സഖാവേ, കടക്കൂ പുറത്ത്…..

 


ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

കേരളത്തെ രണ്ടായി കീറിമുറിച്ച്, പരിസ്ഥിതിയെ തകര്‍ത്തെറിഞ്ഞ് കെ റെയില്‍ വികസനം കൊണ്ടുവന്നേ മതിയാകൂ എന്നു വാശിപിടിച്ചവരുടെ കൂമ്പിടിച്ചു കലക്കിയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ മറുപടി പറഞ്ഞത്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തിയെന്തെന്ന് ഇടതുപക്ഷത്തിന് ഇപ്പോള്‍ നന്നായി മനസിലായിക്കാണും. ആരെതിര്‍ത്താലും കെ റെയില്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്ന പിണറായി ധാര്‍ഷ്ട്ര്യത്തിനേറ്റ കനത്ത തിരിച്ചടിയാണിത്.

തൃക്കാക്കരയിലെ ജനങ്ങളോട് കേരള ജനത ഒന്നടങ്കം നന്ദി രേഖപ്പെടുത്തും. കാരണം അവരോരോരുത്തരും ചെയ്യാന്‍ ആഗ്രഹിച്ചതാണ് തൃക്കാക്കരയിലെ ജനങ്ങള്‍ ചെയ്തത്. ഇവിടെ ഇങ്ങനെയൊരു ഉപതെരഞ്ഞെടുപ്പു വന്നില്ലായിരുന്നുവെങ്കില്‍, ഒരുപക്ഷേ, തറക്കല്ലിടലും കുടിയൊഴിപ്പിക്കല്‍ മാമാങ്കവുമായി ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോകുമായിരുന്നു. ജനങ്ങളുടെ എതിര്‍പ്പു വകവയ്ക്കാതെ കെ റെയിലുമായി മുന്നോട്ടു പോയി കേരളത്തെ മുച്ചൂടമവര്‍ മുടിച്ചേനെ. തക്ക സമയത്ത് പിണറായിയുടെ ചെകിട്ടത്തൊന്നു പൊട്ടിക്കാന്‍ കേരള ജനതയ്ക്കു തൃക്കാക്കര വീണുകിട്ടിയത് എന്തായാലും നന്നായി.

കെ റെയില്‍ വേണമോ വേണ്ടയോ എന്നൊരു ചോദ്യവുമായി ജനങ്ങളുടെ ഹിതമറിയാനൊരു അഭിപ്രായ സര്‍വ്വേ നടത്തിയിരുന്നെങ്കില്‍ പിണറായി സര്‍ക്കാരിനു ബോധ്യമാകുമായിരുന്നു കെ റെയിലിനെതിരെ കേരളത്തില്‍ നിന്നുമുയരുന്ന പ്രതിഷേധങ്ങള്‍. ചെറിയൊരു മഴ പെയ്താല്‍പ്പോലും പ്രളയമായി മാറുന്ന കേരളത്തില്‍, ഇത്രയേറെ പരിസ്ഥിതി നാശം വരുത്തി, കേരളത്തെ രണ്ടായി കീറിമുറിച്ച്, മതില്‍ തീര്‍ത്തൊരു വികസനം വേണ്ടെന്ന് എത്ര ഉച്ചത്തില്‍ പറഞ്ഞിട്ടും സ്വന്തം തറവാട്ടു സ്വത്തു പോലെ തന്നിഷ്ടത്തിനു കെ റെയില്‍ നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ച പിണറായി സര്‍ക്കാനിന്റെ ചെകിടടച്ചു കിട്ടിയ അടിയാണീ തെരഞ്ഞെടുപ്പു ഫലം.


കെ റെയില്‍ പ്രശ്‌നം മുന്നോട്ടു വച്ചു തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുട്ടിടിച്ചിരുന്ന പിണറായി വിജയന്‍ തെരഞ്ഞെടുപ്പു വേളയില്‍ കല്ലിടല്‍ മാമാങ്കം കൂടി അവസാനിപ്പിച്ചു. രാഷ്ട്രീയം പര്യത്തു വച്ചു വൃക്തിഹത്യ നടത്തി വോട്ടു നേടാനാണ് ഇരു പക്ഷവും ശ്രമിച്ചത്. എന്നിട്ടും ജനങ്ങള്‍ ഇരട്ടച്ചങ്കനു തിരിച്ചടി കൊടുത്തുവെങ്കില്‍ അതിന് ഒരു ഉത്തരമേയുള്ളു. കൊല്ലാന്‍ വരുന്നവര്‍ക്കു മുന്നിലൂടെ നെഞ്ചുവിരിച്ചു നടക്കുന്നതു പോലെ എളുപ്പമല്ല ജനങ്ങള്‍ക്കു വേണ്ടാത്ത വികസനം അവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന പാഠം ഇനിയെങ്കിലുമൊന്നു പഠിച്ചാല്‍ പിണറായി വിജയനെപ്പോലുള്ള ഏകാധിപതികള്‍ക്കു കൊള്ളാം.

ജോ ജോസഫ് എന്ന സ്ഥാനാര്‍ത്ഥി മോശമായതു കൊണ്ടല്ല അദ്ദേഹം തോറ്റു പോയത്, മറിച്ച് കെ റെയിലും പിണറായി വിജയന്റെ ഏകാധിപത്യ ഭരണത്തിലുള്ള ജനങ്ങളുടെ അതൃപ്തിയും തന്നെയാണ്. അരിയും പയറും പരിപ്പും നല്‍കി വയറുനിറച്ചാല്‍ ജനങ്ങള്‍ മിണ്ടാതിരുന്നുകൊള്ളുമെന്ന പിണറായിയുടെ ധാര്‍ഷ്ട്ര്യത്തിനാണ് അടിയേറ്റത്.

ഉമ തോമസിന് മിന്നും പ്രകടനം കാഴ്ചവയ്ക്കാനായത് ആ സ്ഥാനാര്‍ത്ഥിയുടെ മികവു കൊണ്ടല്ല. അത്ര മികച്ച സ്ഥാനാര്‍ത്ഥിയുമല്ല ഉമ തോമസ്. രണ്ടാം പിണറായി സര്‍ക്കാര്‍ വമ്പന്‍ പരാജയമാണെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ തെരഞ്ഞെടുപ്പു ഫലം. വമ്പന്‍ ഭൂരിപക്ഷത്തോടെ പിണറായി വിജയനെ രണ്ടാമതും ജയിപ്പിച്ചത് ജനങ്ങളുടെ മേല്‍ കുതിര കയറാനല്ല. അവര്‍ക്കു വേണ്ടാത്ത വികസനം അടിച്ചേല്‍പ്പിക്കാനുമല്ല. കേരളത്തിലൊരു ഭരണത്തുടര്‍ച്ച കിട്ടിയപ്പോള്‍ താനെന്തോ കേമപ്പെട്ടവനാണെന്ന ചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടായിക്കാണും. അതിനാലാണ് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികളില്‍ മാത്രം പിണറായി ശ്രദ്ധ ഊന്നിയത്. ജനങ്ങളെ എത്രമേല്‍ ദ്രോഹിച്ചാലും അവര്‍ തിരിച്ചൊന്നും ചെയ്യില്ലെന്ന ചിന്തയായിരിക്കും ഒരുപക്ഷേ പിണറായി സര്‍ക്കാരിനെ നയിച്ചിട്ടുണ്ടാവുക.

പ്രളയമേല്‍പ്പിച്ച മുറിവില്‍ നിന്നും കരകയറും മുമ്പേ വീണ്ടുമിവിടെ പ്രളയങ്ങളെത്തി. അതിനു ശേഷമായിരുന്നു കൊറോണയെന്ന മഹാമാരിയുടെ താണ്ഡവം. ജീവനോടെ ശേഷിച്ചവരെ കൈപിടിച്ചു ജീവിതത്തിലേക്കു കരകയറ്റുന്നതിനു പകരമിവിടെ അവരുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടികളിലാണ് പിണറായി സര്‍ക്കാര്‍ ശ്രദ്ധ ഊന്നിയത്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പാലങ്ങളോ റോഡുകളോ മെച്ചപ്പെട്ട രീതിയില്‍ നിര്‍മ്മിച്ചു നല്‍കാനല്ല സര്‍ക്കാര്‍ ശ്രദ്ധയൂന്നിയത്.

പൊതുജനമധ്യത്തില്‍ ഉടുമുണ്ടഴിഞ്ഞുവീണ് കെ വി തോമസ്

കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നത്ര ആനുകൂല്യങ്ങള്‍ പറ്റിയിട്ടും ഭരണതലപ്പത്ത് വയസാം കാലം വരെ ഇരുന്നിട്ടും കൊതിമാറാതെ പിണങ്ങിപ്പിരിഞ്ഞ് ഇടതു പാളയത്തിലേക്കു ചേക്കേറിയ കെ വി തോമസിനിതു നാണക്കേടിന്റെ കാലം. ജനവികാരം മനസിലാക്കാന്‍ കഴിയാത്ത ഈ നേതാവെങ്ങനെയാണ് ജനനേതാവാകുന്നതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. കേരള ജനത ഒന്നടങ്കം കെ റെയിലിനെ അനുകൂലിക്കുന്നുവെന്നും എതിര്‍ക്കുന്നവര്‍ വികസന വിരോധികളും മാവോയിസ്റ്റുകളുമാണെന്നായിരുന്നു ഇടതു പക്ഷത്തിന്റെ നിലപാട്. ഈ നിലപാടിനെ അനുകൂലിച്ച് കൊതിക്കെറുമായി ഇടതു പാളയത്തിലേക്കു ചേക്കേറിയ കെ വി തോമസിപ്പോള്‍ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുവീണപോലെ നാണംകെട്ടു നില്‍ക്കുന്നത്.

രാഷ്ട്രീയക്കാരുടെ തൊലിക്കട്ടി അപാരമായതിനാല്‍, കെ വി തോമസിനെ വീണ്ടും കോണ്‍ഗ്രസ് പാളയത്തില്‍ തന്നെ പ്രതീക്ഷിക്കാം. തെറ്റ് ഏറ്റുപറഞ്ഞ് കയറിവരുന്ന ഇത്തരം നാണംകെട്ട രാഷ്ട്രീയക്കാരെ സ്വീകരിക്കാന്‍ പാര്‍ട്ടികളും തയ്യാറാണ്. രാഷ്ട്രീയത്തില്‍ പൊതുവായ ശത്രുക്കളോ പൊതുവായ മിത്രങ്ങളോ ഇല്ലെന്ന ന്യായങ്ങളവര്‍ നിരത്തും. അന്തസും അഭിമാനവുമുള്ള ജനങ്ങളുടെ മുന്നിലൂടെ ഈ നാണംകെട്ടവര്‍ തുണിയുടുക്കാതെ ഞെളിഞ്ഞു നടക്കും.

വിജയം പ്രവചിച്ച തമസോമയ്ക്കു കിട്ടിയത് കല്ലേറുകള്‍

തൃക്കാക്കരയില്‍ ഇടതുപക്ഷം തോറ്റമ്പുമെന്നും ഉമ തോമസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രവചിച്ച തമസോമയ്ക്കു ലഭിച്ചത് കല്ലേറുകളായിരുന്നു. തമസോമയുടെ പ്രവചനമിപ്പോള്‍ സത്യമായിരിക്കുന്നു.

ഉമ തോമസ് എന്ന വ്യക്തിയുടെ പ്രഭാവമല്ല തമസോമയെ അത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. മറിച്ച്, മരിച്ച പി ടി ജീവിച്ചിരിക്കുന്ന പി ടിയെക്കാള്‍ ശക്തനാണെന്ന തിരിച്ചറിവും കെ റെയിലിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുമായിരുന്നു ആ നിഗമനത്തിലെത്താനുള്ള കാരണം.


പി ടിയ്ക്കായി ചോറു വിളമ്പിവയ്ക്കുന്നതും പി ടി നട്ടുനനച്ച ചെടി പി ടിയുടെ മരണശേഷം കരിഞ്ഞുപോയെന്നുമുള്ള ഉമ തോമസിന്റെ മുറവിളികള്‍ കേട്ടപ്പോള്‍ ജനങ്ങള്‍ മാറിച്ചിന്തിച്ചേക്കുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. ഉമ തോമസിനോട് എന്തെങ്കിലും പ്രതിപത്തിയുണ്ടായിട്ടല്ല, മറിച്ച്, കെ റെയില്‍ വിഷയത്തില്‍ പിണറായി തോറ്റുകാണണമെന്ന് അതിയായി ആഗ്രഹിച്ചതിനാല്‍ തമസോമ ആഗ്രഹിച്ചതും ഉമ തോമസിന്റെ വിജയം തന്നെയായിരുന്നു. അതാണിപ്പോള്‍ തൃക്കാക്കരയിലെ ജനങ്ങള്‍ സാധ്യമാക്കിയത്. അതും തമസോമയുടെ പ്രവചനം പോലെ വമ്പന്‍ വിജയം തന്നെ തീര്‍ത്തിരിക്കുന്നു.


……………………………………………………………………………………….
#ThrikkakaraElection #JoJoseph #UmaThomas #ANRadhakrishan #KVThomas #Congress #PCGeorge

Leave a Reply

Your email address will not be published. Required fields are marked *