Thamasoma News Desk
ഇപ്പോള്‍, നേര്യമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായ, പെരുമ്പാവൂര്‍ സ്വദേശിയായ കെ ആര്‍ രാഗേഷിന്റെ കൈ നിറയെ നിയമന ഉത്തരവുകളാണ്. തന്റെ 16-ാം വയസുമുതല്‍ പി എസ് സി (PSC) പരിശീലനം തുടങ്ങി, 25 -ാം വയസിലെത്തി നില്‍ക്കുമ്പോള്‍, ഇഷ്ടമുള്ള ഏതു ജോലിയും സ്വീകരിക്കാമെന്ന നിലയിലേക്ക് വിജയിച്ചു മുന്നേറി. ചുമട്ടു തൊഴിലാളിയായ അച്ഛന്റെ കണ്ണീരും കഷ്ടപ്പാടും കണ്ടു വളര്‍ന്ന രാഗേഷിന് ജീവിതം തന്നെയൊരു പോരാട്ടമായിരുന്നു.
അച്ഛന്‍ സാധനങ്ങള്‍ ശിരസിലേറ്റിയപ്പോള്‍, മകനാകട്ടെ ശിരസില്‍ ചുമന്നത് കുന്നോളം സ്വപ്‌നങ്ങളായിരുന്നു. സര്‍ക്കാര്‍ ജോലി നേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെയാ സ്വപ്നം. അങ്ങനെയാണ് 16-ാം വയസു മുതല്‍ പി എസ് സി പരീക്ഷ എഴുതാന്‍ ആരംഭിച്ചത്. ആ വഴിയിലേക്കദ്ദേഹത്തെ തിരിച്ചു വിട്ടത് അടുത്ത സുഹൃത്തായ അഭിലാഷ് ആണ്. എല്‍ഡിസി, എല്‍ജിഎസ്, ഓഡിറ്റ് ഡിപ്പാര്‍ട്മന്റില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫിസര്‍, കെഎസ്ആര്‍ടിസിയില്‍ അസിസ്റ്റന്റ് എന്നിങ്ങനെ കൈനിറയെ നിയമന ഉത്തരവുകളാണ് 25 വയസ്സിനകം രാഗേഷിനെ തേടിയെത്തിയത്.
അച്ഛന്റെ പരിമിതമായ വരുമാനം മാത്രമായിരുന്നു അമ്മയും അനിയനുമുള്‍പ്പെടുന്ന രാഗേഷിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. ഒരിക്കല്‍ ജോലിക്കിടയില്‍ അച്ഛനു പരിക്കു പറ്റിയതോടെ ആ വരുമാനവും നിലച്ചു. ദുരിതമഴ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ ആരംഭിച്ചു. സ്‌കൂള്‍ പഠനകാലത്തു തന്നെ കുട്ടികള്‍ക്കു ട്യൂഷനെടുത്തും കേറ്ററിംഗ് ജോലി ചെയ്തും വരുമാനം കണ്ടെത്തിയിരുന്നു അദ്ദേഹം. കോതമംഗലം എം എ കോളജില്‍ നിന്നും ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. ബിഎഡും അദ്ദേഹം പൂര്‍ത്തിയാക്കി. മൊബൈല്‍ ഫോണ്‍ പ്രമോട്ടറായിട്ടായിരുന്നു ആ കാലയളവില്‍ അപ്പോള്‍ അദ്ദേഹം ജോലി ചെയ്തത്.
ഏതെങ്കിലും ഒരു ജോലി എന്നതായിരുന്നില്ല രാഗേഷിന്റെ സ്വപ്നം. മറിച്ച് ഇഷ്ടപ്പെട്ട ജോലി നേടുക എന്നതായിരുന്നു. ക്വിസ് മത്സരങ്ങളില്‍ സമ്മാനം നേടിയ ആത്മവിശ്വാസമാണ് പൊതുവിജ്ഞാനത്തിനു പ്രാധാന്യമേറെയുള്ള പിഎസ്സി തയാറെടുപ്പിനു പ്രചോദനമായത്. കോച്ചിങ് സ്ഥാപനങ്ങളിലൊന്നും പോകാതെയായിരുന്നു പഠനം. സര്‍ക്കാര്‍ ജോലി നേടിയ സുഹൃത്തുക്കളുടെ പഠനരീതികള്‍ അദ്ദേഹം മനസ്സിലാക്കി. തൊഴില്‍വീഥിയിലെ ചോദ്യങ്ങള്‍ മുടങ്ങാതെ പരിശീലിച്ചത് വലിയ ധൈര്യം പകര്‍ന്നു. പരമാവധി മത്സരപ്പരീക്ഷകള്‍ എഴുതി പരീക്ഷയോടുള്ള ഭയംതന്നെ ഇല്ലാതാക്കി.
ചുരുങ്ങിയ കാലയളവില്‍ അന്‍പതിലേറെ പരീക്ഷകളെഴുതിയ രാഗേഷിന് 25-ാം വയസ്സില്‍ തന്നെ ആദ്യ നിയമനം ലഭിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍, ഫയര്‍മാന്‍, ബവ്‌കോ അസിസ്റ്റന്റ്, കെഎസ്ആര്‍ടിസി കണ്ടക്ടര്‍, കമ്പനി ബോര്‍ഡ് എല്‍ജിഎസ് തുടങ്ങി പല തസ്തികകളുടെ ഷോര്‍ട് ലിസ്റ്റിലും ഇടംപിടിച്ചെങ്കിലും അധ്യാപക ജോലിയോടുള്ള താല്‍പര്യം കാരണം സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കു പോയില്ല.
പരീക്ഷയ്ക്കു വേണ്ടതു മാത്രം പഠിക്കുന്ന ക്യാപ്‌സള്‍ പഠനരീതിയല്ല രാഗേഷ് അവലംബിച്ചത്, മറിച്ച് കാര്യങ്ങള്‍ വിശദമായി പഠിക്കുക എന്നതായിരുന്നു. പെരുമ്പാവൂരിലെ മിത്രകല ലൈബ്രറിയില്‍ നിന്നായിരുന്നു പഠനത്തുടക്കം. ലൈബ്രറിയിലെ പുസ്തകങ്ങള്‍ മുഴുവന്‍ വായിച്ചു തീര്‍ത്തു. പരമാവധി സമയം പരന്ന വായനയ്ക്കു നീക്കിവച്ചതാണ് പിഎസ്സി പരീക്ഷാ തയാറെടുപ്പിന് അടിത്തറ പാകിയതെന്ന് രാഗേഷ് പറയുന്നു. പിഎസ്സി പരിശീലനകാലത്ത് പലപ്പോഴും 4 മണിക്കൂര്‍ മാത്രമേ ഉറങ്ങിയിട്ടുള്ളൂ. ഓരോ വിഷയവും ആഴത്തില്‍ പഠിക്കുന്ന രീതിയാണു രാഗേഷ് പിന്തുടര്‍ന്നത്. പരത്തി പഠിച്ചാല്‍ സിലബസിലെ ചെറിയ മാറ്റങ്ങള്‍ പോലും പരീക്ഷയെഴുത്തിനെ ബാധിക്കില്ലെന്നും ഏതു പാറ്റേണിലെ ചോദ്യങ്ങളെയും ധൈര്യപൂര്‍വം നേരിടൊമന്നും രാഗേഷ് ഉറപ്പിച്ചു പറയുന്നു. പരീക്ഷകളെഴുതുന്നതും പഠനത്തിന്റെ ഭാഗമായാണു രാഗേഷ് കണ്ടത്.
ആദ്യമാദ്യം റാങ്ക് ലിസ്റ്റിന്റെ ഏഴയലത്തു പോലും എത്തിയില്ലെങ്കിലും പിന്നീടുള്ള പരീക്ഷയ്ക്ക് എങ്ങനെ കൂടുതല്‍ നന്നായി തയാറെടുക്കാം എന്ന പാഠമായി, ഓരോ പരീക്ഷയും. പിഎസ്സി ചോദ്യശൈലി മനസ്സിലാക്കി അതനുസരിച്ചു പഠനം ക്രമീകരിച്ചതോടെ, ലിസ്റ്റുകളിലും ഇടം പിടിക്കാന്‍ തുടങ്ങി. അതോടെ ഓരോ നിയമന ശുപാര്‍ശയും അടുത്തപരീക്ഷയ്ക്കുള്ള ഉത്തേജകമായി.
ഏതെങ്കിലും സര്‍ക്കാര്‍ ജോലി എന്ന ചെറിയ സ്വപ്നത്തില്‍ നിന്നു ഹയര്‍ സെക്കന്‍ഡറി ഇംഗ്ലിഷ് അധ്യാപകന്‍ എന്ന മനസ്സിനിണങ്ങിയ ജോലിയിലേക്കുള്ള കടമ്പകള്‍ അതിവേഗം അനായാസമാണു രാഗേഷ് പിന്നിട്ടത്. മുന്നിലിരിക്കുന്ന ഓരോ വിദ്യാര്‍ഥിയോടും തന്റെ അനുഭവം പങ്കുവച്ച് അറിവിനൊപ്പം ലക്ഷ്യബോധവും കൂടി പകരാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ഥ്യത്തിലാണ് രാഗേഷ് ഇപ്പോള്‍.
(News Courtesy: CareerTrendz)
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47