ഇന്ത്യയെ വിഴുങ്ങാനൊരുങ്ങി എ ഐ ഭൂതം; അന്ന് ഇടതുപക്ഷത്തിനെതിരെ വാളെടുത്തവരെല്ലാം എവിടെ?

Written by: സഖറിയ

ഹോളിവുഡില്‍, ആറു പതിറ്റാണ്ടിനുശേഷം ഒരു മഹാത്ഭുതം സംഭവിച്ചു. അഭിനേതാക്കളെയും തിരക്കഥാകൃത്തുക്കളെയും പ്രതിനിധീകരിക്കുന്ന രണ്ട് പ്രധാനപ്പെട്ട യൂണിയനുകള്‍ ഒരേസമയം പണിമുടക്കി! ഒന്നും രണ്ടും ദിവസമല്ല, നീണ്ട 148 ദിവസങ്ങള്‍! സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്-അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് (SAG-AFTRA), റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക (WGA) എന്നിവര്‍ സംയുക്തമായിട്ടാണ് സമരം നടത്തിയത്. തൊഴില്‍ മേഖലയെ, പ്രത്യേകിച്ചും സിനിമയെയും അഭിനേതാക്കളെയും എഴുത്തുകാരെയുമെല്ലാം മൊത്തത്തില്‍ വിഴുങ്ങുന്ന എ ഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അമിത ഉപയോഗത്തിനെതിരെയായിരുന്നു സമരം. അഭിനേതാക്കള്‍, ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുകള്‍, അനൗണ്‍സര്‍മാര്‍, ഹോസ്റ്റുകള്‍, സ്റ്റണ്ട് പെര്‍ഫോമര്‍മാര്‍ എന്നിവരുള്‍പ്പെടെ 160,000 പ്രൊഫഷണലുകളെ പ്രതിനിധീകരിക്കുന്ന ഒരു യൂണിയനാണ് SAG-AFTRA.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനിയന്ത്രിതമായ ഉപയോഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ ഐതിഹാസിക സമരത്തില്‍ ഹോളിവുഡ് തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും വിജയം നേടിയിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് യന്ത്രങ്ങള്‍ ഭീഷണിയാവുകയാണ്. ജനസംഖ്യയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ ഏറ്റവും വലിയ സമ്പത്തും മനുഷ്യവിഭവശേഷി തന്നെ. പക്ഷേ, ദിനംപ്രതി ആയിരക്കണക്കിനു മനുഷ്യരെ തൊഴില്‍ രഹിതരാക്കുകയാണ് സാങ്കേതിക വിദ്യകള്‍. മനുഷ്യപ്രയത്‌നങ്ങള്‍ കുറയ്ക്കുന്നതിനും അവരുടെ ജോലി ആയാസ രഹിതമാക്കുന്നതിനും യന്ത്രസഹായങ്ങള്‍ സ്വീകരിക്കുന്നതു നല്ല കാര്യം തന്നെ. പക്ഷേ, മനുഷ്യവിഭവത്തെ മാറ്റിനിറുത്തി, ജോലികളെല്ലാം യന്ത്രങ്ങളെ ഏല്‍പ്പിച്ചാല്‍, കോടിക്കണക്കായ ഇന്ത്യയിലെ മനുഷ്യര്‍ എങ്ങനെ ജീവിക്കാനാണ്?

ഓരോ മേഖലയില്‍ നിന്നും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചു വിടുന്ന വാര്‍ത്തകളാണ് ദിനംപ്രതി കേള്‍ക്കുന്നത്. ലേഖനങ്ങളെഴുതി ഉപജീവനം നടത്തിയിരുന്നവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ചാറ്റ് ജിപിറ്റിയുടേയും കടന്നുവരവോടെ തൊഴില്‍ രഹിതരായി മാറിക്കഴിഞ്ഞു. അതുപോലെ തന്നെയാണ് ഐടി മേഖലയിലും അഭിനയരംഗത്തും മറ്റുമെല്ലാം. ഓരോ തൊഴില്‍ മേഖലയില്‍ നിന്നും ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നു.

ജീവനക്കാരുടെ ചോരയും നീരും വലിച്ചെടുത്ത് കമ്പനി വളര്‍ത്തുന്ന വമ്പന്‍ കമ്പനി മുതലാളിമാര്‍ മറ്റൊരു വശത്ത്. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി എന്നത് 70 മണിക്കൂറായി ഉയര്‍ത്തണമെന്ന ഇന്‍ഫോസിസ് മേധാവി നാരായണമൂര്‍ത്തിയുടെ വാക്കുകള്‍ വന്‍വിവാദത്തിനു വഴിവച്ചിരിക്കുകയാണ്. ഇപ്പോള്‍, ആഴ്ചയില്‍ എട്ടുമണിക്കൂര്‍ ജോലി ചെയ്യുന്നവര്‍, ജോലി സമയം വര്‍ദ്ധിപ്പിക്കുമ്പോള്‍ 14 മണിക്കൂര്‍ ജോലി ചെയ്യേണ്ടതായി വരും. ഒന്നുവിശ്രമിക്കാന്‍ പോലും അവര്‍ക്കു സമയം കിട്ടുകയില്ല. ഇത്തരത്തില്‍, ജീവനക്കാര്‍ എത്രമാത്രം പണിയെടുത്താലും തൃപ്തരാകാത്തവര്‍, വിശ്രമവും ഭക്ഷണവും ആവശ്യമില്ലാത്ത യന്ത്രങ്ങളെ കൂടുതലായി ആശ്രയിക്കും. അതോടെ, വീണ്ടും തൊഴിലവസരങ്ങള്‍ കുറയും.

അമിതമായ കംപ്യൂട്ടര്‍വത്കരണത്തിനെതിരെ ഇടതുപക്ഷം, പ്രത്യേകിച്ച് സി പി എം, സമരം നടത്തിയത് 1980 കളിലായിരുന്നു. മുഖ്യതൊഴില്‍ സംഘടനയായ ബി എം എസ് 1984 നെ വിശേഷിപ്പിച്ചത് കമ്പ്യൂട്ടര്‍വത്കരണ വിരുദ്ധ വര്‍ഷമായിട്ടായിരുന്നു. ഇടതുപക്ഷത്തിന്റെ ഈ സമരത്തെ മറ്റുരാഷ്ട്രീയ പാര്‍ട്ടികളെല്ലാം വളച്ചൊടിക്കുകയായിരുന്നു. ഇന്നും, ഇടതുപക്ഷം നവസാങ്കേതികവിദ്യകള്‍ക്കും അതുമൂലമുണ്ടാകുന്ന വികസനത്തിനും എതിരാണ് എന്ന് നാനാകോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമുയരുന്നുണ്ട്.

ബാങ്കിംഗ് മേഖലയില്‍ നടത്തിയ അശാസ്ത്രീയ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരെയായിരുന്നു ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ അന്നു സമരം ചെയ്തത്. ബാങ്കിംഗ് മേഖല കൂടാതെ, അക്കാലത്ത് വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ മേഖലകളില്‍ കമ്പ്യൂട്ടര്‍വത്കരണം നടപ്പിലാക്കിയിരുന്നു. അതിനെതിരെയൊന്നും തൊഴിലാളി സംഘടനകള്‍ സമരം നടത്തിയിരുന്നില്ല.

തൊഴിലില്ലായ്മ കൂടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അമിതമായ കമ്പ്യൂട്ടര്‍വത്കരണത്തോടെ നഷ്ടമാകുന്ന തൊഴിലവസരങ്ങളായിരുന്നു ഇടതുപക്ഷത്തെ അന്ന് ആശങ്കപ്പെടുത്തിയത്. അന്ന് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം, ‘പണിയെത്തിക്കൂ കൈകളിലാദ്യം, പിന്നീടാവാം കമ്പ്യൂട്ടര്‍’ എന്നായിരുന്നു. അതിനര്‍ത്ഥം കമ്പ്യൂട്ടറോ അതിലൂടെ സാധ്യമായ വികസനമോ വേണ്ട എന്നായിരുന്നില്ല, മറിച്ച്, ജനങ്ങളുടെ ജോലിയും കൂലിയും നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള അമിത കമ്പ്യൂട്ടര്‍വത്കരണത്തിനു തടയിടണമെന്നായിരുന്നു.

ഏതൊരു വികസനവും നടപ്പാക്കേണ്ടത് ഒരുനാടിന്റെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടാവണം. ബാങ്കിംഗ് മേഖലയിലെ കമ്പ്യൂട്ടര്‍വത്കരണം ഇന്ത്യയിലെ തൊഴില്‍മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കത്തക്കതായിരുന്നു. കമ്പിത്തപാല്‍ വകുപ്പില്‍ (Post and Telegraph Department) Process Automation ആരംഭിച്ചപ്പോഴും അതിനെതിരെ സമരങ്ങളുണ്ടായി. 1979 മുതല്‍ 1983 വരെയുള്ള കാലഘട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളടക്കം സമാനമായ മുദ്രാവാക്യങ്ങളുയര്‍ത്തി സമരം ചെയ്തു. 83-ലെ തൈക്കാട് കണ്‍വന്‍ഷനോടു കൂടിയാണ് സംസ്ഥാനത്ത് ഈ സമരത്തിന് ഒരു ഏകീകൃതരൂപം കൈവരുന്നത്. തുടര്‍ന്ന് തൊഴിലാളികളെ ഉപദ്രവിച്ചുകൊണ്ടുള്ള യന്ത്രവല്‍ക്കരണം നടത്തില്ലെന്ന് 1986ല്‍ നായനാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളി സംഘടനകള്‍ക്ക് സമരം തുടരേണ്ട ആവശ്യം ഇല്ലാതായി.

തൊഴിലും സ്വാശ്രയത്വവുമായിരുന്നു അന്ന് സമരം ചെയ്തവര്‍ മുന്നോട്ടുവച്ച ആവശ്യം. തദ്ദേശീയമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുവേണം മുന്നേറ്റങ്ങള്‍ നടത്താനെന്നും അവര്‍ വാദിച്ചു. എന്നാല്‍, അശാസ്ത്രീയമായ കമ്പ്യൂട്ടര്‍വല്‍ക്കരണവും അതുമൂലമുണ്ടാകുന്ന തൊഴില്‍നഷ്ടവും മറച്ചുപിടിക്കുവാനും ജനവികാരം തങ്ങള്‍ക്ക് അനുകൂലമാക്കി നിര്‍ത്തുവാനും സമരം ചെയ്യുന്ന തൊഴിലാളികള്‍ ശാസ്ത്ര സങ്കേതികവിദ്യക്കാകെ എതിരാണെന്ന പ്രചാരണം അഴിച്ചുവിടുകയായിരുന്നു എതിര്‍പക്ഷം അന്ന് ചെയ്തത്.

സാങ്കേതിക വിദ്യയുടെ അനിയന്ത്രിതമായ ഉപയോഗം മൂലം ഇന്ന് ലോകമെമ്പാടും വന്‍പ്രതിഷേധങ്ങള്‍ നടക്കുകയാണ്. മനുഷ്യവിഭവശേഷിക്കുമേല്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ട്, ആ രംഗം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുകള്‍ കൈയടക്കിയാല്‍, തൊഴില്‍ രഹിതരെക്കൊണ്ട് നമ്മുടെ നാട് നിറയും. ജീവിക്കാനായി ഇപ്പോഴേ പെടാപ്പാടു പെടുന്ന മനുഷ്യരുടെ തൊഴില്‍ കൂടി നഷ്ടമായാല്‍ സ്ഥിതി ദയനീയമായിരിക്കും.

പ്രളയത്തിനു ശേഷം പതിയെ കരകയറി വന്ന കേരളീയരുടെ കരണത്തുള്ള അടിയായിരുന്നു കൊറോണ. അതില്‍ നിന്നും പൂര്‍ണ്ണമായും മുക്തമാകാന്‍ നമ്മുടെ നാടിനു കഴിഞ്ഞിട്ടില്ല. പിടിച്ചു നില്‍ക്കാന്‍ മാര്‍ഗ്ഗമില്ലാതെ എത്രയോ പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. മരിച്ച മട്ടില്‍ ജീവിക്കുന്നവര്‍ അതിലുമെത്രയോ. സാങ്കേതിക വിദ്യകളെല്ലാം മനുഷ്യന്റെ ജീവിതം ആയാസരഹിതമാക്കുന്നതിനു വേണ്ടിയാവണം. അല്ലാതെ, അവരെ നിത്യനരകത്തിലേക്കും പട്ടിണിയിലേക്കും തള്ളിയിടുന്നതാവരുത്.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#AI #ChatGPT #HollywoodBattleAgainstAI #148StrikeinHollywood #WritersGridofAmerica #DeadlyImpactofAITechnology

Leave a Reply

Your email address will not be published. Required fields are marked *