അറ്റ്‌ലസ് രാമചന്ദ്രന്‍: ഹൃദയം തനിത്തങ്കത്തില്‍ തീര്‍ത്തൊരു മനുഷ്യന്‍

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

ആകാശം മുട്ടെ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം കണ്‍മുന്നില്‍ തകര്‍ന്നടിയുമ്പോള്‍ ഏതൊരു മനുഷ്യനുമൊന്നു പകച്ചു പോകും. അതും തന്നെ ചതിച്ചു വീഴ്ത്തിയതാണെന്നറിയുമ്പോള്‍, തന്റെ പതനത്തിനു കാരണക്കാരായവരെ സമൂഹത്തിനു മുന്നില്‍ കൊണ്ടുവരാനെങ്കിലും ഒരു മനുഷ്യന്‍ ശ്രമിക്കും. പക്ഷേ, അറ്റ്‌ലസ് രാമചന്ദ്രന്റെ ഹൃദയം തനിത്തങ്കത്തില്‍ തീര്‍ത്തതായിരുന്നു എന്നതിനു തെളിവ് അദ്ദേഹത്തിന്റെ നിലപാടുകളും ആ നിലപാടില്‍ ഉറച്ചു നില്‍ക്കാനുള്ള ചങ്കുറപ്പുമായിരുന്നു.

‘ഞാനെന്റെ സ്വന്തം കാലില്‍ നിന്നതിനു ശേഷം, ഒരു ഷോറൂമെങ്കിലും തുറന്നതിനു ശേഷം എന്നെ ചതിച്ചവര്‍ ആരെന്നു ഞാന്‍ വെളിപ്പെടുത്തും. അതുവരെ ആ സത്യം എന്നോടൊപ്പമിരിക്കട്ടെ’ എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. മനസില്‍ നിശ്ചയിച്ചുറപ്പിച്ച ആ തീരുമാനത്തിനൊപ്പം മരണം വരെ നിലകൊള്ളാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നതു കൊണ്ടുതന്നെ ആ മനുഷ്യന്റെ ഹൃദയത്തിന്റെ നൈര്‍മ്മല്യമാണ് വെളിപ്പെടുന്നത്.

തൊട്ടതെല്ലാം പൊന്നാക്കിയ വ്യവസായിയായിരുന്നു എം എം രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് രാമചന്ദ്രന്‍. കാനറ ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം 1974 മാര്‍ച്ചിലാണ് കുവൈറ്റിലേക്കു പോകുന്നത്. കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ജോലി നോക്കുന്നതിനിടയിലാണ് ബിസിനസിലേക്കു തിരിയുന്നത്. 1981 ഡിസംബറിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ആദ്യത്തെ ജ്വല്ലറി തുടങ്ങിയത്. പിന്നീട് മൂന്ന് പതിറ്റാണ്ടിലേറെ ജ്വല്ലറി ബിസിനസ് അദ്ദേഹത്തിന്റെ കൈപ്പിടിയിലൊതുങ്ങി. യുഎഇ, കുവൈത്ത്, സൌദി അറേബ്യ എന്നിവിടങ്ങളിലായി അറ്റ്‌ലസ് ഗ്രൂപ്പിന് 48 ശാഖകള്‍ ഉണ്ടായിരുന്നു.

നിര്‍മ്മാതാവായും നടനായും സിനിമ മേഖലയിലും അദ്ദേഹം തന്റെ വിജയക്കൊടി പാറിച്ചു. സഹായം ആവശ്യപ്പെട്ടു തന്നെ സമീപിച്ച ഒരാളെപ്പോലും വെറും കൈയോടെ പറഞ്ഞയച്ചില്ല. പക്ഷേ, പ്രശ്‌നങ്ങളുടെ നടുവില്‍, രക്ഷപ്പെടാനുള്ള വഴിയേതുമില്ലാതെ നിസ്സഹായനായി കഴിഞ്ഞപ്പോള്‍പ്പോലും ആരും അദ്ദേഹത്തിനു സഹായമായില്ല.

ബിസിനസില്‍ അദ്ദേഹം ആദ്യ പ്രതിസന്ധി നേരിട്ടത് ഗള്‍ഫ് യുദ്ധകാലത്തായിരുന്നു. പിന്നീട് അദ്ദേഹം സ്വന്തം ബിസിനസ് കുവൈറ്റില്‍ നിന്നും യു എ ഇയിലേക്കു മാറ്റി. ദുബായില്‍ തന്റെ സാമ്രാജ്യം അദ്ദേഹം പടുത്തുയര്‍ത്തുമ്പോള്‍ കൈയില്‍ സമ്പാദ്യമായി യാതൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ആ ജീവിത സാഹചര്യങ്ങളൊന്നും അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. വീണ്ടുമൊരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയതിനു പിന്നിലെ നിക്ഷേപം അദ്ദേഹത്തിന്റെ ചങ്കുറപ്പു മാത്രമായിരുന്നു.

ചതിയുടേയും വഞ്ചനയുടേയും കുതികാല്‍ വെട്ടിന്റെയും ലോകം കൂടിയാണ് ബിസിനസ്. ചുറ്റുമുള്ളവര്‍ക്കെല്ലാം നന്മ വരണമെന്നാഗ്രഹിച്ച അറ്റ്‌ലസ് രാമചന്ദ്രന് ചുവടു പിഴച്ചത് സ്വന്തം ഹൃദയത്തിന്റെ നൈര്‍മ്മല്യം മൂലമാണ്. ബിസിനസ് ലോകത്തെ അന്തര്‍ധാര മനസിലാക്കുവാന്‍ തനിക്കു കഴിഞ്ഞില്ലെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. വരുത്തിവച്ച കടങ്ങള്‍ വീട്ടിത്തീര്‍ക്കുവാന്‍ കഴിയുന്നതിലുമേറെ ആസ്തി തനിക്കുണ്ടായിട്ടും വിശ്വസിച്ചു കൂടെ നിന്നവരുടെ ചതി തിരിച്ചറിയാന്‍ കഴിയാതെ പോയി അദ്ദേഹത്തിന്.

ബാങ്കുകളില്‍ നിന്നും കടം വാങ്ങുക എന്നത് ഓരോ ബിസിനസ് സംരംഭകരും സാധാരണയായി ചെയ്യുന്ന കാര്യമാണ്. അറ്റ്‌ലസിന് ബാങ്കുകള്‍ നല്‍കിയത് സ്വര്‍ണ്ണമാണ്. അത് ആഭരണങ്ങളാക്കി മാറ്റി തങ്ങളുടെ ഷോറൂമുകളിലൂടെ വില്‍പ്പന നടത്തുകയായിരുന്നു അറ്റ്‌ലസ് ചെയ്തിരുന്നത്. ഇതിനായി ബാങ്കില്‍ സെക്യൂരിറ്റിയായി കൊടുത്തിരുന്ന ചെക്ക് ഉപയോഗിച്ച് ബാങ്ക് പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ സാധിച്ചില്ല. ഇതാണ് നിയമനടപടികള്‍ക്കു കാരണമായത്.

ജ്വല്ലറി ബിസിനസിലെ കള്ളത്തരങ്ങള്‍ക്കോ ചതികള്‍ക്കോ രാമചന്ദ്രന്‍ കൂട്ടുനിന്നിരുന്നില്ല. തങ്ങള്‍ക്ക് അപ്രാപ്യമായ നിലയിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ബിസിനസ് രംഗത്തുള്ള പലര്‍ക്കും ദഹിച്ചതുമില്ല. അദ്ദേഹത്തെ തകര്‍ത്തെങ്കില്‍ മാത്രമേ തങ്ങള്‍ക്കു നിലനില്‍പ്പുള്ളു എന്നു മനസിലാക്കിയ ബിസിനസ് രംഗത്തെ എതിരാളികള്‍ അദ്ദേഹത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

കോടികള്‍ സമ്പാദ്യമുണ്ടായിരുന്നപ്പോഴും എല്ലാം നഷ്ടപ്പെട്ട് ജയിലിലായിരുന്നപ്പോഴും അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിയോ വാക്കുകളിലെ ഫലിതങ്ങളോ മാഞ്ഞിരുന്നില്ല. നല്ലൊരു കലാഹൃദയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ കലാമൂല്യമുള്ള സിനിമകള്‍ക്കൊപ്പമുണ്ടാവാനും അദ്ദേഹത്തിനു കഴിഞ്ഞു…..

പണമുണ്ടാക്കാന്‍ ആര്‍ക്കും കഴിയും. അതിന് മനസാക്ഷിയെന്നൊരു വസ്തു മാറ്റിവച്ചു ജീവിച്ചാല്‍ മാത്രം മതിയാകും. പക്ഷേ, അറ്റ്‌ലസ് രാമചന്ദ്രന്റെ ഹൃദയം 916 ഗോള്‍ഡു തന്നെ ആയിരുന്നു എന്നറിയാന്‍ അദ്ദേഹത്തിന്റെ നിലപാടുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതിയാകും. ബിസിനസ് തകര്‍ന്നു എന്നറിഞ്ഞപ്പോള്‍ കൈയില്‍ കിട്ടിയതെല്ലാം കൈവശമാക്കി കടന്നുകളഞ്ഞ മാനേജര്‍മാര്‍ ആരെന്നു പോലും അദ്ദേഹം വെളിപ്പെടുത്തിയില്ല. ആരൊക്കെയാണ് അദ്ദേഹത്തെ ചതിച്ചതെന്ന് ഇനിയൊരുപക്ഷേ കേരളം അറിയുകയുമില്ല. ആ രഹസ്യങ്ങളെല്ലാം അറ്റ്‌ലസ് രാമചന്ദ്രനൊപ്പം മണ്ണടിഞ്ഞിരിക്കാം. എങ്കിലും അവര്‍ക്കുള്ള തിരിച്ചടി കാലം കരുതിവച്ചിട്ടുണ്ടാവും, തീര്‍ച്ച.

Leave a Reply

Your email address will not be published. Required fields are marked *