ലോക ഭൗമദിനം: ഭൂമിയെ പ്രണയിക്കാം ഭാവി തലമുറകള്‍ക്കുവേണ്ടി…

ഇന്ന് ഏപ്രില്‍ 22. ലോക ഭൗമദിനം. രാജ്യങ്ങളുടെ അതിരുകള്‍ മറികടന്ന് മാനവസമൂഹം ഔപചാരികമായി ആചരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ ദിനാചരണങ്ങള്‍ വര്‍ഷത്തില്‍ ഒട്ടേറെയുണ്ടെങ്കിലും ഭൗമദിനം നല്‍കുന്ന സന്ദേശത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. മനുഷ്യന്റെ ആര്‍ത്തിയും ദുരയും ഭൂമിക്കുമേല്‍ ഏല്‍പ്പിച്ച പരിക്കുകള്‍ ചില്ലറയല്ലല്ലോ. ഇന്ന് മനുഷ്യന്റയും മറ്റ് ജീവജാലങ്ങളുടെയും നിലനില്പ് തന്നെ ഭീഷണിയെ നേരിടുന്ന സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ ഭൗമദിനാചരണം നടക്കുന്നത്.

നമ്മുടെ വാസഗ്രഹമായ ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ കാതല്‍. ‘നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിനതീം. ഭാവിയെ കുറിച്ച് ആലോചനകളില്ലാതെ ഭൂമിയിലെ എല്ലാവിഭവങ്ങളും അനിയന്ത്രിതമായി ഉപയോഗിക്കുകയും ജൈവഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തില്‍ ചൂഷണം ചെയ്യുകയും അതിന്റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങളും നാം ഇന്ന് നേരിടുകയാണ്. സ്വാര്‍ത്ഥതക്കുവേണ്ടി ഭൂമിയിലെ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ നാംമറന്നുപോകുന്ന ചിലതുണ്ട്. ഭൂമി നമ്മുടെ വീടാണ്. ആ വീട് ആര്‍ത്തി മൂത്ത് ദുരുപയോഗം ചെയ്താല്‍ അതിന്റെ ഭവിഷ്യത്തുക്കള്‍ അനുഭവിക്കുന്നത് നാം മാത്രമല്ല. പിന്നാലെ വരുന്ന തലമുറകള്‍ കൂടിയാണ്.

ആഗോള താപനത്തിന്റെയും പരിസ്ഥിതി മലിനീകരണത്തിന്റെയും അനന്തര ദൂഷ്യഫലങ്ങളാണ് ഈ കാലഘട്ടം നേരിടുന്ന ഏറ്റവുംവലിയ ഭീഷണി. ഭൂമിയുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് ജാതിമത വര്‍ണ ലിംഗ ഭേദമന്യേ എല്ലാമനുഷ്യരുടെയും കൂട്ടുത്തരവാദിത്തമാണ്. ഓരോ മനുഷ്യനും സ്വയം തിരിച്ചറിയുകയും കൂട്ടുചേര്‍ന്ന് ഭൂമിയെ സംരക്ഷിക്കുക എന്നത് ഭാവി തലമുറകള്‍ക്കു വേണ്ടിയുള്ള നമ്മുടെ കടമയാണ്. ആ തിരിച്ചറിവ് ജനങ്ങള്‍ക്കാകെ പകര്‍ന്നുനല്‍കുമ്പോഴാണ് ഭൗമദിനാചരണം അതിന്റെ സന്ദേശം സാര്‍ത്ഥകമാക്കുന്നത്.വ്യവസായവല്‍ക്കരണവും വാഹനപെരുപ്പവും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും ആധുനിക സമൂഹംനേരിടുന്ന മറ്റൊരു ഭീഷണിയാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ് തടങ്ങിയവയുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ദ്ധിക്കുകയാണ്.

സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് എത്തുന്ന ചൂടിന്റെ പ്രതിഫലനങ്ങളെ ഈ വാതകങ്ങള്‍ തടയുകയും ഭൂമിയിലെ താപനില ഉയരുകയുംചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷ താപനിലയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ മനുഷ്യനെയും മറ്റ് ജീവജാലങ്ങളുടെയും ജൈവ ഘടനയെയും പ്രകൃതിയുടെ സംതുലിതാവസ്ഥയെയും ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്നത് പഠിക്കേണ്ട കാര്യങ്ങളാണ്.

വായു മലിനീകരണവും മലിനമാകുന്ന മേഘങ്ങളാലും ഭൂമിക്ക് ലഭിച്ചുകൊണ്ടിരുന്ന സൂര്യപ്രകാശത്തിന്റെ തോത് കുറയുകയും അങ്ങനെ ശക്തി കുറഞ്ഞ പ്രകാശം ഉണ്ടാകുന്നതിനാല്‍ പകലിന്റെ ദൈര്‍ഘ്യം കുറയുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. സസ്യങ്ങള്‍ക്ക് യഥേഷ്ടം ലഭിച്ചു കൊണ്ടിരുന്ന സൂര്യപ്രകാശത്തിന്റെ തോത് കുറഞ്ഞു. ഇത് സസ്യങ്ങള്‍ക്ക് മാത്രമല്ല മനുഷ്യനും ജീവജാലങ്ങള്‍ക്കാകെ തന്നെയും ഭീഷണിയാണ്. മാനവരാശിയുടെ നിലനില്പിനെ തന്നെ ഇത് പ്രതികൂലമായി
ബാധിച്ചുകൂടെന്നില്ല.

ആഗോളതാപനവും പരിസ്ഥിതിമലിനീകരണവും ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ നിന്നും അതിജീവനത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിലേക്ക് മനുഷ്യനും ജീവജാലങ്ങള്‍ക്കും ബഹുദൂരം സഞ്ചരിക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ടതില്ല.

പ്രകൃതിയെയും മറ്റ് ജീവജാലങ്ങളെയും സംരക്ഷിച്ചു കൊണ്ട് മനുഷ്യനെ സംരക്ഷിക്കുക എന്ന പ്രക്രിയയിലേക്ക് ഇനി നാം മാറേണ്ടതുണ്ട്. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുക പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുക എന്നത് മനുഷ്യന്റെ ആരോഗ്യത്തെ മാത്രമല്ല പ്രകൃതിയുടെ ജൈവഘടനയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ്. ‘പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്‍ വരും തലമുറകളെ കൂടി ആലോചിച്ചു വേണം അതു ചെയ്യാന്‍. പ്രകൃതി അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്” കാറല്‍ മാര്‍ക്‌സിന്റെ ഈ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാന്‍ മനുഷ്യസമൂഹം തയ്യാറാകാത്ത കാലത്തോളം മനുഷ്യ സമൂഹത്തിന്റെയും മറ്റ് ജീവജാലങ്ങളുടെയും ഭാവിയെന്നും പ്രതിസന്ധികളിലൂടെയാവും കടന്നു പോവുന്നത്.
…………………………………………………………………………………
ഷാജി കിഴക്കേടത്ത്

Leave a Reply

Your email address will not be published. Required fields are marked *