രാഷ്ട്രീയ പ്രവര്‍ത്തകരെ അധ്യാപകരായി നിയമിക്കരുത്

Thamasoma News Desk 

അധ്യാപകരെ നിയമിക്കുന്നതിനു മുന്‍പ് അവര്‍ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശം. ജാതിയുടേയും മതത്തിന്റെയും പേരില്‍ കുട്ടികളോടു വേര്‍തിരിവ് കാണിക്കുകയും അതിന്റെ പേരില്‍ അവരെ മാനസികമായും ശാരീരികമായും ശിക്ഷിക്കുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം.

അസ്വസ്ഥ ജനകമായ സംഭവങ്ങളാണ് ഓരോ സ്‌കൂളുകളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഇന്ത്യയ്ക്ക് മഹത്തായ ഒരു ഗുരു-ശിക്ഷ്യ പാരമ്പര്യമുണ്ട്. അതിന്റെ മഹനീയത മനസിലാക്കി പ്രവര്‍ത്തിക്കാനും കുട്ടികളെ നേര്‍വഴി നടത്താനും കഴിവുള്ളവര്‍ മാത്രമേ അധ്യാപകരാകാന്‍ പാടുള്ളു. പഠിച്ചില്ലെന്ന കാരണത്താല്‍ ഒരു വിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ടു തല്ലിക്കുന്ന കാഴ്ച ഈ അടുത്ത കാലത്താണ് പുറത്തു വന്നത്. നിങ്ങളെന്തിന് ഇന്ത്യയില്‍ താമസിക്കണം, പാക്കിസ്ഥാനിലേക്കു പോകൂ എന്ന് രണ്ടു കുട്ടികളോട് ആവശ്യപ്പെട്ടത് കര്‍ണാടകയിലെ ഒരു അധ്യാപകനാണ്. കേബിള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥിയെ തല്ലുന്ന അധ്യാപകന്റെ വീഡിയോയും പുറത്തു വന്നിരുന്നു. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഒരു അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥിയെ വിളിച്ചത് തീവ്രവാദി എന്നായിരുന്നു. ഈ വീഡിയോകളെല്ലാം വ്യക്തമാക്കുന്നത് അധ്യാപക സമൂഹത്തിന്റെ മലീമസമായ മനസാണ്. അവരുടെ ഉള്ളില്‍ അന്തര്‍ലീനമായ മുന്‍വിധികള്‍ തുറന്നു കാട്ടുന്നവയാണ് ഈ വീഡിയോകള്‍.

ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 17 (1) പ്രകാരം കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് കുറ്റകരവും വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനവുമാണ്. ഒരു കുട്ടിക്ക് വേദനയോ പരിക്കോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന ഏതൊരു പ്രവര്‍ത്തനവും ശാരീരിക ശിക്ഷയുടെ പരിധിയില്‍ വരുന്നതായി ദേശീയ ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. അപമാനകരമായ നാമവിശേഷങ്ങള്‍ ഉപയോഗിച്ചു ശകാരിക്കുക, പരിഹസിക്കുക, ഭീഷണിപ്പെടുത്തുക, കളിയാക്കുക, അപമാനിക്കുക, ഇകഴ്ത്തുക, തുടങ്ങി ഒരു കുട്ടിയുടെ പഠനത്തെയും മികവിനെയും ബാധിക്കുന്ന തരത്തിലുള്ള എന്തും മാനസിക പീഡനത്തിന്റെ പരിധിയില്‍ വരും.

ബഹുമാനിക്കപ്പെടേണ്ട ഒരു വ്യക്തിയാണ് ഓരോ അധ്യാപകരും. ഭാരതത്തിന്റെ പാരമ്പര്യമാണ് ഗുരു-ശിക്ഷ്യ പാരമ്പര്യം. ഒരു കുട്ടിയുടെ കഴിവിനെയും വളര്‍ച്ചയെയും ആത്മാഭിമാനത്തെയും വ്രണപ്പെടുത്തുന്ന എന്തും അപലപിക്കപ്പെടേണ്ടതാണ്. കാരണം ഇത്തരം അധ്യാപകരാണ് കുട്ടികള്‍ക്കിടയില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പക്ഷപാതത്തിന്റെയും വിത്തുകള്‍ പാകുന്നത്. അധ്യാപനം എന്നത് ശ്രേഷ്ഠമായ ഒരു തൊഴിലാണ്. നാളത്തെ തലമുറയെ വാര്‍ത്തെടുക്കുകയും സമഗ്രമായ വിദ്യാഭ്യാസവും ജീവിത നൈപുണ്യവും നല്‍കുന്നവരും ഉപദേഷ്ഠാക്കളുമാകണം അധ്യാപകര്‍. അതിനാല്‍, അധ്യാപകരെ നിയമിക്കും മുന്‍പ് ഓരോ വിദ്യാഭ്യാസ സ്ഥാപനവും അതീവ ശ്രദ്ധാലുക്കളാവണം. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളുടെ കൂമ്പടയ്ക്കുന്നവരാകരുത് അധ്യാപകര്‍. തങ്ങളുടെ കര്‍ത്തവ്യമെന്തെന്ന് ശരിയായ രീതിയില്‍ മനസിലാക്കിയവരും അതിനോടു കൂറുള്ളവരുമാവണം അധ്യാപകര്‍. അങ്ങനെയുള്ളവരെ മാത്രമേ അധ്യാപരായി നിയമിക്കാന്‍ പാടുള്ളു.

Leave a Reply

Your email address will not be published. Required fields are marked *