടിയോളം ചെലവു വര്‍ദ്ധിക്കും. പദ്ധതി അതിനേക്കാള്‍ നീണ്ടാലോ…??


നട്ടെല്ലുള്ള സര്‍ക്കാരാണ്, ഇരട്ടച്ചങ്കനാണ് ഭരിക്കുന്നത് എന്നെല്ലാമുള്ള തള്ളുകള്‍ തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കുക. ഒരു കിലോമീറ്ററില്‍താഴെ നീളമുള്ള കുതിരാന്‍ തുരങ്കം നമ്മുടെ മുന്നിലുണ്ട്. റെയില്‍വേ യാത്രാ നിരക്കിനേക്കാള്‍ പലമടങ്ങ് കൂടുതലായിരിക്കും K റെയില്‍ നിരക്ക്. ചുരുങ്ങിയത് അഞ്ചിരട്ടിയെങ്കിലും വര്‍ദ്ധനവ് പ്രതീക്ഷിക്കാം. പത്തിരട്ടിവരെയാകാം. വേഗത്തിലെത്തേണ്ടവര്‍ മാത്രം K റെയിലിനെ ആശ്രയിച്ചെന്നു വരും. K റെയില്‍ പൂര്‍ത്തിയാകുമ്പോഴേക്കും ആദായകരമായ വിമാന സര്‍വ്വീസുകളും ഹെലിക്കോപ്റ്റര്‍ സര്‍വ്വീസുകളും വരില്ലെന്നാരു കണ്ടു??


അതിവേഗം എത്തേണ്ട യാത്രക്കാര്‍ ആ മാര്‍ഗ്ഗം തെരഞ്ഞെടുക്കും. ഇന്ത്യന്‍ റെയില്‍വേ ഇപ്പോഴുള്ളതിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന തീവണ്ടികളും അതിനുതകുന്നവിധം ട്രാക്കുകളും സജ്ജീകരിച്ചെന്നിരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ അവ പ്രാവര്‍ത്തികമാക്കി വരുന്നു. കേരളത്തിലും അവ വന്നേക്കാം.
സാധാരണക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിക്കും. കാരണം അല്‍പം വൈകിയാലും കീശ ചോരില്ല. ഫലം K റെയിലില്‍ യാതക്കാര്‍ കുറയും. നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാകും.

പദ്ധതിക്കുവേണ്ടിവരുന്ന പണം മുഴുവനും കടം വാങ്ങുകയാണ്. നമ്മുടെകയ്യില്‍ ഒരു നയാപൈസ പോലുമില്ല. ജപ്പാനില്‍ നിന്നാണ് കടമെടുക്കുന്നത്.
അവരുടെ സാങ്കേതിക വിദ്യയും അവര്‍ പറയുന്ന വില കൊടുത്ത് വാങ്ങേണ്ടിവരും. കടമെടുത്ത തുക കൃത്യസമയത്ത് തിരിച്ചടക്കണം.
ഇതിനുള്ള വരുമാനം K റെയിലില്‍ നിന്നും ലഭിക്കുമോ? തീര്‍ച്ചയായും ലഭിക്കില്ല.


കേരളത്തേക്കാള്‍ കൂടുതല്‍ കടമെടുക്കുന്ന സംസ്ഥാനങ്ങള്‍ വേറെയുണ്ടെന്നാണ് ഇടതുപക്ഷം പറയുന്നത്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനവും പോലെയല്ല കേരളം എന്നു മനസ്സിലാക്കണം. നാം ഒരു ഉപഭോക്തൃ സംസ്ഥാനം മാത്രമാണ്. സംസ്ഥാനത്തിന് വരുമാനമുണ്ടാക്കുന്ന ഒന്നും തന്നെ നമുക്കില്ല. അതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ കടമെടുക്കുന്നതിനെ കേരളവുമായി താരതമ്യം ചെയ്യരുത്.

ആരെങ്കിലും പുതിയൊരു സംരംഭം തുടങ്ങിയാല്‍ അതെങ്ങിനെ പൂട്ടിക്കെട്ടിക്കും എന്ന് ഇന്നും ചിന്തിക്കുന്നവരുടെ നാടാണ് കേരളം. കോവിഡിന്റെ പേരില്‍ ജനങ്ങളോട് മുണ്ടു മുറുക്കിയുടുക്കണമെന്നു പറഞ്ഞ നമ്മുടെ മുന്‍ സര്‍ക്കാര്‍ പാത്തുമ്മയുടെ ആടിനെ വിറ്റുകിട്ടിയ പണവും സ്‌ക്കൂള്‍കുട്ടികള്‍ സമ്പാദ്യക്കുടുക്കപൊട്ടിച്ച പണവും നല്‍കിയപ്പോള്‍ നേരത്തേതന്നെ മൂക്കുമുട്ടെ ശമ്പളമുള്ള സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് വീണ്ടും ശമ്പള വര്‍ദ്ധനവ് നടപ്പാക്കി. ആ പണംപോലും കടമെടുത്താണ് നല്‍കിയതെന്നോര്‍ക്കുമ്പോഴാണ് ഇതാണ് നമ്മുടെ കേരളം എന്ന് നാം മനസ്സിലാക്കേണ്ടത്.

പട്ടിണിപ്പാവങ്ങള്‍ തേയിലയും ശര്‍ക്കരയും വാങ്ങുന്നതില്‍നിന്നും ടാക്സ് ഈടാക്കുന്ന സര്‍ക്കാര്‍. കള്ളുകുടിക്കുന്ന ജനതയെ സൃഷ്ടിച്ച് അവരുടെ കീശയില്‍ കയ്യിട്ടുവാരി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണച്ചെലവിനും ചെലവാക്കുന്ന സര്‍ക്കാര്‍. ദൈനംദിനം കടമെടുക്കുന്ന സര്‍ക്കാര്‍. ഇപ്പോള്‍തന്നെ കേരളത്തിനു താങ്ങാന്‍ പറ്റാവുന്നതിലേറെ കടമുള്ള നമ്മള്‍.

ഇനിയും വലിയൊരു കടമെടുത്ത് അനിവാര്യമല്ലാത്ത ഒരിക്കലും ലാഭകരമല്ലാത്ത പദ്ധതി ഏറ്റെടുക്കണമോ? കുറച്ചുപേര്‍ക്ക് വേഗത്തില്‍ യാത്ര ചെയ്യുന്നതിന്
ഇത്രമാത്രം കടമെടുത്ത് നടപ്പിലാക്കുവാന്‍വേണ്ട അനിവാര്യത ഈ പദ്ധതിക്കുണ്ടോ?

മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതില്ലല്ലൊ. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കുവാനാണ് ഇത്രയും കടമെടുക്കുന്നതെങ്കില്‍, അതില്‍ ഒരു ലാഭവുമില്ലെങ്കിലും നമുക്കു സമാധാനിക്കാം. അത് അനിവാര്യമായ ഒന്നാണ്. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. അവിടെ ലാഭമല്ല നോക്കേണ്ടത് ആവശ്യകതയാണ് എന്നുപറയാം.

എന്നാല്‍ ഇത്രയും പണച്ചെലവില്‍ K റെയില്‍ അനിവാര്യമായ ഒന്നാണോ ? പദ്ധതിക്കുവേണ്ടിവരുന്ന പ്രകൃതിവിഭവങ്ങള്‍ കേരളത്തില്‍ നിന്നും മുഴുവന്‍ ലഭിക്കില്ലെന്ന് DPR ല്‍ പറയുന്നു. അത്രമാത്രം കരിങ്കല്ലും മെറ്റലും M. സാന്റും ഈ പദ്ധതിക്കു വേണം. എംബാര്‍ക്കുമെന്റിനു വേണ്ടി പലയിടത്തും കൂറ്റന്‍ മതില്‍ പോലെ പണിയുമ്പോള്‍ അവയുടെ ഇരുവശങ്ങളിലും കരിങ്കല്‍, കോണ്‍ക്രീറ്റ് മതിലുകള്‍ കെട്ടി നടുവില്‍ മണ്ണു നിറച്ച് മുകളില്‍ മെറ്റലും കോണ്‍ക്രീറ്റും നിറക്കണം.
വയഡക്റ്റുകള്‍ക്കുവേണ്ടി കോണ്‍ക്രീറ്റ് തൂണുകളും സ്പാനുകളും നിര്‍മ്മിക്കുന്നതിന് M സാന്റും മെറ്റലും കുറച്ചൊന്നുമല്ല വേണ്ടിവരിക.

ഒരു മലയോളം മെറ്റലും M സാന്റും വേണ്ടിവരും. നമ്മുടെ മലകള്‍ പലതും ഇല്ലാതാക്കും. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ അടിസ്ഥാന പ്രകൃതിവിഭവങ്ങളൊന്നും ഈ നെടുനീളന്‍ പദ്ധതിക്കായി തികയാതെവരും. കരിങ്കല്‍ ലഭിക്കാത്തതിനാല്‍ ചെറിയൊരു വിഴിഞ്ഞം പദ്ധതിപോലും മുടങ്ങിക്കിടക്കുകയാണെന്നത് നാം മറക്കരുത്.
ഇനി അയല്‍ സംസ്ഥാനത്തു നിന്നും ഇവയെല്ലാം കൊണ്ടുവരികയാണെന്നിരിക്കട്ടെ. ഇത്രയധികം കരിങ്കല്ലും മെറ്റലും മറ്റും അവിടെനിന്ന് എടുത്താല്‍
അതിന്റെ തുടക്കത്തില്‍തന്നെ ആ സംസ്ഥാനത്തുള്ളവര്‍ എതിര്‍പ്പു പ്രകടിപ്പിക്കും. അത് ആ സംസ്ഥാനത്തെ വികസനങ്ങളെ ബാധിക്കും എന്നായിരിക്കും ന്യായമായ മറുപടി. ഞങ്ങളുടെ വികസനം മുടക്കി നിങ്ങളങ്ങിനെ വികസിക്കേണ്ട എന്നാവും ന്യായീകരണം.


മന്ത്രിമാര്‍ ഒന്നുപറയും കെ റെയില്‍ മറ്റൊന്നു പറയും.

അധികം പണച്ചെലവില്ലാതെ ജനങ്ങളെ കുടിയൊഴിപ്പിക്കാതെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നിരിക്കെ എന്തിനാണ് നാടിന് ഇത്രവലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന പദ്ധതികള്‍ കൊണ്ടുവരുന്നതെന്ന് മനസ്സിലാകുന്നില്ല. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍മെട്രോ ഉമ്മന്‍ചാണ്ടിയ്ക്കു കൊണ്ടുവരാമെങ്കില്‍ ഞങ്ങള്‍ക്കും നഷ്ട്ടത്തിലാക്കുന്ന മറ്റൊന്നു കൊണ്ടുവന്നുകൂടെയെന്നൊരു കൂട്ടര്‍.
ഒരെണ്ണം നഷ്ടത്തിലാണ് ഇനി നമ്മളായിട്ട് മറ്റൊരു വിപത്തു വരുത്തണമോ എന്നല്ലെ നാം ചിന്തിക്കേണ്ടത്. അല്ലാതെ നിങ്ങള്‍ മത്സരിച്ച് ജനങ്ങളെ തോല്‍പിക്കുകയാണോ.


Thamasoma News Desk

Leave a Reply

Your email address will not be published. Required fields are marked *