സഭയുടെ സ്വത്തുക്കളുടെ യഥാര്‍ഥ അവകാശികള്‍ ആര്

സീറോ മലബാര്‍ സഭയുടെ അവസ്ഥ ഇപ്പോള്‍ സീറോയില്‍ എത്തി നില്ക്കുന്നതായാണ്
നമുക്ക് കാണുവാന്‍ കഴിയുന്നത്. ഇത് ഒരു ക്രിസ്തീയ സഭയുടെ മാത്രം അവസ്ഥയല്ല.
നമ്മുടെ കേരളത്തിലെ മിക്ക ക്രിസ്തീയ സഭകളിലും വിശ്വാസികളെ വെറും
നോക്കുകുത്തികള്‍ ആക്കികൊണ്ട് ചിലര്‍ സഭയുടെ സ്വത്തുക്കള്‍ ദുര്‍വിനിയോഗം
ചെയ്യുന്ന സ്ഥിതിവിശേഷം ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സഭയുടെ സ്വത്ത്
ഒരു മെത്രാന്റെയോ ഒരുകൂട്ടം പുരോഹിതരുടെയോ മാത്രം അല്ല. മെത്രാന്‍ അതിന്റെ
ഒരു മേല്‌നോട്ടക്കാരന്‍ മാത്രം. ആ സത്യം പാടെ മറന്നും ചില ഉപജാപക്കാരുടെ
ഉപദേശങ്ങള്‍ക്ക് ചെവികൊടുത്തും സഭാ നേതൃത്വം ഭരണം നടത്തുമ്പോള്‍
വിശ്വാസികള്‍ക്ക് ദൈവത്തിന്റെ പ്രതിപുരുഷന്മാരിലുള്ള വിശ്വാസം ആകുന്നൂ
നഷ്ടമായിക്കൊണ്ടിരിക്കുന്നത്. 
ഓരോ സഭകള്‍ക്കും ഇന്ന് കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ ഉണ്ട്. ഇതില്‍
മിക്കതിന്റെയും ഉപഭോക്താക്കള്‍ മെത്രാന്റെ കുടുംബക്കാരോ, അദ്ദേഹത്തിന്റെ
താത്പര്യക്കാരോ മാത്രം ആയിരിക്കും. പാവപ്പെട്ട വിശ്വാസികള്‍ക്ക് മെത്രാന്റെ
ഇടയലേഖനപ്രകാരം ചോദിക്കുന്ന പണം നല്കുവാനുള്ള അവകാശം മാത്രമേയുള്ളൂ. അവന്
കണക്കു ചോദിക്കുവാന്‍ വേദികള്‍ ഇല്ല, ഉണ്ടെങ്കില്‍ തന്നെ അതിനുള്ള അവസരം
ലഭിക്കാറുമില്ല. ചോദിച്ചാല്‍ അത് സഭയുടെ കാനോനിക നിയമത്തിന് എതിരാകും.
അതിനാല്‍ പലതും ഭയന്ന് ആരും സഭാ നേതൃത്വത്തെ എതിര്‍ത്തോ, വിമര്‍ശിക്കുകയോ
ചെയ്യാറില്ല. ഈ ഒരു സ്ഥിതിയാണ് ഇന്ന് പല സഭകളുടെയും പേരുദോഷത്തിന്
ഇടയാക്കിയത്. 
ഇന്ത്യാ മഹാരാജ്യത്തുള്ള ഏതു സഭയും ആ രാജ്യത്തിന്റെ നിയമ വ്യവസ്ഥകള്‍ക്ക്
അനുസരിച്ചുവേണം പ്രവര്‍ത്തിക്കുവാന്‍. കര്‍ദിനാളോ, ബാവായോ, മെത്രാനോ,
പുരോഹിതനോ ആരുംതന്നെ നിയമത്തിന് മുന്നില്‍ തുല്യരാണ്. ഈ
ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നൂ കഴിഞ്ഞ ദിവസം കേരള ഹൈകോടതി സീറോ മലബാര്‍
സഭയുടെ സ്വത്തു വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയത്.
കാത്തോലിക്ക സഭയിലെ വിശ്വാസികള്‍ അവരുടെ പുരോഹിതരോ, മെത്രാനോ ഒരു കാര്യം
കല്പിച്ചാല്‍ അതിനെ ചോദ്യം ചെയ്യാറില്ല. ഇവരുടെ ചില അവിശുദ്ധ രാഷ്ട്രീയ
കൂട്ടുകെട്ടുകള്‍ ഏവര്‍ക്കും അറിയാമെങ്കിലും പലരും മൗനം പാലിക്കുന്നു.
എന്നാല്‍ ഇന്ന് സ്വന്തം സഭയുടെ തലവനെ ബഹിഷ്‌കരിക്കുവാന്‍ പുരോഹിതന്മാരും
വിശ്വാസികളും തീരുമാനിച്ചിരിക്കുന്നൂ. ഇതില്പരം ലജ്ജാകരമായ അവസ്ഥ ക്രിസ്തിയ
സഭകള്‍ മുമ്പ് നേരിട്ടിട്ടുണ്ടോ? 
വിശ്വാസികളില്‍ നിന്നും പിരിച്ചെടുക്കുന്ന പണംകൊണ്ട് സ്വത്തുക്കള്‍ സ്വന്തം
പേരില്‍ എഴുതി വാങ്ങുന്നു. വിളവെടുപ്പ് സ്വന്തക്കാരും. ന്യൂനപക്ഷമെന്നും
ഭൂരിപക്ഷമെന്നും പറഞ്ഞുകൊണ്ട് സര്‍ക്കാരില്‍ നിന്നും കോടിക്കണക്കിന്
രൂപയുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നു. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍
താഴെത്തട്ടില്‍ എത്തുന്നില്ല എന്നുമാത്രമല്ല, സ്വന്തമായി ഒരു സെന്റ്
ഭൂമിയോ, കയറികിടക്കുവാന്‍ ചോര്‍ന്ന് ഒലിക്കാത്ത ഭാവനമോ ഇല്ലാത്തവര്‍ അനേകം.
പാവപ്പെട്ടവന്റെ വോട്ടിനുപോലും വിലപറഞ്ഞ് രാഷ്ട്രീയക്കാരെ വശത്താക്കി കീശ
വീര്‍പ്പിക്കുന്നവര്‍ ആണ് മിക്ക സഭകളുടെയും നേതൃത്വം. ഇവിടെ ആര്‍ജവമുള്ള
ഒരു സര്‍ക്കാര്‍ ഭരിക്കുകയാണെങ്കില്‍ ഒരിക്കലും ഒരു സഭയിലും സ്വത്തുക്കള്‍
കുന്നുകൂടില്ലായിരുന്നൂ. ലാഭം കൊയ്യുക എന്നതാണ് ഇന്ന് സഭകളുടെ മുഖ്യ
ലക്ഷ്യം. ഇതിന് കടിഞ്ഞാണിടുവാന്‍ സര്‍ക്കാരുകള്‍ ശക്തമായി ഇടപെടലുകള്‍
നടത്തണം. അതിനു എല്ലാ ക്രൈസ്തവ സഭകളിലെയും വിശ്വാസികളുടെ പിന്തുണ
സര്‍ക്കാരുകള്‍ക്ക് ഉണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം
കുപ്പായക്കാരുടെ തനിനിറം വിശ്വാസികള്‍ നന്നായി മനസ്സിലാക്കി
കഴിഞ്ഞിരിക്കുന്നൂ. 
ജോര്‍ജ് ആലഞ്ചേരി പിതാവിനോടുള്ള എല്ലാ ബഹുമാനവും കാത്തു സൂക്ഷിക്കുന്നൂ.
എങ്കിലും ഈ പിതാവിന്റെ ചില ഇടപെടലുകള്‍ എന്നില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു
മുമ്പ് തന്നെ സംശയം ഉണ്ടാക്കിയിരുന്നൂ. കടല്‍ കൊലപാതക കേസിലെ പ്രതികളെ
രക്ഷിക്കുവാന്‍ ഈ പിതാവ് ചില നീക്കങ്ങള്‍ നടത്തിയിരുന്നതായി അന്ന് ചില
മാധ്യമങ്ങള്‍ പറയുകയും പിന്നീട് അവര്‍ ആ വാര്‍ത്തകളെ മൂടുകയും
ചെയ്തിരുന്നൂ. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ആ കൊല്ലപ്പെട്ട മുക്കുവരുടെ
കുടുംബാംഗങ്ങളുടെ കണ്ണുനീരും പ്രയാസവും ദൈവം കണ്ടൂ എന്നതിന്റെ തെളിവ്
കൂടിയാണ് അദ്ദേഹം ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് ഒരു കാരണം.
Santhosh Pavithramangalam

Leave a Reply

Your email address will not be published. Required fields are marked *