About Us

ഇരുട്ടിനെ മനുഷ്യര്‍ എന്നെന്നും തുലനം ചെയ്തിട്ടുള്ളത് തിന്മയോടാണ്……

ഇരുട്ടും കറുപ്പും മോശപ്പെട്ടതാണെന്ന ചിന്ത മനുഷ്യമനസുകളിലേക്ക് അടിച്ചേല്‍പ്പിച്ച ശേഷം വെളിച്ചത്തെയും വെളുപ്പിനെയും വിശുദ്ധിയുടെയും നന്മയുടെയും പ്രതീകങ്ങളാക്കി മാറ്റി…..!

വെള്ളരിപ്രാവുകള്‍ സമാധാനത്തിന്റെ മാറ്റുപേരായി…….! കറുത്തുപോയി എന്ന കുറ്റത്തിന് കാക്ക വെറുക്കപ്പെട്ടതുമായി….!

ഇരുട്ട് മോശപ്പെട്ടതാണെന്ന് അടിവരയിട്ടു സ്ഥാപിക്കലായിരന്നു ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന ചിന്ത പോലും……!!

വെളിച്ചമുണ്ടാകട്ടെ എന്ന് ബൈബിളും പറഞ്ഞുവച്ചു……!

അതോടെ ഇരുട്ട് കൂടുതല്‍ മ്ലേച്ഛമായി…..! വെളിച്ചവും വെളുപ്പും കൂടുതല്‍ വിശുദ്ധീകരിക്കപ്പെട്ടു…..!!

വെളിച്ചത്തെ വാഴ്ത്തിക്കൊണ്ടിവിടെ കവിതകളും കഥകളും രചിക്കപ്പെട്ടു…..! തിന്മയുടെ പ്രതീകമായി ഇരുട്ടും സ്ഥാനം പിടിച്ചു….!!

തൊലി കറുത്തെന്ന കാരണത്താല്‍ ചില മനുഷ്യര്‍ പോലും വെറുക്കപ്പെട്ടവരായി…..

ഇരുട്ടിന്റെ നന്മയും വിശുദ്ധിയും തിരിച്ചറിയാതെ പോയവരോടായി തമസോമ ഇവിടെ ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നു…..

ഈ പകല്‍ സൂര്യന്‍ അസ്തമിച്ചില്ലയെങ്കില്‍, ഭൂമിക്കു മേല്‍ ഇരുട്ടു പടര്‍ന്നില്ലയെങ്കില്‍, വൃക്ഷലതാദികള്‍ ഇങ്ങിനി മുളയ്ക്കാത്ത വിധം നശിച്ചു പോകുമെന്ന്…….! ഭൂമിയില്‍ ജീവന്‍ തന്നെ നശിച്ചു മണ്ണടിയുമെന്ന്…!

ഇരുട്ട് നിങ്ങളെ പൊതിഞ്ഞു നില്‍ക്കുന്നില്ലയെങ്കില്‍, സമാധാന പൂര്‍ണ്ണമായൊരു ഉറക്കം നിങ്ങള്‍ക്കന്യമാകുമെന്ന്………!!

ചന്ദ്രനും താരകളും ആകാശത്ത് മിന്നിത്തിളങ്ങാതെയാവും……!

മനുഷ്യമനസിനെ ശാന്തതയിലേക്കും സമാധാനത്തിലേക്കും നയിക്കാനും ഇരുട്ടും നിശബ്ദതയും അത്യന്താപേക്ഷിതമാണ്…..

ഇരുട്ടില്‍ വെളിച്ചമുണ്ട്, വെളിച്ചത്തില്‍ ഇരുട്ടും…..! അവ രണ്ടല്ല, എതിര്‍ദിശകളില്‍ സഞ്ചരിക്കുന്നവരല്ല…..!! നന്മതിന്മകളുടെ പ്രതീകങ്ങളുമല്ല….!!!

ഒരേ മനസോടെ, ഒന്നിച്ചൊന്നായി, ഒരേലക്ഷ്യത്തിലേക്കു കുതിക്കുന്ന ഒന്നിനെ മനുഷ്യന്‍ വിഭജിച്ചു……!

ഒന്നിനെ തിന്മയെന്നും മറ്റതിനെ നന്മയെന്നും വിളിച്ചു……

ഒന്നിനെ വെറുത്തു, ആട്ടിയകറ്റി….! മറ്റതിനെ നെഞ്ചോടു ചേര്‍ത്തു, വാഴ്ത്തിപ്പാടി……!!

ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അതിക്രൂരതകള്‍ ചെയ്തു കൂട്ടാന്‍ സാധ്യമായ എല്ലാ സാഹചര്യങ്ങളെയും ഉപയോഗപ്പെടുത്തിയ ക്രൂരരായ മനുഷ്യര്‍ ഇരുട്ടിന്റെ മറവില്‍ കൊടും ക്രൂരതകള്‍ ചെയ്തു കൂട്ടി…..! ആ ക്രൂരതകള്‍ ഇനിയുമിനിയും അനസ്യൂതം തുടരും…..!! തങ്ങളെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നാരോപിച്ച് ഇരുട്ടിനെയവര്‍ ശപിച്ചുകൊണ്ടേയിരിക്കും…..!!

ഇവിടെ വെറുക്കപ്പെട്ടു പോയത് ക്രൂരതകള്‍ ചെയ്തു കൂട്ടിയ, അതിപ്പോഴും തുടരുന്ന മനുഷ്യരല്ല…..!! മറിച്ച്, പ്രകൃതിയെ, ജീവജാലങ്ങളെ, മനുഷ്യനെത്തന്നെയും ഇവിടെ നിലനിര്‍ത്തിപ്പോരുന്ന ഇരുട്ടാണ്…….!

യുദ്ധം തകര്‍ത്തെറിയപ്പെട്ട ജീവിതങ്ങളോടൊന്നു ചോദിച്ചു നോക്കണം…..! അവര്‍ പറയും, നാളെ സൂര്യന്‍ ഉദിക്കാതിരുന്നെങ്കില്‍ എന്നാണ് തങ്ങളുടെ ആഗ്രഹമെന്ന്….!!

രാവു മറഞ്ഞാല്‍, സൂര്യനുദിച്ചാല്‍ തലയ്ക്കു മുകളിലൂടെ ബോംബുകള്‍ മഹാമാരിപോലെ വര്‍ഷിക്കപ്പെടുമെന്നവര്‍ക്കറിയാം….. അതിനാല്‍ അവര്‍ ഭയപ്പെടുന്നത് വെളിച്ചത്തെയാണ്, ഇരുട്ടിനെയല്ല…….

പിന്നെ ആരാണിവിടെ വെളിച്ചത്തെ നിര്‍മ്മലവും ഇരുട്ടിനെ വെറുക്കപ്പെട്ടതുമാക്കിയത്…..???

ഇരുട്ടുണ്ടെങ്കില്‍ വെളിച്ചമുണ്ടാകും……

വെളിച്ചമുണ്ടെങ്കില്‍ ഇരുട്ടും…….

അതിനാല്‍, നിങ്ങളുടെ കാഴ്ചകള്‍ക്കുമപ്പുറത്തേക്ക് തമസോമ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു……

വരൂ, നമുക്കൊരു പുതുലോക ചരിതം രചിക്കാം…..

സ്‌നേഹത്തില്‍, കാരുണ്യത്തില്‍, തിന്മ ചെയ്യുന്നവരെ എതിര്‍ക്കുന്നൊരു സിംഹനാദമായി നമുക്കീ മണ്ണില്‍ ജ്വലിച്ചുയരാം……

ഈ ജ്വാലയുടെ കരുത്തു മതിയാകും തിന്മയില്‍ തകര്‍ത്തെറിയപ്പെട്ട നിസ്സഹായ ജന്മങ്ങള്‍ക്കു താങ്ങും തണലുമാകാന്‍….

തമസോമ….. കാഴ്ചക്കപ്പുറമുള്ള കാണാക്കാഴ്ചകളിലേക്കൊരു പ്രയാണം…..

…………………………………….

T V Jessy (MA, MJC)
Chief Editor
Thamasoma.com