അഭിമാനം, സൂര്യ സുജി

Thamasoma News Desk 

സുരേഷ് ഗോപിയോട് റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൃശൂര്‍ റിപ്പോര്‍ട്ടര്‍ സൂര്യ സുജി ചോദിച്ച ചോദ്യം വളരെ കൃത്യമായിരുന്നു. തോളില്‍ കൈവച്ചതിന് മാപ്പുപറയിച്ച മാധ്യമപ്രവര്‍ത്തകയോടുള്ള പ്രതികാരമെന്നോണമുള്ള പ്രകടനങ്ങളാണ് സുരേഷ് ഗോപി ഇവിടെ നടത്തിയത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു കൈവെക്കല്‍ നാടകം. മനോരമ ലേഖകന്റെ തോളില്‍ കൈവച്ച ശേഷം കൂട്ടത്തിലുള്ള സൂര്യ സുജിയോട് സുരേഷ് ഗോപി ചോദിക്കുന്നു, ഇതില്‍ കുഴപ്പമുണ്ടോ എന്ന്. അതൊരു വഷളന്‍ ചോദ്യമായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.

സൂര്യ പ്രതികരിച്ചത് ആ ചോദ്യത്തോടായിരുന്നു. ഒരു സ്ത്രീ എന്ന നിലയ്ക്ക് എന്റെ സഹപ്രവര്‍ത്തക നേരിട്ട അപമാനം എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് വിശദീകരിച്ചു കൊണ്ടാണ് സൂര്യ പ്രതികരിക്കുന്നത്.

സൂര്യയുടെ വാക്കുകളിലൂടെ:

അതിരൂപതയുടെ ബൈറ്റ് എടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ പോകുന്നുണ്ടെന്ന് പറഞ്ഞു.

അതുകൊണ്ടാണ് ഞാന്‍ ഗിരിജാ തീയേറ്ററില്‍ പോയത്. ഞാന്‍ അവിടെ നിന്നപ്പോള്‍ തന്നെ സുരേഷ് ഗോപി എന്റെ മുമ്പില്‍ കൈകൂപ്പി നിന്നു.

ഞാന്‍ മൈന്‍ഡ് ചെയ്തില്ല. രണ്ടാമത് അയാള്‍ മനോരമ റിപ്പോര്‍ട്ടറുടെ തോളില്‍ കൈവെച്ചിട്ട് എന്നോട് ചോദിച്ചു ഇങ്ങനെ കൈ വെച്ചാല്‍ കുഴപ്പമുണ്ടോ എന്ന് .

ഞാന്‍ മൈന്‍ഡ് ചെയ്തില്ല. ഞാന്‍ മൈക്ക് നീട്ടിയപ്പോള്‍ അയാള്‍ പറഞ്ഞു നിങ്ങള്‍ അടുത്തു വരുമ്പോള്‍ തന്നെ പേടിയാകുന്നു എന്ന്.

അപ്പോ ഞാന്‍ പറഞ്ഞു നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് നിങ്ങള്‍ സമ്മതിക്കണം. അല്ലാതെ ഒരാള് വരുമ്പോ ഈ രീതിയില്‍ പറഞ്ഞിട്ട് കാര്യമില്ലാ എന്ന്.

അപ്പോള്‍ അയാള്‍ തുടങ്ങി ,

എന്നോട് ആളാകാന്‍ വരണ്ട എന്ന രീതിയില്‍ സംസാരിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ ചെയ്തത് തെറ്റു തന്നെയാണെന്ന് . പിന്നെ ഞാന്‍ പറഞ്ഞതിനെ സുരേഷ് ഗോപി വളച്ചൊടിച്ചു.

അയാള് പറഞ്ഞത് കോടതിയിലുള്ള കേസാണ് എന്ന്.

എന്ത് , കോടതിയിലാണെങ്കിലും എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ കോടതിയെ ഞാന്‍ വെല്ലുവിളിച്ചിട്ടില്ല. അത് പല മാധ്യമങ്ങളും തെറ്റായി വാര്‍ത്ത കൊടുക്കുന്നത് ഞാന്‍ കാണുന്നുണ്ട്.

അപ്പോ അതില്‍ കയറി അയാള്‍ പിടിച്ചു. എന്നോട് ഇറങ്ങി പോകാന്‍ പറഞ്ഞു. ബാക്കിയുള്ള മാധ്യമ പ്രവര്‍ത്തകരോട് ബൈറ്റ് വേണോന്ന് ചോദിച്ചു. അപ്പോ എല്ലാവരും പറഞ്ഞു ബൈറ്റ് വേണമെന്ന് . അപ്പോള്‍ അയാള്‍ പറഞ്ഞു റിപ്പോര്‍ട്ടര്‍ മാറിപ്പോയാല്‍ ബൈറ്റ് തരാം. സ്റ്റെപ് ബാക്ക്, സ്റ്റെപ് ബാക്ക് എന്നു പറഞ്ഞു.

എനിക്കത്ര നാണം കെട്ട് അവിടെ നില്‍ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ മൈക്ക് എടുത്തിറങ്ങി.

ഒരാളുപോലും , അവിടെ കൂട്ടത്തിലുണ്ടായ മീഡിയ വണ്ണിലെ ആസിഫ് ഒഴിച്ച് , ഒരു മാധ്യമ പ്രവര്‍ത്തകന്‍ പോലും എന്നോട് സംസാരിച്ചിട്ടില്ല. മറ്റുള്ളവര്‍, ഇത്രയും ദിവസമായിട്ടു നല്ല രീതിയില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച , അവിടെ ഉണ്ടായ ഒരാളുപോലും എന്നോട് സംസാരിച്ചിട്ടില്ല.Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47


#SureshGopi #SuryaSuji #ReporterChannel #MediaOne

Leave a Reply

Your email address will not be published. Required fields are marked *