അണ്ണാ ഹസാരെയും തള്ളി, കേസില്‍ കുടുങ്ങി പ്രതിച്ഛായ മങ്ങി അരവിന്ദ് കേജ്രിവാള്‍

Google pic

Thamasoma News Desk

അഴിമതിക്കെതിരെ പട നയിച്ചവന്‍ അഴിമതിയില്‍ തട്ടി വീണിരിക്കുന്നു! 2010 കളുടെ തുടക്കത്തില്‍, ഡല്‍ഹിയില്‍ ഗാന്ധിയനായ അണ്ണാ ഹസാരെയ്‌ക്കൊപ്പം ചേര്‍ന്ന് അഴിമതിക്കെതിരെ, ലോക്പാലിനു വേണ്ടിയും പട നയിച്ചവനാണ്‌ അരവിന്ദ് കേജ്രിവാള്‍ (Kejriwal). ഡല്‍ഹിയില്‍ നിര്‍ഭയ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍, അതിശക്തമായ പ്രക്ഷോഭമാണ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ നടത്തിയത്. പിന്നീട്, അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ അഴിമതികളെ അക്കമിട്ടു നിരത്തി രാഷ്ട്രീയത്തിലേക്കിറങ്ങി, ആം ആദ്മി പാര്‍ട്ടിക്കു രൂപം നല്‍കി.

ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്കു വേണ്ടി നിലകൊള്ളുന്നു എന്നു പ്രഖ്യാപിച്ചു കൊണ്ട് സാധാരണക്കാരന്റെ ആയുധമായ ചൂലിനെ ചിഹ്നമായി കൂടെ കൂട്ടി. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നു എന്നു വിളിച്ചു പറഞ്ഞുകൊണ്ട് സാധാരണ വേഷം ധരിച്ചു, വള്ളിച്ചെരിപ്പണിഞ്ഞു. കോണ്‍ഗ്രസുമായോ ബി ജെ പിയുമായോ യാതൊരു തരത്തിലും സന്ധി ചെയ്യില്ലെന്നു പ്രഖ്യാപിച്ചു. പക്ഷേ, അഴിമതിക്കാരായ മറ്റു രാഷ്ട്രീയപാര്‍ട്ടികളെപ്പോലെ തങ്ങളും വെറുമൊരു രാഷ്ട്രീയപാര്‍ട്ടി മാത്രമാണെന്നും പാവങ്ങള്‍ക്കു വേണ്ടിയെന്ന പ്രതീതി ഉണ്ടാക്കിയെടുത്ത് രാഷ്ട്രീയം സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാര്‍ട്ടികളില്‍ നിന്നും നേതാക്കളില്‍ നിന്നും തങ്ങള്‍ക്കു യാതൊരു വ്യത്യാസവുമില്ലെന്നു പ്രഖ്യാപിക്കുന്ന വിധമായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങളത്രയും.

രാഷ്ട്രീയ പാര്‍ട്ടികളുടെ അഴിമതിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് വന്‍ പ്രക്ഷോഭം നടത്തിയ അണ്ണാ ഹസാരെ പിന്നീട് തീര്‍ത്തും നിശബ്ദനായത് കേജ്രിവാള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു. തങ്ങള്‍ നടത്തുന്ന സമരത്തിന്റെ അന്തസത്ത ഇല്ലാതാവാന്‍ മാത്രമേ രാഷ്ട്രീയ പ്രവേശനം ഉപകരിക്കുകയുള്ളുവെന്ന് കേജ്രിവാളിന് ഹസാരെ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതു ചെവിക്കൊള്ളാന്‍ കേജ്രിവാള്‍ തയ്യാറായില്ല. അഴിമതി രഹിത ഭരണം നടത്താന്‍ തങ്ങളെക്കൊണ്ടു മാത്രമേ സാധിക്കുകയുള്ളുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു കേജ്രിവാള്‍. ആം ആദ്മിയുടെ ജനപിന്തുണ കണ്ടതോടെ ആ പാര്‍ട്ടിയിലേക്ക് ആളുകള്‍ ഒഴുകിയെത്തി. പുതിയ പാര്‍ട്ടിയുടേയും നേതാവിന്റെയും ഉദയത്തിനൊപ്പം നില്‍ക്കാന്‍ മറ്റുപാര്‍ട്ടികളില്‍ നിന്നുവരെ നേതാക്കള്‍ ഒഴുകിയെത്തി. പക്ഷേ, വൈകാതെ തന്നെ കേജ്രിവാളിനും സംഘത്തിനും അടിപതറി. അഴിമതിക്കെതിരെ പോരാടിയവന്‍ അഴിമതിക്കേസുകളില്‍ നിരന്തരം കുടുങ്ങിക്കൊണ്ടേയിരുന്നു. രാഷ്ട്രീയ പകപോക്കലായി അതിനെയെല്ലാം തള്ളി, ഇപ്പോഴിതാ നിയമത്തിന്റെ പിടിയിലായിരിക്കുന്നു കേജ്രിവാള്‍.

ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍ അറസ്റ്റിലാകാന്‍ കാരണം കര്‍മ്മഫലമെന്നായിരുന്നു മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി പറഞ്ഞത്. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതിനെതിരെ ഒരു ട്രക്കു നിറയെ തെളിവുകളുണ്ടെന്നാണ് അന്ന് കേജ്രിവാള്‍ പറഞ്ഞിരുന്നത്. പക്ഷേ, ട്രക്കു പോയിട്ട്, ചെറിയൊരു തെളിവു പോലും നിരത്താന്‍ കേജ്രിവാളിനു സാധിച്ചില്ലെന്നായിരുന്നു ശര്‍മ്മിഷ്ഠ പറഞ്ഞത്. മറ്റുള്ളവര്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന എല്ലാവരെയും കാത്തിരിക്കുന്നത് ഇതേ വിധിയാണെന്നും അവര്‍ വ്യക്തമാക്കി.

ജനാധിപത്യത്തെ ബി ജെ പി കൊല്ലാക്കൊല ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. ഇഡിയെ ഉപയോഗിച്ച് എതിരാളികളെ കേസില്‍ കുടുക്കി തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രങ്ങളാണ് ബി ജെ പി പയറ്റുന്നതെന്നും ശര്‍മ്മിഷ്ഠ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ നടത്തിയിരിക്കുന്നത്. സ്വന്തം ചെയ്തികളുടെ ഫലമാണ് കേജ്രിവാള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ഹസാരെ പറഞ്ഞു. എക്‌സൈസ് പോളിസി ഉണ്ടാക്കലല്ല തങ്ങളുടെ ജോലിയെന്ന് കേജ്രിവാളിനു മുന്നറിയിപ്പു നല്‍കിയിരുന്നതായും ഹസാരെ പറഞ്ഞു. മദ്യം ജനങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കുമെന്ന് ഏതു കൊച്ചു കുട്ടിയ്ക്കും അറിയാം. അതിനാല്‍ ഈ വിഷയത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അതു ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല, ഹസാരെ പറഞ്ഞു.

‘കൂടുതല്‍ പണം സമ്പാദിക്കാനാണ് കേജ്രിവാള്‍ ശ്രമിച്ചത്. അതുകൊണ്ടാണ് പുതിയ എക്‌സൈസ് നയമുണ്ടാക്കിയത്. ഈ നയം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ കേജ്രിവാളിനു കത്തെഴുതിയിരുന്നു. പക്ഷേ, കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല,’ ഹസാരെ പറഞ്ഞു.

ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് വലിയ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു മുന്‍ സുപ്രീം കോടതി ജഡ്ജി എന്‍ സന്തോഷ് ഹെഗ്ഡെ. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുന്ന കേസില്‍ പിടിയിലായ കേജ്രിവാളിനെതിരെ ശക്തമായ വിമര്‍ശനവുമായി അദ്ദേഹവും രംഗത്തെത്തി. കേജ്രിവാളിന്റെ കാര്യത്തില്‍ താന്‍ തീര്‍ത്തും നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരം ലഭിച്ചപ്പോള്‍ അത്യാര്‍ത്തി കൂടിപ്പോയി എന്നാണ് ഇക്കാര്യത്തെക്കുറിച്ച് ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത്.

അനീതിക്കെതിരെ സന്ധിയില്ലാ സമരവുമായി മുന്നോട്ടു വന്ന ആം ആദ്മി പാര്‍ട്ടി ഇത്രയേറെ അധപ്പതിക്കുമെന്ന് ഞാന്‍ കരുതിയില്ല. ഭരണപരമായ നീതി നടപ്പാക്കാന്‍ അവര്‍ക്കു സാധിക്കുമെന്നു തന്നെ ഞാന്‍ അടിയുറച്ചു വിശ്വസിച്ചു. പക്ഷേ തെറ്റിപ്പോയി. സമ്പൂര്‍ണ്ണ അധികാരം ഏതൊരു വ്യക്തിയെയും സമ്പൂര്‍ണ്ണമായും ദുഷിപ്പിക്കുമെന്നതിന്റെ തെളിവാണിത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ (India Against Curruption) എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി അഴിമതിക്കെതിരെ പോരാടിയ മുന്നണിപ്പോരാളിയായിരുന്നു കേജ്രിവാള്‍. രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹം വിട്ടു നില്‍ക്കുമെന്നും ഒരു ശുദ്ധീകരണത്തിനു ശ്രമിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അവര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. അതു വിജയകരമായി ചെയ്യാന്‍ കഴിയുമെന്നു ഞാന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. എന്റെ നിലപാട് ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു, ഹെഗ്‌ഡെ പറഞ്ഞു. ഇദ്ദേഹത്തെ കേജ്രിവാള്‍ പാര്‍ട്ടിയിലേക്കു ശ്രമിച്ചെങ്കിലും അദ്ദേഹമതിനു തയ്യാറായില്ല.

അഴിമതിക്കേസുകളില്‍ ED, CBI തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന കേജ്രിവാള്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വാദവും അദ്ദേഹം തള്ളി. ഇഡിയെയും സി ബി ഐയെയും ബി ജെ പി ഉപയോഗിക്കുന്നു എന്നതു സത്യമാണ്. ഭരണഘടനയുടെ ക്രിമിനല്‍ നടപടിക്രമമനുസരിച്ചുള്ള കാര്യങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്, അദ്ദേഹം പറഞ്ഞു.

ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കേണ്ടത് എതെങ്കിലും ജാതിയുടേയോ മതത്തിന്റെയോ ബന്ധത്തിന്റെയോ അടിസ്ഥാനത്തിലാവരുത്. മറിച്ച് സ്ഥാനാര്‍ത്ഥിയുടെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കി വേണം വോട്ടു ചെയ്യാന്‍. അങ്ങനെയൊരാള്‍ നിങ്ങളുടെ നിയോജക മണ്ഡലത്തില്‍ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ നോട്ടയ്ക്ക് വോട്ടു ചെയ്യാം. മണ്ഡലത്തില്‍ നിരത്തിയ സ്ഥാനാര്‍ത്ഥികളൊന്നും തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരല്ലെന്ന് ഇതോടെ തെളിയുകയും ചെയ്യും, ഹെഗ്‌ഡെ പറഞ്ഞു.

………………………………………………………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *