‘അങ്ങനെയൊരു ചതി അവനില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചതേയില്ല’

രാജേഷ് പീറ്റര്‍, കാനഡ

ഷാര്‍ജ സിറ്റി സെന്ററിലെ വാഷ് റൂമിനടുത്തു നില്‍ക്കുന്ന ചെറുപ്പക്കാരനെ വെറുതേ ഒന്നു നോക്കിയതാണ്. ഏകദേശം മുപ്പതു വയസ്സിനടുത്തു പ്രായമുണ്ട് (Mercy). മലയാളിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. ആര്‍ത്തലച്ചു പെയ്യാന്‍ പോകുന്ന കര്‍ക്കിടക മേഘം പോലെ നിറഞ്ഞു തുളുമ്പാറായി നില്‍ക്കുന്ന കണ്ണുകള്‍. കണ്‍ തടങ്ങളില്‍ കറുപ്പ് വ്യാപിച്ചിരുന്നു. മുഖത്ത് രക്തമയം ഇല്ലാണ്ട് വിളറി വെളുത്തിരിക്കുന്നു. കണ്ണു നിറയുന്നത് ആരും കാണാതിരിക്കാന്‍ അവന്‍ പെടപ്പാട് പെടുന്നുണ്ടായിരുന്നു.

എന്തു പറ്റി എന്ന ചോദ്യത്തിന് ‘യേ.. ഒന്നുമില്ല ചേട്ടാ’എന്നാരുന്നു അവന്റെ മറുപടി. ഒന്നുമില്ലേല്‍ താനെന്തിനാ കരയുന്നേ…?
അതിനവന് ഉത്തരം പറയാന്‍ കുറച്ചു സമയം വേണ്ടി വന്നു. നിശബ്ദ്ദതയുടെ ആ നിമിഷങ്ങളില്‍ എന്നോട് പറയാന്‍ ഒരു കള്ളം അവന്‍ മെനയുകയായിരുന്നു.
‘ഒന്നുമില്ല ചേട്ടാ കണ്ണില്‍ പൊടി പോയതാണെന്ന് തോന്നുന്നു’. അതു പറഞ്ഞിട്ടവന്‍ താഴോട്ട് നോക്കി നിന്നു.

എനിക്കെന്തോ അവന്റെ കണ്ണിലെ പൊടി പോയ കഥ വിശ്വസിക്കാന്‍ തോന്നിയില്ല. താന്‍ വെറുതേ കള്ളം പറയേണ്ടാ. കാര്യം എന്താണെന്ന് പറ. തല ഉയര്‍ത്തി എന്റെ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി നിന്നിട്ട് എങ്ങലടിച്ചുള്ള കരച്ചിലാരുന്നു അതിനുള്ള മറുപടി. വാഷ് റൂമിലേക്ക് വന്നും പോയ്‌ക്കൊണ്ടുമിരുന്ന ആളുകള്‍ ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.

സിമ്പതി കൂടി മറ്റുള്ളവരുടെ കാര്യങ്ങളില്‍ ആവശ്യമില്ലാതെ ഇടപെടാന്‍ പോകരുതെന്ന് ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കള്‍ ഇടക്കിടക്ക് പറയാറുണ്ടായിരുന്നു. വേണമെങ്കില്‍ അവനെ അവഗണിച്ചു പോകാമായിരുന്നു. എന്തോ എനിക്കതിനു സാധിച്ചില്ല. ‘വാ.. ഇവിടെ നിന്നാല്‍ ആളുകള്‍ ശ്രദ്ധിക്കും. എങ്ങോട്ടേലും മാറി നിന്നു സംസാരിക്കാം.’ എതിരൊന്നും പറയാതെ അവന്‍ അനുസരിച്ചു.

ആളൊഴിഞ്ഞ ഒരു മുലയില്‍ വലിയ ഒരു തൂണിന് മറ പറ്റി ഞങ്ങള്‍ രണ്ടാളും നിന്നു. പറ, എന്താണ് കാര്യം…? വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞവന്‍ വിങ്ങിപ്പൊട്ടി കരയുവാന്‍ തുടങ്ങി. കണ്ണുനീര്‍ ഇരു കവിളുകളിലൂടെയും ചാലു കീറി ഒഴുകിക്കൊണ്ടിരുന്നു. ‘താന്‍ കരയാതെടോ. എന്താ കാര്യമെന്ന് പറ.’
‘ആകെ പെട്ടു നില്‍ക്കുകയാണ് ചേട്ടാ’ തൊണ്ട ഇടറിയവന്‍ പറഞ്ഞു. എന്തു പറ്റി….?

‘എട്ടു മാസമായി ജോലിയില്ല. കമ്പനി പൂട്ടിപ്പോയി. ഉടമസ്ഥര്‍ എവിടെയാണെന്ന് അറിയില്ല.’
‘അവരെ ഫോണ്‍ ചെയ്തില്ലേ….?’
‘ചെയ്തു സ്വിച്ചഡ് ഓഫാണ്. വിസ പുതുക്കിയിട്ട് രണ്ടു വര്‍ഷമാകുന്നു. ചോദിക്കുമ്പോഴൊക്കെ പുതുക്കി തരാമെന്നാണ് പറഞ്ഞിരുന്നത്. കമ്പനിയില്‍ പണി ഉണ്ടായിരുന്നതുകൊണ്ട് അവര്‍ പുതുക്കികൊള്ളുമെന്ന കരുതി. പെട്ടന്നാണ് ഒരു ദിവസ്സം മുതലാളിമാരെ കാണാതെ ആകുന്നത്.’

‘ഓ…..അപ്പോള്‍ ഭക്ഷണവും താമസവുമൊക്കെ..?’

‘ഒരു കൂട്ടുകാരന്‍ അവന്റെ റിസ്‌കില്‍ കൂടെ താമസിപ്പിച്ചിരിക്കുകയാണ്. ഭക്ഷണം കൂടി തരാനുള്ള പാങ്ങ് അവനില്ല. എട്ടു മാസമായില്ലേ ചേട്ടാ, അവനും തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുകയാ. റൂമില്‍ ബാക്കി ഉള്ളവര്‍ക്ക് ഇഷ്ടക്കേടായി തുടങ്ങി. എപ്പോഴാ ഇറങ്ങിപ്പോകാന്‍ പറയുക എന്നറിയില്ല.’

‘വീട്ടില്‍ ആരൊക്കെ…?’

പാലക്കeട്ടെ ഒരു ഒരു നിര്‍ദ്ധന കുടുംബമാണവന്റെ. ആശാരിപ്പണി ചെയ്തു കുടുംബം പോറ്റിയിരുന്ന അച്ഛന് തീരെ സുഖമില്ലാണ്ടായി. അവന്റെ വരുമാനം കൊണ്ടാണ് ആ കുടുംബം പുലര്‍ന്നു പോന്നിരുന്നത്. വീട്ടിലേക്ക് പണം അയച്ചിട്ട് മാസങ്ങളായി. അച്ഛന് മരുന്നു വാങ്ങാന്‍ പോലും പൈസയില്ലെന്നു പറഞ്ഞു എങ്ങലടിച്ചവന്‍ കരഞ്ഞപ്പോള്‍ എന്റെ ഉള്ളൊന്നു പിടഞ്ഞു.

ആ പിടച്ചിലില്‍ ഞാനെന്റെ അപ്പനെയും അമ്മയേയും കണ്ടു. ഞാനപ്പോള്‍ നില്‍ക്കുന്നത് സിറ്റി സെന്ററിലല്ല. ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ മുന്‍പേയുള്ള ദുരിതം നിറഞ്ഞ ഞങ്ങടെ ചെറ്റപ്പുരയിലാണ്. അതിന്റെ ഒരു മൂലയില്‍ കയറു കട്ടിലില്‍ കാന്‍സര്‍ വന്ന് മരണ വേദന എടുത്തു കരയുന്ന അപ്പനെ കണ്ടു. ഉറക്കമൊഴിച്ചിരുന്നു അപ്പന്റെ പുറവും, കൈ കാലുകളും തിരുമ്മി കൊടുക്കുന്ന അമ്മയെയും മകനെയും കണ്ടു. ചികിത്സക്ക് പണമില്ലാതെ നിരാലംബരയാ ഒരു അമ്മയും മകനും രാത്രി പകലാക്കി പടച്ചവന്റെ സ്വസ്ഥത കെടുത്തി നിലവിളിച്ചു കരയുന്നത് ഞാന്‍ കണ്ടു.

എന്റെ ഫോണ്‍ നമ്പറും, അഞ്ഞൂറു ദിര്‍ഹവും കൈയ്യില്‍ കൊടുത്തിട്ട് നാളെ രാവിലെ പാസ്‌പോര്‍ട്ടിന്റെ കോപ്പി എന്റെ വാട്‌സ് ആപ്പിലോട്ട് അയച്ചു തരാന്‍ അവനോട് പറഞ്ഞു. പോകാന്‍ നേരം കൈകളില്‍ മുറുകെ പിടിച്ച് ‘ഭാഗവാനാണ് ചേട്ടനെ എന്റെ മുന്‍പില്‍ എത്തിച്ചതെന്ന് ‘ പറഞ്ഞിട്ടവന്‍ കരഞ്ഞു.
അന്നു രാത്രിയില്‍ വാട്‌സ് ആപ്പില്‍ അവനെനിക്കൊരു പടം അയച്ചു തന്നു. നല്ല പാലക്കാടന്‍ മട്ട അരി ചോറില്‍ മോരും ഒഴിച്ചു,കാബ്ബേജ് തോരനും, രണ്ടു വറത്ത മത്തിയും മുകളില്‍ വെച്ചേക്കുന്ന പടം.

‘അഞ്ചു മാസമായി അങ്ങനെയൊരു ആഹാരം കഴിച്ചിട്ടെന്നവന്‍ മെസ്സേജ് അയച്ചു. ചേട്ടന്‍ തന്നതില്‍ ഏഴാംയിരം രൂപ നാട്ടിലേക്ക് അയച്ചു കൊടുത്തു.’നാളെ തന്നെ അച്ഛനെ ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന് അമ്മയോട് പറഞ്ഞെന്നും’ അവന്‍ മെസ്സേജ് ഇട്ടപ്പോള്‍ കുറച്ചു നാളുകള്‍ക്ക് ശേഷം ആ രാത്രിയിലെങ്കിലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ പോകുന്ന അവന്റെ അച്ഛന്റെയും, അമ്മയുടെയും, സഹോദരിയുടെയുമൊക്കെ ചിരിക്കുന്ന മുഖം ഞാന്‍ കണ്ടു.

അവന്റെ പാസ്സ്‌പോര്‍ട്ട് കോപ്പിയുമായി എന്റെ പി.ആര്‍.ഓ യെ ദുബായില്‍ നിന്ന് അവന്റെ കമ്പനി സ്ഥിതി ചെയ്യുന്ന അജ്മാനിലെ ഇമിഗ്രേഷന്‍ ഓഫീസിലേക്ക് പിറ്റേ ദിവസ്സം തന്നെ ഞാന്‍ ഓടിച്ചു. അവന്‍ പറഞ്ഞതെല്ലാം ശരിയാണ്. വിസാ കാലാവധി തീര്‍ന്നിട്ട് രണ്ടു വര്‍ഷത്തോളമാകുന്നു. ഫൈന്‍ ആറായിരത്തി അഞ്ഞൂറു ദിര്‍ഹത്തോട് അടുത്തുണ്ട്. ഫൈന്‍ കൊടുത്താലും വിസ ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ സ്‌പോണ്‍സര്‍ അല്ലെങ്കില്‍ അവന്റെ കമ്പനി ഉടമസ്ഥരുടെ ഒപ്പ് വേണം. കമ്പനിക്ക് മേലെ വേറെ ഫൈനുമുണ്ട്. അതും അടച്ചു ലൈസന്‍സ് പുതുക്കുക കൂടി ചെയ്‌തെങ്കിലേ അവന്റ വിസ ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കു.

പിന്നീടുള്ള രാത്രികളില്‍ എന്റെ പ്രാര്‍ത്ഥന മുറിയില്‍ ദൈവത്തോട് ഞാന്‍ അവനുവേണ്ടി അപേക്ഷിച്ചു. ആ അച്ഛന്റെയും അമ്മയുടെയും, കുഞ്ഞു പെങ്ങളുടെയും കണ്ണീര് കാണണേ ദൈവമേവന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. ഇടക്കിടക്കുള്ള അവന്റെ ഫോണ്‍ വിളികളും കരച്ചിലും എന്നേ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു. പി. ആര്‍. ഓ ചെല്ലുമ്പോഴെല്ലാം ഓരോരോ തടസങ്ങള്‍ ഇമിഗ്രേഷന്‍ ഓഫിസര്‍ പറഞ്ഞപ്പോള്‍ അവനു വേണ്ടി ഞാന്‍ ദൈവത്തോട് വഴക്കിട്ടു.

‘സഹിക്കാന്‍ പറ്റുന്നില്ല ചേട്ടാ ഞാന്‍ വല്ല കടുംകൈയ്യും ചെയ്തു കളയുമെന്ന്’ പറഞ്ഞവന്‍ നിരാശയുടെ പാതാളത്തിലേക്ക് ആണ്ടു പോയ ദിവസ്സങ്ങളില്‍ അവനെ എന്റെ വീട്ടില്‍ കൊണ്ടു വന്നു താമസിപ്പിച്ചു.ആവുന്ന പോലൊക്കെ ആശ്വാസ വാക്കുകള്‍ പറഞ്ഞു ധൈര്യപ്പെടുത്താന്‍ ശ്രമിച്ചു. തിരിച്ചു പോകുമ്പോഴെല്ലാം ചിലവിനുള്ള കാശ് പോക്കറ്റില്‍ ഇട്ടു കൊടുത്തു.

അങ്ങനെ പി.ആര്‍.ഓ യുടെ ആഴ്ചകള്‍ നീണ്ട ശ്രമ ഫലമായി ഫൈന്‍ അടച്ചാല്‍ വിസാ ക്യാന്‍സല്‍ ചെയ്ത് ഔട്ട് പാസ്സ് കൊടുക്കാമെന്നുള്ള വര്‍ത്തമാനം അറിയിച്ചപ്പോള്‍ അവനുണ്ടായത് സന്തോഷമാണോ ദുഃഖമാണോ എന്നറിയില്ല. ഫൈന്‍ അടക്കാന്‍ അവന്റെ കൈയ്യില്‍ ഒരു ദിര്‍ഹം പോലും ഉണ്ടായിരുന്നില്ല.
പി.ആര്‍. ഓ ഇമിഗ്രേഷന്‍ ഓഫീസറുമായി സംസാരിച്ചു ഫൈന്‍ ആയ്യായിരത്തി അഞ്ഞൂറു ദിര്‍ഹമാക്കി കുറച്ചു (ഏകദേശം ഒരു ലക്ഷത്തി പതിനായിരം രൂപാ)
പിറ്റേ ദിവസ്സം അതിരാവിലെ കാനഡയിലുള്ള എന്റെ കുടുംബത്തിന്റെ അടുക്കലേക്ക് പോകാന്‍ ടിക്കെറ്റ് ബുക്ക് ചെയ്തിരുന്നു. നല്ല തിരക്കുണ്ടായിട്ടും അന്നു രാത്രിയില്‍ ഞാന്‍ അവന്‍ താമസിക്കുന്ന സ്ഥലത്തിനടുത്തെത്തി. അവനെ കാറില്‍ വിളിച്ചുരുത്തി ഫൈന്‍ അടക്കാനും,തിരിച്ചു നാട്ടിലേക്ക് പോകാനുള്ള ടിക്കെറ്റിനും കൂടിയുള്ള ആറായിരം ദിര്‍ഹം കൈയ്യില്‍ കൊടുത്തിട്ട് നാളെ പി.ആര്‍.ഓ യുമായി പോയി വിസ ക്യാന്‍സല്‍ ചെയ്യണം, എന്നിട്ട് എത്രയും വേഗം നാട്ടില്‍ കയറി പോകണമെന്നും പറഞ്ഞു. ഞാന്‍ കാനഡയില്‍ പോയിട്ട് വന്നിട്ട് വിളിക്കാം. കുറച്ചു മാസം കഴിഞ്ഞിട്ട് പുതിയ വിസ ശരിയാക്കി നിന്നെ ദുബായില്‍ തിരിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞ് കൈയ്യും കൊടുത്തിട്ട് ഞാന്‍ പോരുന്നു.

തിരിച്ചു വീട്ടില്‍ ചെന്നു വണ്ടി പാര്‍ക്ക് ചെയ്തു കഴിഞ്ഞപ്പോഴാണ് കാറില്‍ അവന്‍ ഇരുന്ന സീറ്റില്‍ കിടന്ന മക്കളുടെ അയ്യായിരത്തില്‍ അധികം ഫോട്ടോകളും, മറ്റു പേര്‍സണല്‍ ഡാറ്റാകളും ഉള്ള എന്റെ രണ്ടാമത്തെ ഫോണ്‍ കാണുന്നില്ലെന്ന് മനസ്സിലായത്. സീറ്റില്‍ ഇരിക്കുന്നതിനു മുന്‍പേ അവന്‍ ഫോണ്‍ എടുക്കുന്നത് കണ്ടിരുന്നു. ഡോര്‍ തുറന്നപ്പോഴെങ്ങാനും താഴെ വീണതാണോ എന്നു നോക്കാന്‍ അവനെ ഞാന്‍ വിളിച്ചു. അവന്റെ ഫോണ്‍ പരിധിക്ക് പുറത്താണെന്ന മെസ്സേജ് വന്നു. നഷ്ടമായ എന്റെ ഫോണില്‍ വിളിച്ചു നോക്കി അതും സ്വിച്ചഡ് ഓഫ്. അവന്റെ വാട്‌സ് ആപ്പില്‍ മെസ്സേജ് അയച്ചു നോക്കി.

റീഡ് ചെയ്തു. മറുപടിയില്ല. കുറച്ചു കഴിഞ്ഞു അതില്‍ എന്നേ ബ്ലോക്ക് ചെയ്തു. വേറെ നമ്പറുകളില്‍ നിന്ന് മാറി മാറി വിളിച്ചു. മൊബൈല്‍ ഓഫ് ആണെന്ന മെസ്സേജുകള്‍ മാത്രം കിട്ടിക്കൊണ്ടിരുന്നു. അന്നെനിക്ക് ഭ്രാന്തു പിടിച്ചു, ഇടക്ക് ഉച്ചത്തില്‍ കരഞ്ഞു, എന്നിലെ മനുഷ്യനെ ഞാന്‍ ചീത്ത പറഞ്ഞു, മനുഷ്യത്വം ചാലിച്ചെന്നെ സൃഷ്ടിച്ച ദൈവത്തെ ചോദ്യം ചെയ്തു, ഫോണ്‍ വിളിച്ച ഭാര്യയോട് കാര്യമില്ലാതെ ദേഷ്യപ്പെട്ടു, അന്ന് മക്കളോട് സംസാരിച്ചില്ല, എയര്‍പോര്‍ട്ടില്‍ കൊണ്ടു പോയ ടാക്‌സി ഡ്രൈവറോട് വേഗത്തില്‍ ഓടിക്കാത്തതിന് ദേഷ്യപ്പെട്ടു. അങ്ങനെ ഞാന്‍ ഞാനല്ലതായിപ്പോയി രണ്ടു ദിവസത്തോളം.
വര്‍ഷം അഞ്ചു കഴിഞ്ഞു പിന്നീടവന്റെ വിവരമൊന്നുമില്ല.

അന്നു മുതലാണ് സിംമ്പതിയോട് ഞാന്‍ ‘നോ’ പറയാന്‍ തുടങ്ങിയത്…..

സഹായിക്കാന്‍ പ്രാപ്തിയുണ്ടായിട്ടും കടം ചോദിക്കുമ്പോള്‍ ‘ഇല്ലാ’ എന്ന് അറത്തു മുറിച്ചു പറയുന്നവരെ കണ്ടിട്ടില്ലേ. അതില്‍ എല്ലാവരുമൊന്നും അടിസ്ഥാനപരമായി ക്രൂരരായ മനുഷ്യരായിരിക്കില്ല. ആ കൂട്ടത്തില്‍ ചിലര്‍ക്കെങ്കിലും പറയാനുണ്ടാകും അവരിലെ മനുഷ്യത്വത്തെ ചവിട്ടി അരച്ചിട്ടു പോയ മനുഷ്യരെന്നു വിളിക്കുന്ന ചിലരുടെ ഇത്തരം കഥകള്‍.

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *