Thamasoma News Desk
ഊന്നുകല്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍, ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നുവന്ന അവധിക്കാല കലാ-കായിക ക്യാമ്പിന് (Summer camp) പരിസമാപ്തി. ജൂണ്‍ ഒന്നിന് നടത്തിയ സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിര്‍വ്വഹിച്ചു.
മൊബൈല്‍ ഫോണുകളും ടിവിയും ജനജീവിതത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനു മുന്‍പുള്ള അവധിക്കാലങ്ങളില്‍ കുട്ടികള്‍ കലാകായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ, കുട്ടികള്‍ അത്തരം വിനോദങ്ങളില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായും പിന്മാറി. അവരുടെ വിനോദവും കഴികളും ജീവിതവുമെല്ലാം സ്മാര്‍ട്ട് ഫോണ്‍ കീഴടക്കി. ഇതില്‍ നിന്നെല്ലാം അവരെ മോചിപ്പിച്ച്, കലാകായിക രംഗത്തേക്ക് അവരെ വീണ്ടും തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഊന്നുകല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇത്തരമൊരു പരിശീലന പരിപാടിക്കു തുടക്കം കുറിച്ചത്. പൂര്‍ണ്ണമായും സൗജന്യമായിട്ടായിരുന്നു പരിശീലനം. എന്നിട്ടു പോലും കുട്ടികളുടെ പങ്കാളിത്തം തുലോം കുറവായിരുന്നു. സംഘാടകരെ ഇത് കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തിയത്. സമാപന സമ്മേളനത്തില്‍ സംസാരിച്ച ഏവരും ഊന്നിപ്പറഞ്ഞൊരു കാര്യം മാതാപിതാക്കളുടെ ഈ നിസംഗത തന്നെയായിരുന്നു.
‘ഒട്ടേറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം, ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു മനസിലാക്കിയാണ് ഞങ്ങള്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചത്. എന്നാല്‍, ജനങ്ങള്‍ അത് ഫലപ്രദമായി വിനിയോഗിച്ചില്ല എന്നത് ഞങ്ങളെ വിഷമിപ്പിക്കുന്നു. മാതാപിതാക്കള്‍ കുട്ടികളെ ആ രീതിയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഇതിനെക്കുറിച്ചു ഞാന്‍ മനസിലാക്കുന്നത്. സൗജന്യമായിട്ടാണ് ഈ ക്ലാസ് സംഘടിപ്പിച്ചത്. സൗജന്യമെന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ക്കൊരു ധാരണയുണ്ട്, സൗജന്യമായി കിട്ടുന്നതെല്ലാം നിലവാരമില്ലാത്തതാണ് എന്ന്. അതിനാല്‍, സൗജന്യമായി കിട്ടുന്നതിന് അത്രയും പ്രാധാന്യം കൊടുത്താല്‍ മതിയെന്നും. പക്ഷേ, ക്ലാസ് സൗജന്യമായിട്ടാണ് നടത്തിയതെങ്കിലും ദേശീയ നിലവാരത്തോടെയുള്ള ക്ലാസുകളാണ് കുട്ടികള്‍ക്കു നല്‍കിയത്. അവധിക്കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികള്‍ മൊബൈല്‍ ഫോണും ടിവിയുമല്ലാതെ മറ്റു യാതൊരു കാര്യങ്ങളിലും ശ്രദ്ധിക്കുകയോ വ്യാപൃതരാവുകയോ ചെയ്യുന്നില്ല. കുട്ടികളില്‍ ചിലര്‍ ബന്ധുവീടുകളില്‍ അവധിക്കാലം ചെലവഴിച്ചിട്ടുണ്ടാവാം. എന്നാല്‍, അവര്‍ കൂടുതല്‍ സമയവും വിനിയോഗിച്ചിട്ടുള്ളത് മൊബൈലും ടിവിയും കാണുന്നതിനാണ്.
ഈ പ്രവണതയ്‌ക്കൊരു മാറ്റം വരുത്തുവാനും അവരെ ഇത്തരം അഡിക്ഷനില്‍ നിന്നും മോചിപ്പിക്കാനും അതിലൂടെ അവരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാനും വേണ്ടിയാണ് ഈ ക്യാമ്പ് നടത്തിയത്. എന്നാല്‍, മാതാപിതാക്കള്‍ അത് വേണ്ടവിധം മനസിലാക്കിയില്ലെന്നു വേണം കരുതാന്‍. സാധാരണക്കാരായ നമ്മള്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലൂടെയല്ല നമ്മുടെ കുട്ടികള്‍ കടന്നുപോകുന്നത് എന്ന് എല്ലാവരും മനസിലാക്കിയേ തീരൂ. പഠ്യേതര വിഷയങ്ങള്‍ക്കു പുറമേ ഏതെങ്കിലും കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചേ തീരൂ,’ ഊന്നുകല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
‘കുഞ്ഞുങ്ങളുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ തിരിച്ചറിഞ്ഞുകൊണ്ട്, അവരെ നേരായ വഴിയിലൂടെ നയിക്കുന്നതിനായി പരിശീലനം നല്‍കുന്ന ഒരു ക്ലാസാണ് അവധിക്കാലത്ത് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയത്. കലാപരമായും കായികപരമായും കഴിവുകളുള്ള കുട്ടികള്‍ക്ക് അതാത് ഇനങ്ങളിലാണ് പരിശീലനം നല്‍കിയത്. മൊബൈല്‍, ടി വി എന്നിവയില്‍ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഇതു വളരെ സഹായകരമാണ്. ജോലിക്കാരായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കാറില്ല. മാതാപിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ ഈ കുട്ടികള്‍ എന്തു ചെയ്യുന്നുവെന്ന് കൃത്യമായി മനസിലാക്കാനും അവര്‍ക്കു സാധിക്കാറില്ല. സ്വാഭാവികമായും അവരുടെ സമയം മൊബൈലിലേക്കും ചില കൂട്ടുകെട്ടിലേക്കും തിരിയുന്നു. ഈ പുതിയ സൗഹൃദങ്ങള്‍ തെളിക്കുന്ന വഴിയിലൂടെയാണ് പിന്നീട് ഈ കുട്ടികളുടെ യാത്ര. അവ, അവരെ വിനാശത്തിലേക്കാണ് പലപ്പോഴും നയിക്കുന്നത്. അതിനാല്‍, ഇത്തരത്തിലുള്ള അവധിക്കാല ക്ലാസുകള്‍ അവരുടെ സ്വഭാവത്തിലും ജീവിതരീതിയിലും നല്ല മാറ്റങ്ങള്‍ വരുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സ്വന്തം സുഹൃത്തുക്കളെക്കൂടി ഈ പാതയിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കു സാധിക്കും. അങ്ങനെ, നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി ദീര്‍ഘമായ കാഴ്ചപ്പാടോടു കൂടി ബാങ്ക് സംഘടിപ്പിച്ച ഒരു പരിപാടിയാണിത്. ഇതിലൂടെ നല്ല കുട്ടികളായി പഠിക്കാനും സമൂഹത്തിനു മാതൃകയാകുവാനും അവര്‍ക്കു സാധിക്കുകയും ചെയ്യും,’ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കവെ, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു പറഞ്ഞു.
‘പഠനത്തോടൊപ്പം ഏതെങ്കിലുമൊരു പാഠ്യേതര വിഷയം കൂടി കുട്ടികള്‍ പഠിക്കണം. അത് കരാട്ടെ തന്നെ ആവണമെന്നില്ല. ഡാന്‍സോ പാട്ടോ ഉപകരണ സംഗീതമോ എന്തുമാകാം. ഇത്തരം പഠനങ്ങള്‍ കുട്ടികളുടെ മനസില്‍ സന്തോഷം നിറയ്ക്കാനും നേരായ രീതിയില്‍ ചിന്തിക്കാനും നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കാനും സഹായകമാകും. എന്നുമാത്രമല്ല, അവര്‍ പഠിച്ച പാഠ്യേതര വിഷയങ്ങളാവും ഒരു പക്ഷേ, നല്ലൊരു ജോലി സമ്പാദിക്കാന്‍ നാളെ അവരെ സഹായിക്കുന്നത്. സിനിമാ താരങ്ങളെയും മറ്റും റോള്‍ മോഡലുകളാക്കുന്ന കുട്ടികള്‍ നിരവധിയാണ്. പക്ഷേ, ഓരോ മാതാപിതാക്കളോടും ഞാന്‍ പറയുകയാണ്, നിങ്ങളാവണം നിങ്ങളുടെ കുട്ടികളുടെ റോള്‍ മോഡലുകള്‍. നിങ്ങളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കണ്ടറിഞ്ഞ് ജീവിക്കുന്ന മക്കളാക്കി അവരെ വളര്‍ത്തിയെടുക്കേണ്ടതു നിങ്ങളാണ്. കുട്ടികളുടെ പ്രായമനുസരിച്ച്, വീടിന്റെ ഉത്തരവാദിത്വങ്ങള്‍ അവര്‍ക്ക് കൊടുക്കണം. തന്റെ കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ അറിയിച്ചു വേണം അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍. അങ്ങനെ വളര്‍ന്നു വരുന്ന കുട്ടികളൊരിക്കലും മൊബൈലിനോ ബൈക്കിനോ വേണ്ടി വാശിപിടിക്കില്ല. പ്രായപൂര്‍ത്തിയാകും മുമ്പേ, ബൈക്ക് ഓടിക്കണമെന്ന ആവശ്യവുമായി അവര്‍ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. കലാകായിക രംഗത്തേക്കു കടന്നു വരുന്ന കുട്ടികള്‍ക്ക് ഇത്തരം വേദികളില്‍ നിന്നും ലഭിക്കുന്നത് സ്വഭാവ രൂപീകരണത്തിനുള്ള മികച്ച അവസരങ്ങളാണ്. അതിനാല്‍, തെറ്റായ കൂട്ടുകെട്ടിലേക്ക് പോകുന്നതില്‍ നിന്നും അവരെ സംരക്ഷിക്കാനും സാധിക്കും,’ ഷിറ്റോ റിയു കരാട്ടെയുടെ പരിശീലനത്തിന്റെ തലപ്പത്തുള്ള സോഷി ഹാന്‍ ജോയ് പോള്‍ (9th Degree Black Betl) പറഞ്ഞു.
കുട്ടികള്‍ക്ക് കരാട്ടെയില്‍ പരിശീലനം നല്‍കിയത് സെന്‍സായ് റോസ് മരിയ ബിജുവാണ്. ദിവ്യ സുരേഷ് ശാസ്ത്രീയ നൃത്തത്തിലും മിനി ദേവദാസ് ശാസ്ത്രീയ സംഗീതത്തിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ഊന്നുകല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് എം എസ് പൗലോസ് ആയിരുന്നു സമാപന സമ്മേളനത്തിന്റെ അധ്യക്ഷന്‍. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു പരിപാടി ഉത്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് പോള്‍, വിസി മാത്തച്ചന്‍, അഭിലാഷ്, കെ ഐദ്രോസ്, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചടങ്ങിനോടനുബന്ധിച്ച്, സമ്മര്‍ വെക്കേഷന്‍ ക്യാമ്പില്‍ പരിശീലനം നേടിയ കുട്ടികളുടെ കലാ കായിക പ്രകടനങ്ങളും നടത്തി.
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47